Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചമ്പാട് വെച്ച് ബൈക്കിൽ ബസിടിച്ച് കൊല്ലപ്പെട്ടത് പ്രമുഖ മുജാഹിദ് പണ്ഡിതനും അറിയപ്പെടുന്ന പ്രഭാഷകനും മുൻ ഐഎസ്എം പ്രസിഡന്റുമായ ഡോ.കെ.കെ സഖരിയാ സ്വലാഹി; ലോകം അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതന്റെ മരണത്തിൽ മനംനൊന്ത് അനേകം വിശ്വാസികൾ; സമൂഹത്തിന് മുൻപിൽ വേറിട്ട് നിറുത്തിയത് മുജാഹിദ് ആദർശ വിഷയങ്ങളിലുള്ള അഗാധ അറിവും അവതരിപ്പിക്കാനുള്ള കഴിവും

ചമ്പാട് വെച്ച് ബൈക്കിൽ ബസിടിച്ച് കൊല്ലപ്പെട്ടത് പ്രമുഖ മുജാഹിദ് പണ്ഡിതനും അറിയപ്പെടുന്ന പ്രഭാഷകനും മുൻ ഐഎസ്എം പ്രസിഡന്റുമായ ഡോ.കെ.കെ സഖരിയാ സ്വലാഹി; ലോകം അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതന്റെ മരണത്തിൽ മനംനൊന്ത് അനേകം വിശ്വാസികൾ; സമൂഹത്തിന് മുൻപിൽ വേറിട്ട് നിറുത്തിയത് മുജാഹിദ് ആദർശ വിഷയങ്ങളിലുള്ള അഗാധ അറിവും അവതരിപ്പിക്കാനുള്ള കഴിവും

മറുനാടൻ ഡെസ്‌ക്‌

പാനൂർ (കണ്ണൂർ) : കേരളത്തിലെ മുജാഹിജ് പ്രസ്ഥാനത്തിൽ കഴിഞ്ഞ 20 വർഷത്തിനിടെ ഏറ്റവും ശ്രദ്ധേയനായ പണ്ഡിതനും പ്രഭാഷകനും മുൻ ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ.കെ.കെ സഖരിയാ സ്വലാഹി (53) ബൈക്ക് അപകടത്തിൽ കൊല്ലപ്പെട്ടു. ഞായറാഴ്‌ച്ച ഉച്ചയ്ക്ക് 12ന് ചമ്പാട് മനേക്കരയിലായിരുന്നു സംഭവം. സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപ്പോൾ തന്നെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനാൻ സാധിച്ചില്ല.

കടവത്തൂർ വലിയ ജുമാ മസ്ജിദിൽ കബറടം നടത്തി. പാലക്കാട് ജില്ലയിലെ എടത്തനാട്ടുകരയാണ് സ്വദേശം. എടവണ്ണ ജാമിഅ നദ്വിയ്യയിൽ നിന്ന് ബിരുദവും അലിഗഡ് മുസ്‌ലിം യൂനിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. മുജാഹിദ് ആദർശ വിഷയങ്ങളിലുള്ള അഗാധ അറിവും അത് അവതരിപ്പിക്കാനുള്ള കഴിവും തന്നെയാണ് സകരിയ സ്വലാഹിയെ എപ്പോഴും വേറിട്ടു നിർത്തിയത്.

കേരള നദ്‌വത്തുൽ മുജാഹിദീൻ മുൻ നേതാവാണ്. പാലക്കാട് മണ്ണാർക്കാട് കമ്പളക്കുഴിയിൽ ഹംസയുടെയും ഫാത്തിമക്കുട്ടിയുടെയും മകനായ സഖരിയ ഇരഞ്ഞീൻകീഴിൽ എൻഐഎ കോളജിൽ അദ്ധ്യാപകനായാണ് 20 വർഷം മുൻപു കടവത്തൂരിലെത്തിയത്.

അദ്ധ്യാപന ജീവിതം ആരംഭിച്ചത് കടവത്തൂർ നുസ്രത്തുൽ ഇസ്ലാം അറബിക് കോളജിൽ

കടവത്തൂർ നുസ്രത്തുൽ ഇസ്ലാം അറബിക് കോളജിലാണ് അദ്ധ്യാപന ജീവിതം തുടങ്ങുന്നത്. 20 വർഷമായി കടവത്തൂർ ഇരഞ്ഞിൻ കീഴിൽ മംഗലശ്ശേരിയിലാണ് വീട്. തലശ്ശേരി സലഫി മസ്ജിദിൽ സകരിയ സ്വലാഹിയുടെ ജുമുഅ ഖുതുബ ഏറെ ആളുകളെ ആകർഷിച്ചിരുന്നു. എടവണ്ണ ജാമിഅ നദ്‌വിയ്യയിൽ പഠിക്കുന്ന കാലം മുതൽ തന്നെ പഠനത്തിലും ഗവേഷത്തിലും മുന്നിലായിരുന്നു സകരിയ. ഏറ്റവും ആധുനിക മാധ്യമങ്ങൾ ഉപയോഗിച്ച് ആദർശ വിഷയങ്ങൾ പഠിക്കുകയും എതിരാളികൾക്കെതിരെയുള്ള വാദഗതികൾ മനപാഠമാക്കുകയും ചെയ്യുകയായിരുന്നു സ്വലാഹി.

കേരളത്തിലെ സുന്നി വിഭാഗങ്ങളുമായുള്ള ആശയ സംവാദമായിരുന്നു ആദ്യഘട്ടത്തിൽ പ്രധാന പ്രവർത്തന മേഖല. നിരവധിയിടങ്ങളിൽ നടന്ന സുന്നി- മുജാഹിദ് സംവാദങ്ങളിൽ സകരിയയുടെ അറിവും അവതരണ മികവും ശ്രദ്ധിക്കപ്പെട്ടു. ജമാഅത്തെ ഇസ്ലാമി, തബ്‌ലീഗ് ജമാഅത്ത് തുടങ്ങി മുസ്ലിംകൾക്കിടയിലെ വ്യത്യസ്ത ധാരകളെയും സകരിയ സ്വലാഹി രൂക്ഷ വിമർശനത്തിന് വിധേയമാക്കി. പല സമയത്തും ഇത് വിവിധ വിവാദങ്ങൾക്കും തിരികൊളുത്തി. മുജാഹിദ് പിളർപ്പിനു ശേഷം എതിർ വിഭാഗങ്ങൾക്കെതിരെ നടത്തിയ മൂർച്ചയുള്ള ആരോപണങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടു.

മുജാഹിദ് പ്രസ്ഥാനത്തിലെ പിളർപ്പുകളിലും ആശയ ധ്രുവീകരണങ്ങളിലും ഏതെങ്കിലുമൊരു പക്ഷത്തിന് ആശയാടിത്തറ ഒരുക്കുന്നതിൽ സകരിയ സ്വലാഹിയുടെ പങ്ക് വലുതായിരുന്നു. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തെ ഗൾഫ് സലഫിസത്തിനനുസരിച്ച് നവീകരിക്കണമെന്ന പക്ഷക്കാരനായിരുന്നു സ്വലാഹി. അറബ് സലഫി പണ്ഡിതരുടെ നിരവധി ഗ്രന്ഥങ്ങളും പഠനങ്ങളും കേരളത്തിന് പരിചയപ്പെടുത്തുകയും അതിനനുസരിച്ച് മുജാഹിദ് പ്രസ്ഥാനത്തെ മാറ്റിയെടുക്കുകയും ചെയ്യുന്നതിൽ സകരിയ സ്വലാഹിക്ക് നേതൃപരമായ പങ്കുണ്ടായിരുന്നു.

ഗൾഫ് സലഫി പണ്ഡിതരുടെ ഗ്രന്ഥങ്ങളിൽ നടത്തിയ ഗവേഷത്തിനാണ് കാലിക്കറ്റ് സർവകലാശാലയിൽ നിന്നും സകരിയ സ്വലാഹി ഡോക്ടറേറ്റ് നേടിയത്. സലഫി മൻഹജ് എന്ന ഏറെ ചർച്ച ചെയ്യപ്പെട്ട സംജ്ഞ കേരളത്തിലുനീളം പ്രചരിപ്പിക്കുകയായിരുന്നു സ്വലാഹി. 2002ൽ മുജാഹിദ് പ്രസ്ഥാനത്തിൽ ആദ്യ പിളർപ്പുണ്ടായപ്പോൾ കെ.എൻ.എം ഔദ്യോഗിക പക്ഷത്തിനൊപ്പമാണ് സകരിയ സ്വലാഹി നിന്നത്. അന്ന് ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റും കെ.എൻ.എം ഫത്വാ ബോർഡ് അംഗവുമായിരുന്നു സകരിയ.

ഈ വിഭാഗത്തിലാണ് സലഫി മൻഹജ് ചർച്ചയും അതിന്റെ ഉപോൽപന്നമായ ജിന്ന് വിവാദവും കൊടുമ്പിരി കൊണ്ടത്. ഇതിനെ തുടർന്ന് കെ.എൻ.എം സകരിയ സ്വലാഹി അടക്കമുള്ളവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. തുടർന്ന് സകരിയ സ്വലാഹിക്കൊപ്പം നിന്നിരുന്നവർ വിസ്ഡം ഗ്ലോബൽ മിഷൻ എന്ന പേരിൽ സംഘം ചേർന്നു. ആദ്യഘട്ടത്തിൽ ഇതിനൊപ്പം നിന്നെങ്കിലും ആധുനിക സംഘടനാ രൂപം തന്നെ തിന്മയുടെ രൂപമാകുന്നുവെന്ന വിമർശനം ഉന്നയിച്ച് സൗദിയിൽ മതകാര്യ വിഭാഗവുമായി പ്രവർത്തിച്ചു വരികയായിരുന്നു സ്വലാഹി.

തലശ്ശേരി മസ്ജിദുൽ മുജാഹിദീനിൽ ദീർഘകാലം ഖത്തീബായിരുന്നു. തലശ്ശേരി ഷറാറ പള്ളി ഖത്തീബാണ്. ഗ്രന്ഥകാരനുമാണ്.  ഭാര്യമാർ: ഹഫ്‌സ (പെരിന്തൽമണ്ണ), സുഹ്‌റ (അരീക്കോട്), സാജിയ (തൃശൂർ). മക്കൾ: ബുജൈൽ സാദിഖ് (എൻജിനീയർ, എറണാകുളം), ബരീർ ജാസിം (ബിസിനസ് കൺസൽറ്റൻസി, കോഴിക്കോട്), ബാസിൽ ജവാദ് (ഓപ്റ്റിക്കൽ സ്റ്റോർ,വടകര), ബുഷൈറ, ബജീല, ബഹീജ്, വഹീബ, അബ്ദുല്ല. മരുമക്കൾ: റഷീദ (മഞ്ചേരി), ഫൗസിയ (കാര), ഫിന ഫാത്തിമ, ഇഷഫാഖ്, നജീബ് (പയ്യോളി). 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP