Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പരിസ്ഥിതി സംരക്ഷണത്തിനായി നടത്തിയത് എണ്ണമറ്റ പോരാട്ടങ്ങൾ; പൊലീസിന്റെ അടിയേറ്റിട്ടും ക്യാമറ കൈവിടാത്ത മനോധൈര്യം; ബൈക്കിൽ ഇന്ത്യയൊട്ടാകെ കറങ്ങിയ പ്രായം തളർത്താത്ത യാത്രികൻ; ജനകീയ സമരങ്ങളിലൂടെ പുത്തൻ രാഷ്ട്രീയം രൂപംകൊള്ളുമെന്ന് വിശ്വസിച്ച രാഷ്ട്രീയ പ്രവർത്തകൻ; ഒരുപിടി സ്വപ്നങ്ങൾ ബാക്കിയാക്കി കെ.സതീഷ്‌കുമാർ യാത്രപറയുമ്പോൾ

പരിസ്ഥിതി സംരക്ഷണത്തിനായി നടത്തിയത് എണ്ണമറ്റ പോരാട്ടങ്ങൾ; പൊലീസിന്റെ അടിയേറ്റിട്ടും ക്യാമറ കൈവിടാത്ത മനോധൈര്യം; ബൈക്കിൽ ഇന്ത്യയൊട്ടാകെ കറങ്ങിയ പ്രായം തളർത്താത്ത യാത്രികൻ; ജനകീയ സമരങ്ങളിലൂടെ പുത്തൻ രാഷ്ട്രീയം രൂപംകൊള്ളുമെന്ന് വിശ്വസിച്ച രാഷ്ട്രീയ പ്രവർത്തകൻ; ഒരുപിടി സ്വപ്നങ്ങൾ ബാക്കിയാക്കി കെ.സതീഷ്‌കുമാർ യാത്രപറയുമ്പോൾ

ജാസിം മൊയ്ദീൻ

തിരുവനന്തപുരം: ഇന്ന് ഉച്ചക്ക് തിരുവനന്തപുരത്ത് വെച്ച് അന്തരിച്ച ഡോക്യുമെന്ററി സംവിധായകനും ആക്ടിവിസ്റ്റുമായ കെ സതീഷ്‌കുമാർ യാത്രയായത് ഒരു പിടി സ്വപ്നങ്ങൾ ബാക്കിവച്ചാണ്. ജനകീയ സമരങ്ങളിലൂടെ ഒരു പുത്തൻ രാഷ്ട്രീയം ഇവിടെ രൂപംകൊള്ളുമെന്ന് അവസാനം വരെ വിശ്വസിച്ച രാഷ്ട്രീയ പ്രവർത്തകനായിരുന്നു സതീഷ്‌കുമാർ. പലപ്പോഴും തന്റെ സൃഹൃത്തുക്കളോട് അതിനെകുറിച്ചുള്ള സ്വപ്നങ്ങളും അത് വൈകുന്നതിലുള്ള നിരാശയും സതീഷ്‌കുമാർ പങ്കുവെച്ചിട്ടുണ്ട്. കേരളത്തിലെ എണ്ണമറ്റ ജനകീയ സമരങ്ങളിലെ നിത്യ സാന്നിദ്ധ്യമായിരുന്നു സതീഷ്‌കുമാർ.

കേവലം സമരങ്ങളിൽ ഐക്യദാർഢ്യപ്പെട്ട് തിരിച്ചുപോരുന്നതിന് പകരം എപ്പോഴും തന്റെ കയ്യിൽ കരുതിയിരുന്ന കുഞ്ഞു ഹാന്റിക്യാമിൽ ആ സമരത്തിന്റെ എല്ലാ വശങ്ങളെയും ഒപ്പിയെടുക്കുക കൂടി ചെയ്യുമായിരുന്നു അദ്ദേഹം. പശ്ചിമഘട്ട സംവാദയാത്രയിലും, കാതിക്കൂടം നീറ്റാജലാറ്റിൻ കമ്പനിക്കെതിരെ നടന്ന സമരത്തിലും തുടങ്ങി കേരളത്തിലെ എണ്ണമറ്റ ജനകീയ സമരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ആ കുഞ്ഞുക്യാമറയിൽ പകർന്നിട്ടുണ്ട്. 2013ൽ കാതിക്കൂടം സമരത്തിനിടക്ക് പൊലീസ് അതിക്രൂരമായി സമരക്കാരെ നേരിട്ടപ്പോൾ അതിനിടയിലൂടെ അസാമാന്ന്യമായ ധൈര്യത്തോടെ സതീഷ് തന്റെ ക്യാമറ ചലിപ്പിച്ചു.

പിൽക്കാലത്ത് ആ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് 'കറുത്ത ദൈവത്തെ തേടി കാതിക്കുടം'എന്ന ഡോക്യുമെന്ററിയിലൂടെ പൊലീസ് നടത്തിയ ക്രൂരതയുടെ ഭീകരത പൊതുജനങ്ങൾക്ക് മുമ്പിൽ അദ്ദേഹം അവതരിപ്പിച്ചു. ഇതു തന്നെയായിരുന്നു അദ്ദേഹത്തിന്റെ അവസാന ഡോക്യുമെന്ററിയും. കാസർകോഡ് സമുതൽ തിരുവനന്തപുരം വരെ പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനായി നടത്തിയ യാത്രയിലും സജീവ സാന്നിദ്ധ്യമായി ആ കുഞ്ഞുക്യാമറയും തൂക്കി സതീഷുണ്ടായിരുന്നു. ഇത്തരത്തിൽ കേരളത്തിലെ എണ്ണമറ്റ ജനകീയ സമരങ്ങളുടെയെല്ലാം മുൻപന്തിയിൽ അദ്ദേഹമുണ്ടായിരുന്നു.

ഇന്ത്യയൊട്ടാകെ ബൈക്കിൽ സഞ്ചരിച്ചിട്ടുള്ള യാത്രികൻ കൂടിയാണ് സതീഷ്. എന്നാൽ വെറുമൊരു ബൈക്ക് യാത്രികൻ മാത്രമായിരുന്നില്ല സതീഷ്. ഓരോ യാത്രകളും അയാൾക്ക് ഓരോ ജീവിതങ്ങളിലേക്കുള്ള കയറിച്ചെല്ലലായിരുന്നു.ഇന്ത്യമുഴുവൻ ഗ്രാമഗ്രാമാന്തരങ്ങൾ കയറിച്ചെന്ന് ആണവ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് കരുത്ത് പകരാനായിരുന്നു അദ്ദേഹത്തിന്റെ പലയാത്രകളും. ഭോപ്പാൽ ദുരന്തത്തിലെ ഇരകളുടെ അവകാശങ്ങൾക്ക് വേണ്ടി നടന്ന സമരത്തിന്റെ മുൻപന്തിയിലും സതീഷുണ്ടായിരുന്നു.

യാത്രകളിലെല്ലാം അദ്ദേഹം അന്തിയുറങ്ങിയിരുന്നത് പാവപ്പെട്ടവരുടെ കുടിലുകളിലും സമര കേന്ദ്രങ്ങളിലുമായിരുന്നു. ഒരു പക്ഷെ അവിടെ മാത്രമേ അയാൾക്ക് ഉറക്കം ലഭിച്ചിരുന്നുള്ളൂ. യാത്രകളിൽ അയാളുടെ കണ്ണിലുടക്കിയതെല്ലാം വികസനത്തിന്റെ പേരിൽ അരികുവൽകരിച്ച മനുഷ്യരുടെ മുഖങ്ങളായിരുന്നു. തുരന്നു തീർന്ന മലകളും മണ്ണിട്ട് നികത്തിയ വയലുകളുമായിരുന്നു. അതെല്ലാം തന്റെ കൊച്ചുക്യാമറയിൽ അതി വൈഭവത്തോടെ അയാൾ ഒപ്പിയെടുത്ത് പുറംലോകത്തെത്തിച്ചു കൊണ്ടിരുന്നു.

ഓരോ യാത്രയിലും ഓരോ ചെറുപ്പക്കാരെ അദ്ദേഹം തന്റെ ബൈക്കിന് പിറികിൽ പിടിച്ചുകയറ്റുമായിരുന്നു. അവരിലേക്ക് യാത്രയുടെയും സമരത്തിന്റെയും വിത്തിടുക കൂടിയായിരുന്നു അതിന്റെ ലക്ഷ്യം.ഇത്തരം ഒരു യാത്രക്കിടയിലുണ്ടായ അപകടത്തിൽ പെട്ട് കഴിഞ്ഞ ഒരു വർഷക്കാലമായി സതീഷ് കിടപ്പിലായിരുന്നു. അപ്പോഴേക്കും താനുദ്ദേശിച്ച പുത്തൻ രാഷ്ട്രീയം രൂപംകൊള്ളാത്തതിലുള്ള നിരാശ അദ്ദേഹത്തെ അലട്ടിയിരുന്നു. എങ്കിലും താൻ യാത്രയുടെയും സമരത്തിന്റെയും വിത്തിട്ട് നൽകിയ ചെറുപ്പക്കാർ ആ രാഷ്ട്രീയത്തിന്റെ വക്താക്കളായി മാറുമെന്ന് അദ്ദേഹം വിശ്വസിച്ചു. താൻ നടത്തിയ എല്ലാ യാത്രകളെയും കൂട്ടിച്ചേർത്ത് എന്തെങ്കിലുമൊന്ന് ചെയ്യണമെന്ന അതിയായ ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. അതിനിടക്കാണ് പ്രളയം അയാളുടെ എക്കാലത്തെയും സമ്പാദ്യങ്ങളെല്ലാം തകർത്തുകളഞ്ഞത്. എങ്കിലും എല്ലാം ഒന്നിൽ നിന്ന് തുടങ്ങാനുള്ള ശ്രമങ്ങളിലായിരുന്നു അദ്ദേഹം.

 

കൃഷിയിലൂടെ ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് അദ്ദേഹത്തെ വിധി കാൻസർ എന്ന രോഗത്തിന്റെ അവസ്ഥയിൽ പിടികൂടിയത്. കഴുത്തിലായിരുന്നു കാൻസർ ബാധിച്ചിരുന്നത്. അതിനെ തുടർന്ന് കുറച്ചുനാളായി തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ് ഇന്ന് ഉച്ചക്ക് സതീഷ് കുമാർ മരിക്കുന്നത്. കുറെയേറെ ഓർമ്മകളും അനുഭവങ്ങളും സൗഹൃദങ്ങൾക്ക് സമ്മാനിച്ചാണ് അദ്ദേഹം യാത്രയാകുന്നത്. അദ്ദേഹത്തിന്റേതായി കുറച്ച് ഡോക്യുമെന്ററികളും ഇവിടെ ബാക്കിവെച്ചിട്ടാണ് സതീഷ് യാത്രയാകുന്നത്. വിങ്‌സ് ഓഫ് ടുമോറോ (നർമദ സമരവുമായി ബന്ധപ്പെട്ട്), ടൈം ബോംബ് അറ്റ് ഔട്ട് ഡോർ സ്റ്റെപ്‌സ് (കൂടംകുളം ആണവ സമരവുമായി ബന്ധപ്പെട്ട്), വോയിസസ് ഫ്രം ദ ഡോട്ടേഴ്‌സ് ഓഫ് ദ സീ, അവേയ് ഫ്രം ദ മാഡനിങ് ക്രൗഡ്, വൺ ഡേ സ്‌കൂൾ വൺ ഹെൽത്ത് എന്നിവയാണ് അദ്ദേഹം തയ്യാറാക്കിയ മറ്റു ഡോക്യുമെന്ററികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP