Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്യാപ്റ്റൻ രാജു അന്തരിച്ചു; അന്ത്യം കൊച്ചിയിലെ വസതിയിൽ; വിമാനയാത്രയ്ക്കിടയിലെ മസ്തിഷ്‌കാഘാതം അതിജീവിക്കാനാവാതെ നടന്റെ വിടപറയൽ; ഓർമ്മയാകുന്നത് വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളിയെ ചിരിപ്പിച്ച അഭിനയ പ്രതിഭ; പട്ടാളക്കാരന്റെ ജീവിത വേഷം അഴിച്ച ശേഷം സിനിമയിലെത്തിയ രാജു ഡാനിയൽ അഭിനയിച്ചത് മലയാളത്തിലും തെലുങ്കിലും തമിഴിലും ഹിന്ദിയിലുമായി 500ഓളം സിനിമകളിൽ; ക്യാപ്ടൻ രാജുവിന്റെ വിയോഗത്തിൽ വേദന പങ്കിട്ട് മലയാള സിനിമാ ലോകം

ക്യാപ്റ്റൻ രാജു അന്തരിച്ചു; അന്ത്യം കൊച്ചിയിലെ വസതിയിൽ; വിമാനയാത്രയ്ക്കിടയിലെ മസ്തിഷ്‌കാഘാതം അതിജീവിക്കാനാവാതെ നടന്റെ വിടപറയൽ; ഓർമ്മയാകുന്നത് വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളിയെ ചിരിപ്പിച്ച അഭിനയ പ്രതിഭ; പട്ടാളക്കാരന്റെ ജീവിത വേഷം അഴിച്ച ശേഷം സിനിമയിലെത്തിയ രാജു ഡാനിയൽ അഭിനയിച്ചത് മലയാളത്തിലും തെലുങ്കിലും തമിഴിലും ഹിന്ദിയിലുമായി 500ഓളം സിനിമകളിൽ; ക്യാപ്ടൻ രാജുവിന്റെ വിയോഗത്തിൽ വേദന പങ്കിട്ട് മലയാള സിനിമാ ലോകം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നടനും സംവിധായകനുമായ ക്യാപ്റ്റൻ രാജു അന്തരിച്ചു. ഇന്ന് രാവിലെ കൊച്ചിയിലെ സ്വന്തം വീട്ടിലായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു 68 വയസുകാരനായ ക്യാപ്ടൻ രാജു. ഈയിടെ വിമാനയാത്രയ്ക്കിടെ ഉണ്ടായ മസ്തിഷ്‌കാഘാതമാണ് രാജുവിനെ ആരോഗ്യപരമായി തളർത്തിയത്. വിദേശ ചികിൽസയ്ക്ക് ശേഷം കൊച്ചിയിലെത്തി ചികിൽസ തുടർന്നെങ്കിലും അത് ഫലം കണ്ടില്ല. മലയാള സിനിമയിൽ വില്ലനായി തിളങ്ങിയ ക്യാപ്ടൻ രാജു ശ്രദ്ധേയമായ ഹാസ്യകഥാപാത്രങ്ങളേയും മലയാളിക്ക് സമ്മാനിച്ചിട്ടുണ്ട്. ചിരിപ്പിക്കുന്ന വില്ലൻ എന്നാണ് ക്യാപ്ടൻ രാജുവിന് മലയാള സിനിമ നൽകിയ വിശേഷണം.

കൊച്ചിയിൽ നിന്നും ന്യൂയോർക്കിലേക്കുള്ള വിമാന യാത്രക്കിടെയാണ് നടന് മസ്തിഷ്‌കാഘാതം സംഭവിച്ചത്. എത്തിഹാദ് വിമാത്തിലായിരുന്നു യാത്ര. ഇതിനിടെ മസ്‌കറ്റിൽ അടിയന്തര ചികിത്സ തേടുകയായിരുന്നു നടൻ ക്യാപ്റ്റൻ രാജു. അതിന് ശേഷം കൊച്ചിയിൽ മടങ്ങിയെത്തി ചികിൽസ തുടർന്നു. ഇതിനിടെയാണ് മരണം. ജൂണിൽ കൊച്ചിയിൽ നിന്ന് പുറപ്പെട്ട ഇത്തിഹാദ് വിമാനത്തിൽ ക്യാപ്റ്റൻ രാജുവിന് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മസ്‌കറ്റിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. വിമാനത്താവളത്തിൽ നിന്നും പ്രാഥമിക ചികിത്സകൾ പൂർത്തിയാക്കിയ ശേഷമാണ് കിംസ് ഒമാൻ ആശുപത്രിയിലേക്ക് മാറ്റിയത്. ഭാര്യയും മകനും കൂടെയുണ്ടായിരുന്നു. മകന്റെ വിവാഹ ആവശ്യങ്ങൾക്കായാണ് ക്യാപ്റ്റൻ രാജുവും കുടുംബവും അമേരിക്കിയിലേക്ക് യാത്ര തിരച്ചത്. അബുദാബി വഴി ന്യൂയോർക്കിലേക്കുള്ള വിമാനമാണ് അബുദാബിയിൽ എത്തുന്നതിന് മുന്നോടിയായാണ് മസ്‌കറ്റിൽ അടിയന്തര ലാന്റിങ്ങ് നടത്തിയത്.

ക്യാപ്റ്റൻ രാജുവിന് വിമാനത്തിൽ നെഞ്ചുവേദനയും തളർച്ചയും അനുഭവപ്പെടുകയായിരുന്നു. അബുദാബിയിലിറങ്ങി ന്യൂയോർക്കിലേക്ക് മറ്റൊരു വിമാനത്തിൽ പോകാനിരുന്നതാണ്. അബുദാബിയിൽ എത്താൻ 20 മിനിറ്റു മതിയായിരുന്നെങ്കിലും അതിനു കാത്തുനിൽക്കാതെ വിമാനം അടിയന്തരമായി മസ്‌കറ്റിൽ ഇറക്കി. ശരീരത്തിന്റെ വലതുഭാഗത്താണു നേരിയ തളർച്ചയും. സംസാരിക്കാൻ ചെറിയ ബുദ്ധിമുട്ടം ഉണ്ടായി. ഈ പക്ഷാഘാതമാണ് ക്യാപ്ടൻ രാജുവിനെ ആരോഗ്യപരമായി തളർത്തിയത്.

രാജു ഡാനിയൽ എന്നായിരുന്നു ക്യാപ്ടൻ രാജുവിന്റ യൊഥാർത്ഥ പേര്. 1950 ജൂൺ 27നായിരുന്നു ജനനം. സുവോളജിയിൽ പഠനം കഴിഞ്ഞതിനു ശേഷം രാജു തന്റെ 21ആം വയസ്സിൽ ഇന്ത്യൻ പട്ടാളത്തിൽ ചേർന്നു. പട്ടാളജീവിതത്തിനു ശേഷമാണ് രാജു ചലച്ചിത്രരംഗത്തേക്കു കടന്നത്. 500 ലധികം സിനിമകളിൽ ഇതുവരെ രാജു അഭിനയിച്ചു്. ഇതിൽ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകളും പെടും. സ്വഭാവ നടനായിട്ടൂം വില്ലൻ നടനായിട്ടുമാണ് കൂടൂതലും ക്യാപ്റ്റൻ രാജു അഭിനയിച്ചിട്ടുള്ളത്. 1997 ൽ 'ഇതാ ഒരു സ്നേഹഗാഥ' എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധായകനായും അരങ്ങേറി.

1950 ജൂൺ 27-ന് ഓമല്ലൂരിൽ കെ.ജി. ഡാനിയേലിന്റെയും അന്നമ്മയുടെയും മകനായി ജനിച്ച രാജു ഓമല്ലൂർ ഗവ: യു.പി. സ്‌കൂളിലും എൻ.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജിൽ നിന്നാണ് അദ്ദേഹം കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പട്ടാളത്തിൽ നിന്ന് വിരമിച്ച ശേഷം കുറച്ചുകാലം മുംബൈയിലെ 'ലക്ഷ്മി സ്റ്റാർച്ച്' എന്ന കമ്പനിയിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. 

1981ൽ പുറത്തിറങ്ങിയ 'രക്തം' ആദ്യ ചിത്രം. രതിലയം, ആവനാഴി, ഓഗസ്റ്റ് ഒന്ന്, നാടോടിക്കാറ്റ്, കാബൂളിവാല, സിഐഡി മൂസ, പഴശ്ശിരാജ, മുംബൈ പൊലീസ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയവേഷമിട്ടു. 2017 ൽ പുറത്തിറങ്ങിയ 'മാസ്റ്റർപീസ്' ആണ് ഒടുവിൽ അഭിനയിച്ച ചിത്രം. 'ഇതാ ഒരു സ്‌നേഹ ഗാഥ', 'മിസ്റ്റർ പവനായി 99.99' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ: പ്രമീള. രവിരാജ് ഏക മകൻ. 

ട്വെന്റി -20 (2008), നസ്രാണി(2007), ഗോൾ (2007), ദി സ്പീഡ് ട്രാക്ക്(2007), ആന ചന്തം(2006), തുറുപ്പു ഗുലാൻ(2006), കിലുക്കം കിക്കിലുക്കം(2006), വർഗം(2006), സത്യം (2004), കൊട്ടാരം വൈദ്യൻ (2004), വാർ & ലവ് (2003), പട്ടാളം (2003),താണ്ഡവം (2002), ഷാർജ ടു ഷാർജ (2001), ഒരു വടക്കൻ വീരഗാഥ (1989) എന്നിവയാണ് അഭിനയിച്ച മറ്റ്‌ പ്രധാന ചിത്രങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP