Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

1000 കോടി രൂപയിൽ കൂടുതൽ വരുമാനമുള്ളത് 831 ഇന്ത്യക്കാർക്ക്; 3.72 ട്രില്യൺ കോടിയുമായി മുകേഷ് അംബാനി ഒന്നാമനായപ്പോൾ മുംബൈ തന്നെ സമ്പന്നരിൽ മുമ്പിൽ; ഇന്ത്യയുടെ ആകെ സ്വത്തിന്റെ 25 ശതമാനവും ഈ 831 പേരുടെ കൈകളിൽ

1000 കോടി രൂപയിൽ കൂടുതൽ വരുമാനമുള്ളത് 831 ഇന്ത്യക്കാർക്ക്; 3.72 ട്രില്യൺ കോടിയുമായി മുകേഷ് അംബാനി ഒന്നാമനായപ്പോൾ മുംബൈ തന്നെ സമ്പന്നരിൽ മുമ്പിൽ; ഇന്ത്യയുടെ ആകെ സ്വത്തിന്റെ 25 ശതമാനവും ഈ 831 പേരുടെ കൈകളിൽ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഇന്ത്യയിലെ സാമ്പത്തിക അസമത്വം എത്തരത്തിൽ കുറയ്ക്കാമെന്ന് പോളിസിമെയ്‌ക്കർമാർ തലപുകയ്ക്കുമ്പോൾ അവർക്ക് കടുത്ത ഞെട്ടലുണ്ടാക്കിക്കൊണ്ട് ഏറ്റവും പുതിയ വെൽത്ത് റിപ്പോർട്ട് ചൊവ്വാഴ്ച പുറത്ത് വന്നു. ഇത് പ്രകാരം 1000 കോടിയോ അതിലധികമോ നെറ്റ് വർത്തുള്ള ഇന്ത്യക്കാരുടെ എണ്ണത്തിൽ 34 ശതമാനം വർധനവുണ്ടായിരിക്കുന്നുവെന്നാണ് ഈ റിപ്പോർട്ട് എടുത്ത് കാട്ടുന്നത്. ഇത് പ്രകാരം നിലവിൽ 1000 കോടി രൂപയിൽ കൂടുതൽ വരുമാനമുള്ളത് 831 ഇന്ത്യക്കാർക്കാണ്. 3.72 ട്രില്യൺ കോടിയുമായി മുകേഷ് അംബാനി ഒന്നാമനായ പണക്കാരനായപ്പോൾ സമ്പന്നരായവർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ നഗരമെന്ന സ്ഥാനം മുംബൈയ്ക്ക് തന്നെയാണ്. ഇന്ത്യയുടെ ആകെ സ്വത്തിന്റെ 25 ശതമാനവും ഈ 831 പേരുടെ കൈകളിലാണെന്ന ഞെട്ടിപ്പിക്കുന്ന സത്യവും പുറത്ത് വന്നിട്ടുണ്ട്.

ഈ 831 പേരുടെ കൈകളിലുള്ളത് മൊത്തം 719 ബില്യൺ ഡോളറാണ്. അതായത് രാജ്യത്തിന്റെ മൊത്തം ജിഡിപിയുടെ ഏതാണ്ട് 25 ശതമാനം വരുമിത്. ഇന്ത്യൻ പണക്കാരിൽ ഏറ്റവും മുന്നിലുള്ളത് റിലയൻസ് ഇന്റസ്ട്രീസ് ചെയർമാനായ മുകേഷ് അംബാനിയാണ്. 3.71 ട്രില്യൺ രൂപയുടെ ആസ്തിയാണ് അദ്ദേഹത്തെ ഇതിന് അർഹനാക്കിയിരിക്കുന്നത്. 2018ൽ ഈ 831 പേരുടെയും നെറ്റ് വർത്ത് 1000 കോടി രൂപയോ അതിന് മുകളിലോ ആണ്. 2017ൽ ഈ ലിസ്റ്റിലുണ്ടായവരേക്കാൾ 214 പേർ ഈ വർഷം ഇതിൽ അധികമായുണ്ടെന്നാണ് ബാർക്ലേസ്-ഹരുൺ ഇന്ത്യ റിച്ച് ലിസ്റ്റ് സാക്ഷ്യപ്പെടുത്തുന്നത്.

ഈ വിധത്തിൽ ഇന്ത്യയിൽ സാമ്പത്തിക അസമത്വം പെരുകുന്നതിൽ 2018 ജനുവരിയിൽ വേൾഡ് എക്കണോമിക് ഫോറത്തിൽ ഓക്സ്ഫാം അവതരിപ്പിച്ച റിപ്പോർട്ട് ഉത്കണ്ഠ രേഖപ്പെടുത്തുന്നുണ്ട്. രാജ്യത്തെ ജനസംഖ്യയിൽ ഒരു ശതമാനം പേർ രാജ്യത്തെ മൊത്തം ധനത്തിന്റെ 73 ശതമാനവും കൈയടക്കി വച്ചിരിക്കുന്നുവെന്നും ഈ റിപ്പോർട്ട് എടുത്ത് കാട്ടുന്നുണ്ട്. രാജ്യത്ത് സമ്പത്തും ദാരിദ്ര്യവും തൊട്ട് തൊട്ട് സ്ഥിതി ചെയ്യുന്നുവെന്നും ഈ റിപ്പോർട്ട് വരച്ച് കാട്ടുന്നു. ഉദാഹരണമായി രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമെന്ന സ്ഥാനമലങ്കരിക്കുന്ന മുംബൈയിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരികൾ നിലകൊള്ളുമ്പോഴും അംബാനിയുടെ മാൻഷനായ അന്റില്ല പോലുള്ള രമ്യഹർമ്യങ്ങൾ ഈ നഗരത്തിൽ തലയുയർത്തി നിൽക്കുന്ന കാര്യവും ഓക്സ്ഫാം റിപ്പോർട്ട് എടുത്ത് കാട്ടുന്നു.

രാജ്യത്തെ ഏറ്റവും സമ്പന്നരായ 831 പേരിൽ 233 പേരും മുംബൈക്കാരാണ്. ഇക്കാര്യത്തിൽ 163 പേരുമായി ന്യൂഡൽഹി രണ്ടാം സ്ഥാനത്തും 70 പേരുമായി ബംഗളുരു മൂന്നാം സ്ഥാനത്തും നിലകൊള്ളുന്നു. കൂടുതൽ പേർ റിച്ച് ലിസ്റ്റിൽ സ്ഥാനം പിടിക്കുന്നത് രാജ്യം അതിവേഗത്തിൽ വളരുന്നതുകൊണ്ടാണെന്നാണ് ഹരുൻ ഇന്ത്യ യുടെ ചീഫ് റിസർച്ചറും എംഡിയുമായ അനാസ് റഹ്മാൻ ജുനൈദ് അഭിപ്രായപ്പെടുന്നത്. 1000 കോടിയിലധികം സമ്പത്തുള്ള ഇന്ത്യക്കാരുടെ എണ്ണം കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏതാണ്ട് ഇരട്ടിയിയിലധികമായിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. അതായത് 2016ൽ ഇത്തരക്കാർ വെറും 339 പേരായിരുന്നുവെങ്കിൽ 2018ൽ അത് 831 പേരായിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഈ ലിസ്റ്റിലുള്ളവരുടെ ശരാശരി വയസ് 60 ആണ്. ഈ പട്ടികയിൽ ഏറ്റവും പ്രായം കുറവുള്ളത് 24 കാരനായ റിതേഷ് അഗർവാളിനാണ്. ഓയോ റൂംസ് നടത്തുന്ന ഓരാവെൽ സ്റ്റേസ് എന്ന സംരംഭത്തിന്റെ ഉടമയാണ് ഇദ്ദേഹം. മസാല ബ്രാൻഡായ എംഡിഎച്ചിന്റെ ഉടമയായ 95 കാരൻ ധരം പാൽ ഗുലാട്ടിയാണ് പട്ടികയിലെ ഏറ്റവും പ്രായം ചെന്നയാൾ. ഈ ലിസ്റ്റിൽ സ്ഥാനം പിടിച്ചിരിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ 157 ശതമാനം വർധനവുണ്ട്. ഇത് പ്രകാരം 1000 കോടിയിലധികം ആസ്തിയുള്ള രാജ്യത്തെ വനിതകൾ 136 പേരായി വർധിച്ചിരിക്കുന്നു.

