Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചു കടമുറിയുടെ സ്ഥാനത്ത് ഒരു നല്ല വീട് പണിയണം; ഏക സഹോദരിയെ നല്ലനിലയിൽ വിവാഹം ചെയ്ത് അയക്കണം; ധീരജവാൻ അഭിജിത്ത് വിടവാങ്ങിയത് മോഹങ്ങളെല്ലാം ബാക്കിയാക്കി; രാജ്യസേവനം ജീവിതവ്രതമാക്കിയ അഭിജിത്ത് അവസാനം വന്നു മടങ്ങിയപ്പോൾ സുഹൃത്തുക്കളോട് പറഞ്ഞത് നല്ല കഷ്ടപ്പാടാണ്, ഇനി കാണാൻ കഴിയുമോ എന്നു പോലും ഉറപ്പില്ലെന്ന്; മരിക്കുന്നതിന് തൊട്ടുമുമ്പ് കോയിൻ ബോക്‌സിൽ നിന്ന് അമ്മയെ വിളിച്ചു; ബാരാമുള്ളയിൽ പെട്രോളിംഗിനിടെ കുഴിബോംബ് പൊട്ടി വീരമൃത്യു വരിച്ച ജവാന് വിടനൽകി നാടും

കൊച്ചു കടമുറിയുടെ സ്ഥാനത്ത് ഒരു നല്ല വീട് പണിയണം; ഏക സഹോദരിയെ നല്ലനിലയിൽ വിവാഹം ചെയ്ത് അയക്കണം; ധീരജവാൻ അഭിജിത്ത് വിടവാങ്ങിയത് മോഹങ്ങളെല്ലാം ബാക്കിയാക്കി; രാജ്യസേവനം ജീവിതവ്രതമാക്കിയ അഭിജിത്ത് അവസാനം വന്നു മടങ്ങിയപ്പോൾ സുഹൃത്തുക്കളോട് പറഞ്ഞത് നല്ല കഷ്ടപ്പാടാണ്, ഇനി കാണാൻ കഴിയുമോ എന്നു പോലും ഉറപ്പില്ലെന്ന്; മരിക്കുന്നതിന് തൊട്ടുമുമ്പ് കോയിൻ ബോക്‌സിൽ നിന്ന് അമ്മയെ വിളിച്ചു; ബാരാമുള്ളയിൽ പെട്രോളിംഗിനിടെ കുഴിബോംബ് പൊട്ടി വീരമൃത്യു വരിച്ച ജവാന് വിടനൽകി നാടും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഇല്ലാ, ഇല്ല മരിക്കുന്നില്ല ധീരജവാൻ മരിക്കുന്നില്ല... ഒരു നാടിന്റെ മുഴുവൻ ഹൃദയാഭിവാദ്യം ഏറ്റുവാങ്ങിയാണ് മലയാളിയായ ധീരജവാൻ അഭിജിത്ത് വിടവാങ്ങിയത്. കശ്മീരിലെ ബാരാമുള്ളയിൽ പെട്രോളിങ്ങിനിടെ കുഴിബോംബ് പൊട്ടിയാണ് കൊല്ലം ആയൂർ സ്വദേശിയായ ജവാൻ പി എസ് അഭിജിത്ത് (22) വീരമൃത്യു വരിച്ചത്. ഇന്ന് പതിനൊന്ന് മണിയോടെയാണ് ഔദ്യോഗിക ബഹുമതിയോടെ ധീരജവാന് നാട് വിട നൽകിയത്. തികഞ്ഞ രാജ്യസ്‌നേഹിയായിരുന്നു അഭിജിത്ത്. അതുകൊണ്ട് തന്നെയാണ് രാജ്യസേവനയാണ് പട്ടാള ജോലിക്കായി പരിശ്രമിച്ച് മൂന്ന് വർഷം മുമ്പ് അത് നേടിയെടുത്തത്. ഒരു പാട് സ്വപ്‌നങ്ങളുമായാണ് ഈ ചെറുപ്പക്കാരൻ രാജ്യസേവനത്തിന് ഇറങ്ങിയത്. എന്നാൽ, ഈ സ്വപ്‌നങ്ങൾ പൂർത്തിയാക്കും മുമ്പാണ് കാശ്മീരിലെ ബാരാമുള്ളയിലെ കുഴിബോംബ് പൊട്ടി അഭിജിത്തിന്റെ ജീവൻ പൊലിഞ്ഞത്.

അഭിജിത്തിന്റെ സ്വപ്‌നങ്ങളിൽ പ്രധാനമായിരുന്നത് കടമുറിയുടെ സ്ഥാനത്ത് അടച്ചുറപ്പുള്ള നല്ലൊരു വീട് പണിയണം എന്നതായിരുന്നു. പിന്നെ ഏക സഹോദരിയായ കസ്തൂരിയെ നല്ലനിലയിൽ വിവാഹം ചെയ്ത് അയക്കണമെന്നും. ഇങ്ങനെ സാധാരണക്കാരായ ഏവരെയും പൊലു കൊച്ചു സ്വപ്‌നമായിരുന്നു അഭിജിത്തിന്റെ എന്നാൽ, ആ പഴയ കടമുറിയിൽ അമ്മയെയും അനുജത്തിയെയും ജീവിതം തുടരാൻ വിട്ടാണ് അഭിജിത്ത് വിടവാങ്ങിയത്. മൂന്ന് കൊച്ചു കടമുറികളും അടുക്കളയും ചേർന്നതായിരുന്നു അഭിജിത്തിന്റെ ആയൂരിലെ വീട്.

അഭിജിത്തിന് പട്ടാളത്തിൽ ജോലി ലഭിച്ചതോടെയാണ് വായ്പയെടുത്തായാലും നല്ലൊരു വീടു നിർമ്മിക്കണം എന്ന ആഗ്രഹം കുടുംബത്തിനും ഉണ്ടായത്. കുട്ടിക്കാലം മുതൽ കമ്പക്കോട്ടെ അമ്മ വീട്ടിലായിരുന്നു അഭിജിത്ത് ഏറെയും ചെലവഴിച്ചിരുന്നത്. പട്ടാളത്തിൽ ചേരുക, രാജ്യസേവനം ചെയ്യുക എന്ന അമ്മാവൻ സന്തോഷിന്റെ നടക്കാതെ പോയ ആഗ്രഹം അഭിജിത്ത് മനസ്സിലാക്കുന്നതും അതു തന്റെ ആഗ്രഹമാക്കി മാറ്റുന്നതും അങ്ങനെയാണ്. മൂന്ന് വർഷം മുൻപു പട്ടാളത്തിലേക്കു സിലക്ഷൻ ലഭിച്ചപ്പോഴും വീട്ടുകാർ ഏറെ സന്തോഷത്തോടെയാണ് യാത്രയാക്കിയത്. സൗദിയിൽ ഡ്രൈവറാണെങ്കിലും പ്രഹ്ലാദനു കാര്യമായ വരുമാനം ലഭിച്ചിരുന്നില്ല.

മരിക്കുന്നതിനു മുൻപായി പുലർച്ചെ ഫോണിൽ അമ്മയോടു സംസാരിച്ചിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാൻ സാധിക്കാത്തതിനാൽ കോയിൻ ബോക്‌സിൽ നിന്നു വിളിച്ചാണ് 2 മിനിറ്റ് സംസാരിച്ചത്. രാജ്യസേവനമായിരുന്നു അഭിജിത്തിന്റെ സ്വപ്‌നമെന്ന് സുഹൃത്തുക്കളും പറയുന്നു. ഏറ്റവും ഒടുവിൽ മെഡിക്കൽ ലീവിനായി അഭിജിത്ത് നാട്ടിൽ വന്നപ്പോഴും സുഹൃത്തുക്കളുമായി അടുത്തിടപഴകിയിരുന്നു. നല്ല കഷ്ടപ്പാടാണ്, ഇനി കാണാൻ കഴിയുമോ എന്നു പോലും ഉറപ്പില്ലെന്നായിരുന്നു അഭിജിത്ത് അന്ന് പറഞ്ഞത്.

ഒരു മാസം മുൻപു പരിശീലനത്തിനിടെയുണ്ടായ അപകടത്തെ തുടർന്നു മെഡിക്കൽ അവധിയെടുത്താണ് അഭിജിത്ത് വീട്ടിലെത്തിയത്. അബദ്ധത്തിൽ ഷെല്ലുകൾ പൊട്ടിത്തെറിച്ചായിരുന്നു ആ അപകടം. എന്നാൽ പരുക്കേറ്റ വിവരം അഭിജിത്ത് വീട്ടിൽ ആരെയും അറിയിച്ചിരുന്നില്ല. ഏറ്റവുമടുത്ത സുഹൃത്തുകളോടു മാത്രമേ പറഞ്ഞിരുന്നുള്ളൂ. അന്നു ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ പരുക്ക് അവൻ കാണിച്ചിരുന്നതായും സുഹൃത്തുകൾ പറഞ്ഞു. സുഹൃത്തുക്കളെ മിക്കവാറും ഫോണിൽ വിളിച്ചു വിശേഷങ്ങൾ പങ്കിടുന്ന ശീലമുണ്ടായിരുന്നു അഭിജിത്തിന്. എന്നാൽ ഇക്കഴിഞ്ഞ അവധിക്കു വന്നു തിരിച്ചു പോയ ശേഷം വിളിച്ചിരുന്നില്ല. കശ്മീരിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയിരുന്നതിനാൽ വീട്ടിലേക്കു മാത്രമേ അഭിജിത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഫോൺ ചെയ്തിരുന്നുള്ളൂവെന്നും സുഹൃത്തുക്കൾ പറയുന്നു.

ഇന്നലെ രാത്രി പത്തരയോടെയാണ് അഭിജിത്തിന്റെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവന്നത്. തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം പാങ്ങോട് മിലിറ്ററി ക്യാംപിലെ മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. ഇന്നു രാവിലെ 6.30നു തിരുവനന്തപുരത്തു നിന്നും മൃതദേഹം വഹിച്ചുള്ള വാഹനം സേനാംഗങ്ങളുടെ അകമ്പടിയോടെ വീട്ടിലേക്കു പുറപ്പെട്ട് ഒൻപതു മണിയോടെ വീട്ടിലെത്തിച്ചു. തുടർന്ന് അഭിജിത്തിന്റെ മൃതദേഹം വീടിനു സമീപത്തെ ശ്രീനാരായണ ഹാളിൽ പൊതുദർശനത്തിന് വെക്കുകയായിരുനന്ു. നാട്ടുകാരും ബന്ധുക്കളും ഉൾപ്പെടെ വൻ ജനാവലിയാണ് വീരജവാന് അന്തിമോപചാരമർപ്പിക്കാനെത്തിയത്. 11.30നു വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കരിച്ചത്. ആയൂർ ഇടയം ആലുംമൂട്ടിൽ കിഴക്കതിൽ പ്രഹ്ലാദന്റെയും ശ്രീകലയുടെയും മകൻ പി.എസ്.അഭിജിത്ത് കഴിഞ്ഞ ദിവസം രാവിലെയാണ് കൊല്ലപ്പെട്ടത്. 25 മദ്രാസ് റജിമെന്റിൽ അംഗമായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP