Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യാക്കാരനും പാക്കിസ്ഥാനിയും സമാധാന നോബൽ പങ്കിട്ടു; കുട്ടികൾക്കായുള്ള അവകാശപ്പോരാട്ടത്തിന് മലാല സൂസഫ് സായ്ക്കും കൈലാസ് സത്യാർത്ഥിക്കും പുരസ്‌കാരം; ഇവരുടേത് വിലമതിക്കാനാകാത്ത ബാലാവകാശ പ്രവർത്തനമെന്ന് പുരസ്‌കാര സമിതി

ഇന്ത്യാക്കാരനും പാക്കിസ്ഥാനിയും സമാധാന നോബൽ പങ്കിട്ടു; കുട്ടികൾക്കായുള്ള അവകാശപ്പോരാട്ടത്തിന് മലാല സൂസഫ് സായ്ക്കും കൈലാസ് സത്യാർത്ഥിക്കും പുരസ്‌കാരം; ഇവരുടേത് വിലമതിക്കാനാകാത്ത ബാലാവകാശ പ്രവർത്തനമെന്ന് പുരസ്‌കാര സമിതി

സ്റ്റോക് ഹോം: സമാധാനത്തിനുള്ള ഇത്തവണത്തെ നോബൽ മലാല സൂസഫ് സായും കൈലാസ് സത്യാർത്ഥിയും പങ്കിട്ടു. ഇന്ത്യാക്കരനായ മനുഷ്യാവകാശ പ്രവർത്തകനാണ് കൈലാസ് സത്യാർത്ഥി. പാക്കിസ്ഥാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ പോരാട്ടത്തിന് വേണ്ടി നിലകൊണ്ടതിനാണ് മലാലയ്ക്ക നോബൽ. ബാലാവകാശമുയർത്തി നടത്തിയ പോരാട്ടമാണ് കൈലാസ് സത്യാർത്ഥിക്ക് സമാധാന പുരസ്‌കാരമെത്തിക്കുന്നത്. 

മധ്യപ്രദേശിലെ വിദിഷക്കാരനായ സത്യാർത്ഥി തൊണ്ണൂറുകളുമുതൽ ഗാന്ധിയൻ ആശയത്തിലൂടെ കുട്ടികളുടെ അവകാശത്തിനായി നിലയുറപ്പിച്ചു. ബാലവേലയ്ക്ക് എതിരെയായിരുന്നു പ്രധാന പ്രവർത്തനം. എൺപതിനായിരത്തോളം കുട്ടികൾക്കാണ് ആശ്വാസമേകിയത്. ഈ കുട്ടികളുടെ പുനരധിവാസവും വിദ്യാഭ്യാസവും ഉറപ്പാക്കി. യഥാർത്ഥ ഗാന്ധിയനാണ് കൈലാസെന്ന് വിശദീകരിച്ചാണ് പുരസ്‌കാര നിർണ്ണയസമിതി നോബൽ പ്രഖ്യാപനം നടത്തിയത്. 

മദർ തെരേസയ്ക്ക് ശേഷം സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടുന്ന ഇന്ത്യാക്കാരനാണ് സത്യാർഥി. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ വംശജനാണ് സത്യാർത്ഥി. ആഗോളതാപനം ചെറുക്കാനുള്ള നടപടികളുടെ അംഗീകാരമായി യു.എന്നിന് കീഴിലുള്ള 'ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച്' (ഐ.പി.സി.സി) എന്ന സംഘടനയ്ക്ക് സമാധാന നൊബേൽ സമ്മാനം കിട്ടിയിരുന്നു. ഐ.പി.സി.സിയുടെ നേതൃത്വം ഇന്ത്യാക്കാരനായ രാജേന്ദ്ര പച്ചൗരിക്കാണ്. 

ബാലവേലയെ ഏറ്റവും വലിയ സാമൂഹിക പ്രശ്‌നമായാണ് സത്യാർത്ഥി കണ്ടിരുന്നത്. മനുഷ്യാവകാശ ലംഘനമായി ഇതിനെ ഉയർത്തിക്കാട്ടി. ദാരിദ്രവും തൊഴിലില്ലായ്മയും നിരക്ഷരതയും ജനസംഖ്യാ വർദ്ധനവും അടക്കമുള്ള സാമൂഹിക പ്രശ്‌നങ്ങളുടെ മൂല കാരണമിതെന്നും വാദിച്ചു. വിശദമായ പഠനങ്ങളിലൂടെയണ് ഈ നിരീക്ഷണങ്ങൾക്ക് ആഗോള അംഗീകാരം നേടിയെടുത്തത്. എല്ലാവർക്കും വിദ്യാഭ്യാസമെന്ന മുദ്രാവാക്യവും ഉയർത്തി. വിദ്യാഭ്യാസത്തിലെ ആഗോള സഹകരണത്തിനായുള്ള യുനസ്‌കോ സമിതിയിലെ അംഗവുമാണ് സത്യാർത്ഥി. ബാലവേല അവസാനിപ്പിക്കാൻ അമേരിക്കയിലും യൂറോപ്പിലുമെല്ലാം തന്റെ ആശയങ്ങളുമായി ഈ ഇന്ത്യാക്കാരൻ സജീവമായിരുന്നു.

1954 ൽ മധ്യപ്രദേശിലെ വിദിഷയിൽ ജനിച്ച സത്യാർഥി 26 ാം വയസിൽ ഇലക്ട്രിക് എഞ്ചിനീയർ ജോലി ഉപേക്ഷിച്ച് തെരുവ് കുട്ടികളുടെ പുനരധിവാസത്തിനായി ജീവിതം ഉഴിഞ്ഞുവെക്കുകയായിരുന്നു. അമേരിക്കൻ സർക്കാരിന്റെ ഡിഫന്റേഴ്‌സ് ഓഫ് ഡമോക്രസി അവാർഡ്, സ്‌പെയിനിന്റെ അൽഫോൻസോ കൊമിൻ ഇന്റർനാഷണൽ അവാർഡ്, മെഡൽ ഓഫ് ഇറ്റാലിയൻ സെനറ്റ്, അമേരിക്കൻ ഫ്രീഡം അവാർഡ്, ദ ആച്‌നർ ഇന്റർനാഷണൽ പീസ് അവാർഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഡൽഹി കേന്ദ്രമാക്കിയാണ് ഇപ്പോൾ സത്യാർത്ഥിയുടെ പ്രവർത്തനം. സത്യാർഥിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. ഭാര്യയും മക്കളും മരുമക്കളും തന്നെയാണ് കുട്ടികൾക്ക് നീതിയെത്തിക്കാനുള്ള കൈലാസിന്റെ പ്രവർത്തനത്തിലെ ശക്തി കേന്ദ്രങ്ങൾ. കുടുംബാഗംങ്ങളുടെ പിന്തുണയും സജീവതയുമാണ് കൈലാസിന്റെ സംഘടനയുടേയും പ്രത്യേകത. 

പാക്കിസ്ഥാനിലെ സ്വാത്ത് ജില്ലയിൽപെട്ട മിങ്കോരയിലെ വിദ്യാർത്ഥിനിയാണ് മലാല യൂസഫ് സായ്. പെൺകുട്ടികൾ സ്‌കൂൾ വിദ്യാഭ്യാസം നേടുന്നതിനെതിരെയുള്ള താലിബാന്റെ നിരോധനത്തോടുള്ള പ്രതിഷേധത്തിന്റേയും അതുമായി ബന്ധപ്പെട്ട സാമൂഹ്യ ഇടപെടലിന്റേയും പേരിലാണ് മലാല നോബൽ സമ്മാനം നേടുന്നത്. ബച്പൻ ബച്ചാവോ ആന്തോളന്റെ സ്ഥാപകനാണ് കൈലാസ് സത്യാർത്ഥി.

വിദ്യാഭ്യാസത്തിന്റെ പ്രസ്‌ക്തി വിശദീകരിച്ച മലാലയെ താലിബാൻ ലക്ഷ്യമിട്ടു. 2012 ഒക്ടോബർ 9നു നടന്ന ഒരു വധശ്രമത്തിൽ മലാലയുടെ തലയ്ക്കും കഴുത്തിനും ഗുരുതരമായ പരിക്കേറ്റു. സ്‌കൂൾ ബസ്സിൽ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ആക്രമണം. ആക്രമണത്തെ തുടർന്നുള്ള ദിവസങ്ങളിൽ അബോധാവസ്ഥയിൽ കഴിഞ്ഞ മലാലയുടെ സ്ഥിതി ക്രമേണ ഭേദപ്പെട്ടു. വധശ്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത താലിബാൻ വക്താവ്, മലാലയെ 'അശ്ലീലതയുടെ എത്രയും വേഗം അവസാനിപ്പിക്കേണ്ട പുതിയൊരദ്ധ്യായം' എന്നു വിശേഷിപ്പിച്ചു. പക്ഷേ ഇതൊന്നും വകവയ്ക്കാതെ മലാല തന്റെ പ്രവർത്തനവുമായി നീങ്ങി.

പതിനൊന്നു വയസ്സുള്ളപ്പോൾ ബി.ബി.സിക്കു വേണ്ടി എഴുതാൻ തുടങ്ങിയ ബ്ലോഗിലൂടെയാണ് മലാല ശ്രദ്ധിക്കപ്പെട്ടത്. സ്വാത്ത് താഴ് വരയിൽ താലിബാൻ നിയന്ത്രണത്തിലെ ജീവിത പശ്ചാത്തലമാണ് ബ്ലോഗിൽ മലാല വിശദീകരിച്ചത്. പിന്നീട് പല പുരസ്‌കാരങ്ങൾക്കും നാമനിർദ്ദേശം ചെയ്യപ്പെട്ട മലാല പാക്കിസ്ഥാന്റെ ആദ്യത്തെ ദേശീയസമാധാന പുരസ്‌കാരം നേടി. മാലാലയോടുള്ള ആദരവ് പ്രകടിപ്പിക്കാൻ ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം 2012 നവംബർ 10 അന്താരാഷ്ട്ര മലാല ദിനമായി ആചരിച്ചു.

നോബൽ സമ്മാനത്തിലൂടെ മലാലയെ ലോകം വീണ്ടും അംഗീകരിക്കുന്നു. അതിലുപരി ഈ പെൺകുട്ടി ഉയർത്തിപ്പിടിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ അവകാശമെന്ന സന്ദേശത്തേയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP