മുകേഷ് അംബാനി കുതിക്കുന്നു.. ലോകത്തെ ഏറ്റവും വലിയ ധനികനെന്ന സ്ഥാനം എത്തിപ്പിടിക്കാൻ; ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷിന്റെ സമ്പാദ്യം 3.80 ലക്ഷം കോടി; രണ്ടാം സ്ഥാനത്തുള്ള ഹിന്ദുജ സഹോദരന്മാർക്കുള്ളത് അംബാനിയുടെ പകുതി സ്വത്തുക്കൾ മാത്രം; ആയിരം കോടി സമ്പാദ്യമുള്ളവരുടെ എണ്ണം മുൻവർഷത്തേക്കാൾ വർധിച്ചു; 2019 ആയിരം കോടി ക്ലബിൽ എത്തിയവരുടെ എണ്ണം 953 ആയി ഉയർന്നു
September 26, 2019 | 07:13 AM IST | Permalink

മറുനാടൻ ഡെസ്‌ക്
മുംബൈ: ലോകത്തെ തന്നെ ഏറ്റഴും വലിയ സമ്പന്നൻ ആകാനുള്ള കുതിപ്പിലാണ് മുകേഷ് അംബാനി. തൊട്ടതെല്ലാം പൊന്നാക്കി കുതിക്കുന്ന മുകേഷ് അംബാനിയെ വെല്ലാൻ പോന്ന മറ്റൊരു വ്യവസായി ഇന്ത്യയിൽ ഇല്ലെന്നത് വ്യക്തമാണ്. ഏറ്റവും ഒടുവിലായി ഐഐഎഫ്എൽ വെൽത്ത് ഹുറൂൺ പുറത്തുവിട്ട ഈ വർഷത്തെ ഇന്ത്യയിലെ ധനികരുടെ പട്ടികയിലും മുകേഷ് അംബാനി ഒന്നാം സ്ഥാനം നേടി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ സമ്പാദ്യം 3,80,700 (3.80 ലക്ഷം കോടി) രൂപയാണ്. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഹിന്ദുജ സഹോദരന്മർക്ക് പോലും മുകേഷിന്റെ പകുതി സമ്പാദ്യമില്ല.
ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന എസ്‌പി ഹിന്ദുജ ആൻഡ് ഫാമിലിയാണ് പട്ടികയിൽ രണ്ടാമത്. 1,86,500 കോടിയാണ് ഹിന്ദുജ കുടുംബത്തിന്റെ ആസ്തി. വിപ്രോ സ്ഥാപകൻ അസിം പ്രേംജി 1,17,100 കോടിയോടെ പട്ടികയിൽ മൂന്നാമതാണ്. എൽ എൻ മിത്തൽ(1,07,300കോടി), ഗൗതം അദാനി(94,500 കോടി) എന്നിവരാണ് പട്ടികയിലെ നാലും അഞ്ചും സ്ഥാനക്കാർ. 25 കാരനായ ഓയോ റൂംസ് ഉടമ റിതേഷ് അഗർവാൾ 7000 കോടിയുടെ ആസ്തിയോടെ പട്ടികയിൽ ഏറ്റവും പ്രായം കുറഞ്ഞ ധനികനായി. പട്ടികയിലെ ആദ്യ 25 പേരുടെ ആസ്തി ഇന്ത്യൻ ജിഡിപിയുടെ പത്ത് ശതമാനം വരും.
ആയിരം കോടി സമ്പാദ്യമുള്ളവരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ വർധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2018 ൽ 831 പേർക്കാണ് സഹസ്രകോടി സമ്പാദ്യമുണ്ടായിരുന്നത്. 2019 ആയപ്പോൾ ഇത് 953 ആയി ഉയർന്നു. കോടീശ്വരന്മാരുടെ മൊത്തം സ്വത്ത് കഴിഞ്ഞ വർഷത്തേതിനേക്കാൾ രണ്ട് ശതമനം അധികമായി വർധിച്ചെങ്കിലും ശരാശരി സ്വത്ത് വർധന 11 ശതമാനമായി കുറഞ്ഞു. പട്ടികയിൽ 344 പേരുടെ സ്വത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ കുറവുണ്ടായി. ഡോളർ കണക്കിലുള്ള കോടീശ്വരന്മാരുടെ എണ്ണം 141 ൽ നിന്ന് 138 ആയി കുറഞ്ഞു. രാജ്യത്തെ കോടീശ്വരന്മാരിൽ 246 പേരും മുംബൈയിൽനിന്നുള്ളവരാണ്. ന്യൂഡൽഹി(175), ബാംഗലൂർ(77) എന്നിവരാണ് തൊട്ടുപിന്നിൽ.
പിതാവ് ധീരുഭായി അംബാനി പടുത്തുയർത്തിയ വ്യവസായ സാമ്രാജ്യം മക്കളായ മുകേഷ് അംബാനിയും അനിൽ അംബാനിയും തമ്മിൽ പങ്കിട്ടെടുത്ത് സ്വത്തുക്കൾ ഭാഗം വെച്ച് പിരിയുമ്പോൾ ഒരു വൻ ബിസിനസ് സാമ്രാജ്യത്തിന്റെ സ്വത്തുക്കൾ ഒറ്റയടിക്ക് പകുതിയായി മാറിയിരുന്നു. അവിടെ നിന്നാണ് അനുജനെ നോക്കി നിർത്തി എല്ലാം വെട്ടിപ്പിടിച്ച് മുന്നേറുന്ന ജ്യേഷ്ഠന്റെ വ്യവസായ തന്ത്രങ്ങൾ തുടങ്ങഇയത്. അതേ മുകേഷ് അംബാനിയെന്ന വ്യവസായ ഭീമന് മുന്നിൽ ഇന്ന് ഇന്ത്യാ രാജ്യത്തിന്റെ വ്യവസായ നയങ്ങൾ പോലും വഴിമാറുന്ന അവസ്ഥയാണ്.
അടുത്തിടെ പുറത്തുവന്ന ഫോബ്സ് പട്ടിക പ്രകാരം അതിസമ്പന്നരുടെ പട്ടികയിൽ ഈ ഇന്ത്യൻ വ്യവസായി 13ാം സ്ഥാനത്തായിരുന്നു. 2017 ൽ ഫോബ്‌സിന്റെ പട്ടികയിൽ അംബാനി 33ാംസ്ഥാനത്തായിരുന്നു. അവിടെ നിന്നും തുടർച്ചയായി അദ്ദേഹം കുതിക്കുകയായിരുന്നു. ലോകത്തെ അതിസമ്പന്നരുടെ ഒന്നും രണ്ടും സ്ഥാനത്തുള്ളത് രണ്ട് ഓൺലൈൻ വ്യവസായികളാണ്. ഈ രംഗത്തേക്കും മുകേഷ് അംബാനി ചുവടു വെച്ചിട്ടുണ്ട്. ഇന്ത്യ തന്നെയാകും ഏറ്റവും വലിയ മാർക്കറ്റും. അതുകൊണ്ടു തന്നെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ അദ്ദേഹം അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തുമെന്നാണ് പ്രതീക്ഷി. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഓൺലൈൻ വ്യാപാരരംഗത്തേക്ക് ചുവടുവയ്ക്കുന്നത് ഗുജറാത്തിലാണ്. പരീക്ഷണാടിസ്ഥാനത്തിൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആദ്യം അവതരിപ്പിക്കുക.
ഗുജറാത്തിലെ 12 ലക്ഷത്തോളം വരുന്ന ചെറുകിട വ്യാപാരികളെ ചേർത്തുകൊണ്ടായിരിക്കും റിലയൻസിന്റെ ഇ-കൊമേഴ്‌സ് ചുവടുവെപ്പ്. ടെലികോം സംരംഭമായ ജിയോ, റീട്ടെയിൽ സംരംഭമായ റിലയൻസ് റീട്ടെയിൽ എന്നിവയുടെ പിന്തുണയോടെയാവും ഇത്. ജിയോയ്ക്ക് രാജ്യത്തൊട്ടാകെ 28 കോടി വരിക്കാരുണ്ട്. റിലയൻസ് റീട്ടെയിലിനാകനട്ടെ 6,500 ഓളം പട്ടണങ്ങളിലായി ഏതാണ്ട് 10,000 സ്റ്റോറുകളുണ്ട്. ജിയോയുടെ ആപ്പിലൂടെയും ഡിവൈസിലൂടെയും ചെറുകിട വ്യാപാരികളെ ബന്ധിപ്പിച്ച് അവർക്ക് കൂടുതൽ വരുമാന സാധ്യത ഒരുക്കിയാവും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം അവതരിപ്പിക്കുക.
ഇന്ത്യയിലെ അതിസമ്പന്നൻ എന്നതിൽ ഉപരിയായി ജീവകാരുണ്യ രംഗത്തും മുന്നിലാണ് മുകേഷ് അംബാനി. 2017 ഒക്ടോബർ മുതൽ 2018 സെപ്റ്റംബർ വരെയുള്ള ഒരു വർഷക്കാലയളവിൽ 437 കോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവിട്ടത്. വിദ്യാഭ്യാസ മേഖലയിലാണ് അദ്ദേഹം ഇതിൽ നല്ലൊരു പങ്കും ചെലവഴിച്ചത്. ഹുറുൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട ഇന്ത്യക്കാരുടെ ജീവകാരുണ്യ പട്ടികയിലാണ് മുകേഷ് അംബാനി ഒന്നാമതെത്തിയത്. ഒരു വർഷം കൊണ്ട് 10 കോടിയിലേറെ രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചവരാണ് പട്ടികയിൽ ഇടം പിടിച്ചത്.