ലിസ്റ്റിൽ കൂടുതലുള്ളത് ഫാർമ സെക്ടർ പ്രമോട്ടർമാർ/ എക്സിക്യൂട്ടീവ്സ് എന്നിവരാണ്. അതായത് ലിസ്റ്റിലെ 13.7 ശതമാനം പേരും ഈ കാറ്റഗറിയിൽ വരുന്നവരാണ്. സോഫ്റ്റ് വെയർ ആൻഡ് സർവീസ് രംഗത്തുള്ളവരാണ് 7.9 ശതമാനം പേരുടെ കരുത്തോടെ രണ്ടാം സ്ഥാനത്തുള്ളത്. ഫാസ്റ്റ് മൂവിങ് കസ്റ്റമർ ഗുഡ്സ് രംഗത്തുള്ളവരാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. പട്ടികയിലെ ഒമ്പത് പേരുടെ സമ്പത്ത് 2018ൽ ഇരട്ടിയായിട്ടുണ്ട്. ഗ്രാഫൈറ്റ് ഇന്ത്യയുടെ കൃഷ്ണ കുമാർ ബാഗൂറിന്റെ സമ്പത്തിൽ 430 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. ഇതിലൂടെ സമ്പത്തിന്റെ പെരുപ്പത്തിന്റെ കാര്യത്തിൽ അദ്ദേഹത്തിന് മുന്നിലെത്താനും സാധിച്ചു.

ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ള സമ്പന്നൻ എസ്‌പി ഹിന്ദുജയാണ്. ഹിന്ദുജ ഗ്രൂപ്പിന്റെ ചെയർമാനായ അദ്ദേഹത്തിന്റെ ആസ്തി 1,59,000 കോടി രൂപയാണ്. മൂന്നാം സ്ഥാനത്തുള്ളത് 1,14,000 കോടി രൂപയുടെ കരുത്തുമായി ലക്ഷ്മി മിത്തലാണ്. ആർസെലോർമിത്തലിന്റെ സിഇഒ ആണ് ഇദ്ദേഹം. നാലാം സ്ഥാനത്ത് അസിം പ്രേംജിയാണ്. വിപ്രോയുടെ ചെയർമാനായ ഇദ്ദേഹത്തിന്റെ സമ്പത്ത് 96,000 കോടി രൂപയാണ്. സൺ ഫാർമസ്യൂട്ടിക്കൽസിന്റെ സ്ഥാപകനും എംഡിയുമായ ദിലീപ് ഷാൻഗ് വിയാണ് 89,000 കോടി രൂപയുടെ ആസ്തിയുമായി അഞ്ചാമൻ.

കൊടക്ക് മഹീന്ദ്ര ബാങ്ക്, ഉദക് കൊടക്ക് എന്നിവയുടെ സ്ഥാപകനും ചെയർമാനുമായ ഉദയ് കൊടക്കിന്റെ ആസ്തി 78,000 കോടി രൂപയാണ്. ഇതിലൂടെ ലിസ്റ്റിൽ ആറാം സ്ഥാനത്തെത്താൻ അദ്ദേഹത്തിന് സാധിച്ചു. സൈപ്രസ് എസ് പൂനൻവാല, ഗൗതം അദാനി, സൈപ്രസ് പല്ലോൻജി മിസ്ട്രി, ഷാപൂർ പല്ലോൻജി മിസ്ട്രി എന്നിവരാണ് ആദ്യത്തെ പത്ത് സ്ഥാനങ്ങളിലുള്ള മറ്റ് സമ്പന്നർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP