Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അന്ന് ജോലിക്കിടെ ഒരു കാപ്പി കുടിക്കാൻ പെടാപ്പാട് പെട്ടു; ഇന്ന് കോടികൾ കൊയ്യുന്ന ഭക്ഷ്യ ശൃംഘലയുടെ അമരക്കാരൻ; സൊമാറ്റോ ഉടമ ദീപീന്ദർ ഗോയലിന്റെ വളർച്ച ശരവേഗത്തിൽ; 22 രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന സൊമാറ്റോയുടെ 'അത്ഭുത വളർച്ച' അറിയാം

അന്ന് ജോലിക്കിടെ ഒരു കാപ്പി കുടിക്കാൻ പെടാപ്പാട് പെട്ടു; ഇന്ന് കോടികൾ കൊയ്യുന്ന ഭക്ഷ്യ ശൃംഘലയുടെ അമരക്കാരൻ; സൊമാറ്റോ ഉടമ ദീപീന്ദർ ഗോയലിന്റെ വളർച്ച ശരവേഗത്തിൽ; 22 രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന സൊമാറ്റോയുടെ 'അത്ഭുത വളർച്ച' അറിയാം

മറുനാടൻ ഡെസ്‌ക്‌

തുടർച്ചയായി ജോലി ചെയ്യുന്നതിനിടെ ഒരു കാപ്പി കുടിക്കണമെന്ന് ആഗ്രഹിക്കാത്തവരില്ല. എന്നാൽ അതിനു വേണ്ടി ക്യൂ നിന്ന് മടുത്തുവെന്ന് പറയുന്നവരുടെ എണ്ണവും കുറവല്ല. എന്നാൽ ഇന്ന് ഭക്ഷണത്തിനായി കാത്തു നിൽക്കുന്നവരിലേക്ക് ഞൊടിയിടയിൽ ഭക്ഷണമെത്തുന്ന വിപ്ലവത്തിന് നാം സാക്ഷികളാണ്. അതിൽ ഏറ്റവും പ്രധാന കമ്പനിയായ സൊമാറ്റോയുടെ വളർച്ചയാണ് ഇപ്പോൾ ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. മുൻപ് പറഞ്ഞത് പോലെ കാപ്പിക്കായി ക്യൂവിൽ നിന്നും ബുദ്ധിമുട്ടിയ വ്യക്തിയാണ് സൊമാറ്റോയുടെ സ്ഥാപക ഉടമ ദീപീന്ദർ ഗോയൽ.

ഈ അനുഭവമാണ് അദ്ദേഹത്തെ സംരംഭകനായി വളർത്തിയത്. ഇന്ന് രാജ്യത്തെ മുൻനിര ഭക്ഷണ വിതരണ കമ്പനിയാണ് സൊമാറ്റോ. ലാഭത്തിന്റെ കാര്യത്തിലും മുമ്പൻ ഇവർ തന്നെ. 2005ൽ ഡൽഹി ഐ.ഐ.ടിയിൽ നിന്നും ബിരുദം പൂർത്തിയാക്കിയ ദീപീന്ദർ 2006 ജനുവരിയിൽ ബെയ്ൻ ആൻഡ് കമ്പനിയിൽ സീനിയർ അസോസിയേറ്റ് കൺസൽട്ടന്റ് ആയി ചുമതലയേറ്റു. അവിടെ ജോലി ചെയ്യുന്നതിനിടെ, ഭക്ഷണം കഴിക്കാൻ സുഹൃത്തുക്കളും സഹപ്രവർത്തകരും റസ്റ്റോറന്റുകൾ തിരഞ്ഞും മെനു പരിശോധിച്ചും വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നത് കണ്ടാണ് ദീപീന്ദർ അതിനെന്തെങ്കിലും എളുപ്പവഴിയുണ്ടോയെന്ന് ആലോചിച്ചത്.

കൂട്ടിന് സഹപ്രവർത്തകനും ബാല്യകാലം മുതലുള്ള സുഹൃത്തുമായ പങ്കജ് ചദ്ദായുമുണ്ടായിരുന്നു. റസ്റ്റോറന്റിലെ മെനു ഓൺലൈനായി ലഭിക്കുകയാണങ്കിൽ ആളുകൾക്ക് ഭക്ഷണം തെരഞ്ഞെടുക്കാൻ എളുപ്പാമാകുമല്ലോയെന്ന് അവർ ചിന്തിച്ചു. ഒരു വെബ്‌സൈറ്റ് രൂപീകരിച്ചുകൊണ്ട്, ചുറ്റുമുള്ള എല്ലാ റസ്റ്റോറന്റുകളിലെയും മെനു ബെയ്‌നിലെ തൊഴിലാളികൾക്കായി ഇൻട്രാനെറ്റ് വെബ്‌സൈറ്റിൽ അപ് ലോഡ് ചെയ്തു. അത് 2008ൽ Foodiebay.com എന്ന സ്ഥാപനം തുടങ്ങുന്നതിലേക്കെത്തി. അതാണ് പിന്നീട് സൊമാറ്റോ.കോം ആയി മാറിയത്.

അവരെ അതിശയിപ്പിച്ചുകൊണ്ട് ആ വെബ്‌സൈറ്റിന് പ്രതീക്ഷിച്ചതിനേക്കാളേറെ ട്രാഫിക് ലഭിച്ചു. അങ്ങനെയാണ് അതിനുള്ളിലെ ബിസിനസ് സാധ്യത തിരിച്ചറിഞ്ഞത്. വളരെ പെട്ടെന്നായിരുന്നു എീീറശലയമ്യ.രീാ വളർന്നത്. അതോടെ കൂടുതൽ റസ്റ്റോറന്റുകൾ ലിസ്റ്റ് ചെയ്യാനും കൊൽക്കത്ത, മുംബൈ, ബെംഗളുരു, പൂണെ നഗരങ്ങളിലേക്കു കൂടി കച്ചവടം വ്യാപിപ്പിക്കാനും ഇവർ നിർബന്ധിതരായി.പൊതുവേ ഭക്ഷണ പ്രിയരാണ് പഞ്ചാബികൾ. ദീപീന്ദറും അതിന് അപവാദമായിരുന്നില്ല. എന്നാൽ 'ഭക്ഷണത്തോടുള്ള ഇഷ്ടത്തേക്കാൾ സാങ്കേതിക വിദ്യയോടുള്ള പ്രിയവും പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുമുള്ള ത്വരയുമാണ്' സൊമാറ്റോയുടെ രൂപീകരണത്തിലേക്ക് നയിച്ചതന്നാണ് ദീപീന്ദർ പറഞ്ഞത്.

2010 നവംബറിലാണ് ഫുഡീബെയന്ന പേരുമാറ്റി സൊമാറ്റോ ആക്കിയത്. ടുമാറ്റോയന്ന പേരിനോട് സാമ്യം തോന്നുന്ന പേരായതുകൊണ്ടും എളുപ്പം ഓർക്കാവുന്ന ഒന്നായതുകൊണ്ടുമാണ് ഈ പേരിലേക്ക് മാറിയത്. ഇവരുടെ ആശയത്തിൽ താൽപ്പര്യം തോന്നിയ നൗകരി ഡോട്ട് കോം സ്ഥാപകൻ സഞ്ജീവ് ഒരു മില്യൺ ഡോളർ നിക്ഷേപം നടത്തിയതോടെ കമ്പനിയുടെ വളർച്ച വേഗത്തിലായി. 2008ൽ 1200 റെസ്റ്റോറന്റുകളുടെ ലിസ്റ്റിംഗുമായി തുടങ്ങിയ ദീപീന്ദറിന് ഇന്ന് 22 രാജ്യങ്ങളിലായുള്ള പതിനായിരത്തിലേറെ നഗരങ്ങളിലേക്ക് സൊമാറ്റോയെ വ്യാപിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നാണ് സൊമാറ്റോ.

ഡെലിവറി ബോയ് ഹിന്ദുവല്ലെന്ന് പറഞ്ഞ് ഓർഡർ റദ്ദാക്കിയ ഉപയോക്താവിനോട് 'ഭക്ഷണത്തിന് മതമില്ല, അതുതന്നെ ഒരു മതമാണ്' എന്നു പറഞ്ഞ് ദീപീന്ദർ ഗോയൽ കയ്യടി നേടിയിരുന്നു. സ്വന്തം സ്ഥാപനത്തിലൂടെ അദ്ദേഹം നടപ്പിലാക്കിയ പല തൊഴിൽ നയങ്ങളും ഇത്തരത്തിൽ കയ്യടി നേടിയിരുന്നു. ലോകത്ത് സ്ത്രീ- പുരുഷ തൊഴിലാളികൾക്കിടയിലെ കൂലി വ്യത്യാസം കുറയ്ക്കാനുള്ള സുപ്രധാന നീക്കം ഇക്കഴിഞ്ഞമാസം സുമാറ്റോയുടെ ഭാഗത്തുനിന്നുമുണ്ടായിരുന്നു.സ്ത്രീകൾക്ക് മെറ്റേണിറ്റി ലീവായി നൽകുന്ന ആറുമാസം പുരുഷന്മാർക്കും പാരന്റൽ ലീവായി സുമാറ്റോ അനുവദിക്കുന്നുണ്ട്. സ്ത്രീകൾ നേതൃ സ്ഥാനത്തേക്ക് ഉയർന്ന വരാത്തതിന് ഒരു കാരണം പാരന്റൽ ലീവ് അനുവദിക്കുന്നതിലെ വിവേചനമാണെന്നാണ് ഗോയലിന്റെ അഭിപ്രായം.

ഇന്ത്യയിൽ പാർശ്വവത്കരിക്കപ്പെട്ട 100 മില്യൺ ആളുകൾക്ക് മാസം തോറും ഭക്ഷണം നൽകുന്ന എൻ.ജി.ഒ ആയ ഫീഡിങ് ഇന്ത്യയെ അടുത്തിടെ സുമാറ്റോ ഏറ്റെടുത്തിരുന്നു. എല്ലാ മേഖലകളിലെന്നപോലെ സൊമാറ്റോയ്ക്കും വലിയ വെല്ലുവിളി നേരിടേണ്ടി വന്നിരുന്നു. സൊമാറ്റോ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി സഹസ്ഥാപകനായ പങ്കിന്റെ പുറത്തുപോക്കായിരുന്നു. ഇത് സൊമാറ്റോക്ക് വലിയ ബാധ്യത ഉണ്ടാക്കിയിരുന്നു. എന്നാൽ ലക്ഷ്യത്തിലെത്താൻ തനിക്കു കഴിയുമെന്ന ദീപീന്ദറിന്റെ ആത്മവിശ്വാസമാണ് സുമാറ്റോയ്ക്ക് തണലായത്.

ഭക്ഷണം തന്നെ മതം

ഓർഡർ ചെയ്ത ഭക്ഷണം കൊണ്ടുവന്നത് അഹിന്ദുവായ ആളായതിനാൽ ഭക്ഷണം ക്യാൻസൽ ചെയ്തയാളുടെ ട്വീറ്റ് ഏറെ ചർച്ചകൾക്കാണ് ഇന്ന് വേദിയൊരുക്കിയത്. സോഷ്യൽ മീഡിയയിലാകെ ഇത് ചേരിതിരിഞ്ഞുള്ള വാക്‌പോരുകൾക്ക് വഴിവച്ചു. തുടർന്ന് വിശദീകരണവുമായി 'സൊമാറ്റോ' തന്നെ രംഗത്തെത്തി. ഉപഭോക്താവിന്റെ ഈ ആവശ്യം അംഗീകരിക്കാവുന്നതല്ലെന്നും, അത്തരത്തിൽ നഷ്ടപ്പെടുന്ന കച്ചവടത്തെക്കുറിച്ച് തങ്ങൾക്ക് ആശങ്കയില്ലെന്നുമായിരുന്നു 'സൊമാറ്റോ' സ്ഥാപകൻ ദീപീന്ദർ ഗോയൽ പ്രതികരിച്ചത്.

അതോടൊപ്പം തന്നെ ഭക്ഷണത്തിന് മതമില്ലെന്നും, ഭക്ഷണം തന്നെ ഒരു മതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ ചർച്ചകൾ കൂടുതൽ കൊഴുത്തു. മതത്തിന്റെ പേരിൽ ഭക്ഷണം വേണ്ടെന്ന് വച്ച അമിത് ശുക്ലയെ സോഷ്യൽ മീഡിയ വലിയരീതിയിലാണ് ഇപ്പോൾ വിമർശിക്കുന്നത്. കൂടാതെ, ഇദ്ദേഹം മുമ്പ് ഇടപെട്ടിരുന്ന രാഷ്ട്രീയ- സാമൂഹിക വിഷയങ്ങളും ചർച്ചകളിൽ നിറയുകയാണ്. ഇതിനിടെയാണ് ഒരു വിഭാഗം പേർ ചേർന്ന് അമിത് ശുക്ലയുടെ ഒരു സ്ത്രീവിരുദ്ധ കമന്റ് ഉയർത്തിക്കൊണ്ടുവന്നിരിക്കുന്നത്.

പ്രമുഖ എഴുത്തുകാരിയായ തസ്ലീമ നസ്രീൻ, ട്വിറ്ററിൽ മുമ്പ് പങ്കുവച്ച ചിത്രത്തിന് താഴെയാണ് അമിത് മോശം കമന്റ് ഇട്ടിരിക്കുന്നത്. താൻ, ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ റിസർച്ച് സ്‌കോളറായിരുന്നപ്പോൾ എടുത്ത ചിത്രമാണ് തസ്ലീമ ട്വീറ്റ് ചെയ്തിരുന്നത്. ഗൃഹാതുരത തോന്നുന്ന ചിത്രമെന്ന അടിക്കുറിപ്പോടെയിട്ട ഫോട്ടോയ്ക്ക് താഴെ എഴുത്തുകാരിയുടെ ശരീരത്തെക്കുറിച്ച് അമിത് മോശം രീതിയിൽ ഇട്ട കമന്റ് ആണ് വിവാദമാകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP