Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രേണു റാങ്ക് നേടിയത് മലയാളം പഠിച്ച്; സർക്കാർ ചതിച്ചപ്പോൾ പഠനം തുടർന്നത് പട്ടിണി കിടന്ന്; ഐഎഎസിലെ രണ്ടാം റാങ്കുകാരിയുടെ വിജയകഥ സാധാരണക്കാരനും മാതൃക നൽകുന്നത്

രേണു റാങ്ക് നേടിയത് മലയാളം പഠിച്ച്; സർക്കാർ ചതിച്ചപ്പോൾ പഠനം തുടർന്നത് പട്ടിണി കിടന്ന്; ഐഎഎസിലെ രണ്ടാം റാങ്കുകാരിയുടെ വിജയകഥ സാധാരണക്കാരനും മാതൃക നൽകുന്നത്

എഎസിന് രണ്ടാം റാങ്ക്നേടിയ ചങ്ങനാശേരിക്കാരി ഡോ. രേണുരാജിന്റെ വിജയകഥ ഏത് സാധാരണക്കാരനും മാതൃകയാക്കാവുന്നതാണ്. ഐഎഎസിൽ ഓപ്ഷണൽ സബ്ജക്ടായി പലരും മാതൃഭാഷയായ മലയാളത്തെ തിരഞ്ഞെടുക്കാൻ മടിക്കുമ്പോൾ രേണു മലയാളം പഠിച്ചാണ് ഐഎഎസിൽ വിജയം കൊയ്തത്. ബി.എ മലയാളം പാസായ അമ്മ വി എം. ലതയിൽനിന്നാണ് രേണു മലയാളം പഠിച്ചത്. സിവിൽ സർവീസിൽ ഓപ്ഷണൽ സബ്ജക്ടായി മലയാളം തിരഞ്ഞെടുക്കാനും രേണുവിന് പ്രചോദനം ആയത് അമ്മ തന്നെ. അമ്മയെ മനസിൽ കണ്ട് അമ്മ സഹായിക്കുമല്ലോ എന്നോർത്താണ് രേണു മലയാളം തെരെഞ്ഞെടുത്തത്. അത് നൂറുശതമാനം ശരിയായ തീരുമാനവുമായി.

പട്ടിണി കിടന്നും പഠിക്കാൻ പോകുമ്പോൾ വെള്ളം മാത്രം കുടിച്ചുമാണ് രേണു ഐഎഎസിന് പ്രിപ്പയർ ചെയ്തതെന്ന് അറിയുമ്പോൾ മനസിലാകും രേണുവിന്റെ വിജയത്തിന് പത്തരമാറ്റ് തിളക്കമുണ്ടെന്ന്. ആദ്യ ശ്രമത്തിൽ തന്നെ രണ്ടാം റാങ്ക് നേടിയ രേണുവിന് ഇനിയും തന്റെ വിസ്മയിപ്പിക്കുന്ന വിജയം വിശ്വസിക്കാനായിട്ടില്ല. റാങ്ക് ലിസ്റ്റിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും രണ്ടാം റാങ്ക് ലഭിക്കുമെന്ന് സ്വപ്നത്തിൽപോലും വിചാരിച്ചിരുന്നില്ലെന്നും രേണു പറയുന്നു. വിജയത്തിന്റെ ക്രെഡിറ്റ് രേണു നൽകുന്നത് ഒപ്പം തുണയായി നിന്ന മാതാപിതാക്കൾക്കും ഐഎഎസിന് പ്രോൽസാഹനം നൽകിയ ഭർത്താവ് ഭഗതിനുമാണ്.

വൈലോപ്പിള്ളി സംസ്‌കൃതിഭവൻ ജംഗ്ഷനിലെ വാടകവീട്ടിലാണ് രേണുവും മാതാപിതാക്കളും കഴിയുന്നത്. രേണുവിന് ഐഎഎസ് പരിശീലിക്കാനായിട്ടാണ് മാതാപിതാക്കൾ തിരുവനന്തപുരത്ത് വാടകവീടെടുത്ത് താമസം തുടങ്ങിയത്. ചങ്ങനാശ്ശേരി മലകുന്നം ശ്രീശൈലത്തിൽ കെ.എസ്.ആർ.ടി.സി ഡി.ടി.ഒ ആയി വിരമിച്ച ആളാണ് രേണുവിന്റെ പിതാവ് എം.കെ. രാജകുമാരൻ നായർ.

രേണുവിന് സ്‌കൂൾതലം മുതലേ സിവിൽ സർവീസായിരുന്നു സ്വപ്നം. വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്‌കൂളിൽ നിന്ന് പത്താം റാങ്കോടെയാണ് രേണു എസ്.എസ്.എൽ.സി പാസായത്. തൃശൂർ സേക്രട്ട്ഹാർട്ട് കോൺവെന്റിൽ പ്‌ളസ്ടു. ഒപ്പം മെഡിക്കൽ എൻട്രൻസ് പരിശീലനവും. 60ാം റാങ്ക് നേടി എം.ബി.ബി.എസിന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി. 2013 ൽ ഹൗസ് സർജൻസി പൂർത്തിയാക്കിയതോടെ കോളേജിൽ സീനിയറായിരുന്ന കൊട്ടാരക്കര സ്വദേശി ഡോ. ഭഗത്തുമായി വിവാഹം. കൊല്ലം കല്ലുവാതുക്കൽ ഇ.എസ്.ഐ ആശുപത്രിയിൽ ഡോക്ടറായി പ്രവേശിച്ചു. രേണുവിന്റെ സിവിൽ സർവീസ് സ്വപ്നം വീണ്ടും ഉണർത്തിയത് ഭഗത്താണ്.

ഭഗതിന്റെ പ്രോൽസാഹനം കൊണ്ടാണ് ജോലിക്ക് താൽകാലിക വിരാമം നൽകി രേണു ഐഎഎസിന് പഠിച്ചത്. ഒന്നരവർഷമാണ് പരീക്ഷയ്ക്കായി രേണു തയ്യാറെടുത്തത്. ദിവസവും രാവിലെ എട്ടു മുതൽ രാത്രി 12വരെ പഠനം. തിരുവനന്തപുരത്തെ സിവിൽസർവീസ് അക്കാഡമി, എൻ.എസ്.എസ് അക്കാഡമി ഫൊർ സിവിൽ സർവീസ്, പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു പരിശീലനം. കൃത്യമായ പത്രവായനയും ചിട്ടയോടെയുള്ള പഠനവും രേണുവിനെ വിജയത്തിന് കാരണമായി.

തിരുവനന്തപുരത്ത് താമസമാരംഭിച്ചെങ്കിലും രേണുവിന്റെ അച്ഛൻ രാജകുമാരൻ നായർക്ക് കെഎസ്ആർടിസി പെൻഷൻ മുടങ്ങിയത് ഈ കുടുംബത്തെ വല്ലാതെ വലച്ചു. പൊൻകുന്നം ഡിപ്പോയിൽ ഡി.ടി.ഒ ആയിരിക്കെ രണ്ടുവർഷം മുമ്പാണ് വിരമിച്ചത്. തിരുവനന്തപുരത്ത് താമസം തുടങ്ങി രണ്ടാം മാസം മുതൽ പെൻഷൻ മുടങ്ങി. വീട്ടുവാടക കൊടുക്കാനും രേണുവിന്റെ പഠന ചെലവിനും നന്നേ ബുദ്ധിമുട്ടി. ചില ദിവസങ്ങളിൽ പട്ടിണി കിടന്നാണ് രേണു ക്‌ളാസിന് പോയത്. ജോലി താൽകാലികമായി ഉപേക്ഷിച്ചതും ഭർത്താവ് ഭഗത് മംഗലാപുരത്ത് ഓർത്തോപീഡിക്‌സിൽ പി.ജി ചെയ്യുകയാണെന്നതും പണത്തിനുള്ള ഞെരുക്കം കൂട്ടി.

തുടർച്ചയായി ഫീസ് മുടങ്ങിയതിനാൽ കൊച്ചി മെഡിക്കൽ കോളേജിൽ നാലാംവർഷ വിദ്യാർത്ഥിയായ രേണുവിന്റെ അനുജത്തി രമ്യാരാജിനെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി. അവളെ കാണാൻപോകാൻ പോലും പൈസയില്ലാതെ കഷ്ടപ്പെട്ടു. പെൻഷൻ നൽകണമെന്നാവശ്യപ്പെട്ട് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും വി എം സുധീരനും വി എസ്. അച്യുതാനന്ദനും നിവേദനം നൽകി. എന്നിട്ടും ഫലമുണ്ടായില്ല രാജകുമാരൻനായർ പറഞ്ഞു.

അനുഭവിച്ച കഷ്ടപാടുകൾക്ക് ദൈവം പ്രതിഫലം തന്ന സന്തോഷത്തിലാണ് ഇപ്പോൾ രേണുവിന്റെ കുടുംബം മുഴുവൻ. കേരള കേഡറിനാണ് രേണുരാജ് പ്രഥമ പരിഗണന നൽകിയിരിക്കുന്നത്. സമൂഹത്തിന് നന്മ ചെയ്യുകയാണ് ലക്ഷ്യം. വ്യക്തിത്വവും മനോഭാവവുമാണ് ഇന്റർവ്യൂ ബോർഡ് വിലയിരുത്തിയതെന്ന് രേണു പറഞ്ഞു.ഇച്ഛാശക്തിയുണ്ടെങ്കിൽ ഐഎഎസ് ആർക്കും നേടാമെന്നാണ് രേണുവിന്റെ പക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP