Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇർഫാന്റെ കാര്യത്തിൽ അവസാനമാകുന്നത് കഴിഞ്ഞ ഏഴുവർഷങ്ങൾകൊണ്ടു നൽകിയ പ്രതീക്ഷ; അന്ത്യമാകുന്നത് ജീവിതത്തിനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിലൂടെയുള്ള സഞ്ചാരം; ഇർഫാന്റെ മരണത്തോടെ കരിക്കകം സ്‌കൂൾ വാൻ ദുരന്തം വീണ്ടും സ്മൃതിപഥത്തിലേക്ക്

ഇർഫാന്റെ കാര്യത്തിൽ അവസാനമാകുന്നത് കഴിഞ്ഞ ഏഴുവർഷങ്ങൾകൊണ്ടു നൽകിയ പ്രതീക്ഷ; അന്ത്യമാകുന്നത് ജീവിതത്തിനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിലൂടെയുള്ള സഞ്ചാരം; ഇർഫാന്റെ മരണത്തോടെ കരിക്കകം സ്‌കൂൾ വാൻ ദുരന്തം വീണ്ടും സ്മൃതിപഥത്തിലേക്ക്

എം മനോജ് കുമാർ

തിരുവനന്തപുരം: ജീവിതത്തിനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിലൂടെയായിരുന്നു കഴിഞ്ഞ ഏഴുവർഷങ്ങളായി ഇർഫാൻ എന്ന ഒൻപത് വയസുകാരന്റെ ജീവിതം. കരിക്കകം വാഹനാപകടത്തെ തുടർന്ന് ഏഴ് വർഷമായി ചികിത്സയിൽ തുടരുകയായിരുന്നു ഇർഫാൻ. അപകടത്തിൽ തലയ്ക്കേറ്റ ക്ഷതം മൂലം ഓർമയും ചലനവും നഷ്ടപ്പെട്ട നിലയിലായിരുന്ന ഇർഫാനിൽ കുടുംബത്തിനുണ്ടായിരുന്ന നേരിയ പ്രതീക്ഷകൾ അവസാനിപ്പിച്ചു കൊണ്ടാണ് ഇർഫാൻ യാത്രയാകുന്നത്.

2011ൽ സ്‌കൂൾ ബസ് പാർവതി പുത്തനാറിലേക്കു മറിഞ്ഞുണ്ടായ ദുരന്തത്തിൽ അന്ന് ഇർഫാനൊപ്പം വാനിലുണ്ടായിരുന്ന ആറ് വിദ്യാർത്ഥികളും ആയയും മരിച്ചിരുന്നു. അന്ന് പാർവതീ പുത്തനാറിന്റെ ആഴങ്ങളിൽ നിന്നും ചെറിയ ചലനങ്ങളോടെ ഇർഫാനെ രക്ഷാപ്രവർത്തകർ വീണ്ടെടുക്കുകയായിരുന്നു. ലഭ്യമായ ചികിത്സ മുഴുവൻ ഇർഫാന് വേണ്ടി നല്കിയിരുന്നു. അന്ന് ഭരണത്തിലുണ്ടായിരുന്ന ഉമ്മൻ ചാണ്ടി സർക്കാരും ഇർഫാന്റെ ചികിത്സയുടെ കാര്യത്തിൽ ഒരലംഭാവവും പ്രദർശിപ്പിച്ചിരുന്നില്ല. രണ്ടായിരത്തി പതിനൊന്നു മുതൽ ഇർഫാനെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാൻ നിരന്തര ശ്രമങ്ങൾ കുടുംബവും നടത്തിയിരുന്നു. അപകടത്തെ തുടർന്ന് ജീവച്ഛവം പോലെ തുടർന്ന ഇർഫാന്റെ കാര്യത്തിൽ വലിയ പ്രതീക്ഷകൾക്ക് സാധ്യതയില്ല എന്ന അഭിപ്രായം ഡോക്ടർമാർ പങ്കു വെച്ചിരുന്നു.

വിദഗ്ദ്ധ ചികിത്സയ്ക്കായി വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. പതിവായി ഫിസിയോ തെറാപ്പിയും നൽകിയിരുന്നു. പക്ഷെ എല്ലാ പ്രയത്‌നങ്ങളും വൃഥാവിലാക്കിയാണ് ഇർഫാൻ ഇപ്പോൾ വിടപറയുന്നത്. ഇർഫാനൊപ്പമുണ്ടായിരുന്ന ചാക്ക ലിറ്റിൽ ഹാർട്ടിലെ വിദ്യാർത്ഥികളായ ആർഷ, ബൈജു, കിരൺ, റാഫിക്, ഉജ്വൽ, മാളവിക, അച്ചു എന്നീ വിദ്യാർത്ഥികളും ആയയായ ബിന്ദുവുമാണ് അന്ന് മരിച്ചത്. ചാക്ക ബൈപ്പാസിൽ കരിക്കകം ക്ഷേത്രത്തിന് സമീപം പാർവതി പുത്തനാറിലേക്കാണ് ഇവർ സഞ്ചരിച്ച വാൻ മറിഞ്ഞത്. റോഡിലെ കല്ലിൽ തട്ടി നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. പായൽ നിറഞ്ഞുകിടക്കുന്നതിനാൽ പാർവതി പുത്തനാറിൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു. അതുകൊണ്ട് തന്നെ അന്ന് ജീവനോടെ തന്നെ രക്ഷപ്പെടുത്താൻ കഴിഞ്ഞതിനാൽ ഇർഫാനെ കുറിച്ച് പ്രതീക്ഷകൾ ബാക്കി നിന്നിരുന്നു.

വിവാഹം കഴിഞ്ഞു എട്ട് വർഷത്തെ കാത്തിരിപ്പിനു ശേഷം ഷാജഹാൻ സജിനി ദമ്പതികൾക്ക് ലഭിച്ച മകനായിരുന്നു ഇർഫാൻ. അതുകൊണ്ട് തന്നെ ഇർഫാന് സംഭവിച്ച ദുരന്തം കുടുംബത്തിനു ഒരാഘാതമായിരുന്നു. ഇർഫാന്റെ കാര്യത്തിൽ തുടർ ചികിത്സകൾ തന്നെ കുടുംബം നടത്തിയിരുന്നെങ്കിലും അതിനൊന്നും ഫലസിദ്ധി വന്നില്ല. ഇപ്പോൾ കരിക്കകം സ്‌കൂൾ വാൻ ദുരന്തം ഒരിക്കൽ കൂടി സ്മൃതിപദത്തിൽ എത്തിച്ച് ഇർഫാനും ഇപ്പോൾ വിടവാങ്ങുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP