Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ

രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു  കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രശസ്ത നടൻ സത്താർ അന്തരിക്കുമ്പോൾ ചർച്ചയാകുന്നത് പ്രതിഭയുണ്ടായിട്ടും അതിന് അനുസരിച്ച് മുമ്പോട്ട് കുതിക്കാനാകാത്ത നടനെ കുറിച്ചാണ്. ഉന്നത വിദ്യാഭ്യാസത്തിന്റെ കരുത്തുമായെത്തിയ സത്താർ വില്ലൻ വേഷത്തിൽ തിളങ്ങിയെങ്കിലും പ്രതിഭയ്ക്ക് അനുസരിച്ചുള്ള വേഷങ്ങൾ അദ്ദേഹത്തിന് കിട്ടിയില്ല. സിനിമയിലും ജീവിതത്തിലും വില്ലൻ പരിവേഷമാണ് സത്താറിന് മലയാളി നൽകിയത്. ചൊവ്വാഴ്ച പുലർച്ചെ ആലുവ പാലിയേറ്റീവ് കെയർ ആശുപത്രിയിലായിരുന്നു സത്താറിന്റെ അന്ത്യം. കരൾ രോഗത്തിന് ചികിത്സയിലായിരുന്നു. ജീവിതത്തിലെ താളമില്ലായ്മയാണ് സത്താറിനെ അകാലത്തിൽ മരണമെടുക്കാനുള്ള കാരണമായി സിനിമാ പ്രവർത്തകരും കാണുന്നത്

എഴുപതുകളിൽ മലയാള ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്നിരുന്ന നടനാണ് സത്താർ. എറണാകുളം ജില്ലയിലെ കടുങ്ങല്ലൂരിൽ ജനിച്ച സത്താർ ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സിനിമയിൽ എത്തിയത്. 1975ൽ എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയാണ് സത്താറിന്റെ ആദ്യ സിനിമ. 1976-ൽ വിൻസെന്റ് മാസ്റ്റർ സംവിധാനം ചെയ്ത അനാവരണം എന്ന സിനിമയിലൂടെ നായകനായി അരങ്ങേറി. എന്നാൽ പിന്നീട് സ്വഭാവ നടനായും വില്ലൻ വേഷങ്ങളിലുമാണ് സത്താറിനെ ഏറെയും കണ്ടത്. 148 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2014 ൽ പുറത്തിറങ്ങിയ പറയാൻ ബാക്കിവെച്ചതാണ് അവസാന സിനിമ. സമാനകാലയളവിൽ മലയാളത്തിൽ സജീവമായി ഉണ്ടായിരുന്ന നടി ജയഭാരതിയെയാണ് സത്താർ ആദ്യം വിവാഹം കഴിച്ചത്. ഈ വിവാഹവും വിവാഹ മോചനവുമെല്ലാം മലയാളികൾ ഏറെ ചർച്ച ചെയ്തതാണ്.

എഴുപതുകളിൽ മലയാളി യുവത്വത്തെ വെള്ളിത്തിരയിലൂടെ കീഴടക്കിയ ജയഭാരതി. അംഗീകാരങ്ങളും നിരൂപക പ്രശംസയും നേടി സൂപ്പർ താരമായി മാറിയ സുന്ദരിയായിരുന്നു. രതിനിർവേദമെന്ന ചിത്രത്തിലൂടെ മുഖ സൗന്ദരൃം കൊണ്ടും ആകാരവടിവുകൊണ്ടും അഭിനയചാരുതകൊണ്ടും കേരളക്കരയെ കൈയിലെടുത്ത സൂപ്പർ നായിക. ലക്ഷ്മിഭാരതി എന്ന ജയഭാരതി തമിഴ്‌നാട്ടിലെ ഈറോഡിലാണു ജനിച്ചത്. കുട്ടിക്കാലം മുതൽ നൃത്തം അഭൃസിച്ചിരുന്ന ജയഭാരതി തന്റെ തട്ടകം സനിമയാണെന്ന് വളരെ നേരത്തെ തിരിച്ചറിഞ്ഞു. ചുവടുവയ്‌പ്പ് പിഴച്ചതുമില്ല. സഹനടിയായി തുടങ്ങി നായികയായി വളർന്നു. ശബ്ദ നിയന്ത്രണത്തിലും വികാരവിക്ഷോഭരംഗങ്ങളിലുമെല്ലാം അസാമാനൃ വൈഭവം ജയഭാരതി കാട്ടി. ശശികുമാറിന്റെ പെൺമക്കളിലൂടെ 1967ൽ അഭിനയം തുടങ്ങിയ ജയഭാരതിയുടെ ചിത്രം മാറ്റിയെഴുതിയത് ഒറ്റ സിനിമയാണ്. പത്മരാജന്റെ തിരക്കഥയിൽ ഭരതൻ ഒരുക്കിയ രതിനിർവേദമെന്ന സൂപ്പർ ഹിറ്റ് സിനിമ. പത്മരാജന്റെ രതിചേച്ചിയെ അഭിനയ പൂർണ്ണതയിൽ എത്തിച്ച ജയഭാരതിയുടെ വിവാഹ ജീവിതം തുടങ്ങുന്നതും അവിടെ നിന്നാണ്

സിനിമയോളം ചർച്ചയായതാണ് ജയഭാരതിയുടെ ആദ്യ വിവാഹവും. രതി നിർവേദത്തിന്റെ നിർമ്മാതാവായിരുന്നു ആദ്യ ഭർത്താവായ ഹരി പോത്തൻ. കേളത്തിലെ പ്രമുഖ വ്യവസായ കുടുംബത്തിൽ നിന്നുള്ള അംഗം. സിനിമാ നിർമ്മതാവെന്ന നിലയിലും ഏറെ സംഭാവനകൾ നൽകിയ വ്യക്തിത്വം. 1971ൽ ഹരിപോത്തൻ നിർമ്മിച്ച് സേതുമാധവൻ സംവിധാനം ചെയ്ത കരകാണാക്കടലിൽ ജയഭാരതി നായികയായി. ചിത്രത്തിൽ സത്യന്റെ മകളുടെ വേഷമായിരുന്നു ജയഭാരതിക്ക് ചിത്രത്തിലെ നായികാവേഷം. നായകന്മാരായി മധുവും വിൻസന്റുമെത്തി.

തന്നെ ഇഷ്ടമാണെന്ന് പറയുന്ന ആരോടും പ്രണയം കാട്ടുന്ന കൗമാരക്കാരിയുടെ വേഷം ജയഭാരതി മികച്ചതാക്കി. ഒടുവിൽ സ്വന്തം സ്വഭാവത്തിന്റെ വൈചിത്ര്യം ഒരുക്കുന്ന ചതിക്കുഴിയിൽ ആ പെൺകുട്ടി വീഴുകയും ചെയ്യുന്നു. അൽപം സെക്സ് ജയഭാരതി കാട്ടിത്തുടങ്ങിയ ചിത്രമെന്ന് വേണമെങ്കിലും കരകാണാക്കടലിനെ വിശേഷിപ്പിക്കാം. ഇവിടെയാണ് ഹരിപോത്തനുമായുള്ള ജയഭാരതിയുടെ സൗഹൃദം തുടങ്ങുന്നത്. ആ ബന്ധം വിവാഹത്തിലെത്തി. രണ്ടു മക്കളുള്ള ഹരി പോത്തനുമായുള്ള ജയഭാരതിയുടെ വിവാഹവും ചർച്ചയായി. പിന്നീടും വെള്ളിത്തിരയിൽ സജീവമായിരുന്നു ജയഭാരതി. ഹരിപോത്തന്റെ സിനിമയിലുൾപ്പെടെ നിർണ്ണായക വേഷങ്ങളുമായി താരറാണി പദവിയിലുമെത്തി. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടി. ഇതിനിടെയാണ് രതിനിർവേദം എത്തുന്നത്. ഹരി പോത്തനുമായുള്ള ജയഭാരതിയുടെ ആറു കൊല്ലത്തെ ദാമ്പത്യത്തിന് തിരിശ്ചീല വീഴുന്നതിന്റെ തുടക്കം ഈ സിനിമയാണെന്നാണ് കരുതുന്നത്.

ഭരതനും പത്മരാജനും ഒരുക്കിയ വിസ്മയ ചിത്രം സൂപ്പർ ഹിറ്റായി. നിർമ്മാതാവിന്റെ റോളിലെത്തിയ ഹരിപോത്തൻ ലക്ഷങ്ങൾ വാരിയെടുത്തു. മലയാളി യുവത്വം രതിച്ചേച്ചിയുടെ പിറകെയായി. ഇതിനൊപ്പം ഹരി പോത്തനും ജയഭാരതിയും വേർപിരിയുകായിരുന്നു. കാരണം ആരും വ്യക്തമായി പുറത്തു പറഞ്ഞില്ല. സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇവർക്കിടയിൽ വില്ലനായതെന്നാണ് പൊതുവേ പറയപ്പെടുന്നത്. ഈ ബന്ധം തകരുന്നിടത്ത് സത്താറെന്ന നടൻ കടന്നുവന്നു. ജയഭാരതിയെ സത്താർ വിവാഹം ചെയ്തു. താരറാണി പദവിയിൽ ജയഭാരതി മിന്നിതിളങ്ങുമ്പോഴായിരുന്നു. നടനെന്നതിൽ ഉപരി സത്താറിന് യാതൊരു ഗ്ലാമറും ഇല്ലാതിരുന്ന കാലം. ഹരി പോത്തനുമായുള്ള ബന്ധം വേർപെടുത്തിയായിരുന്നു ജയഭാരതിയുടെ രണ്ടാം വിവാഹം. അതിലൊരു മകനുമുണ്ടായി.

ഇതോടെ അഭിനയരംഗത്ത് നിന്ന് വിട്ട് ജയഭാരതി കുടുംബിനിയായി. മകനെ നോക്കി വളർത്തി. എന്നാൽ സത്താറുമായുള്ള ബന്ധം മുന്നോട്ട് പോയില്ല. മലയാളിയെ ത്രസിപ്പിച്ച നടിയുടെ രണ്ടാം വിവാഹവും പരാജയമായി. പിന്നീട് മകന് വേണ്ടി മാത്രമായി ഈ നടിയുടെ ജീവിതം. മകന്റെ പഠനവും മറ്റും പൂർത്തിയായ ശേഷം ജയഭാരതി വീണ്ടും മടങ്ങിയെത്തി. സിനിമ നടിയെന്നതിലുപരി തന്റെ ആദ്യ പ്രണയമായിരുന്ന നൃത്തവുമായാണ് സജീവമായത്. വീണ്ടും ധാരാളം വേദികൾ. ഇതിനിടെയിൽ മകൻ ക്രിസ് സിനിമയിലും അഭിനയിച്ചു. ജയഭാരതിയുമായി ബന്ധം വേർപ്പെടുത്തിയ നടൻ സത്താർ സീരിയൽ നടിയെ വിവാഹം ചെയ്തിരുന്നു. ആ ബന്ധം തകർന്ന സാഹചര്യത്തിൽ സത്താർ വീണ്ടും ജയഭാരതിയുമായി ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചിരുന്നതായും വാർത്തകളെത്തി. ഇതിനിടെയാണ് സത്താറിന്റെ മരണം എത്തുന്നത്.

രതീഷും മമ്മൂട്ടിയും പിന്നെ സത്താറും

സിനിമയിൽ വന്നവരാണ്. ആദ്യകാലത്ത് ഈ മൂവരിൽ ഏറ്റവും തിളങ്ങിയത് രതീഷായിരുന്നു. സത്താർ ചില ചിത്രങ്ങളിൽ നായകനായെങ്കിലും ഒടുവിൽ വില്ലൻ വേഷങ്ങളിൽ തളച്ചിടപ്പെട്ടു. പിന്നീട് രതീഷ് മങ്ങി, മമ്മൂട്ടി കുതിച്ചുകയറി. ആ കുതിപ്പ് മമ്മൂട്ടി ഇന്നും തുടരുന്നു. ഇതിനിടയിൽ രതീഷ് അകാലത്തിൽ അന്തരിച്ചു. സത്താർ സിനിമയിൽ നിന്ന് അപ്രത്യക്ഷനായി. 22 ഫീമെയിൽ കോട്ടയത്തിലെ നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തിലൂടെ സത്താർ വീണ്ടും സജീവമാകാൻ ശ്രമിച്ചു. എങ്കിലും നടന്നില്ല.

ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതുകൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് സത്താർ തിരിച്ചറിഞ്ഞിരുന്നു. ''സിനിമാ മേഖലയിൽ ലക്ഷ്യബോധത്തോടെ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയാണ് ഞാനടക്കമുള്ളവർ അറിയേണ്ടത്. അക്കാര്യത്തിൽ മമ്മൂട്ടിയെ കണ്ടുപഠിക്കണം. തുടക്കത്തിൽ ചെറിയ വേഷത്തിൽ എത്തിയ ആളാണ്. പക്ഷേ, ജീവിതത്തിൽ എന്തെങ്കിലും ആകണമെന്ന് സ്വപ്നം കണ്ട്, വിട്ടുവീഴ്ചകൾ ചെയ്യാതെ മുന്നേറി'' -സത്താർ ഇങ്ങനെയാണ് കാര്യങ്ങളെ നോക്കി കണ്ടിരുന്നതും വിശദീകരിച്ചതും.

രതീഷിനോടൊപ്പം ചേർന്ന് സത്താർ മൂന്ന് സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. അവ ലാഭമായപ്പോൾ രതീഷ് വീണ്ടും സിനിമ നിർമ്മിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ, സത്താർ നിരുത്സാഹപ്പെടുത്തി. എന്നാൽ രതീഷ് 'അയ്യർ ദി ഗ്രേറ്റ്' എന്ന മമ്മൂട്ടിച്ചിത്രം നിർമ്മിച്ചു. ''അയ്യർ ദി ഗ്രേറ്റ് എന്ന സിനിമ നല്ലതായിരുന്നു. എന്നാൽ സാമ്പത്തികമായി കുറേ നഷ്ടമുണ്ടായി രതീഷിന്'' - സത്താർ വെളിപ്പെടുത്തിയിരുന്നു. അങ്ങനെ സിനിമയിൽ സത്താറിന്റെ എറ്റവും അടുത്ത സുഹൃത്ത് രതീഷായിരുന്നു.

ലയാള ചലച്ചിത്ര നടൻ. 1952 മെയ് 25ന് എറണാംകുളം ജില്ലയിലെ ആലുവയിൽ കഡുങ്ങല്ലൂരിൽ ജനിച്ചു. ഖാദർ പിള്ളൈ - ഫാത്തിമ ദമ്പതികളുടെ പത്ത്മക്കളിൽ ഒൻപതാമനായിട്ടായിരുന്നു സത്താറിന്റെ ജനനം ഗവണ്മെന്റ് ഹൈസ്‌കൂൾ വെസ്റ്റ് കഡുങ്ങല്ലൂരിലായിരുന്നു സത്താറിന്റെ പ്രാഥമിക വിദ്യാഭ്യാസം. യൂണിയൻ കൃസ്ത്യൻ കോളേജ് ആലുവയിൽ നിന്നും അദ്ദേഹം ഹിസ്റ്ററിയിൽ എം എയും കഴിഞ്ഞു. വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷമാണ് സത്താർ അഭിനയമേഖലയിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. 1975-ൽ എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത 'ഭാര്യയെ ആവശ്യമുണ്ട്' എന്ന സിനിമയിലൂടെയായിരുന്നു സത്താറിന്റെ തുടക്കം.

1976-ൽ വിൻസെന്റ് മാസ്റ്റർ സംവിധാനം ചെയ്ത 'അനാവരണം' എന്ന സിനിമയിൽ നായകനായത് സത്താറിന്റെ അഭിനയ ജീവിതത്തിൽ ഒരു വഴിത്തിരിവായി. തുടർന്ന് നായകനായും, സഹനായകനായും, വില്ലനായും, സ്വഭാവനടനായുമെല്ലാം അദ്ദേഹം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളം,തമിഴ്,തെലുങ്ക് ഭാഷകളിലായി ഏകദേശം മുന്നൂറോളം ചിത്രങ്ങളിൽ സത്താർ അഭിനയിച്ചിട്ടുണ്ട്. അനാവരണം, ശരപഞ്ചരം, ലാവ എന്നിവയിലൊക്കെ സത്താർ അവതരിപ്പച്ച കഥാപാത്രങ്ങൾ പ്രേക്ഷകപ്രീതി നേടിയവയാണ്.

ജയഭാരതിയെയാണ് സത്താർ വിവാഹം ചെയ്തത്. 1979-ൽ ആയിരുന്നു വിവാഹം. എന്നാൽ താമസിയാതെ അവർ വേർപിരിഞ്ഞു. സത്താർ - ജയഭാരതി ദമ്പതികൾക്ക് ഒരു മകനുണ്ട്. കൃഷ് ജെ സത്താർ. മോഹൻലാൽ നായകനായ ലേഡീസ് ആൻഡ് ജന്റിൽമാൻ എന്ന സിനിമയിൽ കൃഷ് അഭിനയിച്ചിരുന്നു.

തട്ടിപ്പ് കേസിലെ അറസ്റ്റ്

ഇതിനിടെ സത്താറിനെ പൊലീസ് അറസ്റ്റ് ചെയ്തതും വാർത്തകളിലെത്തി. തട്ടിപ്പ് കേസിലാണ് സത്താറിനെ അറസ്റ്റ് ചെയ്തത്. കോടതിയുടെ സമൺസ് കൈപ്പറ്റാതെ മുങ്ങി നടക്കുകയായിരുന്നു സത്താർ. 2008 ൽ ആണ് അറസ്റ്റിന് ആസ്പദമായ കേസ് രജിസ്റ്റർ ചെയ്തിരുന്നത്്. ഡയറക്ട് മാർക്കറ്റിങ് സ്ഥാപനം തുടങ്ങി നാട്ടുകാരിൽ നിന്ന് പണം തട്ടിയെടുത്ത് മുങ്ങി എന്നാതായിരുന്നു പരാതി.. രണ്ട് തവണ കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടും സത്താർ ഹാജരാകാൻ തയ്യാറായില്ലത്രെ.

1980 കളിലും 90 കളിലും മലയാളി സിനിമയിലെ അവിഭാജ്യ ഘടകമായിരുന്നു സത്താർ. ഒരു കാലഘട്ടത്തിൽ മലയാള സിനിമയിൽ വില്ലൻ വേഷത്തിൽ തിളങ്ങി നിന്ന സത്താർ 2000 ന് ശേഷം സിനിമയിൽ അത്ര സജീവമല്ലാതെയായി. സിനിമയിൽ നിന്ന് വിട്ട് നിന്നെങ്കിലും സീരിയിലുകളിൽ മുഖം കാട്ടി. 2008 ൽ ആണ് വർക്കല പൊലീസ് സത്താറിനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുക്കുന്നത്. 2007 ൽ ആണ് സത്താർ ചെയർമാൻ ആയി ഇൻഫോവിഷൻ എന്ന പേരിൽ ഇലക്ട്രോണിക് സാധനങ്ങളും ഗൃഹോപകരണങ്ങളും ഡയറക്ട് മാർക്കറ്റിങ് വഴി വിൽക്കുന്ന സ്ഥാപനം തുടങ്ങിയത്. ഇതിന്റെ പേരിൽ ആളുകളിൽ നിന്ന് പിരിച്ചെടുത്ത പണം തിരിച്ച് കിട്ടിയില്ലെന്നായിരുന്നു പരാതി. സത്താർ ആയിരുന്നു സ്ഥാപനത്തിന്റെ ചെയർമാൻ. സിദ്ദിഖ് അൻവർ മാനേജിങ് ഡയറക്ടറും, നവാസ്, നാസർ എന്നിവർ പാർട്ണർമാരും ആയിരുന്നു. കൊടുങ്ങല്ലൂരിനടുത്ത് ശാന്തിപുരത്തെ വീട്ടിൽ വച്ചാണ് 2015ൽ സത്താറിനെ അറസ്റ്റ് ചെയ്തത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP