Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രതിലയത്തിലെ വില്ലൻ സൈക്കോപ്പാത്തിലൂടെ സിനിമയിലെത്തി; രക്തത്തിലൂടെ രക്തം മരവിപ്പിക്കുന്ന വില്ലനായി; എംടിയുടെ അരിങ്ങോടരിലൂടെ തലപ്പൊക്കമുള്ള നടനായി; നാടോടിക്കാറ്റിലും സിഐഡി മൂസയിലും നാട്ടുകാരെ ചിരിപ്പിച്ചു: മായുന്നത് മലയാള സിനിമയിലെ ബഹുമുഖ പ്രതിഭ

രതിലയത്തിലെ വില്ലൻ സൈക്കോപ്പാത്തിലൂടെ സിനിമയിലെത്തി; രക്തത്തിലൂടെ രക്തം മരവിപ്പിക്കുന്ന വില്ലനായി; എംടിയുടെ അരിങ്ങോടരിലൂടെ തലപ്പൊക്കമുള്ള നടനായി; നാടോടിക്കാറ്റിലും സിഐഡി മൂസയിലും നാട്ടുകാരെ ചിരിപ്പിച്ചു: മായുന്നത് മലയാള സിനിമയിലെ ബഹുമുഖ പ്രതിഭ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പലരും കരുതുന്നതു പോലെ ജോഷി സംവിധാനം ചെയ്ത രക്തം അല്ല ക്യാപ്ടൻ രാജുവിന്റെ ആദ്യ സിനിമ. പി ചന്ദ്രകുമാർ സംവിധാനം ചെയ്ത് മധു നായകനായ രതിലയം എന്ന ചിത്രത്തിൽ വില്ലനായിട്ടായിരുന്നു ക്യാപ്ടൻ രാജുവിന്റെ അരങ്ങേറ്റം. സ്ത്രീകളെ ബലാൽസംഗം ചെയ്ത കൊല്ലുന്ന ക്രൂരനായ സൈക്കോപ്പാത്ത് ആയിരുന്നു രതിലയത്തിലെ വേഷം. അതേ പാത പിന്തുടർന്ന് വന്ന ജോഷിയുടെ രക്തത്തിലായിരുന്നു രണ്ടാമത്തെ വില്ലൻ. ഐവി ശശിയുടെ ആവനാഴിയിലെ സത്യരാജിലൂടെ ക്യാപ്ടൻ രാജു വീണ്ടും മലയാളികളെ ഞെട്ടിച്ചു. ടി ദാമോദരന്റെ തിരക്കഥയിൽ ഒരുങ്ങിയ മൾട്ടി സ്റ്റാർ ചിത്രം അതിരാത്രത്തിലൂടെ നായക പ്രാധാന്യമുള്ള വേഷത്തിലും ക്യാപ്ടൻ രാജു തിളങ്ങി. പി പത്മരാജന്റെ ഈ തണുത്ത വെളുപ്പാൻ കാലത്തിലും നായക തുല്യമായ വേഷമാണ് ചെയ്തത്.

രാജുവിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു എംടിയുടെ തിരക്കഥയിൽ ഹരിഹരൻ ഒരുക്കിയ ഒരുക്കിയ വടക്കൻ വീരഗാഥയിലെ അരിങ്ങോടർ. ഐതിഹ്യവും ചരിത്രവും തിരുത്തി എംടി തയാറാക്കിയ സ്‌ക്രിപ്ടിൽ നായകനായ ചന്തുവിനൊപ്പം പ്രാധാന്യം അരിങ്ങോടർക്ക് കിട്ടി. ഈ വേഷം മമ്മൂട്ടിക്കൊപ്പം മൽസരിച്ച് ചെയ്ത് വിജയിപ്പിക്കാനും ക്യാപ്ടനായി. ആ അഭിനയം അമ്പരപ്പോടെയാണ് സിനിമാ പ്രേക്ഷകർ കണ്ടത്. കൊടുംവില്ലനിൽ നിന്ന് സ്വഭാവ നടനിലേക്കുള്ള പരിണാമമായിരുന്നു അത്. കോട്ടയം പുഷ്നാഥിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചുവന്ന അങ്കി എന്ന ചിത്രം പുറത്തിറങ്ങിയില്ല. പക്ഷേ, സാത്താൻ ആവേശിച്ച പുരോഹിതനായി അഭിനയിച്ച് ജീവിക്കുകയായിരുന്നു രാജു അതിൽ. കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയിൽ വില്ലനായ പുരോഹിതനായി മാറി. ജോഷി സംവിധാനം ചെയ്ത് സത്യരാജ് നായകനായ എയർപോർട്ട് എന്ന ചിത്രത്തിലെ പ്രധാന വില്ലനായിരുന്നു ക്യാപ്ടൻ രാജു.

ഇതിനിടയിൽ ശ്രദ്ധിക്കപ്പെടാതെ പോയ ഒരു പാട് ചിത്രങ്ങളിൽ രാജു നായക വേഷവും ചെയ്തിരുന്നു. വില്ലനും നായകനുമായി തിളങ്ങി നിൽക്കുന്നതിനിടെയാണ് സത്യൻ അന്തിക്കാട്-ശ്രീനിവാസൻ ടീമിന്റെ നാടോടിക്കാറ്റിൽ പവനായി എന്ന വില്ലനായി ക്യാപ്ടൻ രാജു എത്തിയത്. കൊടുംഭീകരനായ ക്യാപ്ടൻ ആ സിനിമയിൽ ചെയ്തത് ഹാസ്യരംഗം ആയിരുന്നില്ല. അദ്ദേഹം അഭിനയിച്ചത് വില്ലനായിട്ടായിരുന്നു. പക്ഷേ, പടം കണ്ടവർ പവനായിയെ ഓർത്തു ചിരിച്ചു. മലപ്പുറം കത്തി, മെഷിൻ ഗണ്ണ്, ഒലക്കേടെ മൂട്...അവസാനം പവനായി ശവമായി എന്നത് മലയാളത്തിലെ ഒരു പ്രയോഗമായി മാറാൻ പിന്നീട് അധികകാലം വേണ്ടി വന്നില്ല.

പവനായി എന്ന കഥാപാത്രത്തെ അടർത്തിയെടുത്ത് ക്യാപ്ടൻ സിനിമ സംവിധാനം ചെയ്തെങ്കിലും പുറത്ത് ഇറങ്ങിയില്ല. പവനായിയുടെ അതേ കോസ്റ്റിയൂമുകൾ ഇട്ട് ക്യാപ്ടൻ അഭിനയിച്ച മറ്റൊരു ചിത്രമായിരുന്നു സിഐഡി മൂസ. കാർട്ടൂൺ കോമഡിയായ ആ ചിത്രത്തിൽ ദിലിപിന്റെ അമ്മാവനായ പ്രൈവറ്റ് ഡിറ്റക്ടീവിന്റെ വേഷമാണ് ക്യാപ്ടൻ ചെയ്തത്. മോഹൻലാലിനൊപ്പം അഗ്‌നിദേവനിലും മികച്ച വേഷം ചെയ്യാൻ ക്യാപ്ടന് കഴിഞ്ഞു. സംവിധായകൻ വിനയനൊപ്പം ഒരു പിടി ചിത്രങ്ങളിൽ അഭിനയിച്ചു. അതിന്റെ പേരിൽ അമ്മയിൽ നിന്ന് വിലക്കും നേരിടേണ്ടി വന്നു. അവസാനം മാപ്പെഴുതി നൽകിയാണ് അമ്മയിൽ തിരികെ കയറാൻ കഴിഞ്ഞത്.

ഓമല്ലുർ ഗവ എൽപി സ്‌കൂൾ, ഓമല്ലൂർ എൻഎസ്എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ എന്നിവടങ്ങളിലായിരുന്നു സ്‌കൂൾ പഠനം. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നിന്ന് സുവോളജിയിൽ ഡിഗ്രി കരസ്ഥമാക്കി. വോളിബോൾ താരം കൂടിയായിരുന്നു ക്യാപ്റ്റൻ രാജു. ഡിഗ്രിക്ക് ശേഷമാണ് ഇന്ത്യൻ ആർമിയിൽ ചേർന്നത്. 21-ാമത്തെ വയസിൽ ഓഫീസർ ആയി. പിന്നീട് ക്യാപ്റ്റൻ ആകുന്നതും. ഗ്ലൂക്കോസ് കമ്പനിയുടെ മാർക്കറ്റിങ് ചീഫായും പ്രവർത്തിച്ചിട്ടുണ്ട്. ആർമിയിൽ നിന്ന് റിട്ടയർ ചെയ്തതിന് ശേഷമാണ് ബോംബെയിലെ പ്രതിഭാ തിയേറ്റഴ്സിൽ ചേരുന്നത്. അവിടെ നിന്നാണ് സിനിമയിലേക്ക് എത്തിത്. ജീവൻ ടിവി യിൽ എയർടെൽ ചലഞ്ച് ക്വിസ് മാസ്റ്ററായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നട ,ഹിന്ദി 493 സിനിമകളിൽ അഭിനയിച്ചു. ഇപ്പോഴത്തെ സൂപ്പർ സ്റ്റാർ ചിയാൻ വിക്രമിനെ നായകനാക്കി 1997ൽ ഇതാ ഒരു സ്നേഹ ഗാഥ എന്ന സിനിമ സംവിധാനം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP