Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വിനോബാജിയുടെ ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി പൊതു പ്രവർത്തനം തുടങ്ങി; ഖാദി പ്രസ്ഥാനത്തിന്റെ മുഖമായി കരുണാകരന്റെ വിശ്വസ്തനായി കോൺഗ്രസ് നേതാവായി; 76ാം വയസിൽ ആദ്യം എംഎൽഎ ആയപ്പോൾ തന്നെ മന്ത്രിയുമായി; ഐ ഗ്രൂപ്പിന്റെ കരുത്തനായ നേതാവും ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ സഹകരണ മന്ത്രിയുമായിരുന്ന സി.എൻ ബാലകൃഷ്ണന് അന്ത്യാഞ്ജലി അർപ്പിച്ച് കേരളം; മരണം വിളിച്ചത് ഇന്നലെ രാത്രി പതിനൊന്നോടെ

വിനോബാജിയുടെ ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി പൊതു പ്രവർത്തനം തുടങ്ങി; ഖാദി പ്രസ്ഥാനത്തിന്റെ മുഖമായി കരുണാകരന്റെ വിശ്വസ്തനായി കോൺഗ്രസ് നേതാവായി; 76ാം വയസിൽ ആദ്യം എംഎൽഎ ആയപ്പോൾ തന്നെ മന്ത്രിയുമായി; ഐ ഗ്രൂപ്പിന്റെ കരുത്തനായ നേതാവും ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ സഹകരണ മന്ത്രിയുമായിരുന്ന സി.എൻ ബാലകൃഷ്ണന് അന്ത്യാഞ്ജലി അർപ്പിച്ച് കേരളം; മരണം വിളിച്ചത് ഇന്നലെ രാത്രി പതിനൊന്നോടെ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ : കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ സഹകരണ മന്ത്രിയും കെപിസിസിയുടെ മുൻ ട്രഷററുമായിരുന്ന സി.എൻ ബാലകൃഷ്ണൻ (85) ഇനി ഓർമ്മ. തിങ്കളാഴ്‌ച്ച രാത്രി പതിനൊന്നോടെ കൊച്ചി അമൃത ആശുപത്രിയിലായിരുന്നു സി.എൻ ബാലകൃഷ്ണന്റെ അന്ത്യം. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ഡിസിസി പ്രസിഡന്റു കൂടിയായിരുന്നു അദ്ദേഹം. ന്യൂമോണിയ ബാധിതനായ അദ്ദേഹം കഴിഞ്ഞ 15 ദിവസമായി ചികിത്സയിലായിരുന്നു. തിങ്കളാഴ്‌ച്ച രാത്രിയോടെ ആരോഗ്യ സ്ഥിതി കൂടുതൽ വഷളാകുകായിരുന്നു.

തൃശ്ശൂർ, അയ്യന്തോൾ ഉദയനഗറിലെ ഗീതയിലായിരുന്നു താമസം. പുഴയ്ക്കൽ ചെമ്മങ്ങാട്ട് വളപ്പിൽ നാരായണൻ എഴുത്തച്ഛന്റെയും പാറുഅമ്മയുടെയും ആറാമത്തെ മകനായി 1934 നവംബർ 18-നാണ് ജനിച്ചത്. വിനോബാഭാവേയുടെ ഭൂദാൻ യജ്ഞത്തിലൂടെയാണ് പൊതുപ്രവർത്തനരംഗത്തെത്തിയത്. 1952-ൽ സാധാരണ പ്രവർത്തകനായി കോൺഗ്രസിലെത്തി. പ്രവർത്തനത്തിലൂടെ വളർന്ന് തുടർച്ചയായി 17 വർഷമാണ് അദ്ദേഹം തൃശ്ശൂർ ഡി.സി.സി. പ്രസിഡന്റായി സേവനമനുഷ്ഠിച്ചത്.

കേരളത്തിലെ കോൺഗ്രസ്സിന്റെ കരുത്തിന്റെ മുഖമായിരുന്ന ബാലകൃഷ്ണൻ, കെ. കരുണാകന്റെ വലംകയ്യായി ഐ ഗ്രൂപ്പിനു നേതൃത്വം നൽകി. ഖാദി പ്രസ്ഥാനത്തിലൂടെയാണു പാർട്ടിയിലെത്തിയത്. 2011 ൽ 76-ാമത്തെ വയസിൽ നിയമസഭയിലേക്ക് നടത്തിയ കന്നിയങ്കത്തിൽ വടക്കഞ്ചേരിയിൽനിന്നു നിയമസഭയിൽ എത്തിയ അദ്ദേഹം സഹകരണമന്ത്രിയായി. മുൻ അദ്ധ്യാപികയും ഖാദി പ്രവർത്തകയുമായ തങ്കമണിയാണു ഭാര്യ. മക്കൾ: ഗീത വിജയൻ, മിനി ബലറാം.

തൃശൂർ ഡിസിസി ഓഫിസ് പ്രവർത്തിക്കുന്ന കെ. കരുണാകരൻ സപ്തതി മന്ദിരം, തിരുവനന്തപുരത്തെ കെപിസിസി മന്ദിരം, സഹകരണ ഭവൻ, അവിണിശ്ശേരി വി. ആർ. കൃഷ്ണൻ എഴുത്തച്ഛൻ സ്മാരക മന്ദിരം, ചാലക്കുടി പനമ്പിള്ളി ഗോവിന്ദ മേനോൻ ഗവേഷണ കേന്ദ്രം, ഒല്ലൂർ പി.ആർ ഫ്രാൻസിസ് സ്മാരകം തുടങ്ങിയവയൊക്കെ സി.എൻ ബാലകൃഷ്ണന്റെ നേതൃത്വ മികവിന്റെ സ്മാരകങ്ങളാണ്.

കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റും ഗ്രന്ഥശാലാ സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ജില്ലാ സഹകരണബാങ്ക് പ്രസിഡന്റുമായിരുന്നു.മിൽമ രൂപീകരിച്ചപ്പോൾ സ്വന്തം സംഘം മിൽമയ്ക്കു വിട്ടുകൊടുക്കുകയായിരുന്നു, ജില്ലാ പാൽ സഹകരണ സംഘം പ്രസിഡന്റായിരുന്ന സിഎൻ. മുതുവറ ചെമ്മങ്ങാട്ടു വളപ്പിൽ നാരായണന്റെയും പാറുവമ്മയുടെയും മകനാണ്. പുറനാട്ടുകര ശ്രീരാമകൃഷണ ആശ്രമം സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

ഇന്ത്യ സ്വതന്ത്രയാകുന്നതിനു തലേന്ന് മുതുവറ ഗ്രാമത്തിൽ നടത്തിയ പ്രകടനത്തിൽ അദ്ധ്യാപകരോടൊപ്പം വിദ്യാർത്ഥിയായ ബാലകൃഷ്ണനും പങ്കെടുത്തിരുന്നു. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ വിനോബാജിയുടെ ഭൂദാനയജ്ഞത്തിൽ ഇക്കണ്ടവാരിയർക്കൊപ്പം പങ്കെടുത്തുകൊണ്ടാണ് സിഎൻ പൊതുപ്രവർത്തനത്തിലേക്കു കടന്നുവരുന്നത്. ഒരുവർഷത്തെ പരിശീലന പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ഖാദി പ്രസ്ഥാനത്തിലും സജീവമായി.

പിന്നീട് ഖാദിയുടെ അവിണിശേരി കേന്ദ്രത്തിൽ പരിശീലകനായി ജോലി ലഭിച്ചു. തൃശൂർ, എറണാകുളം ജില്ലകളിൽ ഖാദി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം ഖാദി ഗ്രാമോദ്യോഗ് അസിസ്റ്റന്റ് മാനേജർ, മാനേജർ നിലകളിൽ 15 വർഷത്തോളം സേവനമനുഷ്ടിച്ചു.

ഖാദി-ഗ്രാമ വ്യവസായവികസന അസോസിയേഷന്റെയും 30 വർഷത്തിലേറെ സംസ്ഥാന ഖാദി ഫെഡറേഷന്റെയും പ്രസിഡന്റായിരുന്നു. ഗ്രന്ഥശാലാസംഘത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. സഹകാരിരത്ന പുരസ്‌കാരം, മികച്ച പൊതുപ്രവർത്തകനുള്ള കെ.കെ. ബാലകൃഷ്ണൻ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

2011-ലെ തിരഞ്ഞെടുപ്പിലാണ്  സി.എൻ. ബാലകൃഷ്ണൻ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത്. വടക്കാഞ്ചേരി മണ്ഡലത്തിൽനിന്ന് സിപിഎമ്മിലെ എൻ.ആർ ബാലനെതിരേ 6685 വോട്ടിന് ജയിച്ചു. അതേവർഷം സഹകരണവകുപ്പുമന്ത്രിയായി. പുറനാട്ടുകര ശ്രീരാമകൃഷ്ണഗുരുകുല വിദ്യാമന്ദിരം എൽ.പി. സ്‌കൂൾ അദ്ധ്യാപികയായിരുന്ന തങ്കമണിയാണ് ഭാര്യ. മക്കൾ: സി.ബി. ഗീത (ഡി.സി.സി. സെക്രട്ടറിയും തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലറും), മിനി. മരുമകൻ: പി.എൻ. ബൽറാം (ബിസിനസ്).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP