Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു വട്ടം കൂടി എൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം..... ചൈത്രം ചായം ചാലിച്ചു..നിന്റെ ചിത്രം വരയ്ക്കുന്നു..ചാരു ചിത്രം വരയ്ക്കുന്നു.....എൺപതുകളിൽ ക്യാമ്പസുകളിൽ പ്രണയം തീർത്ത ചില്ല്; കയ്യൂരിന്റെ കാർക്കശ്യവുമായി മീനമാസത്തിലെ സൂര്യൻ; തൊഴിലില്ലായ്മയുടെ രോദനമായി പ്രേംനസീറിനെ കാണാനില്ല; രാജാധികാരത്തിന്റെ വേദന തീർത്ത സ്വാതിതിരുന്നാൾ; സ്ത്രീപക്ഷത്തിന്റെ വേനലും കുലവും മഴയും; ലെനിൻ രാജേന്ദ്രൻ സൃഷ്ടിച്ചത് നവയുഗ വിപ്ലവം; വിടവാങ്ങുന്നത് ഋതുക്കളുടെ ചലച്ചിത്രകാരൻ

ഒരു വട്ടം കൂടി എൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം..... ചൈത്രം ചായം ചാലിച്ചു..നിന്റെ ചിത്രം വരയ്ക്കുന്നു..ചാരു ചിത്രം വരയ്ക്കുന്നു.....എൺപതുകളിൽ ക്യാമ്പസുകളിൽ പ്രണയം തീർത്ത ചില്ല്; കയ്യൂരിന്റെ കാർക്കശ്യവുമായി മീനമാസത്തിലെ സൂര്യൻ; തൊഴിലില്ലായ്മയുടെ രോദനമായി പ്രേംനസീറിനെ കാണാനില്ല; രാജാധികാരത്തിന്റെ വേദന തീർത്ത സ്വാതിതിരുന്നാൾ; സ്ത്രീപക്ഷത്തിന്റെ വേനലും കുലവും മഴയും; ലെനിൻ രാജേന്ദ്രൻ സൃഷ്ടിച്ചത് നവയുഗ വിപ്ലവം; വിടവാങ്ങുന്നത് ഋതുക്കളുടെ ചലച്ചിത്രകാരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഋതുക്കളുടെ ചലച്ചിത്രകാരനാണ് ലെനിൻ രാജേന്ദ്രൻ. ചരിത്രത്തെ ഡോക്യുമെന്റ് ചെയ്യാനുള്ള അപാരമായ സാധ്യതകൾ സിനിമയിൽ പ്രയോജനപ്പെടുത്തുമ്പോഴും എൺപതുകളിലെ റൊമാന്റിക് സിനിമകളുടെ സംവിധായകനായിരുന്നു ലെനിൻ രാജേന്ദ്രൻ. ചില്ലും വേനലും യുവാക്കളിലേക്ക് പെയിതിറക്കിയത് പ്രണയമായിരുന്നു. ഒരു വട്ടം കൂടി എൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം ... തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്നോരാ നെല്ലി മരം ഒന്നുലുത്തുവാൻ മോഹം .. ഒൻവിയുടെ ഈ വരികളിലൂടെ ലെനിൻ രാജേന്ദ്രൻ ഒരുക്കിയത് പ്രണയത്തിന്റെ തീർത്താൽ തീരാത്ത വസന്തകാല ഓർമ്മകളായിരുന്നു.

ചൈത്രം ചായം ചാലിച്ചു..നിന്റെ ചിത്രം വരയ്ക്കുന്നു..ചാരു ചിത്രം വരയ്ക്കുന്നു.. എന്ന ചില്ലിലെ ഗാനവും യുവാക്കളുടെ നാവിൻ തുമ്പിൽ നിറഞ്ഞത് സ്‌നേഹത്തിന്റെ വസന്തവുമായാണ്. അങ്ങനെ എൺപതുകളിൽ കാമ്പസുകളെ സിനമയിലൂടെ പ്രണയത്തിന്റെ പുതുതലത്തിലെത്തിച്ച സംവിധായകനായിരുന്നു ലെനിൻ രാജേന്ദ്രൻ. ഇതിനൊപ്പമാണ് സിനിമയിൽ കാൽപനികതയ്ക്ക് അപ്പുറം ഇടതുപക്ഷ രാഷ്ട്രീയത്തെ ഉറച്ച നിലപാടോടെ അവതരിപ്പിച്ചത്. ജന്മിത്വവും സ്ത്രീ സമത്വത്തിന്റെ ആവശ്യകതയുമെല്ലാം നാല് പതിറ്റാണ്ട് മുമ്പേ മലയാളികളിലേക്ക് ചലച്ചിത്ര ഭാഷ്യത്തിലൂടെ എത്തിച്ച സംവിധായകനായിരുന്നു ലെനിൻ രാജേന്ദ്രൻ. കേരളാ ഫിലിം ഡെവലപ്പ്‌മെന്റ് കോർപ്പറേഷന്റെ ചെയർമാനായും ലെനിൻ രാജേന്ദ്രൻ ശ്രമിച്ചത് നവ സനിമകളുടെ ഉയർത്തെഴുന്നേൽപ്പിന് ഇടമുണ്ടാക്കാനാണ്. ഇതിനിടെയാണ് മരണം വിപ്ലവ സിനിമാക്കാരന്റെ വഴിയിൽ വില്ലനായെത്തുന്നത്. അറുപത്തിയേഴാം വയസിൽ വിടവാങ്ങുമ്പോഴും മലയാള സിനിമയുടെ ചരിത്രത്തിൽ മരിക്കാത്ത ഓർമ്മകളായി തന്നെ ലെനിൻ രാജേന്ദ്രന്റെ പുരോഗമന പക്ഷത്തുള്ള സിനിമകൾ നിലനിൽക്കും.

പുതിയചലച്ചിത്ര സംസ്‌കാരത്തെ പോഷിപ്പിച്ചതിൽ പ്രമുഖനായിരുന്ന ലെനിൻ രാജേന്ദ്രൻ എക്കാലവും ഇടതുപക്ഷ - പുരോഗമന പ്രസ്ഥാനങ്ങൾക്കൊപ്പം പ്രതിബദ്ധതയോടെ ഉറച്ചുനിന്ന വ്യക്തിയായിരുന്നു. ഒറ്റപ്പലത്ത് കെ ആർ നാരയണനെതിരെ ലോക്‌സഭയിലെ മത്സരത്തിനിറങ്ങുമ്പോൾ ജയം അകലെയാണെന്ന് തിരിച്ചറിഞ്ഞ സംവിധായകനായിരുന്നു അദ്ദേഹം. അപ്പോഴും നെഞ്ചിലേറ്റിയ പ്രസ്ഥാനത്തിന് വേണ്ടി പോരാട്ടത്തിന് മുന്നിൽ നിന്നു. രണ്ട് തവണയാണ് ഒറ്റപ്പാലത്ത് മത്സരിച്ചത്. ഇതിന് വേണ്ടി കേരളാ ഫിനാൻഷ്യൽ എന്റർപ്രൈസിലെ ഒന്നാന്തം ജോലിയും വേണ്ടെന്ന് വച്ചു. പിഎ ബക്കറായിരുന്നു ലെനിൻ രാജേന്ദ്രൻ ഏക സിനിമാ ഗുരു. കമ്മ്യൂണിസത്തിലേക്ക് ആഴ്ന്നിറങ്ങിയ യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐ പ്രവർത്തനത്തിനിടെയിലും സിനിമ രാജേന്ദ്രന്റെ മനസിലില്ലായിരുന്നു. ബക്കറിനെ കണ്ടതോടെ സിനിമയിലൂടെ വിപ്ലവം തീർക്കാമെന്ന് ഈ കമ്മ്യൂണിസ്റ്റ് മനസ്സ് തിരിച്ചറിഞ്ഞു. അങ്ങനെയാണ് ബക്കറിനൊപ്പം നിന്ന് ക്യാമറയ്ക്ക് പിന്നിലൂടെ കാഴ്ചകൾ കണ്ടതും അവതരിപ്പിച്ചതും.

തിരുവനന്തപുരത്തെ ഊരൂട്ടമ്പലത്താണ് ജനനം, നാലാം ക്ലാസ്സുവരെ പഠിച്ചത് ഊരൂട്ടമ്പലത്തെ എൽ പി സ്‌കൂളിൽ ആണ്. മാരനെല്ലൂർ സ്‌കൂളിൽനിന്ന് ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠനം. അച്ഛൻ വേലുകുട്ടി പട്ടാളത്തിലായിരുന്നു. തന്റെ ആദ്യ ചിത്രം മുതൽ മഴയെ സർഗ്ഗാത്മകമായി ഉപയോഗിക്കാൻ ശ്രമിച്ചിട്ടുണ്ട് അദ്ദേഹം . ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് രണ്ടു തവണ ഇടതുപക്ഷ സ്ഥാനർത്ഥി ആയി കെ ആർ നാരായണനെതിരെ മത്സരിച്ചയാളാണ് ലെനിൻ രാജേന്ദ്രൻ. പി എ ബക്കറിന്റെ സഹായി എന്ന നിലയിലുള്ള ആദ്യകാലചിത്രങ്ങൾ, സ്വതന്ത്രസംവിധായകനായി ആദ്യം ചെയ്ത വേനൽ ,ചില്ല് തുടങ്ങിയ ചിത്രങ്ങൾ, 1940 കളിലെ ജന്മിത്വ വിരുദ്ധപ്രസ്ഥാനം മുൻനിർത്തി ചെയ്ത മീനമാസത്തിലെ സൂര്യൻ ,എം മുകുന്ദന്റെ നോവലിനെയും മാധവിക്കുട്ടിയുടെ കഥയെയും അധികരിച്ചു നിർമ്മിച്ച ദൈവത്തിന്റെ വികൃതികളും മഴയും, സംഗീതജ്ഞനായ തിരുവിതാംകൂർ മഹാരാജാവ് സ്വാതിതിരുനാളിന്റെ ജീവിതകഥ എന്നിവയിലെല്ലാം അദ്ദേഹത്തിന്റെ സിനിമാനിലപാടിന്റെ സ്ഥിരത വ്യക്തമാണ്.

കേരളത്തിലെ ഇടതുപക്ഷ സിനിമാ പ്രസ്ഥാനത്തിലെ പ്രധാനിയായിരുന്നു ലെനിൻ രാജേന്ദ്രൻ. അപ്പോഴും ആർക്കും ഈ സംവിധായകനെ സമീപിക്കാൻ കഴിയുമായിരുന്നു. ബക്കർ മുമ്പോട്ട് വച്ച സിനിമകളിലെ ഇടതു പക്ഷ രാഷ്ട്രീയത്തിന് പുതു തലം നൽകാൻ സ്വാതിതിരുന്നാൾ എന്ന ചരിത്ര പുരുഷനേയും കണ്ടെത്തി. കമൽഹാസനെ സ്വാതിതിരുന്നാളായി അവതരിപ്പിക്കണമെന്നായിരുന്നു ലെനിൻ രാജേന്ദ്രന്റെ മോഹം. അത് നടന്നില്ല. കേരളീയജീവിതത്തിന്റെ സമസ്തമേഖലകളിലും ആഴത്തിൽ സ്വാധീനം സൃഷ്ടിച്ചതാണ് ഇടതുപക്ഷരാഷ്ട്രീയം. തോപ്പിൽ ഭാസിയുടെ നാടകങ്ങൾ പലതും സിനിമയായപ്പോൾ, ഒരു പ്രസ്ഥാനമെന്ന നിലയിൽ രാഷ്ട്രീയസിനിമ മലയാളത്തിൽ ശക്തി പ്രാപിച്ചു. തകഴിയുടെ നോവലുകളുടെ ചലച്ചിത്രാവിഷ്‌കാരവും പ്രധാനമാണ്. എഴുപതുകളിൽ പി.എ.ബക്കർ, പവിത്രൻ, രവീന്ദ്രൻ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളെത്തി. അവ തീവ്ര ഇടതുധാരയെയാണു അടയാളപ്പെടുത്തിയത്. ഇവരുടെ സിനിമകളുടെ ആധുനികമുഖമാണ് ലെനിൻ രാജേന്ദ്രൻ വെള്ളിത്തിരയിൽ വരച്ചു കാട്ടിയത്.

1981 ൽ പുറത്തുവന്ന വേനലാണ് ലെനിൻ രാജേന്ദ്രന്റെ ആദ്യ ചിത്രം. ചില്ല്(1982), പ്രേം നസീറിനെ കാൺമാനില്ല (1983), മീനമാസത്തിലെ സൂര്യൻ(1985), സ്വാതി തിരുനാൾ(1987), പുരാവൃത്തം(1988), വചനം(1989) തുടങ്ങിയ ചലച്ചിത്രങ്ങൾ പ്രമേയങ്ങളുടെ വൈവിധ്യംകൊണ്ടുതന്നെ ശ്രദ്ധേയമായി. സ്ത്രീയുടെ കർതൃത്വത്തെക്കുറിച്ചുള്ള പുരുഷാധികാര സമൂഹത്തിന്റെ ആശങ്കകൾ തന്നെയാണ് ലെനിൻ രാജേന്ദ്രൻ രണ്ടാമത്തെ ചിത്രമായ ചില്ലിലും (1982) ചർച്ചയാക്കിയത്. ശിഥിലമായ ദാമ്പത്യവും പിന്തുടരുന്ന കുറ്റബോധവും നീറ്റിയ രാമജീവിതം സമകാലിക മര്യാദാപുരുഷോത്തമന്മാരിലൂടെ ആവർത്തിക്കുന്നതെങ്ങനെയെന്ന് ചില്ല് കാട്ടിത്തരുന്നു. എൺപതുകളിലും പിന്നീടും മലയാള സിനിമയിൽ ആവർത്തിക്കപ്പെട്ട പ്രമേയമായിരുന്നു തൊഴിൽ ഇല്ലായ്മ. തൊഴിലിനെ നിലനിൽപ്പിന്റെയും, ജീവിതാവസ്ഥയുടെ പരിവർത്തനത്തിന്റെയും പൊതുമൂലധനമായും സ്വത്വപ്രകാശനത്തിന്റെ ഇടമായും തിരിച്ചറിയുന്ന ചലച്ചിത്രമായിരുന്നു പ്രേം നസീറിനെ കാൺമാനില്ല.

ചരിത്രത്തിലേക്കുള്ള പുനസന്ദർശനമായിരുന്നു മീനമാസത്തിലെ സൂര്യൻ (1985), സ്വാതി തിരുന്നാൾ (1987) എന്നീ ചലച്ചിത്രങ്ങൾ. കയ്യൂർ സമരമാണ് 'മീനമാസത്തിലെ സൂര്യനി'ൽ പ്രമേയമായത്. കൊടിയ പൊലീസ് പീഡനങ്ങളുടെയും ചെറുത്തുനിൽപ്പിന്റെയും സംഘർഷഭരിതമായ കാലമായിരുന്നു കമ്മ്യൂണിസ്റ്റ് മനസുമായി മീനമാസത്തിലെ സൂര്യനിലൂടെ വരച്ചു കാട്ടിയത്. ചരിത്രത്തോടുള്ള വസ്തുതാപരവും വൈകാരികവുമായ സമീപനത്തിന്റെ തുടർച്ചയായിരുന്നു് സ്വാതിതിരുനാൾ. രാജാവിനെ രാജ്യ-ദേശ ചരിത്രത്തിൽനിന്ന് മോചിപ്പിച്ച് കലാചരിത്രത്തിൽ പ്രതിഷ്ഠിക്കുകയാണ് ചെയ്തത്. ചരിത്രത്തിന്റെ വസ്തുതാപരമായ അന്വേഷണത്തിനല്ല, ആത്മനിഷ്ഠതയിലൂന്നിയ ചരിത്രവ്യാഖ്യാനത്തിനാണ് ചലച്ചിത്രകാരൻ ശ്രമിക്കുന്നത്.

പുരാവൃത്തം (1988), വചനം (1989), അന്യർ(2003) എന്നിവ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ വ്യത്യസ്ത രൂപങ്ങളിൽ ആവർത്തിക്കുന്ന അധികാരത്തിന്റെ ഘടനയിലേയ്ക്കായിരുന്നു വിരൽ ചൂണ്ടിയത്. സി വി ബാലകൃഷ്ണന്റെ കഥയെ ആധാരമാക്കിയാണ് പുരാവൃത്തം ഒരുക്കിയിരിക്കുന്നത്. സ്ത്രീയുടെ ആത്മാന്വേഷണത്തിന്റെ ദൃശ്യാഖ്യാനമെന്ന നിലയിലാണ് ലെനിൻ രാജേന്ദ്രന്റെ 'കുല'വും(1996) 'മഴ'യും (2000) ശ്രദ്ധേയമാകുന്നത്. സി വി രാമൻപിള്ളയുടെ 'മാർത്താണ്ഡവർമ്മ' എന്ന നോവലിലെ മിഴിവുറ്റ കഥാപാത്രമായ സുഭദ്രയുടെ ജീവിതമാണ് കുലത്തിന്റെ ഇതിവൃത്തം. മാധവിക്കുട്ടിയുടെ 'നഷ്ടപ്പെട്ട നീലാംബരി' മഴയായി ദൃശ്യാവിഷ്‌കാരം നേടുന്നു. എം മുകുന്ദന്റെ 'ദൈവത്തിന്റെ വികൃതികൾ' (1992) അൽഫോസച്ചന്റെ ദേശ- സ്വത്വ സംഘർഷത്തിന്റെ ആവിഷ്‌കാരമാണ്.

മഴയിലെ ഒരു സംഭാഷണം ഇങ്ങനെയാണ്. 'വിവാഹത്തിനുമുമ്പ് എനിക്കൊരു പ്രണയബന്ധമുണ്ടായിരുന്നു; വിവാഹസമയത്ത് ഞാൻ കന്യകയുമായിരുന്നു; എന്നാലതിൽ ഞാനിപ്പോൾ ദുഃഖിക്കുന്നു'. മാധവിക്കുട്ടിയുടെ രചനകളിൽ തെളിഞ്ഞുകാണുന്ന പ്രണയരതി കാമനയുടെ വിധ്വസംക സ്വാതന്ത്ര്യത്തെ അതേ ആഴത്തിൽ ആവിഷ്‌കരിക്കുകയായിരുന്നു മഴ. എം മുകുന്ദന്റെ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് 'ദൈവത്തിന്റെ വികൃതികൾ'. ദേശീയതയും ദേശവും തമ്മിലുള്ള സംഘർഷമാണ് നോവലിന്റെ പ്രമേയം. ദേശം എന്ന കാമനാലോകം ദേശീയതയുടെ രാഷ്ട്രീയ ഭൂപടത്തിനുള്ളിൽ കുഴമറിയുന്നതെങ്ങനെയെന്ന് ചലച്ചിത്രം അന്വേഷിക്കുന്നു. ചാക്രികവും രേഖീയവുമായ കാലബോധത്തിനുള്ളിൽ നിന്ന് തെരഞ്ഞെടുത്തതാണ് ലെനിൻ രാജേന്ദ്രന്റെ ചലച്ചിത്രങ്ങൾ. മഴയ്ക്കുശേഷം, രാത്രിമഴ (2007), മകരമഞ്ഞ് (2010), ഇടവപ്പാതി (2016) എന്നിങ്ങനെ അത് കാലത്തെ തിരഞ്ഞെടുക്കുന്നു.

(കടപ്പാട്: ലെനിൻ രാജേന്ദ്രന്റെ സിനിമാ ജീവിതത്തെക്കുറിച്ച് ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച 'സിനിമയുടെ വേനലും മഴയും' എന്ന പുസ്തകം) 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP