Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെള്ളപ്പൊക്കത്തിൽ സിയാലിന് നഷ്ടം 300 കോടി; എട്ടുദിവസത്തെ യുദ്ധകാലാടിസ്ഥാനത്തിലുള്ള പുനരുദ്ധാരണപ്രവർത്തനങ്ങൾക്ക് ശേഷം കൊച്ചി വിമാനത്താവളം സജ്ജം; ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് ആദ്യ വിമാനം പറന്നിറങ്ങുന്നതോടെ സമ്പൂർണനിലയിൽ പ്രവർത്തനം പുനരാരംഭിക്കും

വെള്ളപ്പൊക്കത്തിൽ സിയാലിന് നഷ്ടം 300 കോടി; എട്ടുദിവസത്തെ യുദ്ധകാലാടിസ്ഥാനത്തിലുള്ള പുനരുദ്ധാരണപ്രവർത്തനങ്ങൾക്ക് ശേഷം കൊച്ചി വിമാനത്താവളം സജ്ജം; ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് ആദ്യ വിമാനം പറന്നിറങ്ങുന്നതോടെ സമ്പൂർണനിലയിൽ പ്രവർത്തനം പുനരാരംഭിക്കും

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: വെള്ളപ്പൊക്കത്തെ തുടർന്ന് അടച്ചിട്ട കൊച്ചി വിമാനത്താവളം ഓഗസ്റ്റ് 29 ന് ഉച്ചയ്ക്ക് രണ്ടിന് സമ്പൂർണ നിലയിൽ പ്രവർത്തനം പുനഃരാരംഭിക്കും. റൺവെ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തിയാവുകയും ജീവനക്കാരുടെ ലഭ്യത എയർലൈനുകൾ ഉറപ്പുവരുത്തുകയും ചെയ്തതോടെയാണ് വിമാനത്താവള പ്രവർത്തനം പൂർണ നിലയിൽ ആരംഭിക്കാൻ സിയാൽ തീരുമാനിച്ചത്. പെരിയാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്നാണ് സമീപ പ്രദേശങ്ങൾക്കൊപ്പം കൊച്ചി വിമാനത്താവളവും വെള്ളത്തിനടിയിലായത്. സുരക്ഷാപ്രശ്‌നങ്ങൾ കണക്കിലെടുത്ത് ഓഗസ്റ്റ് 15 ന് വിമാനത്താവളം അടച്ചു.

വിമാനത്താവള ഓപ്പറേഷൻ മേഖലയിലെ 10 കിലോമീറ്റർ ചുറ്റുമതിലിൽ രണ്ടര കിലോമീറ്ററോളം ഭാഗം തകർന്നു. പാർക്കിങ് സ്റ്റാൻഡുകളിലും ടെർമിനൽ കെട്ടിടങ്ങളുടെ ഉള്ളിലും വെള്ളം കയറി. റൺവെയ്ക്ക് ക്ഷതം പറ്റിയില്ലെങ്കിലും വെള്ളം ഇറങ്ങിയതോടെ പലഭാഗങ്ങളിലും ചെളി അടിഞ്ഞു. മൊത്തം 300 കോടിയോളം രൂപയുടെ നഷ്ടം സിയാലിന് സംഭവിച്ചു. ഓഗസ്റ്റ് 20 ന് സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു. വിവിധ ഷിഫ്റ്റുകളിലായി ഓരോ ദിനവും 24 മണിക്കൂറും നടത്തിയ അക്ഷീണ പ്രയത്‌നത്തിനൊടുവിലാണ് എട്ടുദിവസം കൊണ്ട് പൂർണ നിലയിൽ പ്രവർത്തനം തുടങ്ങാൻ കൊച്ചി വിമാനത്താവളം സജ്ജമായത്.

പത്തടി ഉയരത്തിൽ രണ്ടരകിലോമീറ്റർ നീളത്തിൽ ചുറ്റുമതിലിന്റെ തകർന്ന ഭാഗം താൽക്കാലികമായി പുനർനിർമ്മിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ കേടുപറ്റിയ നാല് കൺവെയർ ബെൽറ്റുകൾ, 22 എക്‌സ്-റേ യന്ത്രങ്ങൾ, വൈദ്യുതി വിതരണ സംവിധാനം, ജനറേറ്ററുകൾ, എണ്ണൂറോളം റൺവെ ലെറ്റുകൾ എന്നിവയെല്ലാം നാലാംദിവസം തന്നെ പൂർവ നിലയിൽ പ്രവർത്തിപ്പിക്കാൻ സിയാലിന് കഴിഞ്ഞു. മൂന്നാംദിനം തന്നെ എട്ട് സൗരോർജ പ്ലാന്റുകളിൽ പകുതിയോളം ചാർജിങ് നടത്തി. മൂന്ന് ടെർമിനൽ കെട്ടിടങ്ങൾ, ഏപ്രൺ, ലോഞ്ചുകൾ എന്നിങ്ങനെ മുപ്പത് ലക്ഷം ചതുരശ്രയടി വിസ്തീർണം ഭാഗത്ത് ചെളിക്കെട്ടുണ്ടായിരുന്നു. നാലുദിവസംകൊണ്ട് ഇവിടെ ശുചീകരണം പൂർത്തിയാക്കാനായി.

തിങ്കളാഴ്ച രാവിലെയോടെ തന്നെ റൺവെ ഉപയോഗക്ഷമമായി. തുടർന്ന് വിവിധ ഏജൻസികളുടെ സംയുക്തയോഗം വിളിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. മുൻ നിശ്ചയിച്ച പ്രകാരം പ്രവർത്തനം പുനരാരംഭിക്കാൻ സന്നദ്ധമാണെന്ന് എല്ലാ ഏജൻസികളും അറിയിച്ചു. ഓഗസ്റ്റ് 29 ന് ഉച്ചയ്ക്ക് ആഭ്യന്തര, അന്താരാഷ്ട്ര ഓപ്പറേഷനുകൾ ഒരുമിച്ച്തുടങ്ങാൻ കഴിയും വിധമാണ് സിയാൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് അറിയിപ്പുകൾ വിമാനക്കമ്പനികൾക്ക് നൽകിക്കഴിഞ്ഞു. എയർലൈൻ,ഗ്രൗണ്ട് ഹാൻഡ്‌ലിങ്, കസ്റ്റംസ്, ഇമിഗ്രേഷൻ തുടങ്ങിയ വിഭാഗങ്ങളെല്ലാം തിങ്കളാഴ്ച ഉച്ചയോടെ ഓഫീസുകൾ പ്രവർത്തിപ്പിച്ചുതുടങ്ങി. 29 ന് ഉച്ചയോടെ നേവൽ ബേസിൽ നിന്നുള്ള സർവീസുകൾ അവസാനിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആദ്യവിമാനം സിയാലിൽ ലാൻഡ് ചെയ്യും. നിലവിലുള്ള സമയപ്പട്ടിക അനുസരിച്ചാവും വിമാനക്കമ്പനികൾ സർവീസ് നടത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP