Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണക്കിലെ കൊച്ചു തമ്പുരാനായി ഒരു മലയാളി പയ്യൻ; ചെറുപ്രായത്തിൽ 'ബ്രിട്ടനിലെ എസ്എസ്എൽസി' പരീക്ഷയെഴുതി കണക്കിന് എ സ്റ്റാർ വാങ്ങി വിജയിച്ച നൈജലിന്റെ അവിശ്വസനീയ കഥ

കണക്കിലെ കൊച്ചു തമ്പുരാനായി ഒരു മലയാളി പയ്യൻ; ചെറുപ്രായത്തിൽ 'ബ്രിട്ടനിലെ എസ്എസ്എൽസി' പരീക്ഷയെഴുതി കണക്കിന് എ സ്റ്റാർ വാങ്ങി വിജയിച്ച നൈജലിന്റെ അവിശ്വസനീയ കഥ

കെ ആർ ഷൈജുമോൻ

ലണ്ടൻ: കുട്ടികൾ വലിയ സ്വപ്‌നങ്ങൾ കാണണം എന്നത് എക്കാലവും മഹാനായ അബ്ദുൾ കലാമിന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു. ഒരു പക്ഷെ ഇന്നദ്ദേഹം ജീവിച്ചിരുന്നെങ്കിൽ അതിരുകളില്ലാത്ത സ്വപ്നം കാണുന്ന ചെംസ്‌ഫോഡിലെ മലയാളി പയ്യനെ തേടി അദ്ദേഹത്തിന്റെ സന്ദേശം എത്തിയേനെ. കാരണം കണക്കിന്റെ കൊച്ചു തമ്പുരാനായി വിശേഷിപ്പിക്കാവുന്ന നൈജിൽ ജേക്കബ് ഇപ്പോൾ സ്വപ്നം കാണുന്നത് സമപ്രായക്കാരായ മറ്റു കുട്ടികളെ പോലെ കിന്റൽ പ്ലേ സ്റ്റേഷനോ ഐ പാഡോ ഒന്നുമല്ല, മറിച്ചു ഈ കുരുന്നു മിടുക്കന് ലോകം കണ്ട എക്കാലത്തെയും പ്രഗൽഭനായ ശാസ്ത്രജ്ഞൻ ഐൻസ്റ്റീനെ പോലെ ആകണം എന്നാണ്. ചുമ്മാ, വീമ്പു പറയാൻ വേണ്ടി നൈജിൽ തട്ടി വിടുന്നതാണ് എന്ന് കരുതാൻ വരട്ടെ. അറിയുക, നൈജിലിനു പ്രായം വെറും 9. ഏഴു വർഷം കഴിഞ്ഞു മാത്രം എഴുതേണ്ട ജിസിഎസ്ഇ പരീക്ഷ(കേരളത്തിലെ എസ്എസ്എൽസി പരീക്ഷയ്ക്ക് സമം) ഇപ്പോഴേ എഴുതി എ സ്റ്റാർ സ്വന്തമാക്കിയ പ്രതിഭ ഐൻസ്റ്റീനെ പോലെ ആകണം എന്ന് സ്വപ്നം കണ്ടില്ലെങ്കിലേ അതിശയിക്കേണ്ടൂ. ബ്രിട്ടണിലെ സമപ്രായക്കാരായ മിടുക്കരുടെ മുന്നിൽ മിടുമിടുക്കൻ എന്ന വിശേഷണത്തോടെ നൈജിൽ കടന്നു വരുമ്പോൾ നൂറു കണക്കിന് മലയാളി കുട്ടികളിൽ പ്രചോദനം നിറയാൻ കാരണമാകട്ടെ എന്നാണ് ഈ കൊച്ചു ബുദ്ധി രാക്ഷസന്റെ മാതാപിതാക്കൾ ആഗ്രഹിക്കുന്നത്.

ചെറു പ്രായത്തിൽ തന്നെ നൈജിലിന്റെ കണക്കിനോടുള്ള പ്രിയം മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു. പ്രത്യേക ട്യൂഷൻ ഒന്നും ഇല്ലാതെ വീട്ടിൽ തന്നെ അമ്മയുടെ സഹായതോടെയാണ് നൈജിൽ കണക്കിന്റെ ചവിട്ടു പടികളിൽ പിച്ച വച്ചത്. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്ക് തുല്ല്യമായ ചോദ്യങ്ങളോട് നൈജിൽ ശരിയായ രീതിയിൽ ഉത്തരം പറയുന്നുണ്ട് എന്ന് ക്ലാസ് ടീച്ചർ സൂചിപ്പിച്ചത് മുതലാണ് കുട്ടിയുടെ പ്രത്യേക കഴിവ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഇന്റർനെറ്റ് സഹായത്തോടെ മുതിർന്ന ക്ലാസുകളിലെ കണക്കിനോട് നൈജിൽ സ്വയം കൂട്ട് കൂടി തുടങ്ങി. ഈ ഘട്ടത്തിൽ അവിചാരിതമായാണ് ജിസിഎസ്ഇ പരീക്ഷ ചോദ്യങ്ങൾ നൈജിലിനു വീണു കിട്ടുന്നത്. പരീക്ഷണം എന്ന നിലയിൽ ചെയ്തു നോക്കിയപ്പോൾ 98% സ്‌കോർ ലഭിച്ചു. ഇതോടെ നിരന്തര പരിശീലനം തുടങ്ങി. ഒടുവിൽ പരീക്ഷ എഴുതിയപ്പോൾ വമ്പൻ വിജയവും.

ഇയ്യിടെ ചെംസ്‌ഫോടിൽ താമസം തുടങ്ങിയ നൈജിൽ കൊല്ലം അഞ്ചൽ സ്വദേശി അരുൺ ജേക്കബിന്റെയും ഹെന്ന ജോർജിന്റെയും മകനാണ്. നേരത്തെ മിൽറ്റൻ കേയ്ൻസിൽ താമസിച്ചിരുന്ന ഇവർ പിന്നീട് കേംബ്രിഡ്ജിലേക്ക് താമസം മാറിയിരുന്നു. ഇവിടെ താമസ്സിക്കുമ്പോൾ ഡിട്ടാൻ ലോഡ്ജ് പ്രൈമറി സ്‌കൂളിൽ പഠിക്കുമ്പോഴാണ് നൈജിലിനു അഭിമാനർഹമായ വിജയനേട്ടം സ്വന്തമാകുന്നത്. നൈജിൽ ചേട്ടന്മാരെയും ചേച്ചിമാരെയും തോൽപ്പിക്കുന്ന ജിസിഎസ്ഇ വിജയം സ്വന്തമാക്കുന്നത് നാല് മാസം മുൻപാണ്. എന്നാൽ ഏറെ അതിശയിപ്പിക്കുന്ന ഈ വിജയം പുറം ലോകം കാര്യമായി ഇതുവരെ അറിഞ്ഞിട്ടില്ല. അടുത്തിടെ അവിചാരിതമായി ബ്രിട്ടീഷ് മലയാളിയുടെ പഴയ പേജുകൾ കണ്ണിൽ പെട്ടപ്പോഴാണ് നൈജിലിന്റെ മാതാപിതാക്കൾക്ക് മകന്റെ നേട്ടം പ്രസിദ്ധീകരിക്കാൻ അർഹത ഉള്ള വിജയം ആണെന്ന് പോലും തോന്നിയത്. ഈ പ്രായത്തിൽ മറ്റു കുട്ടികൾ ഇത്തരം വിജയം നേടിയിട്ടുണ്ടാകുമോ എന്ന സന്ദേഹവും ഉള്ളതിനാൽ മകന്റെ വിജയ വാർത്ത കാര്യമായി പുറത്തു പറഞ്ഞില്ലെന്നു മാത്രം. എന്നാൽ ബ്രിട്ടീഷ് മലയാളിക്ക് ഈ പ്രായത്തിൽ ജിസിഎസ്ഇ വിജയം കണ്ടെത്തിയ മറ്റൊരു വിദ്യാർത്ഥിയെ ഇതുവരെ വാർത്തയായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത.

അതിനിടെ നൈജിലിന്റെ കണക്ക് വഴികളിൽ മുത്തച്ഛനും അമ്മയും തന്നെയാകാം വഴി കാട്ടികൾ ആയി മാറുന്നത്. അഞ്ചൽ സെന്റ് ജോൺസ് കോളേജിലെ ഇക്കണോമിക്‌സ് പ്രൊഫസർ ആണ് മുത്തച്ഛൻ ചാക്കോ മുതലാളി. അമ്മ ഹെന്നയുടെ ബിരുദ വിഷയം തന്നെ കണക്കാണ്. ഐടി രംഗത്തെ വിദഗ്ദ്ധനാണ് അച്ഛൻ അരുൺ ജേക്കബ്. ഇപ്പോൾ ലണ്ടനിലെ ഐടി കമ്പനിക്ക് വേണ്ടി ജോലി ചെയ്യുകയാണ് അരുൺ ജേക്കബ്. മകന്റെ കണക്ക് പ്രേമത്തിൽ താൽപ്പര്യം തോന്നി അമ്മ ഹെന്നയും ഇപ്പോൾ മറ്റു മലയാളി കുട്ടികൾക്ക് കണക്കു പറഞ്ഞു കൊടുക്കുന്നതിന് ഒരു ട്യൂഷൻ സെന്റർ തന്നെ തുടങ്ങിയിരിക്കുകയാണ്. എംസിഎ ബിരുദ ധാരിയായ ഹെന്ന തനിക്കു കഴിയും വിധം മറ്റു കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്യൂഷൻ സെന്റർ നടത്തുന്നത്. ബിസിനസ് ആയി വിപുലീകരിക്കാൻ തൽക്കാലം പദ്ധതി ഇല്ലെന്നും ഹെന്ന പറയുന്നു.

നൈജിലെ പോലെ ചെറു പ്രായത്തിൽ കുട്ടികൾ ജിസിഎസ്ഇ പോലുള്ള ഉയർന്ന പരീക്ഷകൾ എഴുതുന്നത് സർക്കാർ നിർത്തലാക്കുന്നത് പരിഗണിക്കവെയാണ് ഈ വിജയം എത്തിയിരിക്കുന്നത് എന്നത് കൂടുതൽ ശ്രദ്ധ നേടുന്നു. നൈജിൽ നേടിയ വിജയം ജിസിഎസ്ഇ പരീക്ഷ സമയത്ത് കേംബ്രിജിലെ പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുകയും സർക്കാരിന്റെ നയത്തിനെതിരെ ഉള്ള വിജയമായി നൈജിലിന്റെ നേട്ടം ഉയർത്തിക്കാട്ടുകയും ചെയ്തിരുന്നു. കഴിഞ്ഞ 10 വർഷത്തോളമായി യുകെയിൽ കഴിയുന്ന അരുൺ ഹെന്ന ദമ്പതികൾക്ക് നാലാം ക്ലാസിൽ പഠിക്കുന്ന നവോമി ജേക്കബ് എന്ന മറ്റൊരു കുട്ടി കൂടിയുണ്ട്. ചെംസ്‌ഫോർഡ് മൗൽഷം ജൂണിയർ സ്‌കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് നൈജിൽ ഇപ്പോൾ. കണക്കിനൊപ്പം വായനയും കൂട്ടിനുള്ള നൈജിൽ ഐൻസ്റ്റീനെ ഏറെ ഇഷ്ടപ്പെടുന്ന പോലെ റോക്കറ്റ് എൻജിനീയറിങ് പോലെ ഏതെങ്കിലും വിഷയം ഭാവിയിൽ തിരഞ്ഞെടുക്കണം എന്ന ഇഷ്ടത്തോടെയാണ് കണക്കിനോട് ഇപ്പോൾ കൂടുതലായും കൂട്ട് കൂടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP