Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കള്ളപ്പണവും കയ്യൂക്കും ഭാവി നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയെ ഒറ്റയടിക്ക് ശുദ്ധീകരിച്ച് ജനാധിപത്യത്തെ സുന്ദരമാക്കി; തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് റദ്ദാക്കിയും ചെലവിൽ കൃത്രിമം കാട്ടിയവരോട് വിട്ടുവീഴ്ചയില്ലാതെയും അനേകം നേതാക്കളുടെ ഉറക്കം കെടുത്തി; രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ കൂടി നിയമിച്ച് നരസിംഹറാവു കടിഞ്ഞാൺ ഇട്ടെങ്കിലും ഇന്ത്യൻ ജനവിധി മാറ്റിയവരിൽ മുഖ്യനായി; അവസാന കാലം വൃദ്ധമന്ദിരത്തിൽ കഴിഞ്ഞ വാർത്ത വൈറലായത് മാസങ്ങൾ മുമ്പ്

കള്ളപ്പണവും കയ്യൂക്കും ഭാവി നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയെ ഒറ്റയടിക്ക് ശുദ്ധീകരിച്ച് ജനാധിപത്യത്തെ സുന്ദരമാക്കി; തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് റദ്ദാക്കിയും ചെലവിൽ കൃത്രിമം കാട്ടിയവരോട് വിട്ടുവീഴ്ചയില്ലാതെയും അനേകം നേതാക്കളുടെ ഉറക്കം കെടുത്തി; രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ കൂടി നിയമിച്ച് നരസിംഹറാവു കടിഞ്ഞാൺ ഇട്ടെങ്കിലും ഇന്ത്യൻ ജനവിധി മാറ്റിയവരിൽ മുഖ്യനായി; അവസാന കാലം വൃദ്ധമന്ദിരത്തിൽ കഴിഞ്ഞ വാർത്ത വൈറലായത് മാസങ്ങൾ മുമ്പ്

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: ഇന്നലെ വിടവാങ്ങിയത് മലയാളികളുടെ അഭിമാനവും അന്തസ്സും വാനോളം ഉയർത്തിയ അതുല്യ പ്രതിഭ. കള്ളപ്പണവും കയ്യൂക്കും ഭാവി നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയെ ഒറ്റയടിക്ക് ശുദ്ധീകരിച്ച് ജനാധിപത്യത്തെ സുന്ദരമാക്കിയത് ശേഷനായിരുന്നു. സമാനതകളില്ലാത്ത വ്യക്തി പ്രഭാവം ആയിരുന്നു ടി.എൻ ശേഷന്റേത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്ി ഇന്ത്യയെങ്കിലും കയ്യൂക്കും കള്ളപ്പണവും വിജയിയെ നിശ്ചയിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. എ്ന്നാൽ തന്റെ ഒറ്റെഒരാളുടെ ധാർഷ്ട്യം കൊണ്ട് അതിനു അറുതി വരുത്തിയ വ്യക്തി പ്രഭാവമായിരുന്നു ടി.എൻ ശേഷന്റേത്. നേതാക്കളെ എല്ലാം വരച്ച വരയിൽ നിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. വോട്ടിനും വോട്ടർക്കും വിലയുണ്ടാക്കി. രാജ്യം കണ്ട പ്രഗല്ഭനായ തിരഞ്ഞെടുപ്പു കമ്മിഷണറായി ശേഷൻ മാറിയതോടെ മലയാളികളുടെ അഭിമാനവും ഉയർന്നു.

തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് റദ്ദാക്കിയും ചെലവിൽ കൃത്രിമനം കാട്ടിയവരോട് വിട്ടുവീഴ്ചയില്ലാത്ത നടപടികൾ എടുത്തും പെരുമാറ്റ ചട്ടം രൂപ പെടുത്തിയും എല്ലാം അദ്ദേഹം രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായി മാറി. എങ്കിലും അദ്ദേഹം തന്റെ പ്രവർത്തന പാതയിൽ നിന്നും വ്യതിചലിക്കാതെ മുന്നോട്ട് തന്നെ പോയി. ഇത് അനേകം പേരുടെ ഉറക്കം കെടുത്തി. തിരഞ്ഞെടുപ്പുരംഗം അഴിമതി മുക്തമാക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾക്ക് പകരക്കാരനില്ല. ശേഷന്റെ വ്യക്തി പ്രഭാവത്തിന് മുന്നിൽ മുട്ടുമടക്കിയ തമിഴ്‌നാട്ടുകാരും കർണാടകക്കാരും ഫാൻസ് അസോസിയേഷൻ ഉണ്ടാക്കി. ചരിത്രത്തിലാദ്യമായി ഫാൻസ് അസോസിയേഷൻ ഉണ്ടായ സർക്കാർ ഉദ്യോഗസ്ഥനായി ശേഷൻ മാറി.

വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും മുഖംനോക്കാത്ത നടപടികളും രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വത്തിന്റെ മുഖം കറുപ്പിച്ചു. രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ കൂടി നിയമിച്ച് നരസിംഹറാവു കടിഞ്ഞാൺ ഇട്ടെങ്കിലും ഇന്ത്യൻ ജനവിധി മാറ്റിയവരിൽ മുഖ്യനായി തന്നെ ഈ മലയാളി നിലകൊണ്ടു. തിരഞ്ഞെടുപ്പു കമ്മിഷന്റെ അധികാരത്തിനു പരിധി നിശ്ചയിച്ച് പരമോന്നത നീതിപീഠം വരെ രംഗത്തെത്തിയെങ്കിലും ഇന്ത്യൻ സിവിൽ സർവീസ് കണ്ട കരുത്തനായ ഈ ഉദ്യോഗസ്ഥൻ ഒരടിപോലും പിന്നോട്ടു പോയില്ല.

ശേഷൻ; വിവാദങ്ങളുടെ തോഴൻ

ഇ. ചന്ദ്രശേഖർ പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ശേഷനെ തിരഞ്ഞെടുപ്പ് കമ്മിഷണർ ആയി നിയമിച്ചത്. ഉടനടി തന്നെ ശേഷൻ തന്റെ കാർക്കശ്യ സ്വഭാവവും പുറത്തെടുത്തു. നിയമിതനായി ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിൽത്തന്നെ രാഷ്ട്രീയക്കാർ്കക് പണി കൊടുത്തു തുടങ്ങി. തിരഞ്ഞെടുപ്പുചെലവിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പഞ്ചാബിലെ തിരഞ്ഞെടുപ്പ് വോട്ടിങ്ങിനു തൊട്ടുമുൻപേ റദ്ദാക്കിക്കൊണ്ടായിരുന്നു അത്. 1993ൽ 1488 ലോക്‌സഭാ സ്ഥാനാർത്ഥികളെയാണ് ശേഷൻ അയോഗ്യരാക്കിയത്.

തിരഞ്ഞെടുപ്പു നിരീക്ഷകരെ നിയമിക്കേണ്ടത് കമ്മിഷനാണെന്നു ശഠിച്ചും തിരഞ്ഞെടുപ്പു ജോലിക്കു വിസമ്മതിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുത്തും ശേഷൻ വാർത്ത സൃഷ്ടിച്ചു. ശേഷനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യമുയർന്നു. പാർലമെന്റ് സമ്മേളനം വിളിച്ചെങ്കിലും ഒടുവിൽ കോൺഗ്രസ് പിൻവാങ്ങിയിനാൽ അതു നടക്കാതെപോയി. തിരഞ്ഞെടുപ്പു കമ്മിഷണർക്ക് സുപ്രീംകോടതി ജഡ്ജിക്കു തുല്യമായ പദവി വേണമെന്നാവശ്യപ്പെട്ട് ശേഷൻ കേന്ദ്ര സർക്കാരിനെ സമീപിച്ചതും വിവാദമായി.

ശഷന്റെ അപ്രമാദിത്തം അവസാനിപ്പിക്കാൻ 1993 ഒക്ടോബർ ഒന്നിന് നരസിംഹറാവു മറ്റു രണ്ടുപേരെ കൂടി തിരഞ്ഞെടുപ്പു കമ്മിഷണർമാരായി നിയമിച്ചു. എം.എസ്. ഗില്ലിനെയും ജി.വി.ജി കൃഷ്ണമൂർത്തിയേയും. ഇഥിനെതിരെ ശഏഷൻ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല.

ചോദ്യം ശിവാജി ഗണേശനെ കുറിച്ച്; എൻജിനീയറിങ്ങ് വേണ്ടെന്ന് വെച്ചു
വിക്ടോറിയ കോളജിൽ ഇന്റർമീഡിയറ്റ് പഠനത്തിനുശേഷം മദ്രാസിൽ എൻജിനീയറിങ്ങിനു ചേരാൻ ശ്രമിച്ചങ്കിലും അഭിമുഖത്തിൽ പരാജയപ്പെട്ടതിനാൽ പ്രവേശനം ലഭിച്ചില്ല. അഭിമുഖത്തിൽ ശിവാജി ഗണേശനെക്കുറിച്ചാണ് ചോദിച്ചതെന്നും തനിക്ക് മറുപടി പറയാനായില്ലെന്നും ഇതെക്കുറിച്ച് ശേഷൻ പറഞ്ഞിട്ടുണ്ട്. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് ഊർജതന്ത്രത്തിൽ ബിരുദം നേടി. തുടർന്ന് ജ്യേഷ്ഠൻ ലക്ഷ്മിനാരായണന്റെ പാത പിന്തുടർന്നാണ് സിവിൽ സർവീസിൽ ചേരാൻ തീരുമാനിച്ചത്. 1952ൽ ബിരുദം നേടിയപ്പോൾ വയസ്സ് 19. 1952 മുതൽ 1955 വരെ ക്രിസ്ത്യൻ കോളജിൽ അദ്ധ്യാപകനായിരുന്നു. 1955ൽ രണ്ടാം റാങ്കോടെ.ഐഎഎസ് നേടി. 1967ൽ ഹാർവഡ് സർവകലാ ശാലയിൽ നിന്ന് പബ്ലിക് അഡ്‌മിനിസ്‌ട്രേഷനിൽ ബിരുദാനന്തരബിരുദം നേടി.

കർണാടക സംഗീതത്തിലും നൃത്തത്തിലും വയലിനിലുമൊക്കെ പരിജ്ഞാനമുണ്ടായിരുന്ന ശേഷന് ജ്യോതിഷത്തിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്നു. സായിബാബയുടെയും ഗുരുവായൂരപ്പന്റെയും ഭക്തൻ. ഭഗവദ്ഗീത മനഃപാഠമായിരുന്ന.

കലാപ ഭൂമിയെ ഒറ്റവാക്കിൽ ശാന്തനാക്കിയ വ്യക്തിത്വം
മധുരയിൽ കലക്ടറായിരിക്കുന്ന സമയം. തമിഴ്‌നാട്ടിൽ ഹിന്ദിവിരുദ്ധ പ്രക്ഷോഭം കത്തിപ്പടരുകയായിരുന്നു. കലാപം രൂക്ഷമായപ്പോൾ
ശേഷൻ പൊലീസിനു വെടിവയ്ക്കാൻ അനുമതി നൽകി. 'ഓരോ റൗണ്ട് വെടിക്കും ഒരു ശവമെങ്കിലും വീണിരിക്കണം' എന്നതായിരുന്നു ശേഷന്റെ ഉത്തരവ്. ഇതോടെ മധുരയിലെ സ്ഥിതി ശാന്തമായി.

ബസ് ഓടിച്ച് താരമായ ശേഷൻ 

പിന്നീടു തമിഴ്‌നാട് ട്രാൻസ്‌പോർട് ഡയറക്ടറായിരിക്കെ, ഒരു ഡ്രൈവർ ശേഷനെ ചോദ്യം ചെയ്തു. ബസ് ഓടിക്കാനറിയാത്ത താങ്കൾക്ക് എങ്ങനെയാണ് ബസ് ജീവനക്കാരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാനാവുക? 

ആ വെല്ലുവിളി ഏറ്റെടുത്ത ശേഷൻ നേരെപോയത് വർക് ഷോപ്പിലേക്ക്. ഡ്രൈവിങ് മാത്രമല്ല അറ്റകുറ്റപണികളും പഠിച്ച അദ്ദേഹം യാത്രക്കാരുമായി ചെന്നൈ നഗരത്തിലൂടെ ബസ് ഓടിച്ചാണ് വിമർശകരുടെ വായടപ്പിച്ചത്.

ഇ. ശ്രീധരനോട് അസൂയ
തനിക്ക് ഇ. ശ്രീധരനോട് ചെറിയ അസൂയ ഉണ്ടായിരുന്നെന്ന് ശേഷൻ വ്യക്തമാക്കിയിരുന്നു. പഠനത്തിൽ ശ്രീധരൻ തന്നെക്കാൾ മികച്ച് നിന്നതാണ് ശേഷനെ അസൂയാലുവാക്കിയത്. പാലക്കാട് ബിഇഎം സ്‌കൂളിൽ സഹപാഠികളായിരുന്നു ശേഷനും ഇ. ശ്രീധരനും. ശ്രീധരരൻ സ്‌കൂളിൽ ചേരുംവരെ ക്ലാസിൽ ഒന്നാം സ്ഥാനം ശേഷനായിരുന്നു. ശ്രീധരൻ എത്തിയതോടെ ശേഷൻ രണ്ടാമനായി. പഠനത്തിനൊപ്പം സ്‌പോർട്‌സിലും ശ്രീധരൻ മികവ് പുലർത്തി. എന്നാൽ പത്താം ക്ലാസ് പരീക്ഷയിൽ ശ്രീധരനെക്കാൾ ഒരു മാർക്ക് കൂടുതൽ നേടി ശേഷൻ വാശിതീർത്തു.

വോട്ടർമാർക്ക് ചിത്രമടങ്ങിയ തിരിച്ചറിൽ കാർഡ് നൽകിയത് ശേഷന്റെ ഏറ്റവും ശ്രദ്ധേയമായ പരിഷ്‌ക്കാരമാണ്. ഇതോടെ രാജ്യത്ത് കള്ളവോട്ടുകൾ ചെയ്തിരുന്നത് വ്യാപകമായി കുറയ്ക്കാനായി. തിരഞ്ഞെടുപ്പ് കമ്മിഷന് എന്തൊക്കെ അധികാരമുണ്ടെന്ന് എല്ലാവരേയും നന്നായി അദ്ദേഹം ബോധ്യപ്പെടുത്തി. ചെലവിന്റെ കണക്ക് കൃത്യമായി സമർപ്പിച്ചേ മതിയാവൂ എന്ന് നിർബന്ധം പിടിച്ചതും ശേഷൻ തന്നെയാണ്. നിയമം അനുസരിക്കാത്തവർക്കെതിരേ അദ്ദേഹം നടപടിയെടുത്തു. ഇന്ന് കാണുന്ന തുടർച്ചകളെല്ലാം അദ്ദേഹത്തിന്റെ പരിഷ്‌ക്കാരങ്ങളുടെ ഭാഗമാണ്. ഈ ധീരമായ നിലപാടുകൾക്ക് അദ്ദേഹത്തിന് മഗ്‌സാസെ അവാർഡ് ലഭിച്ചു.

1990 -ൽ ഇന്ത്യയുടെ പത്താമത്തെ ചീഫ് ഇലക്ഷൻ കമീഷണറായി സ്ഥാനമേറ്റ്, തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇലക്ഷൻ കമ്മീഷന് വളരെ വ്യക്തമായൊരു സ്വരം ഉണ്ടാക്കിക്കൊടുത്തു അദ്ദേഹം. പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യ ആകെ ആടിയുലഞ്ഞ തൊണ്ണൂറുകളിൽ പോലും തന്റെ സിംഹപ്രതാപത്തിന് കോട്ടം തട്ടാതെ നിലനിർത്താൻ അദ്ദേഹത്തിനായിരുന്നു. അന്നൊക്കെ അദ്ദേഹത്തെപ്പറ്റി രാഷ്ട്രിക്കാർ പറഞ്ഞത് രണ്ടു പേരെ മാത്രമേ ഭയമുള്ളൂ എന്നായിരുന്നു. ഒന്ന്, ദൈവത്തെ. രണ്ട്, ടി എൻ ശേഷനെ. ചിലപ്പോൾ അവർ ദൈവത്തേക്കാളധികം ടി എൻ ശേഷനെ ഭയപ്പെട്ടിരുന്നു. അത്രയ്ക്കുണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതാപം അക്കാലത്ത്.

ശേഷൻ സീനിൽ വരുന്നതിനു മുമ്പും നമ്മുടെ നാട്ടിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ഉണ്ടായിരുന്നു. 1950 ആദ്യത്തെ കമ്മീഷണറായ സുകുമാർ സെൻ മുതൽ ശേഷനു തൊട്ടുമുമ്പ് ഒരേയൊരു മാസത്തേക്ക് ആ പൊള്ളുന്ന കസേരയിലിരുന്ന വി എസ് രമാദേവി വരെ ഒമ്പതു പേർ. അതാതുകാലങ്ങളിൽ ഭരണത്തിലിരിക്കുന്ന സർക്കാരുകളുടെ ഹിതമനുസരിച്ച് അവരുടെ വിരൽത്തുമ്പിൽ ചലിച്ചിരുന്ന തോൽപ്പാവകളായിരുന്നു അവരെല്ലാം. ആ പതിവു തെറ്റിദ്ധ ഉദ്യോഗസ്തനായിരുന്നു ശേഷൻ.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ പദവിയിലേക്ക് നിയമിക്കപ്പെടുന്നതിനു മുമ്പ് ശേഷൻ ഒരു ഐ എ എസ് ഉദ്യോഗസ്ഥന് സ്വപ്നം കാണാനാവുന്ന ഏറ്റവും ഉയർന്ന പദവിയായ 'കാബിനറ്റ് സെക്രട്ടറി' റാങ്കിലായിരുന്നു.അദ്ദേഹം ഏത് വകുപ്പിൽ ജോലിചെയ്താലും ആ വകുപ്പുമന്ത്രിയുടെ പ്രതിച്ഛായ താമസിയാതെ മെച്ചപ്പെട്ടിരുന്നു. ഇതേ ടി എൻ ശേഷൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായപ്പോൾ മുമ്പ് സൽപേരുണ്ടാക്കിക്കൊടുത്ത് സന്തോഷിപ്പിച്ച മന്ത്രിമാരെ ഒന്നില്ലാതെ മുഷിപ്പിച്ചു.

1936 -ൽ പാലക്കാട് ജില്ലയിലെ തിരുനെല്ലായിലായിരുന്നു ശേഷന്റെ ജനനം. ബി ഇ എം സ്‌കൂളിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. തുടർന്ന് പാലക്കാട് വിക്ടോറിയ കോളേജിൽ ഇന്റർമീഡിയറ്റ്. അക്കാലത്തെ ശേഷന്റെ സഹപാഠിയായിയിരുന്നു, പിൽക്കാലത്ത് മെട്രോമാൻ എന്നപേരിൽ പ്രസിദ്ധനായ ഇ ശ്രീധരൻ. രണ്ടുപേർക്കും അന്ന് ആന്ധ്രയിലെ കാക്കിനാഡയിലുള്ള ജവഹർലാൽ നെഹ്റു ടെക്‌നിക്കൽ യൂണിവേഴ്സിറ്റിയിൽ എഞ്ചിനീയറിങ്ങിന് ഒരുമിച്ചാണ് അഡ്‌മിഷൻ കിട്ടിയത്. ശ്രീധരൻ അവിടെ ചേർന്ന് പഠിക്കാൻ തീരുമാനിച്ചപ്പോൾ, ശേഷൻ അത് വേണ്ടെന്നുവെച്ച് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഫിസിക്‌സിൽ ബിരുദം നേടിയശേഷം മൂന്നുവർഷം കൂടി പരിശ്രമിച്ച് സിവിൽ സർവീസ് നേടിയെടുത്തു. പിന്നീട് 1968 -ൽ ഹാർവാർഡ് സർവകലാശാലയിൽ നിന്നും എഡ്വേഡ് മെയ്സൺ സ്‌കോളർഷിപ്പോടെ പബ്ലിക് അഡ്‌മിനിസ്‌ട്രേഷനിൽ ബിരുദാനന്തരബിരുദവും നേടി.

ഐ എ എസ് പരീക്ഷ എഴുതാനുള്ള പ്രായം ആയിട്ടില്ലായിരുന്നതുകൊണ്ട് 1954-ൽ തന്റെ ഇരുപതാം വയസ്സിൽ തന്റെ അഭിരുചി ഒന്ന് പരീക്ഷിക്കാനായി അദ്ദേഹം ഐ പി എസ് പരീക്ഷയെഴുതി. ഫലം വന്നപ്പോൾ ഇന്ത്യയിൽ ഒന്നാം റാങ്ക്! അടുത്ത വർഷം അദ്ദേഹം ഐഎസും ഉയർന്ന റാങ്കോടെ പാസായി. തുടർന്ന് സർക്കാർ സർവീസിൽ പലസ്ഥാനങ്ങളിലും സേവനമനുഷ്ഠിച്ചു. ഒടുവിൽ കാബിനറ്റ് സെക്രട്ടറി വരെ ആയ ശേഷമാണ് 1990 -ൽ അദ്ദേഹം ചീഫ് ഇലക്ഷൻ കമ്മീഷണറാവുന്നത്. 1997-ൽ സർവീസിൽ നിന്നും പെൻഷനായ ശേഷം ഇന്ത്യൻ പ്രസിഡന്റാവാൻ ഒരു ശ്രമം നടത്തി നോക്കിയെങ്കിലും അദ്ദേഹം കെ ആർ നാരായണനോട് പരാജയപ്പെടുകയാണുണ്ടായത്. 

തിരഞ്ഞെടുപ്പു രംഗത്ത് ശേഷൻ വരുത്തിയ 10 മാറ്റങ്ങൾ
വോട്ടർമാർക്കു തിരിച്ചറിയൽ കാർഡ്
പെരുമാറ്റച്ചട്ടം കർശനമാക്കി.
സ്ഥാനാർത്ഥികളുടെ ചെലവുകൾക്ക് പരിധി
തെരഞ്ഞെടുപ്പ് വേളയിൽ മദ്യവിൽപന വിലക്കി; പണവിതരണം തടഞ്ഞു
ഉച്ചഭാഷിണികൾക്ക് നിയന്ത്രണം
ജാതിയുടെയും മതത്തിന്റെയും പേരിൽ വോട്ട് ചോദിക്കുന്നതിന് വിലക്ക്
മാതി,മത സ്ഥാപനങ്ങൾ പ്രചാരണത്തിൽ ഇടപെടുന്നതിന് വിലക്ക്
സർക്കാർ സംവിധഘാനങ്ങളുടെ ദുരുപയോഗം തടഞ്ഞു
തിരഞ്ഞെടുപ്പ് നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാകര്കി
തിരഞ്ഞെടുപ്പ് കമ്മീഷനെ ബാഹ്യ ഇടപെടലുകളിൽ നിന്നും മുക്തമാക്കി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP