Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയുടെ കാലു പിടിക്കാൻ യൂണിവേഴ്‌സിറ്റി മന്ത്രിയും സംഘവും ഡൽഹിയിലേക്ക്; ഇന്ത്യൻ വിദ്യാർത്ഥികൾ കൈവിട്ടതോടെ ബ്രിട്ടീഷ് സർവകലാശാലകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

ഇന്ത്യയുടെ കാലു പിടിക്കാൻ യൂണിവേഴ്‌സിറ്റി മന്ത്രിയും സംഘവും ഡൽഹിയിലേക്ക്; ഇന്ത്യൻ വിദ്യാർത്ഥികൾ കൈവിട്ടതോടെ ബ്രിട്ടീഷ് സർവകലാശാലകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

വിദ്യാർത്ഥികൾ പഠിക്കാനില്ലാതായാൽ ബ്രിട്ടനിലെ സർവകലാശാലകൾ പിന്നീട് എന്തിനുപയോഗിക്കാമെന്നായിരിക്കും അധികൃതർ ഇപ്പോൾ ആലോചിക്കുന്നത്! ഇന്ത്യൻ വിദ്യാർത്ഥികൾ ബ്രിട്ടീഷ് സർവകലാശാലകളിൽ നിന്ന് കൊഴിഞ്ഞു പോകുകയും ഇവിടേക്ക് പുതിയതായി പഠിക്കാനെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻകുറവുണ്ടാകുകയും ചെയ്തത് ഇവിടുത്തെ സർവകലാശാലകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ഇതോടെ അങ്കലാപ്പിലായ അധികൃതർ ഇന്ത്യയുമായി ചർച്ച ചെയ്ത് പ്രശ്‌നങ്ങൾക്ക് പരിഹാരം തേടാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി സന്ധിസംഭാഷണങ്ങൾക്കും ഇന്ത്യയുടെ കാല് പിടിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കാനുമായി ബ്രിട്ടനിലെ സയൻസ് ആൻഡ് യൂണിവേഴ്‌സിറ്റി മന്ത്രിയായ ഗ്രെഗ് ക്ലാർക്കും സംഘവും ഇന്ത്യയിലെത്തുന്നു. വിസാനിയമങ്ങൾ കർക്കശമാക്കിയതിനെത്തുടർന്നാണ് ഇന്ത്യൻ വിദ്യാർത്ഥികൾ ബ്രിട്ടനെ കൈയൊഴിയാൻ തുടങ്ങിയിരിക്കുന്നത്. വിദ്യാർത്ഥികളോട് ശത്രുതാപരമായ നിലപാട് പുലർത്തുന്ന രാജ്യമെന്ന ഇമേജാണ് ബ്രിട്ടന് ഇപ്പോൾ ദോഷകരമായി മാറിയിരിക്കുന്നത്.

ഈ പ്രശ്‌നപരിഹാരത്തിനുള്ള ചർച്ചകൾക്കായി യുകെയിലെ യൂണിവേഴ്‌സിറ്റികളിലെ വൈസ് ചാൻസലർമാരും ഗ്രെഗ് ക്ലാർക്കിനെ അനുഗമിച്ച് ഇന്ത്യയിലെത്തുന്നുണ്ട്. ഈയാഴ്ചയാണ് സംഘം ഡൽഹി സന്ദർശിക്കുന്നത്. വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്ന രാജ്യമാണ് ബ്രിട്ടനെന്ന ഇമേജുണ്ടാക്കുകയാണ് ഈ സന്ദർശനത്തിന്റെ ലക്ഷ്യം. അടുത്തിടെ ഇന്ത്യയിൽ നിന്ന് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളിൽ പഠിക്കാനെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ 15 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. ഈ സന്ദർശനത്തിലൂടെ ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കാര്യങ്ങളിൽ ഇരു രാജ്യങ്ങളുമായുള്ള ബന്ധം വളരാനുള്ള അവസരമായി ഈ സന്ദർശനം മാറുമെന്നാണ് യൂണിവേഴ്‌സിറ്റീസ് യുകെയുടെ പ്രസിഡന്റ് പ്രഫ. ക്രിസ്റ്റഫർ സ്‌നോഡെൻ പറയുന്നത്. യുകെ യൂണിവേഴ്‌സിറ്റികളെ പ്രതിനിധീകരിക്കുന്ന ഓർഗനൈസേഷനാണ് യൂണിവേഴ്‌സിറ്റീസ് യുകെ. ക്വാളിഫൈ ചെയ്ത ഇന്റർനാഷണൽ സ്റ്റുഡന്റ്‌സിനെയും സ്റ്റാഫുകളെയും രാജ്യത്തേക്ക് ആകർഷിക്കാനുള്ള പ്രചാരണം തുടരുമെന്നാണ് യൂണിവേഴ്‌സിറ്റീസ് യുകെ പറയുന്നത്. ഇന്ന് മുതൽ വ്യാഴാഴ്ച വരെ ഇദ്ദേഹം ഈ വിഷയവുമായി ബന്ധപ്പെട്ട് ഗ്രെഗ് ക്ലാർക്കിനെ അനുഗമിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് യുകെയിലെ പഠനകാലത്ത് ആഴ്ചയിൽ 20 മണിക്കൂർ ജോലിചെയ്യാനുള്ള അവസരവും ഗ്രാജ്വേറ്റ് ജോബുകൾക്കുള്ള പോസ്റ്റ് സ്റ്റഡി ഓപ്പർച്യൂണിറ്റികളും ലഭ്യമാണെന്നും സ്‌നോഡെൻ പറയുന്നു. ഡിഗ്രി മുഴുവനാക്കിയശേഷം ഇന്ത്യൻ വിദ്യാർത്ഥികൾ യുകെയിൽ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ച് ചെയ്യുന്ന വേളയിലാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്.

ഇന്റർനാഷണൽ സ്റ്റുഡന്റ്‌സിന് ഏറ്റവും ആകർഷണീയമായുള്ള സ്ഥലമാണ് ബ്രിട്ടനെന്നും യൂണിവേഴ്‌സിറ്റീസ് യുകെ പറയുന്നു. ചൈന കഴിഞ്ഞാൽ ഇന്ത്യയിൽ നിന്നാണ് ബ്രിട്ടനിൽ പഠിക്കാൻ ഏറ്റവുമധികം വിദ്യാർത്ഥികളെത്തുന്നത്. 22,385 ഇന്ത്യൻ വിദ്യാർത്ഥികൾ ഹയർ എജ്യുക്കേഷൻ ഇൻസ്റ്റിറ്റിയൂഷനുകളിൽ എൻ റോൾ ചെയ്തിട്ടുണ്ട്. അതിൽ 12,280 പേർ 2012 2013 വർഷത്തിലെ എൻട്രൻസ് വഴിയെത്തിയവരാണ്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ തങ്ങൾ ഇവിടേക്ക് സ്വാഗതം ചെയ്യുന്നുണ്ടെന്നും അതിൽ നല്ലൊരു ഭാഗം ഇന്ത്യൻ വിദ്യാർത്ഥികളാണെന്നും സ്‌നോഡെൻ പറയുന്നു. യുകെയിലെ ഉന്നതവിദ്യാഭ്യാസരംഗത്തും സാംസ്‌കാരിക രംഗത്തും സാമ്പത്തിക രംഗത്തും ഇവരുടെ സംഭാവന മൂല്യമേറിയതാണെന്നും അദ്ദേഹം ഓർമിച്ചു. യുകെയിലെ പഠനം അവർക്ക് ഒരു പോസിറ്റീവ് അനുഭവമേകുന്നുവെന്നും യുകെയിലെ യൂണിവേഴ്‌സിറ്റികൾക്ക് ആഗോളതലത്തിലുള്ള ശക്തമായ അംഗീകാരത്തിലൂടെ അവർ ഗ്ലോബൽ റാങ്കിംഗിൽ മുന്നിലെത്തുമെന്ന് സ്‌നോഡെൻ കൂട്ടിച്ചേർത്തു.

ഇന്ത്യയിലെത്തുന്ന ദൗത്യസംഘത്തിൽ ഇന്ത്യൻ വംശജനായ ബിസിനസ്സുകാരനും ബെർമിങ്ഹാം യൂണിവേഴ്‌സിറ്റി ചാൻസലറുമായ ലോർഡ് ബിലിമോറിയയും ഉൾപ്പെടുന്നുണ്ട്. ബിസിനസ്സ്, വ്യവസായം, ബെർമിങ്ഹാം യൂണിവേഴ്‌സിറ്റി എന്നിവയ്ക്ക് ഈ സന്ദർശനത്തിലൂടെ നേട്ടമുണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്. ബാത്ത് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ഡെയിം ഗ്ലൈനിസ് ബ്രേക്ക് വെൽ, ബെർമിങ്ഹാം യൂണിവേഴ്‌സിറ്റിയിലെ സർ ഡേവിഡ് ഈസ്റ്റ് വുഡ്, ആസ്റ്റൺ യൂണിവേഴ്‌സിറ്റിയിലെ പ്രേഫ. ഡെയിം ജൂലിയ കിങ് , മാഞ്ചസ്റ്റർ യൂണി വേഴ്‌സിറ്റിയിലെ പ്രഫ. ഡെയിം നാൻസി റോത്ത് വെൽ, എക്‌സിറ്റെർ യൂണിവേഴ്‌സിറ്റിയിലെ പ്രഫ. സർ സ്റ്റീവ് സ്മിത്ത് എന്നിവരാണ് ഗ്രെഗ് ക്ലാർക്കിനൊപ്പം ഇന്ത്യയിലെത്തുന്ന മറ്റ് വൈസ് ചാൻസലർമാർ.

കൃത്യമായി ഫീസും ജോലി നൽകിയാൽ ടാക്‌സും അടച്ച് ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിച്ച് കൊണ്ടിരുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കെതിരെ വിസാനിയമങ്ങൾ കർക്കശമാക്കിയതിന്റെ തിക്തഫലമാണ് ബ്രിട്ടൻ ഇന്ന് അനുഭവിക്കുന്നത്. ഇന്ത്യയിൽ നിന്നും യുകെയിലേക്ക് പഠിക്കാനെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിടയിൽ പാതിയോളം ഇടിവുണ്ടായെന്നാണ് ഈ വർഷം ജനുവരിയിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഹയർ എജ്യുക്കേഷൻ സ്റ്റാറ്റിസ്റ്റിക്‌സ് ഏജൻസി പുറത്ത് വിട്ട കണക്ക് പ്രകാരം യൂറോപ്യൻ യൂണിയന് പുറത്ത് നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ 2011 12, 201213 കാലയളവുകളിൽ വൻ ഇടിവാണുണ്ടായിരിക്കുന്നത്. ഇവിടെയെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ കുറവുണ്ടായി. 201011നും 2011 12 നും ഇടയിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 32 ശതമാനം കുറവുണ്ടായിരുന്നു. കഴിഞ്ഞവർഷം 25 ശതമാനം കുറവുണ്ടായി. 2010 11ൽ 23,985 ഇന്ത്യൻ വിദ്യാർത്ഥികൾ ബ്രിട്ടനിലെത്തിയെങ്കിൽ 2012 13ൽ അത് 12,280 ആയി കുറഞ്ഞു.പുതുതായി ബ്രിട്ടനിൽ എത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ പാതിയോളം കുറവുണ്ടായതായി ഈ കണക്കുകൾ വെളിപ്പെടുത്തുന്നു. ഇന്ത്യയടക്കമുള്ള ഏതാനും രാജ്യങ്ങളിൽ നിന്നുള്ള വിസാ അപേക്ഷകളിൽ കർശനമായ നിയന്ത്രണം ഹോം ഓഫീസ് ഏർപ്പെടുത്തിയതാണ് ഈ പ്രതിസന്ധിക്ക് കാരണമായത്.

ഒരു വർഷത്തിൽ കൂടുതൽ ബ്രിട്ടനിൽ തങ്ങുന്ന വിദ്യാർത്ഥികളെ കുടിയേററക്കാരായി പരിഗണിക്കുന്നു പുതിയ വിസാനിയമങ്ങൾ വന്നതും പഠനശേഷം ജോലി ചെയ്യാൻ സൗകര്യമൊരുക്കുന്ന പോസ്റ്റ് സ്റ്റഡി വർക്ക് വിസ നിർത്തലാക്കിയതും വിദ്യാർത്ഥികളുടെ വരവിനെ ഗണ്യമായി ബാധിച്ചു.

ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥക്ക് വർഷം തോറും 20 ബില്യൺ പൗണ്ട് സംഭാവന ചെയ്യുന്നവരാണ് വിദേശ വിദ്യാർത്ഥികൾ. ഇതിൽ നല്ലൊരു പങ്ക് ഇന്ത്യൻ വിദ്യാർത്ഥികളാണ് നൽകുന്നത്. യുകെയിലുള്ള നാനൂറിലധികം സർവകലാശാലകളിലേക്ക് പഠിക്കാൻ ലോകമെമ്പാടുമുള്ള ആളുകൾ എത്താറുണ്ട്. അനേകം പേർക്ക് തൊഴിലും ലഭിക്കുന്നു. ഇത്തരം അവസരങ്ങൾ ഇല്ലാതാക്കാൻ പുതിയ പരിഷ്‌കാരങ്ങളിലൂടെ സർക്കാർ ശ്രമിച്ചതിന്റെ ഫലമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക വഴിയൊരുക്കിയതെന്ന് പറയാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP