Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാഷ്ട്രീയ വൈരം മാറ്റിവെച്ച് മന്മോഹൻ സിംഗിന്റെ നയങ്ങൾ മാതൃകയാക്കൂ; സാമ്പത്തിക മാന്ദ്യത്തെ നേരിടാം; ബിജെപി സർക്കാറിനെ ഉപദേശിച്ച് ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവ്; സമഗ്രാധിപത്യ പ്രവണത ഇന്ത്യയെ ഇരുളിലേക്ക് നയിക്കുന്നു എന്നു വിമർശിച്ച് രഘുറാം രാജനും; സമഗ്രാധിപത്യ ദേശീയത പൗരന്മാരെ വിഭജിച്ച് ഭരിക്കുന്നു; വിഭജന രാഷ്ട്രീയത്തിന് ദേശീയ സുരക്ഷയെ ശക്തിപ്പെടുത്താൻ സാധിക്കില്ലെന്നും മുൻ ആർബിഐ ഗവർണർ; സാമ്പത്തിക വളർച്ച കൂപ്പുകുത്തുമ്പോൾ മോദി സർക്കാറിനെതിരെ വിമർശനം കടുക്കുന്നു

രാഷ്ട്രീയ വൈരം മാറ്റിവെച്ച് മന്മോഹൻ സിംഗിന്റെ നയങ്ങൾ മാതൃകയാക്കൂ; സാമ്പത്തിക മാന്ദ്യത്തെ നേരിടാം; ബിജെപി സർക്കാറിനെ ഉപദേശിച്ച് ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവ്; സമഗ്രാധിപത്യ പ്രവണത ഇന്ത്യയെ ഇരുളിലേക്ക് നയിക്കുന്നു എന്നു വിമർശിച്ച് രഘുറാം രാജനും; സമഗ്രാധിപത്യ ദേശീയത പൗരന്മാരെ വിഭജിച്ച് ഭരിക്കുന്നു; വിഭജന രാഷ്ട്രീയത്തിന് ദേശീയ സുരക്ഷയെ ശക്തിപ്പെടുത്താൻ സാധിക്കില്ലെന്നും മുൻ ആർബിഐ ഗവർണർ; സാമ്പത്തിക വളർച്ച കൂപ്പുകുത്തുമ്പോൾ മോദി സർക്കാറിനെതിരെ വിമർശനം കടുക്കുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ മുഴുവൻ സാമ്പത്തിക പ്രതിസന്ധി മുറുകുമ്പോൾ കരകയറാനുള്ള വഴികൾ തേടുകയാണ് ബിജെപി സർക്കാർ. ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച ഉത്തേജന പാക്കേജുകൾ വേണ്ട വിധത്തിൽ ഫലിക്കുന്നില്ലെന്ന വിമർശനം ഒരു കോണിൽ ശക്തമാണ്. അതേസമയം സാമ്പത്തിക മാന്ദ്യം ഇല്ലെന്നാണ് കേന്ദ്രസർക്കാറിന്റെ വാദം. സർക്കാറിന്റെ സാമ്പത്തിക നയങ്ങൾ വീണ്ടും രാജ്യത്തെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് വിമർശനം. ഇതിനിടെ രാഷ്ട്രീയം നോക്കാതെ വിദഗ്ധരുടെ അഭിപ്രായങ്ങൾ തേടണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. ഈ അഭിപ്രായം മുന്നോട്ടു വെച്ച് രംഗത്തുവന്നത് ധനകാര്യമന്ത്രി നിർമ്മാല സീതാരാമന്റെ ഭർത്താവ് തന്നെയാണ്.

സാമ്പത്തിക മാന്ദ്യത്തെ നേരിടുന്നതിനുള്ള നയങ്ങൾ രൂപീകരിക്കുന്നതിൽ നരേന്ദ്ര മോദി സർക്കാർ വേണ്ടത്ര ഇച്ഛാശക്തി കാണിക്കുന്നില്ലെന്നാണ് പ്രമുഖ ധനകാര്യ വിദഗ്ധൻ കൂടിയായ പി പ്രഭാകർ അഭിപ്രായപ്പെടുന്നത്. നെഹ്‌റുവിയൻ സോഷ്യലിസത്തെ വിമർശിച്ചുകൊണ്ടിരിക്കുന്നതിനു പകരം നരസിംഹ റാവു-മന്മോഹൻ സിങ് കാലത്തെ സാമ്പത്തിക നയ മാതൃക പിന്തുടരുകയാണ് ബിജെപി ചെയ്യേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദ ഹിന്ദു പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് പ്രഭാകർ അഭിപ്രായങ്ങൾ മുന്നോട്ടുവച്ചത്.

സർക്കാർ നിഷേധാത്മക നയം തുടരുമ്പോഴും പൊതുമണ്ഡലത്തിൽ എത്തുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത് ഓരോ രംഗവും അത്യധികം വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെ കടന്നുപോവുകയാണെന്നാണ്. നെഹ്‌റുവിയൻ സാമൂഹ്യക്രമത്തിന്റെ നിഷേധം ജനസംഘം കാലം മുതൽ ഉള്ളതാണ്. കാപിറ്റലിസ്റ്റ്, ഫ്രീ മാർക്കറ്റ് ചട്ടക്കൂടാണ് ഒരുപരിധി വരെ ബിജെപിയുടെ ധനനയം. അതിനിയും പരീക്ഷിച്ചുവിജയിക്കാനിരിക്കുന്നതേയുള്ളൂ. എല്ലാറ്റിലും ഇതല്ല, ഇതല്ല എന്നു പറയുന്നതല്ലാതെ ഏതാണ് നയമെന്നു ബിജെപി വ്യക്തമാക്കിയിട്ടില്ല- പ്രഭാകർ പറയുന്നു.

ബിജെപിയെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്ര സ്ഥാനത്ത് എത്തിച്ചതിലും പിന്നീട് അധികാരത്തിൽ ഏറ്റിയതിലും സാമ്പത്തിക നയത്തിന് വലിയ പങ്കൊന്നുമില്ല. അതിന്റെ ജനപിന്തുണയിൽ സാമ്പത്തിക നയം സ്വാധീനമായിട്ടില്ലെന്നു തന്നെ പറയാം. നെഹ്‌റുവിയൻ നയങ്ങളെ എതിർക്കുകയെന്നത് രാഷ്ട്രീയമായ എതിർപ്പു മാത്രമാണ്, അതിനെ ഒരു സാമ്പത്തിക മാനത്തിലേക്ക് എത്തിക്കാൻ ബിജെപി ചിന്തകർക്കു കഴിഞ്ഞിട്ടില്ല. നരസിംഹ റാവു-മന്മോഹൻ കാലത്തെ നയങ്ങൾ മാതൃകയാക്കുകയാണ് ബിജെപി ഇപ്പോൾ ചെയ്യേണ്ടത്. അത് എത്രമാത്രം ഉൾക്കൊള്ളുന്നുവോ അത്രയ്ക്ക് ഇപ്പോഴത്തെ മോശം സ്ഥിതിയിൽനിന്നു പുറത്തുകടക്കാൻ സർക്കാരിനാവും- പ്രഭാകർ പറയുന്നു.

അതേസമയം പ്രഭാകറിനെ പോലെ സാമ്പത്തിക വളർച്ച കുറയാൻ ഇടയാക്കുന്നത് മോദി സർക്കാറിന്റെ നയങ്ങളാണെന്ന് വിമർശിച്ച് മുൻ റിസർവ് ബാങ്ക് ഗർണർ രഘുറാം രാജനും രംഗത്തെത്തി. സമഗ്രാധിപത്യ പ്രവണത ഇന്ത്യയെ ഇരുളിലേക്ക് നയിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷാധികാര ഇടപെടലുകളല്ല, ദേശീയ സുരക്ഷയെ ശക്തിപ്പെടുത്താൻ ആഭ്യന്തരമായ യോജിപ്പും സാമ്പത്തിക വളർച്ചയുമാണ് സഹായിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂരിപക്ഷാധികാരം കയ്യാളുന്നതുകൊണ്ട് ദേശീയ സുരക്ഷ ശക്തിപ്പെടുത്താനാകുമെന്ന് ഞാൻ കരുതുന്നില്ല. അത് ദുർബലമാക്കപ്പെടുകയേയുള്ളൂ. കാരണം അവർ സ്വേഛാധിപത്യ കാഴ്ചപ്പാടുകളിലൂടെയാണ് ഇത് പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്. ഇന്ത്യയിൽ അത് ഹിന്ദുത്വത്തിന്റെ അടിച്ചേൽപ്പിക്കലാണെന്നും രഘുറാം രാജൻ പറഞ്ഞു.

അമേരിക്കയിലെ ബ്രൗൺ സർവകലാശാലയിൽ സംഘടിപ്പിച്ച ഒ.പി ജിൻഡാൽ പ്രഭാഷണത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സമഗ്രാധിപത്യ ദേശീയതയെന്നാൽ പൗരന്മാരെ വിഭജിച്ച് ഭരിക്കുകയെന്നതാണ്. യഥാർത്ഥ പൗരന്മാരായി പരിഗണിക്കപ്പെടണമെങ്കിൽ ന്യൂനപക്ഷങ്ങൾക്ക് ഏറെ കടമ്പകളുണ്ടെന്ന് അവരെ അപരവൽക്കരിക്കും. അത് അവരെ പൂർണമായും അന്യവൽക്കരിക്കുന്നതിലേക്ക് നയിക്കും. എന്നാൽ വിഭജന രാഷ്ട്രീയത്തിനും ഭൂരിപക്ഷാധികാര പ്രമത്തതയ്ക്കും ദേശീയ സുരക്ഷയെ ശക്തിപ്പെടുത്താൻ സാധിക്കില്ല. അതിന് ആഭ്യന്തര യോജിപ്പും സാമ്പത്തിക വളർച്ചയുമാണ് അനിവാര്യമായിട്ടുള്ളത്.- അദ്ദേഹം വ്യക്തമക്കി.

ഏകാധിപത്യ രീതികളിലൂടെയുള്ള ഇടപെടലുകൾ തെരഞ്ഞെടുപ്പ് വിജയങ്ങൾ നൽകിയേക്കാം. പക്ഷേ ഇന്ത്യയെ അത് ഇരുളിലേക്കാണ് നയിക്കുന്നത്. രാജ്യം അനിശ്ചിതമായ വഴികളിലേക്കാണ് നയിക്കപ്പെടുന്നത്. രാജ്യം സാമ്പത്തിക മാന്ദ്യം നേരിടുന്ന സാഹചര്യത്തിലും അസം പൗരത്വ രജിസ്റ്ററിൽ നിന്ന് 19 ലക്ഷം പേർ ഒഴിവാക്കപ്പെടുകയും ചെയ്ത രാഷ്ട്രീയ പശ്ചാത്തലത്തിലായിരുന്നു രഘുറാം രാജന്റെ വിമർശനം. മോദി സർക്കാരിന്റെ നോട്ടുനിരോധനമടക്കമുള്ള നയപരിപാടികളെയും സാമ്പത്തിക പരിഷ്‌കാരങ്ങളെയും ആദ്യം മുതൽക്കേ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്ന സാമ്പത്തിക വിദഗ്ധനാണ് രഘുറാം രാജൻ.

രാജ്യത്തിന്റെ ധനക്കമ്മി മറച്ചുവെക്കുകയാണെന്നും ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയാണെന്നും രഘുറാം രാജൻ ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധിക്ക് മുമ്പുള്ള വർഷങ്ങളിൽ അതായത് 2016 ന്റെ ആദ്യ പാദത്തിലെ 9 ശതമാനം വളർച്ചയിൽ നിന്ന് ഇന്ത്യയുടെ വളർച്ച ഗണ്യമായി കുറഞ്ഞു. ഒക്ടോബർ 11 ന് സർക്കാർ പുറത്തുവിട്ട ഇൻഡക്സ് ഓഫ് ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ (ഐഐപി) കണക്കുകൾ പ്രകാരം ആഗസ്റ്റിൽ ഇന്ത്യയുടെ വ്യാവസായിക ഉൽപാദനം പ്രതിമാസം 1.1 ശതമാനം ആണ്. സെപ്റ്റംബർ 2 ന് സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം കൽക്കരി, ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, റിഫൈനറി ഉൽപന്നങ്ങൾ എന്നിവയുടെ ഉൽപാദനം ജൂലൈയിൽ നെഗറ്റീവ് വളർച്ച രേഖപ്പെടുത്തി- അദ്ദേഹം ചൂണ്ടിക്കാട്ടി.

ജൂലൈയിൽ ഇത് 2.1 ശതമാനമായി കുറഞ്ഞു. ഒക്ടോബർ 10 ന് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് ഇന്ത്യയുടെ 2019-20 ജിഡിപി വളർച്ചാ പ്രവചനം നേരത്തെ 6.2 ശതമാനത്തിൽ നിന്ന് 5.8 ശതമാനമായി കുറച്ചിരുന്നു. റിസർവ് ബാങ്ക് ജിഡിപി വളർച്ചാ പ്രവചനം 6.9 ശതമാനത്തിൽ നിന്ന് 6.1 ശതമാനമായി കുറച്ചിട്ടുണ്ട്. 2021 ഏപ്രിൽ-ജൂൺ പാദത്തിൽ സെൻട്രൽ ബാങ്ക് 0.2 ശതമാനം കുറഞ്ഞ് 7.2 ശതമാനമായി കുറഞ്ഞു. സാമ്പത്തിക വർഷത്തിലെ ആദ്യ പാദം ജിഡിപി വളർച്ച 5 ശതമാനത്തിൽ പ്രതീക്ഷിച്ചതിലും വളരെ കുറവാണെന്ന് റിസർവ് ബാങ്ക് അറിയിച്ചു. രാജ്യം 'വളർച്ചയുടെ പുതിയ സ്രോതസ്സുകൾ' കണ്ടെത്തിയിട്ടില്ലെന്നും 'ലെഗസി പ്രശ്നങ്ങൾ' പരിഹരിക്കപ്പെട്ടിട്ടില്ലെന്നും രഘുറാം രാജൻ ചൂണ്ടിക്കാട്ടി.

അതേസമയം ബാങ്കിങ് ഇതര ധനകാര്യ കമ്പനികളുടെ (എൻബിഎഫ്‌സി) പണലഭ്യത പ്രതിസന്ധിയ്‌ക്കൊപ്പം ഡിമാൻഡ്, നിക്ഷേപ മാന്ദ്യം എന്നിവയെക്കുറിച്ചും രഘുറാം രാജൻ സംസാരിച്ചു. തെറ്റായ രീതിയിലുള്ള നോട്ട് നിരോധനവും മോശമായി നടപ്പിലാക്കിയ ജിഎസ്ടിയും സാമ്പത്തിക മേഖലയെ ആകെ തകിടം മറിച്ചതായും അദ്ദേഹം ആരോപിച്ചു. ആഗോള സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് പോകുകയാണെന്ന് അടുത്തിടെ നിയമിതനായ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) മേധാവി പറഞ്ഞിരുന്നു, ഇതിന്റെ ഫലങ്ങൾ പ്രത്യേകിച്ചും ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ അനുഭവപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് സാമ്പത്തിക മാന്ദ്യം രൂക്ഷമാകുകയാണ് എന്നു വ്യക്തമാക്കുന്ന ലോകബാങ്ക് റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2019ൽ നേപ്പാളും ബംഗ്ലാദേശും ഇന്ത്യയേക്കാൾ സാമ്പത്തിക വളർച്ച കൈവരിക്കുമെന്നാണ് ലോകബാങ്കിന്റെ പ്രവചനം. ഇന്ത്യയിൽ ആഭ്യന്തര ആവശ്യകത 3.1 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും ലോകബാങ്ക് പറയുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 7.1 ശതമായിരുന്നു. അതേസമയം രാജ്യത്തെ ഉത്പാദന വളർച്ച 2019ന്റെ ആദ്യഘട്ടത്തിൽ കഴിഞ്ഞ വർഷത്തെ 10 ശതമാനത്തിൽ നിന്നും ഒരു ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. പശ്ചിമേഷ്യയിൽ ആകമാനം സാമ്പത്തിക വളർച്ചാ നിരക്ക് 5.9 ശതമാനത്തിലേക്ക് താഴുമെന്നും ലോകബാങ്ക് പറയുന്നു.

ഏപ്രിൽ 2019ലെ നിഗമനത്തിൽ നിന്നും 1.1 ശതമാനം താഴെയാണിത്. ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധി ഇല്ലെന്ന കേന്ദ്ര സർക്കാർ വാദത്തിന് വിരുദ്ധമാണ് ഇപ്പോൾ പുറത്തുവരുന്ന ഈ വിവരങ്ങൾ.പല പശ്ചിമേഷ്യൻ രാജ്യങ്ങളും ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് കുറച്ചത് സാമ്പത്തിക മേഖലയ്ക്ക് ഗുരുത ആഘാതമേല്പിച്ചിണ്ടെന്നും ലോകബാങ്ക് ചൂണ്ടിക്കാട്ടി. 2008ലും 2012ലും ലോകത്താകമാനസം സംഭവിച്ച സാമ്പത്തിക തളർച്ചയെയാണ് ഇത് ഓർമപ്പെടുത്തുന്നതെന്നും ലോകബാങ്ക് റിപ്പോർട്ട് പറയുന്നു.

ഇന്ത്യയിൽ ഈ സാമ്പത്തിക വർഷം വളർച്ചാ നിരക്ക് ആറ് ശതമാനത്തിലേക്ക് താഴുമെന്നും എന്നാൽ 2021ഓടെ ഇത് 6.8 ശതമാനമായി ഉയരുമെന്നും, അതിനടുത്ത വർഷം വളർച്ചാ നിരക്ക് 7.2 ശതമാനമായി മാറുമെന്നും ലോകബാങ്ക് വ്യക്തമാക്കുന്നുണ്ട്. പാക്കിസ്ഥാനും സാമ്പത്തിക വളർച്ചയിൽ ഇന്ത്യയോടൊപ്പം താഴേക്ക് പോകുകയാണെന്നും ലോകബാങ്ക് പറയുന്നു. നിലവിൽ പാക്കിസ്ഥാന്റെ ആഭ്യന്തര ഉത്പാദനം വെറും 2.4 ശതമാനം മാത്രമാണ്. ശ്രീലങ്കയുടെയും അഫ്ഗാനിസ്ഥാനിന്റെയും സ്ഥിതിയും വ്യത്യസ്തമല്ലെന്നാണ് ലോകബാങ്ക് റിപ്പോർട്ടിൽ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP