Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യുവാന്റെ മൂല്യം ഇടിച്ച് ആഗോള വിപണി പിടിക്കാനുള്ള ചൈനീസ് തന്ത്രത്തിൽ ദലാൽ സ്ട്രീറ്റിൽ ചോരവീണു; ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച; നിക്ഷേപർക്ക് നഷ്ടം ഒരു ലക്ഷം കോടി; രൂപയുടെ വിനിമയ മൂല്യം ശോഷിച്ച് 66.72ലെത്തി; നാട്ടിലേക്ക് പണം അയക്കാനുള്ള ആവേശത്തിൽ പ്രവാസികൾ

യുവാന്റെ മൂല്യം ഇടിച്ച് ആഗോള വിപണി പിടിക്കാനുള്ള ചൈനീസ് തന്ത്രത്തിൽ ദലാൽ സ്ട്രീറ്റിൽ ചോരവീണു; ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച; നിക്ഷേപർക്ക് നഷ്ടം ഒരു ലക്ഷം കോടി; രൂപയുടെ വിനിമയ മൂല്യം ശോഷിച്ച് 66.72ലെത്തി; നാട്ടിലേക്ക് പണം അയക്കാനുള്ള ആവേശത്തിൽ പ്രവാസികൾ

മുംബൈ: ആഗോളവിപണി പിടിക്കാൻ യുവാന്റെ മൂല്യം ഇടിച്ചുള്ള ചൈനീസ് തന്ത്രത്തിൽ ഇന്ത്യൻ ഓഹരി വിപണിയിൽ കറുത്ത തിങ്കൾ. 1,624.51 പോയന്റ് താഴ്ന്ന് 25741.56ലാണ് സെൻസെക്‌സ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 490.95 പോയന്റ് തകർന്ന് 7809ലും. ബിഎസ്ഇയിൽ 2477 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലായിരുന്നു. 303 ഓഹരികൾ മാത്രമായിരുന്നു നേട്ടത്തിൽ. ഒരൊറ്റദിവസത്തിൽതന്നെ ഇത്രയും വലിയ തകർച്ച വിപണികൾ നേരിടുന്നത് അടുത്തകാലത്ത് ഇതാദ്യമായാണ്. തകർച്ചയിൽ കമ്പനികളുടെ വിപണി മൂല്യത്തിൽ ഒരു ലക്ഷം കോടി രൂപയുടെ ഇടിവാണുണ്ടായത്.

നിഫ്റ്റിയിൽ ഏഴ് വർഷത്തിനിടെ ഉണ്ടായ ഒരുദിവസത്തെ വലിയ ഇടിവുകളിലൊന്നാണ് ഇന്നത്തേത്. ബിഎസ്ഇയുടെ ചരിത്രത്തിൽ ഇത് നാലാം തവണയും. ഒറ്റ ദിവസമുണ്ടായ വലിയ 10 ഇടിവുകളിൽ എട്ടും 2008ന് ശേഷമായിരുന്നു. ദലാൽ സ്ട്രീറ്റിൽ ചോരവീണ ദിവസമായാണ് ഇന്നത്തെ വ്യാപാരത്തെ വിശേഷിപ്പിക്കുന്നത്. ആഗോള വിപണിയിലുണ്ടായ തകർച്ചയാണ് ഇന്ത്യൻ ഓഹരി വിപണിയേയും ബാധിച്ചത്.

രാവിലെ വ്യാപാരം ആരംഭിച്ചയുടൻ സെൻസെക്‌സ് സൂചിക 1,000 പോയിന്റാണ് ഇടിഞ്ഞത്. കഴിഞ്ഞ ദിവസത്തെ സൂചികയിനിന്ന് 3.5 ശതമാനം ഇടിവ്. ആഗോള വിപണിയിലുണ്ടായ ഇടിവിന്റെ തുടർച്ചയാണ് ഇന്ത്യൻ ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും ആഘാതമുണ്ടാക്കിയത്. സെൻസെക്‌സ് 1,000 പോയിന്റ് താഴ്ന്നതോടെ രാവിലെ തന്നെ വലിയ ആഘാതത്തിലായി ഇന്ത്യൻ വിപണി. പിന്നീട് തിരിച്ചുകയറാമെന്ന് പ്രതീക്ഷയില്ലാതായ വിപണിയിൽ ഇടിവ് തുടരുകയായിരുന്നു. 30 സെൻസെക്‌സ് കമ്പനികളും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റിയിലും സമാനമാണ് വ്യാപാരം. നിഫ്റ്റി പട്ടികയിലെ 50 കമ്പനികളും നഷ്ടത്തിലാണ്.

ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ നഷ്ടമുണ്ടായതിൽ ബാങ്കിങ് ഓഹരികളും ഉൾപ്പെടും. ഐസിഐസിഐ ബാങ്ക്, റിലയൻസ്, മാരുതി എന്നിവയുടെ ഓഹരികൾ അഞ്ച് ശതമാനമാണ് ഇടിഞ്ഞത്. എസ്‌ബിഐ, ഹീറോ മോട്ടോർ കോർപ്, ടാറ്റ മോട്ടോഴ്‌സ്, ഒഎൻജിസി, വേദാന്ത, കെയിൻ ഇന്ത്യ, ടാറ്റ സ്റ്റീൽ, ഗെയിൽ ഇന്ത്യ, പിഎൻബി, സെയിൽ തുടങ്ങിയ കമ്പനികളെല്ലാം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

അമേരിക്ക കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ ചൈനയുടെ പുതിയ നീക്കം ആഗോള വിപണിയിൽ വൻ ആഘാതം സൃഷ്ടിച്ചു. ആഗോള വിപണിയിൽ അടുത്തിടെ നേരിട്ട തിരിച്ചടികൾ മറികടക്കാൻ ചൈന സ്വന്തം നാണയത്തിന്റെ വിനിമയ മൂല്യം കുറച്ചതാണ് വിപണിയെ പ്രതിസന്ധിയിലാക്കിയത്. കയറ്റുമതിയിലെ ഗണ്യമായ കുറവും നിർമ്മാണ മേഖലയിലെ തളർച്ചയും ചൈനയുടെ സാമ്പത്തിക മേഖലയിൽ പുതിയ വെല്ലുവിളികൾ ഉയർത്തുന്ന സാഹചര്യത്തിലാണ് വിനിമയ മൂല്യം 1.9 ശതമാനം കുറച്ചത്. ഡോളറുമായി മൂന്നു വർഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഇതോടെ യുവാൻ വീഴുകയായിരുന്നു.

ചൈനീസ് കയറ്റുമതിയെ കൂടുതലായി ആശ്രയിക്കുന്ന യൂറോപ്യൻ ഓഹരികളിൽ വൻ ഇടിവുണ്ടായി. അതേസമയം, ചൈന മൂല്യം കുറച്ചതോടെ അമേരിക്കൻ ഡോളർ ശക്തിപ്പെട്ടു. എണ്ണ വിപണിയിലും ഇതിന്റെ അനുരണനം അനുഭവപ്പെട്ടിരുന്നു. യൂറോയും ജപ്പാൻ നാണയമായ യെന്നുമുൾപെടെ നാണയങ്ങൾക്ക് മൂല്യം കുറഞ്ഞപ്പോൾ യുവാൻ ശക്തിപ്പെട്ടത് ആഗോള വിപണിയിൽ ചൈനയുടെ കുതിപ്പിന് തടസ്സമായിരുന്നു. പലിശ നിരക്ക് പലതവണയായി കുറച്ച് സമ്പദ് വ്യവസ്ഥക്ക് കരുത്തുപകരാനുള്ള ശ്രമങ്ങളും ഫലം കാണാതെ വന്നതോടെയാണ് നാണയത്തിന്റെ മൂല്യം കുറക്കുന്നത്.

യുവാന്റെ മൂല്യം കുറച്ചതോടെ ഷാങ്ഹായ് വിപണി ഒമ്പത് ശതമാനമാണ് താഴേക്ക് പോയത്. അഞ്ചുമാസത്തെ കുറഞ്ഞ നിലവാരത്തിലാണ് വ്യാപാരം. ഇപ്പോഴത്തെ തകർച്ചയുടെ ആഘാതം രണ്ടാഴ്ചയോളം തുടരുമെന്നാണ് വിലയിരുത്തൽ.

രൂപയുടെ വില ഇടിഞ്ഞ് 66,72ലെത്തി; നാട്ടിലേക്ക് പണം ഒഴുക്കാൻ പ്രവാസികൾ

കഴിഞ്ഞ ആഴ്‌ച്ച തുടർച്ചയായി കുറഞ്ഞുവന്ന ഇന്ത്യയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഇന്ന് ഡോളറിനെതിരേ ഇന്ത്യൻ രൂപ 66.72ലെത്തിയിരിക്കയാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ മൂല്യം ഇത്രയും മൂല്യം ഇടിയുന്നത് ഇതാദ്യമാണ്. അതേസമയം പൗണ്ട് അടക്കമുള്ളവയുടെ മൂല്യം ഉയർന്നതോടെ ബ്രിട്ടനിലെ ഇന്ത്യക്കാർ അടക്കം നാട്ടിലേക്കം പണം അയക്കാനുള്ള തിരക്കിലാണ്. ബ്രിട്ടിഷ് പൗണ്ട് ഇന്ന് രൂപയുടെ വിനിമയ മൂല്യത്തിൽ 103.75ലെത്തി. ഇതോടെ മലയാളികൾ അടക്കമുള്ളവർ നാട്ടിലേക്ക് പണം അയക്കാനുള്ള ആവേശത്തിലാണ്. ഗൾഫ് രാജ്യങ്ങളിൽ ഉള്ളവരും ഈ അവസരം മുതലെടുത്ത് നാട്ടിലേക്ക് കൂടുതൽ പണം അയക്കുകയാണ്.

രൂപയുടെ മൂല്യം പെട്ടന്ന് വർധിക്കാൻ സാധ്യതയില്ലെന്ന് യുഎഇ എക്‌സ്‌ചേഞ്ച് പ്രസിഡന്റ് വൈ സുധീർകുമാർ ഷെട്ടിയും അഭിപ്രായപ്പെട്ടു. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ ഏഷ്യൻ രാജ്യങ്ങളിലെ കറൻസികൾക്കെല്ലാം മൂല്യശോഷണം സംഭവിച്ചിട്ടുണ്ട്. രൂപയുടെ മൂല്യം കൂടിയതുകൊണ്ട് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പണമയക്കൽ വലിയതോതിൽ വർധിച്ചിട്ടില്ല. സാധാരണക്കാരുടെ വരുമാനത്തിൽ വർധനവില്ലാത്തതാണ് കാരണം സുധീർകുമാർ ഷെട്ടി ചൂണ്ടിക്കാട്ടി.

അതേ സമയം, ഈ വർഷം ആദ്യ മൂന്നുമാസം ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് വർധിച്ചതായി ഇന്ത്യയിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഗുജറാത്തിൽ 8.18 ശതമാനമാണ് കൂടിയിരിക്കുന്നത്. കേരളത്തിലെ ബാങ്കുകളിൽ ലക്ഷം കോടിയിലധികമാണ് വിദേശമലയാളികളുടെ നിക്ഷേപം. യു എ ഇ ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ രൂപയുടെ മൂല്യം 18ൽ എത്തിനിൽക്കുകയാണ്. വരും ദിവസങ്ങളിൽ ഈ നിരക്കിൽ കാര്യമായ മാറ്റം ഉണ്ടാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം.

ആശങ്കവേണ്ടെന്ന് രഘുറാം രാജൻ

ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായിട്ടുണ്ടെങ്കിലും മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സാമ്പത്തിക സ്ഥിതിയിൽ ഇന്ത്യ സുരക്ഷിതമായ നിലയിലാണെന്ന് റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. രൂപയുടെ മൂല്യം തകർന്നാലും ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി തകരാതിരിക്കാൻ വേണ്ടിവന്നാൽ കരുതൽ ധനശേഖരം ഉപയോഗിക്കും. ഇന്ത്യൻ സാമ്പത്തിക സ്ഥിതി പിടിച്ചുനിർത്താൻ മാർഗം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP