Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സ്വാശ്രയമേഖലയ്ക്ക് തടിച്ചുകൊഴുക്കാൻ സർക്കാരിന്റെ താങ്ങ്; പ്രവേശന പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ലഭിച്ചാലും എൻജിനിയറിങ്ങിന് അഡ്‌മിഷൻ; പുതിയ മാനദണ്ഡങ്ങൾ പുറത്തിറങ്ങി

തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസലോബിക്ക് ഉന്നതവിദ്യാഭ്യാസത്തെ അടിയറവച്ചുകൊണ്ടുള്ള ഭേദഗതികളോടെ തയ്യാറാക്കിയ നിയമാവലി സർക്കാർ പുറത്തിറക്കി. അടുത്ത കൊല്ലത്തെ മെഡിക്കൽ എൻജിയറിങ് പ്രവേശനത്തിന് സ്വാശ്രയ കോളേജുകൾക്ക് വൻ ഇളവ് അനുവദിച്ചുകൊണ്ടുള്ളതാണ് പുതിയ പ്രോസ്‌പെക്ടസ്‌.

പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് പരീക്ഷ എഴുതിയ എല്ലാവരേയും റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തും. റാങ്ക് പട്ടികയിൽ ഉൾപ്പെടാൻ പ്രവേശന പരീക്ഷയിൽ പത്ത് മാർക്ക് വേണമെന്ന നിബന്ധന സർക്കാർ പിൻവലിച്ചു. ഇതോടെ എൻജിനിയറിങ് പ്രവേശനപരീക്ഷയിൽ വട്ടപ്പൂജ്യമോ നെഗറ്റീവ് മാർക്കോ ലഭിച്ചാലും പ്രവേശനം ലഭിക്കും. ഇതടക്കം സ്വാശ്രയ വിദ്യാഭ്യാസലോബിക്ക് ഉന്നതവിദ്യാഭ്യാസത്തെ അടിയറവച്ചുകൊണ്ടുള്ള ഭേദഗതികളോടെയാണ് സർക്കാർ നിയമാവലി തയ്യാറാക്കിയത്.

ജനുവരി പത്തുമുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഫെബ്രുവരി മൂന്നാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയതി. മാർച്ച് 23 മുതൽ അഡ്‌മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഏപ്രിൽ 20നും 21നും എൻജിനിയറിങ്ങിന്റെയും 22നും 23നും മെഡിക്കലിന്റെയും പരീക്ഷകൾ നടക്കും.

പൂജ്യം മാർക്കോ അതിന് താഴെ നെഗറ്റീവ് മാർക്കോ ലഭിച്ചാലും +2വിന് നിശ്ചിത ശതമാനം മാർക്കുണ്ടെങ്കിൽ പ്രവേശനം നേടാം. എൻജിനിയറിങ്ങിൽ +2 നിശ്ചിത മാർക്ക് നിബന്ധനയിലും ഇളവ് വരുത്തി. സംസ്ഥാനത്തെ എൻജിനിയറിങ് കോളേജുകളിൽ കാൽലക്ഷത്തിലധികം സീറ്റ് ഒഴിഞ്ഞുകിടക്കുന്നതിന് പരിഹാരം എന്നനിലയിൽ സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷൻ മുന്നോട്ടുവച്ച നിർദേശങ്ങൾ മുഴുവൻ സർക്കാർ അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞവർഷം 45 ശതമാനംപേർ പ്രവേശനപരീക്ഷയിലോ യോഗ്യതാപരീക്ഷയിലോ നിശ്ചിത ശതമാനം മാർക്കില്ലാത്തതിന്റെ പേരിൽ പുറത്തായി. ഇങ്ങനെ പുറത്താകുന്നവരിൽ പകുതിപ്പേർകൂടി ഇത്തവണ റാങ്ക്‌ലിസ്റ്റിൽ ഇടംനേടും.

സ്വാശ്രയ എൻജിനിയറിങ് കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റിലെ പ്രവേശനത്തിനും അടിസ്ഥാന യോഗ്യതാപരീക്ഷ (+2) മാർക്കിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇവർക്ക് കണക്കിന് 45 ശതമാനവും ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നിവയ്ക്ക് മൊത്തത്തിൽ 45 ശതമാനവും മാർക്കുണ്ടായാൽ മതി. എന്നാൽ, സർക്കാർ സീറ്റിലെ പ്രവേശനയോഗ്യതയിൽ മാറ്റമില്ല. ഇവർക്ക് കണക്കിന് 50 ശതമാനവും ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നിവയ്ക്ക് മൊത്തത്തിൽ 50 ശതമാനവും മാർക്ക് വേണം.

പ്രവേശനപരീക്ഷയിൽ മാർക്ക് എത്ര കുറഞ്ഞാലും യോഗ്യതാപരീക്ഷയിൽ നിശ്ചിത ശതമാനം മാർക്ക് നേടുന്നവർ റാങ്ക് പട്ടികയിൽ കയറും. നെഗറ്റീവ് മാർക്കുകാരെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തുമെങ്കിലും മൂല്യനിർണയത്തിൽ തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് സമ്പ്രദായം എടുത്തുകളയില്ല. എംബിബിഎസ് പ്രവേശനത്തിന് ജനറൽ വിഭാഗത്തിൽ പ്രവേശനപരീക്ഷയ്ക്കും യോഗ്യതാപരീക്ഷയ്ക്കും 50 ശതമാനം മാർക്ക് വേണമെന്ന വ്യവസ്ഥ മാറ്റമില്ലാതെ തുടരും. 50 ശതമാനം മാർക്ക് വേണമെന്നതാണ് മെഡിക്കൽ, ഡെന്റൽ കൗൺസിലുകളുടെ നിബന്ധന. സംവരണവിഭാഗങ്ങൾക്കുള്ള ഇളവുകളും തുടരും. പ്രവേശനപരീക്ഷയിൽ മാർക്ക് മാനദണ്ഡം ഒഴിവാക്കിയ ഇളവ് മറ്റു മെഡിക്കൽ കോഴ്‌സുകൾക്കും ബാധകമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP