Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചുവപ്പുനാടയുടെ പേരിൽ കുപ്രസിദ്ധി ആർജ്ജിച്ച ഇന്ത്യയ്ക്ക് ഒടുവിൽ ലോക രാഷ്ട്രങ്ങൾക്കിടയിൽ അംഗീകാരം; ബിസിനസ് നടത്താൻ ഏറ്റവും പറ്റിയ അഞ്ച് രാജ്യങ്ങളിൽ ഇന്ത്യയ്ക്കും ഇടം

ചുവപ്പുനാടയുടെ പേരിൽ കുപ്രസിദ്ധി ആർജ്ജിച്ച ഇന്ത്യയ്ക്ക് ഒടുവിൽ ലോക രാഷ്ട്രങ്ങൾക്കിടയിൽ അംഗീകാരം; ബിസിനസ് നടത്താൻ ഏറ്റവും പറ്റിയ അഞ്ച് രാജ്യങ്ങളിൽ ഇന്ത്യയ്ക്കും ഇടം

ദാവോസ്: ആഗോള ഭീമന്മാർ ബിസിനസ് ലക്ഷ്യത്തോടെ എത്തിയാൽ എവിടെയും ചുവപ്പുനാടകൾ നിറഞ്ഞ ബുദ്ധിമുട്ടുകളുടെ രാജ്യമായിരുന്നു ഒരുകാലത്ത് ഇന്ത്യ. എന്നാൽ, ഇപ്പോൾ ഇന്ത്യ പഴയ ഇന്ത്യ അല്ലെന്ന് ലോകരാഷ്ടങ്ങളും അംഗീകരിക്കുന്നു. ഏറ്റവും ലാഭകരമായി ബിസിനസ് ചെയ്യാവുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ബിസിനസ് നടത്താൻ മികച്ച അവസരമൊരുക്കുന്ന അഞ്ച് രാജ്യങ്ങളിൽ ഒന്നായി ഇന്തയ മാറിയിട്ടുണ്ട്. ആഭ്യന്തര കമ്പനികൾക്കൊപ്പം, ആഗോള കമ്പനികൾക്കും ഇന്ത്യയിൽ സാധ്യതകൾ ഏറെയുണ്ടെന്ന് സിഇഒ മാർക്കിടയിൽ നടത്തിയ സർവേയാണ് ഇക്കാര്യം പറയുന്നത്.

ലോക സാമ്പത്തിക ഫോറത്തിലാണ് റിപ്പോർട്ട് പുറത്തിറക്കിയത്. വളർച്ചാ സാധ്യതയുള്ള അഞ്ച് രാജ്യങ്ങൾ ഇവയാണ്; യുഎസ്, ചൈന, ജർമനി, യുകെ, ഇന്ത്യ. പുതിയ സർക്കാർ നടപ്പാക്കുന്ന പരിഷ്‌കരണ നടപടികളാണ് ഇന്ത്യയ്ക്കു നേട്ടമായതെന്ന് സർവേയിൽ പറയുന്നു. ഇന്ത്യൻ കമ്പനികൾ മികച്ച വളർച്ച കൈവരിക്കുമെന്ന ആത്മവിശ്വാസം സിഇഒമാർക്കിടയിൽ ഉണ്ട്. ആഗോളതലത്തിൽ ഇന്ത്യൻ സിഇഒമാർക്കിടയിലാണ് ഇത് ഏറെ ശക്തം. ഈ വർഷം ആഗോളതലത്തിൽ സാമ്പത്തിക വളർച്ച നേടുമെന്നു കരുതുന്നവർ 27 ശതമാനം മാത്രമാണ്.

കഴിഞ്ഞ വർഷം ഇത് 37 ശതമാനമായിരുന്നു. അതേസമയം, പ്രതിസന്ധി രൂക്ഷമാകുമെന്നു കരുതുന്നവരാണ് കൂടുതൽ; 23%. എന്നാൽ അടിസ്ഥാന സൗകര്യ വികസന രംഗത്തെ പോരായ്മയും ചില മേഖലകളിൽ നിലനിൽക്കുന്ന കർശന നിയന്ത്രണങ്ങളും ആശങ്കയുണ്ടാക്കുന്നതായി ഇന്ത്യയിലെ സിഇഒമാർ പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 2000 ൽ അധികം പ്രതിനിധികളാണ് നാല് ദിവസങ്ങളിലായി നടക്കുന്ന ലോക സാമ്പത്തിക ഫോ റത്തിൽ പങ്കെടുക്കാൻ ദാവോസിൽ എത്തിയിട്ടുള്ളത്.

ലോകത്ത് നിക്ഷേപത്തിന് അനുയോജ്യമായ ഏറ്റവും മികച്ച രാജ്യം ഇന്ത്യയാണെന്ന് ആഗോള സർവേ റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. 505 ആഗോള നിക്ഷേപകരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ അക്കൗണ്ടിങ് കമ്പനിയായ ഏർണസ്റ്റ് ആൻഡ് യംഗ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. 32 ശതമാനം പേരും ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനോടാണ് താൽപര്യപ്പെടുന്നതെന്നു പറഞ്ഞപ്പോൾ രണ്ടാം സ്ഥാനത്തു വന്ന ചൈനയ്ക്ക് 15 ശതമാനം വോട്ടാണ് ലഭിച്ചത്.

ബ്രസീൽ, വടക്കേ അമേരിക്ക എന്നിവ പിന്നാലെ എത്തി. ഇന്ത്യയോടുള്ള നിക്ഷേപകരുടെ താൽപര്യത്തിൽ വലിയ വർധന ഉണ്ടായി എന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് ഇ & വൈ കമ്പനിയുടെ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഇന്ത്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ ഏരിയാ മാനേജിങ് പാർട്ട്ണറായ മാർക് ഓട്ടി പറഞ്ഞു. ഇന്ത്യയുടെ വലിയ സാധ്യതകളും യാഥാർഥ്യങ്ങളും മനസിലാക്കാൻ നിക്ഷേപകർക്കു കഴിയുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിക്ഷേപ സൗഹൃദ പരിഷ്‌കരണ നടപടികളിൽ വിശ്വാസമർപ്പിക്കുന്ന നിക്ഷേപകർ ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമായിട്ടുണ്ടെന്ന് സമ്മതിക്കുന്നു.

മുൻ വർഷത്തെ അപേക്ഷിച്ച് ഇന്ത്യയെ ഇഷ്ടപ്പെടുന്നവരിൽ 17.5 ശതമാനത്തിന്റെ വർധനയാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. ഇന്ത്യയില കുപ്രസിദ്ധമായ ചുവപ്പുനാടയും, സങ്കീർമായ നിക്ഷേപ നിയമങ്ങളും, അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയും കഴിഞ്ഞ കാലങ്ങളിലെലലാം നിക്ഷേപകരെ അകറ്റുന്ന ഘടകങ്ങളായിരുന്നു. ഏറ്റവും എളുപ്പത്തിൽ ബിസിനസ് ചെയ്യാവുന്ന രാജ്യങ്ങളുടെ പട്ടിക ലോകബാങ്ക് തയാറാക്കിയപ്പോൾ 189 രാജ്യങ്ങളുള്ള പട്ടികയിൽ ഇന്ത്യ 142 )ം സ്ഥാനത്തായിരുന്നു. ഏതായാലും ഈ അവസ്ഥയിൽ നിന്നെല്ലാം വളരെ മുന്നോട്ടു പോകാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. ഈ മാറ്റമാണ് ബിസിനസ് നടത്താൻ ഏറ്റവും പറ്റിയ അഞ്ച് രാജ്യങ്ങളിൽ ഇന്ത്യയ്ക്കും ഇടം നേടിക്കൊടുത്തത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP