Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രതിസന്ധിയിൽ നിന്ന് കര കയറാനാകാതെ രാജ്യത്തെ ഓട്ടോമൊബൈൽ മേഖല; കമ്പനികൾ ഫാക്ടറികൾ അടച്ചുപൂട്ടാനും ഷിഫ്റ്റുകൾ വെട്ടിച്ചുരുക്കാനും നിർബന്ധിതരാകുന്നു; പ്രമുഖ വാഹന കമ്പനികളുടെ വിൽപനയിലുണ്ടായത് 30 ശതമാനത്തിലധികം കുറവ്; കൂട്ടത്തോടെ ജീവനക്കാരെ പിരിച്ചു വിടുന്നത് തൊഴിൽ മേഖലയിലും വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിലയിരുത്തൽ

പ്രതിസന്ധിയിൽ നിന്ന് കര കയറാനാകാതെ രാജ്യത്തെ ഓട്ടോമൊബൈൽ മേഖല; കമ്പനികൾ ഫാക്ടറികൾ അടച്ചുപൂട്ടാനും ഷിഫ്റ്റുകൾ വെട്ടിച്ചുരുക്കാനും നിർബന്ധിതരാകുന്നു; പ്രമുഖ വാഹന കമ്പനികളുടെ വിൽപനയിലുണ്ടായത് 30 ശതമാനത്തിലധികം കുറവ്; കൂട്ടത്തോടെ ജീവനക്കാരെ പിരിച്ചു വിടുന്നത് തൊഴിൽ മേഖലയിലും വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിലയിരുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂ ഡൽഹി:രാജ്യത്തെ ഓട്ടോമൊബൈൽ രംഗം കുറച്ച് നാളുകളായി കനത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. നാൾക്ക് നാൾ വർധിച്ച് വരുന്ന ഈ പ്രശ്‌നത്തിന് പരിഹാരം കാണാൻ ഇത് വരെ സാധിച്ചിട്ടില്ല. വിപണിയിലെ തകർച്ചയിലുപരി പ്രധാനമായും നിരവധി പേരുടെ തൊഴിൽ നഷ്ടപ്പെടാനുള്ള സാധ്യതയിലേക്കാണ് ഈ പ്രതിസന്ധി വഴി വെക്കുന്നത്. ഇപ്പോൾ തന്നെ പല കമ്പനികളും ഫാക്ടറികൾ അടച്ചുപൂട്ടുകയും ഷിഫ്റ്റുകൾ വെട്ടിച്ചുരുക്കുകയും ചെയ്തു. ഏപ്രിൽ മുതൽ മൂന്നര ലക്ഷം തൊഴിലാളികളെ പിരിച്ചുവിട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

യമഹ, വാലിയോ, സുബ്രോസ് തുടങ്ങിയ കമ്പനികൾ 1700നടുത്ത് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. വാഹനവിൽപ്പനയിൽ വലിയ ഇടിവുണ്ടായതിനെ തുടർന്നാണിത് എന്നാണ് കമ്പനികളുടെ വിശദീകരണം. പല കമ്പനികളുടേയും വിൽപ്പനയിൽ 30 ശതമാനത്തിലധികും കുറവുണ്ടായി. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസൂക്കി കഴിഞ്ഞ ആറ് മാസത്തിനിടെ മൊത്തം ജീവനക്കാരുടെ ആറ് ശതമാനത്തെ പിരിച്ചുവിട്ടു. ടാറ്റ മോട്ടോഴ്സ് പ്രതിസന്ധിയെ തുടർന്ന് നാല് പ്ലാന്റുകൾ രണ്ടാഴ്ചയോളം അടച്ചിട്ടു. മഹീന്ദ്ര 13 ദിവസം പ്രൊഡക്ഷൻ നിർത്തുകയും ചെയ്യുന്ന തരത്തിൽ ഇന്ത്യൻ ഓട്ടോ മൊബൈല്ഡ രംഗം ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്ന് പോകുന്നത്.

പൂനൈയിലെ പിംപ്രി ചിന്ദ്വാദ വ്യവസായ മേഖലയിൽ മാത്രം അഞ്ച് ലക്ഷം പേരുടെ തൊഴിലിനെ ഇത് ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. പിംപ്രി ചിന്ദ്വാദ, ചക്കാൻ, ബോസരി, തലാവാദേ എന്നിവിടങ്ങളിലാണ് വലിയ വാഹന നിർമ്മാതാക്കളുടെ പ്ലാന്റുകൾ ഉള്ളത്. 12000 വ്യവസായങ്ങളാണ് വാഹന നിർമ്മാണത്തെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്. 20-30 ശതമാനം ജോലി ഇപ്പോൾ തന്നെ കുറഞ്ഞെന്നാണ് പിംപ്രി ചിന്ദ്വാദ സ്മോൾ സ്‌കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ പറയുന്നത്. ഇങ്ങനെ പോയാൽ ജോലി സമയം കുറയ്‌ക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ. അശോക് ലെയ്ലാന്റ്, ടി.വി എസ്, ഹീറോ, മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്സ് തുടങ്ങിയ വൻകിട കമ്പനികൾ തെരഞ്ഞെടുത്ത നിർമ്മാണ യൂണിറ്റുകൾ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.

തുടർച്ചയായ പത്ത് മാസങ്ങളിലെ വാഹന വിൽപന ക്രമാനുഗതമായി കുറയുന്ന സാഹചര്യത്തിൽ ഉൽപാദനം കുറയ്ക്കാനാണ് കമ്പനികളുടെ തീരുമാനം. ഈ അവസ്ഥ തുടർന്നാൽ കൂടുതൽ നിർമ്മാണ യൂണിറ്റുകൾ അടച്ചേക്കുമെന്നാണ് സൂചന. ഹീറോ കമ്പനിയുടെ നിർമ്മാണ യൂണിറ്റുകൾ കഴിഞ്ഞ നാലുദിവസമായി അടച്ചിട്ടിരിക്കുകയാണ്. ടാറ്റയുടെ ജംഷഡ്പൂരിലെ പ്ലാന്റ് കഴിഞ്ഞ രണ്ടുദിവസമായി അടച്ചിട്ടിരിക്കുകയാണ്. ഈ മാസംതന്നെ മൂന്നാം തവണയാണ് ടാറ്റയുടെ പ്ലാന്റുകൾ രണ്ടുദിവസം വീതം അടച്ചിടുന്നത്. മൂവായിരത്തിലധികം താൽക്കാലിക ജീവനക്കാരെ സമീപ ദിവസങ്ങളിലായി പിരിച്ചുവിട്ടെന്ന് മാരുതി സുസുക്കി ചെയർമാൻ ആർ ഭാർഗവ പറഞ്ഞു. ടി.വി.എസിന്റെ സ്പെയർ പാർട്സ് നിർമ്മാണ ശാലകളിൽ പ്രവൃത്തി രഹിത ദിനങ്ങൾ പ്രഖ്യാപിച്ചു. ബോഷ് തമിഴ്‌നാട്ടിലെയും മഹാരാഷ്ട്രയിലെയും ഫാക്ടറികൾ 13 ദിവസം അടച്ചിടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

സ്‌പെയർപാർട്‌സ് നിർമ്മാണമേഖലയിൽ 11 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെടുകയുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ പത്ത് വാഹനനിർമ്മാണ ഹബ്ബുകളിലൊന്നായ ചെന്നൈയിൽ രണ്ട് മാസത്തിനിടെ അയ്യായിരം തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. കഴിഞ്ഞ മൂന്ന് മാസമായി വാഹനങ്ങൾ വാങ്ങാൻ ആവശ്യക്കാർ കുറയുന്നുണ്ടെന്നും അതിനാലാണ് തൊഴിലാളികളെ പിരിച്ചു വിടാനും പ്രവൃത്തിദിവസം വെട്ടിച്ചുരുക്കാനും കമ്പനികൾ തീരുമാനിച്ചതെന്ന് സിഐടിയു തമിഴ്‌നാട് ഘടകം പ്രസിഡന്റ് എ സൗന്ദർരാജ്് പറഞ്ഞു. ചെന്നൈ ആസ്ഥാനമായുള്ള ടി.വി എസ്. മോട്ടോർ കമ്പനിക്ക് കഴിഞ്ഞവർഷം ജൂലായിൽ 3,21,179 വാഹനങ്ങൾ വിൽക്കാൻ സാധിച്ചിരുന്നു. എന്നാൽ, ഈവർഷം ഇതേ കാലയളവിൽ വിൽപ്പന 2,79,465 ആയി കുറഞ്ഞതായി കമ്പനിവൃത്തങ്ങൾ അറിയിച്ചു. സ്‌കൂട്ടർ, ബൈക്ക് കയറ്റുമതിയിലും നല്ല കുറവുണ്ടായി.
വാഹനവിൽപ്പന കുറവായതിനാൽ പ്രവൃത്തിദിവസങ്ങൾ വെട്ടിക്കുറയ്ക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നതെന്ന് ജീവനക്കാർ വ്യക്തമാക്കി. വിൽപ്പനയുടെ കണക്കെടുപ്പു പൂർത്തിയാക്കിയതിനു ശേഷംമാത്രമേ കമ്പനിയുടെ അന്തിമതീരുമാനം അറിയുകയുള്ളൂ.

വാഹന വിൽപ്പനയിൽ വർധനയില്ലാതെ വന്നാൽ മറ്റ് കാർ നിർമ്മാണക്കമ്പനികളെപ്പോലെ തങ്ങൾക്കും ചില നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് ഹ്യൂണ്ടായ് വൈസ് പ്രസിഡന്റ് ബി.സി. ദത്ത പറഞ്ഞിരുന്നു. ഹ്യൂണ്ടായ് നിലവിൽ ജോലിസമയം വെട്ടിച്ചുരുക്കിയിട്ടില്ല. അവസ്ഥ മോശമായി തുടർന്നാൽ കരാർതൊഴിലാളികളെ പിരിച്ചുവിടാൻ നിർബന്ധിതരാകുമെന്നാണ് കമ്പനി നൽകുന്ന സൂചന. ഇന്ത്യയുടെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ ഏഴ് ശതമാനം മോട്ടോർവാഹന നിർമ്മാണ മേഖലയിൽനിന്നാണ് ലഭിക്കുന്നത്. വിപണി പിടിച്ചുനിർത്തുന്നതിൽ വാഹനമേഖലയ്ക്ക് നിർണായക പങ്കാണുള്ളത്. നിലവിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് ജി.എസ്.ടി 28 ശതമാനത്തിൽനിന്ന് 18 ശതമാനമായി കുറയ്ക്കുക, ഡീസൽ വാഹനങ്ങൾക്ക് പത്ത് വർഷവും പെട്രൊൾ വാഹനങ്ങൾക്ക് 15 വർഷവും പെർമിറ്റ് അനുവദിക്കുക, രജിസ്ട്രേഷൻ സെസ് കുറയ്ക്കുക, വാഹന ഡീലർമാർക്കും വാങ്ങുന്നവർക്കും ഏളുപ്പത്തിൽ സാമ്പത്തികസഹായം ലഭ്യമാക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ ഓട്ടോമൊബൈൽ എക്സിക്യൂട്ടീവുകൾ പ്രശ്നപരിഹാരത്തിനായി മുന്നോട്ടുവയ്ക്കുന്നുണ്ട്. ധന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിലാണ് ഈ നിർദ്ദേശം മുന്നോട്ടുവന്നത്.

എന്തായാലും പരിഹാരമില്ലാതെ തുടരുന്ന വാഹനരംഗത്തെ പ്രതിസന്ധി കനത്ത പ്രത്യാഘാതങ്ങളിലേക്ക് വഴി വെക്കുമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ വൻ തൊഴിലില്ലായ്മ പിന്തുടരുന്ന സാഹചര്യത്തിൽ വാഹനമേഖലയും കൂട്ടത്തോടെ തൊഴിലാളികളെ പിരിച്ചു വിടാൻ തുടങ്ങിയാൽ തൊഴിൽ മേഖലയും കനത്ത പ്രതിസന്ധിയിലേക്ക് എത്തുമെന്നാണ് സൂചന

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP