Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വിട വാങ്ങിയത് കോഴിക്കോട് ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവ്: കെ.കരുണാകരന്റെയും ഐ ഗ്രൂപ്പിന്റെയും വിശ്വസ്തൻ; നിയമബിരുദം നേടിയ ശേഷം പേരാമ്പ്ര കോടതിയിൽ അഭിഭാഷനായി പ്രാക്ടീസ് ആരംഭിച്ചതോടെ പേരാമ്പ്രയായിരുന്നു രാഷ്ട്രീയ തട്ടകം; മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി ശങ്കരൻ ഓർമ്മയാകുമ്പോൾ

വിട വാങ്ങിയത് കോഴിക്കോട് ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവ്: കെ.കരുണാകരന്റെയും ഐ ഗ്രൂപ്പിന്റെയും വിശ്വസ്തൻ; നിയമബിരുദം നേടിയ ശേഷം പേരാമ്പ്ര കോടതിയിൽ അഭിഭാഷനായി പ്രാക്ടീസ് ആരംഭിച്ചതോടെ പേരാമ്പ്രയായിരുന്നു രാഷ്ട്രീയ തട്ടകം; മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി ശങ്കരൻ ഓർമ്മയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ശങ്കരൻ(72) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. 2001-ൽ എ.കെ.ആന്റണി മന്ത്രിസഭയിൽ ടൂറിസം-ആരോഗ്യവകുപ്പ് മന്ത്രിയായിരുന്നു പി. ശങ്കരൻ. 1998-ൽ കോഴിക്കോട്ടുനിന്ന് ലോക്‌സഭാംഗമായി. കെപിസിസി. ജനറൽ സെക്രട്ടറി, കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ്, ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം, യൂണിവേഴ്‌സിറ്റി യൂണിയൻ വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

കോഴിക്കോട് മലാപ്പറമ്പിലെ രാജീവം വീട്ടിലായിരുന്നു താമസം. യു.ഡി.എഫ്. ജില്ലാചെയർമാനും കോ-ഓപ്പറേറ്റീവ് ഇൻഷുറൻസ് സൊസൈറ്റി (കോയിൻസ്) പ്രസിഡന്റുമാണ്. സ്വാതന്ത്ര്യസമരസേനാനിയായിരുന്ന പേരാമ്പ്ര കടിയങ്ങാട് പുതിയോട്ടിൽ കേളുനായരുടെയും മാക്കം അമ്മയുടെയും മകനായി 1947 ഡിസംബർ രണ്ടിനാണ് ജനനം. മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കെഎസ്‌യു യൂണിറ്റ് സെക്രട്ടറിയായാണ് രാഷ്ട്രീയ രംഗത്തെത്തിയത്. തവനൂർ റൂറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനകാലത്ത് കെഎസ്‌യു പൊന്നാനി താലൂക്ക് പ്രസിഡന്റായി. തൃശൂർ കേരള വർമ്മ കോളജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. കേരള വർമ്മയിൽ യൂണിയൻ ചെയർമാനായിരുന്നു. 1973ൽ കാലിക്കറ്റ് സർവകലാശാല യൂണിയൻ വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് ഗവ. ലോ കോളജിൽ നിന്ന് നിയമബിരുദം നേടി. 1975ൽ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിലെ ആദ്യ വിദ്യാർത്ഥി പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു.പഠനകാലത്തുതന്നെ പേരാമ്പ്രയിൽ 'യുവത' എന്ന പേരിൽ പാരലൽ കോളജ് നടത്തി.

കെ.കരുണാകരന്റെ വിശ്വസ്തനും ഐ ഗ്രൂപ്പിലെ പ്രധാന നേതാക്കളിൽ ഒരാളുമായിരുന്നു പി ശങ്കരൻ. 2001ൽ കൊയിലാണ്ടിയിൽ നിന്നാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കെ.കരുണാകരൻ ഡിഐസി രൂപീകരിച്ചപ്പോൾ ഒപ്പം നിന്ന ശങ്കരൻ പിന്നീട് കോൺഗ്രസിലേക്ക് മടങ്ങിയെത്തി. തുടർന്ന് കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. നിയമബിരുദം നേടിയ ശേഷം പേരാമ്പ്ര കോടതിയിൽ അഭിഭാഷനായി പ്രാക്ടീസ് ആരംഭിച്ചതോടെ രാഷ്ട്രീയ തട്ടകം പേരാമ്പ്രയായി. 1978ൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായി. 1980 മുതൽ 91 വരെ ഡിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 1991ലാണ് ഡിസിസി പ്രസിഡന്റായത്. 2001ൽ മന്ത്രിയായതോടെ ഈ പദവി ഒഴിഞ്ഞു. 1991ൽ ബാലുശ്ശേരിയിലായിരുന്നു നിയമസഭയിലേക്കുള്ള കന്നി മത്സരം.

എ.സി ഷൺമുഖദാസിനോട് പരാജയപ്പെട്ടു. 1996 ൽ കൊയിലാണ്ടിയിൽ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 1998 ൽ കോഴിക്കോട് മണ്ഡലത്തിൽ നിന്ന് എംപി. വീരേന്ദ്രകുമാറിനെ പരാജയപ്പെടുത്തി ലോക്സഭാംഗമായി. 1999ൽ ലോക്സഭ പിരിച്ചുവിട്ടതോടെ വീണ്ടും തിരഞ്ഞെടുപ്പ് നടന്നെങ്കിലും കെ.മുരളീധരന് വേണ്ടി മാറിക്കൊടുത്തു. 2001ൽ കൊയിലാണ്ടിയിൽ സിറ്റിങ് എംഎൽഎ പി.വിശ്വനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. കോൺഗ്രസിലെ വിഭാഗീയതയെ തുടർന്ന് 2005 ജൂലൈ ഒന്നിന് രാജിവച്ചു. കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് നിയമസഭാംഗത്വവും. തുടർന്ന് കെ.കരുണാകരനൊപ്പം ഡിഐസിയിൽ ചേർന്നു. 2006 ൽ കൊയിലാണ്ടിയിൽ യുഡിഎഫ് പിന്തുണയോടെ ഡിഐസി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് കെ.കരുണാകരനൊപ്പം കോൺഗ്രസിൽ മടങ്ങിയെത്തുകയായിരുന്നു.

യുഡിഎഫ് കോഴിക്കോട് ജില്ലാ ചെയർമാനും മുൻ മന്ത്രിയുമായിരുന്ന പി ശങ്കരന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. വ്യക്തിപരമായി താനുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന അദ്ദേഹത്തിന്റെ വേർപാട് വ്യക്തിപരമായി തനിക്കും കോൺഗ്രസ് പാർട്ടിക്കും തീരാനഷ്ടമാണെന്നു രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഭാര്യ: വി. സുധ (റിട്ട. പ്രിൻസിപ്പൽ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ്, കോഴിക്കോട്). മക്കൾ: ഇന്ദു, പ്രിയ (ഇരുവരും അമേരിക്ക), രാജീവ് (എൻജിനിയർ, ദുബായ്). മരുമക്കൾ: രാജീവ്, ദീപക് (ഇരുവരും അമേരിക്ക), ദീപ്തി. സഹോദരങ്ങൾ: പരേതനായ ഗോപാലൻ നായർ, പരേതനായ കെ. രാഘവൻ (കോൺഗ്രസ് മുൻ പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ്), കല്യാണിയമ്മ (പൊക്കിയമ്മ, കടിയങ്ങാട്), ദേവകി(മൊകേരി).

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP