Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്ത്യയിലെ ആദ്യ ഭിന്നലിംഗ വാർത്താ വായനക്കാരിക്ക് കയ്യടിക്കാൻ ലോകം ഒരുമിച്ചു; ആണായി പിറന്ന് പെണ്ണായി ജീവിക്കുന്ന പത്മിനിക്കു പറയാൻ ഒരുപാട് ദുരിത കഥകൾ ബാക്കി

ഇന്ത്യയിലെ ആദ്യ ഭിന്നലിംഗ വാർത്താ വായനക്കാരിക്ക് കയ്യടിക്കാൻ ലോകം ഒരുമിച്ചു; ആണായി പിറന്ന് പെണ്ണായി ജീവിക്കുന്ന പത്മിനിക്കു പറയാൻ ഒരുപാട് ദുരിത കഥകൾ ബാക്കി

ദ്മിനി പ്രകാശ് എന്ന ഇന്ത്യയിലെ ആദ്യ ഭിന്നലിംഗ വാർത്താ വായനക്കാരിയുടെ ജീവിതത്തിന്റെ ആദ്യ പകുതി കഴിഞ്ഞത് തന്റേതല്ലാത്ത ഒരു ശരീരത്തിൽ ദുരിതവും പേറിയായിരുന്നു. ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയതോടെയാണ് പത്മിനിയുടെ ജീവിതത്തിന്റെ രണ്ടാമധ്യായം ആരംഭിക്കുന്നത്. വിവാഹിതയും ഒരു ദത്തു പുത്രനുമുള്ള പത്മിനിയുടെ ആഗ്രഹം എല്ലാ ഭിന്നലിംഗക്കാർക്കും സൗജന്യ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുള്ള അവസരമൊരുക്കി സന്തോഷത്തോടെയുള്ള ഒരു ജീവിതത്തിന് അവസരമൊരുക്കണമെന്നാണ്. 30-കാരിയായ പത്മിനി ഇവരുടെ അവകാശ സംരക്ഷണ പ്രവർത്തന രംഗത്ത് സജീവമായി ഇടപെട്ടുവരുന്നുമുണ്ട്. ഇന്ത്യയിൽ ഒരു ലക്ഷത്തോളം രൂപ ചെലവുള്ള ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി തന്റെ ബാല്യകാല സുഹൃത്തിനെ വിവാഹവും ചെയ്ത് പത്മിനി തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കിയിരിക്കുന്നു.

ഇന്ന് കോയമ്പത്തൂരിലെ ഒരു തമിഴ്ചാനലായ ലോട്ടസ് ടിവിയിൽ വാർത്താ അവതാരകയാണ് പത്മിനി. എല്ലാ ദിവസവും വൈകുന്നേരം വാർത്താ ബുള്ളറ്റിനുകളുമായി പത്മിനി എത്തുന്നു. 'മറ്റൊരു ശരീരവുമായി പിറന്നു വീഴുന്നത് ഞങ്ങളുടെ കുറ്റമല്ല. ഒരു ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ പ്രയാസപ്പെടുന്ന പല ഭിന്നലിംഗക്കാരേയും എനിക്കറിയാം. ഭാരിച്ച ചെലവു മൂലം അവരുടെ ജീവിതം മരിച്ചിരിക്കുകയാണ്. എല്ലാവർക്കും സൗജന്യ ശസ്ത്രക്രിയയ്ക്കുള്ള സംവിധാനം ഉണ്ടാകണം. ഞങ്ങൾക്ക് ഒരു സഹായവും ലഭിക്കുന്നില്ല. സഹായിക്കാൻ ആരും തയാറുമല്ല,' പത്മിനി പറയുന്നു. കടുത്ത ബാല്യത്തിലൂടെയാണ് പത്മിനിക്ക് കടന്നു പോകേണ്ടി വന്നിട്ടുള്ളത്. സ്‌നേഹവും ശ്രദ്ധയും നൽകാതെ അച്ഛനാണ് വളർത്തിയത്. 2000-ൽ വീട് വിട്ടിറങ്ങിയ ശേഷം അച്ഛനോടോ സഹോദരനോടോ മൂന്ന് സഹോദരിമാരോടോ ഒരക്ഷരം പോലും പത്മിനി മിണ്ടിയിട്ടില്ല. വളരെ ചെറുപ്പകാലത്തു തന്നെ അമ്മ മരിച്ചിരുന്നതിനാൽ അവരെ ഓർമ്മ പോലുമില്ല. ബാല്യം വളരെ കടുത്തതായിരുന്നെന്ന് അവർ പറയുന്നു. അച്ഛനിൽ നിന്ന് സ്‌നേഹപ്രകടനത്തിന്റെ ഒരംശം പോലും ലഭിച്ചിട്ടില്ല.

'ഞാൻ വ്യത്യസ്തയാണെന്നാണ് എപ്പോഴും ചിന്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ സന്തോഷവതിയുമായിരുന്നില്ല. തന്റെ സമപ്രായക്കാരായ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തമായാണ് തന്റെ വളർച്ചയെന്ന് ബോധ്യപ്പെട്ട 13-ാം വയസ്സുമുതലാണ് ഒരു പെൺകുട്ടിയാകണമെന്ന് ആഗ്രഹിച്ചു തുടങ്ങിയത്,' പത്മിനി ഓർക്കുന്നു. പെൺകുട്ടികളുടെ വസ്ത്രങ്ങളാണ് ഇഷ്ടപ്പെട്ടിരുന്നത്. കൂട്ടും അവരോടൊപ്പമായിരുന്നു. തന്നിൽ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് അറിയുമായിരുന്നില്ലെന്ന് പത്മിനി പറയുന്നു. നാട്ടിലെ ഭരതനാട്യം ക്ലബിൽ അംഗമായിരുന്നു പത്മിനി. സ്‌കൂളിലും നന്നായി പഠി്ച്ചിരുന്ന തന്റെ പെൺ സ്വഭാവ രീതികൾ മൂലം അദ്ധ്യാപകരും സഹപാഠികളും പലപ്പോഴും പരിഹസിച്ചിരുന്നുവെന്നും പത്മിനി പറയുന്നു.

സഹോദരിയുടെ വസ്ത്രമണിഞ്ഞും മുടി നീട്ടി വളർത്തിയും കൺമഷിയെഴുതിയും ചിലപ്പോൾ ലിപ്സ്റ്റിക്ക് ഇട്ടും പലപ്പോഴും പെണ്ണാകാൻ ശ്രമിക്കുമായിരുന്നു. തന്റെ ആഗ്രഹം അച്ഛനോട് പറഞ്ഞപ്പോൾ പൊതിരെ തല്ലുകയാണുണ്ടായതെന്നും പത്മിനി ഓർക്കുന്നു. നീട്ടി വളർത്തിയിരുന്ന മുടി ബാർബറുടെ അടുത്തു കൊണ്ടു പോയി അച്ഛൻ വെട്ടിക്കളയിപ്പിച്ചു. പിന്നീട് മൂന്ന് വർഷക്കാലത്തോളം പത്മിനിയുടെ ജീവിതം ഒരു ദുസ്വപ്നമായിരുന്നു. കരയാത്ത ഒരു ദിവസം പോലുമുണ്ടായിട്ടില്ല. താൻ മരിച്ചുപോയെന്ന് കണക്കാക്കാനാണ് തനിക്കിഷ്ടമെന്ന് അച്ഛൻ ഇടയ്ക്കിടെ പറയുമായിരുന്നു. സഹായത്തിനായി ആരും ഉണ്ടായിരുന്നുമില്ല. അച്ഛനെ പേടിച്ച് തനിക്കു വേണ്ടി സംസാരിക്കാൻ സഹോദരങ്ങൾക്കും കഴിയുമായിരുന്നില്ല. പക്ഷേ 16-ാം വയസ്സിൽ പെട്ടിയുമെടുത്ത് രക്ഷപ്പെട്ടോടുകയായിരുന്നു. 2000-ലായിരുന്നു അത്. തന്റെ പേര് എവിടേയും പറയരുതെന്നും അത് തനിക്ക് മാനക്കേടാണെന്നുമാണ് അച്ഛൻ പറഞ്ഞതെന്ന് പത്മിനി പറയുന്നു.

പിന്നീട് ബാല്യകാല സുഹൃത്ത് നാഗരാജ് പ്രകാശിന്റെ വീട്ടിലാണ് കഴിഞ്ഞത്. ജീവിക്കാനായി പ്രദേശത്തെ ഒരു ആശ്രമത്തിൽ ജോലിക്കും പോയി. പിന്നീട് ഒരു ഡോക്ടറെ കണ്ടു ലിംഗമാറ്റത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. അതോടെ പലവർണ സാരികളും മറ്റുമണിഞ്ഞ് പൂർണമായും സ്ത്രീകളുടെ വസ്ത്രത്തിലേക്കു മാറി. കൂടാതെ കുട്ടികൾക്ക് ഡാൻസ് ക്ലാസും ആരംഭിച്ചു. അതുകൊണ്ട് തന്നെ ഹിജഡകളെന്ന് വിളിക്കപ്പെടുന്നു ഭിന്നലിംഗമുള്ളവരെ പോലെ വേശ്യാവൃത്തിയിലേക്കോ മറ്റോ തിരിയാതെ നല്ല ജീവിതം തന്നെ പത്മിനിക്ക് നയിക്കാനായി. 31-കാരനായ പ്രകാശ് സ്വർണ്ണപ്പണിക്കാരനാണ്. ഇരുവരും പ്രണയത്തിലായതോടെ പിന്നെ ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. പിന്നീട് ഭിന്നലിംഗക്കാരുടെ അവകാശ സംരക്ഷണ പ്രവർത്ത രംഗത്തും സജീവമായി. തമിഴ്‌നാട് എയ്ഡ്‌സ് ഇനിഷ്യേറ്റീവിലും പ്രവർത്തിക്കാനാരംഭിച്ചു. ജോലി ചെയ്ത് സമ്പാദിച്ച് ഒരു ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുള്ള പണം ഒടുവിൽ പത്മിനിക്ക് സ്വരൂപിക്കാനായി. 2004-ൽ ശസ്ത്രക്രിയ നടന്നതോടെയാണ് പത്മിനിയുടെ ജീവിതത്തിൽ സുപ്രധാന മാറ്റമുണ്ടായത്. അങ്ങനെ ആ സ്വപ്നം യാഥാർത്ഥ്യമായി. പിന്നീട് മുത്തശ്ശി മരിച്ചതറിഞ്ഞ് വീട്ടിൽ ചെന്നപ്പോൾ കയറ്റിയില്ല. അച്ഛൻ വാതിൽ കൊട്ടിയടച്ചു. അതോടെ ആകെ തകർന്നാണ് തിരിച്ചു പോയത്. പീന്നീട് സഹോദരിയുടെ വിവാഹം നടന്നതും അറിഞ്ഞു. അതിലേക്കും ക്ഷണിച്ചിരുന്നില്ല. അതോടെ കുടുംബവുമായുള്ള ബന്ധം പൂർണമായും ഇല്ലാതായി. 2004-ൽ തന്നെയാണ് പ്രകാശുമായുള്ള വിവാഹവും നടന്നത്.

അതോടെ ജീവിതം കൂടുതൽ വർണാഭമായി. 2007-ൽ മിസ് തമിഴ്‌നാട് ട്രാൻസ്‌ജെൻഡർ പട്ടവും നേടി. 2009-ൽ മിസ് ഇന്ത്യ ട്രാൻസ്‌ജെൻഡർ പട്ടവും. 2012-ലാണ് ചാനലിൽ ജോലി ആരംഭിച്ചത്. ഒരു സീരിയലിൽ അഭിനയിച്ചായിരുന്നു തുടക്കം. രണ്ടു വർഷം മുമ്പ് ഒരു നവജാത ശിശുവായിരുന്ന മകൻ ജയ ശ്രീധറിനെ ദത്തെടുത്തതോടെയാണ് പത്മിനിക്ക് പുതിയ ജീവിതം പൂർണ സംതൃപ്തിയിലെത്തിയത്. അങ്ങിനെയിരിക്കെയാണ് ഈ വർഷമാദ്യം ലോട്ടസ് ചാനലിൽ നിന്നും ഒരു വിളി വരുന്നത്. അവർ ഒരു ഭിന്നലിംഗത്തിൽപ്പെട്ട ന്യൂസ്‌റീഡറെ നിയമിക്കാൻ പോകുകയാണെന്നും അതിനായി തന്നെയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്നും അറിയിച്ചായിരുന്നു അത്. ആ ഓഫർ സ്വീകരിച്ചു. പിന്നീട് കുറെ പരിശീലനങ്ങൾക്കൊടുവിൽ് കഴിഞ്ഞ ഓഗസ്റ്റ് മുതൽ പത്മിനി ചാലനിൽ വാർത്ത വായിച്ചു തുടങ്ങി. ജീവിതത്തിൽ എല്ലാം നേടിയതിന്റെ സംതൃപ്തിയിലാണിപ്പോൾ പത്മിനി. ഞാൻ ഒരു പെണ്ണായി പിറന്നാണ് ഈ നേട്ടങ്ങളൊക്കെ ഉണ്ടാക്കിയതെങ്കിൽ എന്നെ കുറിച്ച് കുടുംബം അഭിമാനിക്കും. പക്ഷേ ഞാനൊരു ഭിന്നലിംഗക്കാരിയാണെന്നതിനാൽ അവർക്ക് നാണക്കേടാണ് ഇതെന്നെ വളരെ വേദനിപ്പിക്കുന്നു. 'ഭിന്നലിംഗക്കാർ ഇന്ത്യയിൽ മാറ്റി നിർ്ത്തപ്പെട്ടവരാണ്. പക്ഷേ രാജ്യത്തെയും സമൂഹത്തെയും കുറിച്ചു പറയുന്നതിന് മുമ്പ് കുടുംബത്തെ കുറിച്ച് പറയേണ്ടതുണ്ട്. അച്ഛനമ്മമാർക്ക് സ്വന്തം മക്കളെ അംഗീകരിക്കാൻ കഴിയില്ലെങ്കിൽ സമൂഹം മാറുമെന്ന് നമുക്കെങ്ങനെ പ്രതീക്ഷിക്കാനാകും? എല്ലാം തുടങ്ങുന്നത് വീട്ടിൽ നിന്നാണ്. ആൺകുട്ടികളെയും പെൺകുട്ടികളെയും പരിഗണിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നപോലെ ഭിന്നലിംഗക്കാരായ മക്കളെയും തുല്യമായി പരിഗണിക്കണം,' പത്മിനി പറയുന്നു. 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP