Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്ലാസുകൾ മുടങ്ങുകയോ പരീക്ഷ വൈകുകയോ ചെയ്താൽ വൈസ് ചാൻസലർമാർ സമാധാനം പറയണം; അനീതിക്കെതിരെ വിദ്യാർത്ഥികൾക്ക് നേരിട്ട് പരാതിപ്പെടാം; മന്ത്രിയും വിസിമാരും ഇനി ചൊറി കുത്തിയിരിക്കട്ടേ

ക്ലാസുകൾ മുടങ്ങുകയോ പരീക്ഷ വൈകുകയോ ചെയ്താൽ വൈസ് ചാൻസലർമാർ സമാധാനം പറയണം; അനീതിക്കെതിരെ വിദ്യാർത്ഥികൾക്ക് നേരിട്ട് പരാതിപ്പെടാം; മന്ത്രിയും വിസിമാരും ഇനി ചൊറി കുത്തിയിരിക്കട്ടേ

തിരുവനന്തപുരം: ഒരുകാലത്ത് ഏറെ അംഗീകരിക്കപ്പെടുകയും രാഷ്ട്രീയ ഇടപെടൽ മൂലം താറുമാറാവുകയും ചെയ്ത കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗത്തിന് ഒടുവിൽ രക്ഷകനെ കിട്ടി. മഹനീയമായ വൈസ് ചാൻസലർ പദവി രാഷ്ട്രീയക്കാരന്റെ കാലു പിടിക്കാൻ കഴിയുന്നവർക്കായി വീതിച്ചു കൊടുത്തതിന്റെ അനന്തര ഫലം. തമ്മിൽ തല്ലും രാഷ്ട്രീയ നിയമനങ്ങളുമായി കുത്തഴിഞ്ഞു പോയ യൂണിവേഴ്‌സിറ്റിയെ രക്ഷിക്കാൻ ഗവർണ്ണറുടെ ഇടപെടൽ അനിവാര്യമായിരുന്നു. നിയമപരമായി സർവ്വകലാശാലകളുടെ പരമാധികാരി ഗവർണ്ണർ ആയതിനാൽ ആർക്കും ചോദ്യം ചെയ്യാൻ പോലും കഴിയുന്നില്ല. സർവ്വകലാശാലകളുടെ പ്രാഥമിക ധർമ്മമായ പഠന ദിനങ്ങളുടെ ഉറപ്പ് വരുത്തൽ, പരീക്ഷയുടെ ഫലപ്രഖ്യാപനത്തിനും കൃത്യമായ നടപടികൾ എന്നിവയാണ് ചാൻസലറുടെ ആദ്യ ലക്ഷ്യങ്ങൾ.

സിൻഡിക്കേറ്റ് ചട്ടവിരുദ്ധമായെടുക്കുന്ന തീരുമാനങ്ങൾ ചാൻസലർക്ക് വി സിമാർ ഇപ്പോഴും റിപ്പോർട്ട്‌ചെയ്യാറുണ്ടെങ്കിലും മറുപടിപോലും ലഭിക്കാറില്ല. അതെല്ലാം ഗവർണ്ണർ പി സദാശിവം മാറ്റും. എല്ലാത്തിനും മറുപടി. കൃത്യമായ സംശയ നിവാരണം. ഇങ്ങനെ സർവ്വകലാശാലകളുമായി നിരന്തരം സംവദിച്ച് വിദ്യാഭ്യാസ നിലവാരം ഉയർത്തുകയാണ് ലക്ഷ്യം. തന്റെ നിർദ്ദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെ ശക്തമായ അച്ചടക്ക നടപടികളും ചാൻസലർ കൈക്കൊള്ളും.

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സർവ്വകലാശാലകളിൽ ഒന്ന് കേരളസർവകലാശാലയാണ്. ഇവിടെ ഒരുസെമസ്റ്ററിൽ വെറും 55ദിവസംമാത്രമാണ് ക്ലാസുള്ളത്. ബാക്കിയെല്ലാം സമരദിനങ്ങളും. ഇത്തരം രീതികളെയാണ് ചാൻസലർ ചോദ്യം ചെയ്യുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് പരീക്ഷ മാത്രമല്ല പഠിപ്പിക്കലും പ്രധാനമാണെന്ന് ഗവർണ്ണർ വ്യക്തമാക്കിയിട്ടുണ്ട്. ഇതുറപ്പാക്കാനുള്ള പരമമായ ഉത്തരവാദിത്തം വൈസ് ചാൻസലർക്കാണ്. ഒഴപ്പി നടന്ന് പരീക്ഷയെഴുതാമെന്ന് കരുതിയാൽ വിദ്യാർത്ഥികൾക്കും പണി കിട്ടും.

നവംബറിൽ ആരംഭിക്കുന്ന പി.ജി കോഴ്‌സുകൾ ജൂലായ് മാസത്തിൽ തുടങ്ങാനാവും വിധത്തിലാവും അക്കാഡമിക് കലണ്ടർ എന്നാണ് നിർദ്ദേശം. ഫലപ്രഖ്യാപനം വൈകുന്നതിനാൽ ഉപരിപഠനത്തിനും ജോലിക്കുമുള്ള അവസരം നഷ്ടമായതായി വിദ്യാർത്ഥികളുടെ പരാതികളാണ് ലഭിച്ചിട്ടുള്ളത്. വിദ്യാർത്ഥികൾക്ക് ഏത് സർവകലാശാലകളിലേയും കോഴ്‌സുകളിൽ പ്രവേശനം നേടാൻ ഇതിലൂടെസാധ്യമാവും.പരീക്ഷകഴിഞ്ഞ് നിശ്ചിതദിവസങ്ങൾക്കകം ഫലംപ്രഖ്യാപിച്ചിരിക്കണം. ഇതിന് ഐ.ടി അധിഷ്ഠിത സംവിധാനം ഏർപ്പെടുത്തണം.

പഠന നിലവാരം ഉയർത്തുകയാണ് അക്കാഡമിക് കലണ്ടറിലൂടെ ലക്ഷ്യം. സർവ്വകലാശാലകൾ മാത്രമല്ല വിദ്യാർത്ഥികൾക്കായും കൂടിയുള്ള നിരീക്ഷണ സംവിധാനമാണ് ഇത്. പഴയതു പോലെ സമരം ചെയ്ത് നടക്കാമെന്ന് വിദ്യാർത്ഥി നേതാക്കളും കരുതേണ്ട്. കുറഞ്ഞത് 90 ദിവസത്തെ പഠനവും 70 ശതമാനം ഹാജരുമില്ലെങ്കിൽ പരീക്ഷ എഴുതാനാകില്ല. 90 ദിവസത്തെ അധ്യയനം ഉറപ്പാക്കാൻ അവധി ദനങ്ങളിലും ക്ലാസ് നടത്താം. രണ്ട് ഘട്ടമായി അക്കാഡമിക് കലണ്ടറിലൂടെ സമൂല മാറ്റമാണ് ഗവർണ്ണർ ഉദ്ദേശിക്കുന്നത്.

സെമസ്റ്ററിൽ 90 ദിവസത്തെ അദ്ധ്യയനവും കൃത്യസമയത്ത് പരീക്ഷയും ഫലപ്രഖ്യാപനവും ഉറപ്പാക്കുകയാണ് ആദ്യഘട്ടം. സർവകലാശാലകളുടെ ഭാരംകുറയ്ക്കാൻ അപ്രധാന പരീക്ഷകളുടെ മൂല്യനിർണയം കോളേജുകൾക്ക് കൈമാറുന്നതാണ് രണ്ടാംഘട്ടം. പ്രതിവർഷം 15,000 പരീക്ഷകൾ വരെ നടത്തുന്ന സർവ്വകലാശാലകളുണ്ട്. കോളേജുകളെ ഈ ചുമതല ഏൽപ്പിക്കുമ്പോൾ കർശന നിരീക്ഷണ സംവിധാനമൊരുക്കും. ഇതിലൂടെ കോളേജുകളുടെ ഉത്തരവാദിത്തവും കൂടും.

വിദ്യാർത്ഥിസമരങ്ങളും മറ്റുംകാരണം അദ്ധ്യയനം മുടങ്ങിയാലും ഏകീകൃത അക്കാഡമിക് കലണ്ടർ വരുന്നതോടെ അവധിദിവസങ്ങളിൽ ക്ലാസെടുത്തിട്ടാണെങ്കിലും 90ദിവസം തികയ്‌ക്കേണ്ടിവരും. ഇതുറപ്പിക്കാതെ പരീക്ഷ അനുവദിക്കില്ല. 90ദിവസം ക്ലാസെടുക്കാനായില്ലെങ്കിൽ സെമസ്റ്റർ നീട്ടേണ്ടിവരും. അക്കാഡമിക് കലണ്ടർ തെറ്റിയാൽ അദ്ധ്യാപകരും വൈസ്ചാൻസലറും വിശദീകരണം നൽകേണ്ടിവരും. 75ശതമാനം ഹാജരില്ലാത്തവർക്ക് പരീക്ഷയെഴുതാനാവില്ലെന്നത് നിർബന്ധമാക്കും.

എല്ലാസർവകലാശാലകളിലും ഒരേസമയത്ത് പരീക്ഷനടത്താൻ കഴിയുംവിധത്തിലാണ് അക്കാഡമിക് കലണ്ടർ രൂപീകരണം. ബിരുദപരീക്ഷകളാണ് ആദ്യഘട്ടമായി ക്രമപ്പെടുത്തുന്നത്. പരീക്ഷനടത്താനായില്ലെങ്കിലും സർവകലാശാല വിശദീകരണം നൽകേണ്ടതുണ്ട്. പല സാധ്യതകളും ഇക്കാര്യത്തിൽ ഗവർണ്ണർ പരിഗണിക്കുന്നുണ്ട്. എയ്ഡഡ് കോളേജുകളിൽ ഒന്നിടവിട്ട സെമസ്റ്റർ പരീക്ഷാനടത്തിപ്പും മൂല്യനിർണയവും കോളേജുകളെ ഏൽപ്പിക്കുക, അപ്രധാനമായ പരീക്ഷകൾ ഒഴിവാക്കി അസൈന്മെന്റുകൾ, സ്വയംവിലയിരുത്തൽ എന്നിവ ഏർപ്പെടുത്തുക എന്നിങ്ങനെ നീളുന്നു അവ.

കാർഷികം, വെറ്ററിനറി സർവകലാശാലകളിൽ നിലവിൽ സമാനമായ സംവിധാനമാണുള്ളത്. ബിരുദ,ബിരുദാനന്തര കോഴ്‌സുകളിലെ പ്രവേശനം എല്ലാസർവകലാശാലകളിലും ഒരേസമയത്ത് പൂർത്തിയാക്കണം. കാലിക്കറ്റിൽ ആകെയുള്ള മൂന്നുലക്ഷം കുട്ടികളിൽ രണ്ടരലക്ഷവും ബിരുദകോഴ്‌സുകളിലാണ്. കേരളയിൽ ഒരുലക്ഷത്തോളം കുട്ടികൾക്കായി പതിനായിരത്തിലേറെ പരീക്ഷയാണ് എല്ലാവർഷവും നടത്തുന്നത്. അഞ്ചുകോടിയിലധികം രൂപയാണ് പരീക്ഷാനടത്തിപ്പിനുള്ള ചെലവ്. പരീക്ഷാനടത്തിപ്പിൽ സർവകലാശാലകളുടെ ഭാരംകുറയ്ക്കാൻ ക്രിയാത്മകമായ നിർദ്ദേശങ്ങൾ ഗവർണർ പരിഗണിക്കുന്നതായാണ് അറിയുന്നത്.

ചട്ടങ്ങൾക്ക് വിരുദ്ധമായി സിൻഡിക്കേറ്റ് കൈക്കൊള്ളുന്ന തീരുമാനങ്ങൾ നടപ്പാക്കേണ്ടതില്ല. എല്ലാം ചാൻസലർക്ക് റിപ്പോർട്ട് ചെയ്യാനും വി സിമാർക്ക് നിർദ്ദേശം ഉണ്ട്. സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടൽ കുറയ്ക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സർവകലാശാലകളുടെ സ്വയംവിലയിരുത്തൽ റിപ്പോർട്ട് മൂന്നുമാസത്തിലൊരിക്കൽ ചാൻസലർ അവലോകനംചെയ്യും. കേരളാ സർവ്വകലാശാലയിലൊഴികെ മിക്കയിടത്തും രണ്ട്മാസത്തിലൊരിക്കലാണ് സിൻഡിക്കേറ്റ് ചേരുന്നത്. അതിനാൽ എല്ലാ സിൻഡിക്കേറ്റ് യോഗങ്ങളിലേയും തീരുമാനങ്ങൾ ഗവർണർ പരിശോധിക്കാനും സാഹചര്യമൊരുങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP