Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുബായിൽ നിന്നും വിനോദ് എത്തിയത് ആൻസിയെ മിന്നു കെട്ടി കൊണ്ടു പോകാൻ; മാതാവിന് നന്ദി പറയാൻ നടത്തിയ യാത്ര ദുരന്തമായി: വിവാഹത്തിന്റെ ആറാം നാൾ മരണത്തിന് കീഴടങ്ങിയ ദമ്പതികളെ ഓർത്ത് കണ്ണീരൊഴുക്കാൻ ഇനിയാരുണ്ട് ബാക്കി?

ദുബായിൽ നിന്നും വിനോദ് എത്തിയത് ആൻസിയെ മിന്നു കെട്ടി കൊണ്ടു പോകാൻ; മാതാവിന് നന്ദി പറയാൻ നടത്തിയ യാത്ര ദുരന്തമായി: വിവാഹത്തിന്റെ ആറാം നാൾ മരണത്തിന് കീഴടങ്ങിയ ദമ്പതികളെ ഓർത്ത് കണ്ണീരൊഴുക്കാൻ ഇനിയാരുണ്ട് ബാക്കി?

തിരുവനന്തപുരം: ഇന്നത്തെ പത്രങ്ങൾ കണ്ട് കണ്ണു നിറയാത്ത ആരെങ്കിലും ഉണ്ടെങ്കിൽ അവർ മനുഷ്യരായിരിക്കില്ല. വിനോദിന്റെയും ആൻസിയുടെയും മരണം. വിവാഹം കഴിഞ്ഞു ആദ്യമായി ഒരുമിച്ച് നടത്തിയ യാത്രയിൽ മഹാ ദുരന്തമായി മരണം കൈപിടിച്ചു കൊണ്ടു പോയ ഈ ദമ്പതികൾ ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമല്ല മനസാക്ഷിയുള്ള എല്ലാവരെയും കരയിപ്പിക്കുകയാണ്. ദുബായിലേക്ക് മടങ്ങുമ്പോൾ കൂടെ കൊണ്ടു പോകാൻ ദൈവം കൈപിടിച്ചു നൽകിയ സമ്മാനത്തിന് നന്ദി പറയാൻ ആണ് ഇരുവരും വേളാങ്കണ്ണിക്ക് പോയത്. എന്നാൽ ഇരുവരെയും ദൈവം വിധിക്ക് വിട്ടു കൊടുക്കാതെ നേരത്തെ വിളിക്കുക ആയിരുന്നു.

മിന്നുകെട്ടു നടന്നതിന്റെ ആറാംനാളിലാണ് ഉറ്റവരെ കണ്ണീരിലാഴ്‌ത്തി ഇരുവരും പോയത്. വലിയതുറ വലിയതോപ്പിൽ ലീലാകോട്ടേജിൽ ലോറൻസിന്റെയും ലീലാലോറൻസിന്റെയും മകൻ വിനോദ് ലോറൻസും(29) ഫാത്തിമാ മാതാ പള്ളിക്കു സമീപം കൊച്ചുതോപ്പ് ആൻസി ഹൗസിൽ ബാസ്റ്റിന്മേരി ബാസ്റ്റിൻ ദമ്പതികളുടെ മകൾ ആൻസി ബാസ്റ്രിനും (26) ജനുവരി രണ്ടിനാണ് വിവാഹിതരായത്. നേരത്തെ പരിചയക്കാരാണ് ഇരുവീട്ടുകാരും. ആദ്യം കുവൈറ്റിൽ ജോലിചെയ്തിരുന്ന വിനോദ് രണ്ടുവർഷം മുമ്പാണ് ദുബായിലേക്കു മാറിയത്. അഞ്ചിനു വൈകിട്ട് തിരുവനന്തപുരത്തു നിന്നു തിരിച്ച ഇവർ പിറ്റേന്നു വേളാങ്കണ്ണി പള്ളിയിൽ കുർബാനയിൽ പങ്കെടുത്തു കാണിക്കയർപ്പിച്ചു. മടക്കയാത്രയിലാണു ദുരന്തമെത്തിയത്.

ഗൾഫിൽ മെക്കാനിക്കൽ എൻജിനീയറായ വിനോദ് ഡിസംബർ 23നാണ് ഒന്നര മാസത്തെ അവധിയെടുത്തു വിവാഹത്തിനായി നാട്ടിലെത്തിയത്. ദുബായിൽ നിന്നുള്ള ആദ്യ അവധിയിൽ വിവാഹം നടത്തുകയായിരുന്നു. അനന്തപുരി ആശുപത്രിയിൽ നഴ്‌സാണ് ആൻസി. വിവാഹത്തിന് ശേഷമുള്ള ആദ്യ യാത്ര വേളാങ്കണ്ണിക്കെന്നതും മുൻകൂട്ടി തീരുമാനിച്ചതാണ്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് ഇരുവരും യാത്ര തിരിച്ചത്. വ്യാഴാഴ്ച രാത്രിയിൽ സഹോദരനുമായി വിനോദ് ഫോണിൽ സംസാരിച്ചപ്പോൾ രാവിലെ എത്തുമെന്നാണ് പറഞ്ഞത്. എന്നാൽ അറിഞ്ഞത് ദുരന്തവാർത്തയും. വേളാങ്കണ്ണിയിലേക്ക് ട്രെയിനിൽ പോയ ഇവർ തിരികെ വരാൻ ബസ് ബുക്ക് ചെയ്യുകയായിരുന്നു. ആ യാത്രയാണ് ഇരുവരേയും മരണത്തിൽ ഒന്നിക്കാൻ തള്ളിവിട്ടത്. അപകടത്തിൽ മരിച്ച അഞ്ചു മലയാളികളിൽ അവസാനമാണ് ഇവരെ തിരിച്ചറിയാനായത്.

തിരുനൽവേലി അപകടത്തിൽ മരിച്ച ആൻസിയെ ആദ്യം തന്നെ തിരിച്ചറിഞ്ഞെങ്കിലും വിനോദിനെ തിരിച്ചറിയാൻ വൈകി. അപകടസ്ഥലത്തുതന്നെ മരിച്ച ഇവരെ തിരിച്ചറിയാൻ ബന്ധുക്കൾ ബുദ്ധിമുട്ടി. ആൻസിയുടെ കൈയിലെ വിവാഹ മോതിരം കണ്ട് സഹോദരനാണ് ആദ്യം ആൻസിയെ തിരിച്ചറിഞ്ഞത്. എന്നാൽ വിനോദിനെ തിരിച്ചറിയാൻ പിന്നെയും വൈകി. തിരിച്ചറിയാനാകാത്തവിധം വികൃതമായിരുന്നു വിനോദിന്റെ മുഖം. വിനോദിന്റെ കൈയിലെ മോതിരത്തിൽ കൊത്തിയ ആൻസിയുടെ പേരാണ് വിനോദിനെ തിരിച്ചറിയാൻ ഇടയാക്കിയത്.

ഇന്നലെ വൈകിട്ട് 7 മണിയോടെ ഇരുവരുടെയും മൃതദേഹങ്ങൾ ആംബുലൻസിൽ വലിയതുറയിൽ എത്തിച്ച ശേഷം രണ്ടുപേരുടെയും വീടുകളിൽ പൊതു ദർശനത്തിന് വച്ചു. 7.30 ഓടെ ഫാത്തിമാ മാതാ പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം സംസ്‌കരിച്ചു. ആറു ദിവസം മുമ്പ് മിന്നുകെട്ടിയ അതേ പള്ളിയിലാണ് അന്ത്യകർമ്മങ്ങളും നടന്നത്. ശനിയാഴ്ച വധു വരന്മാരായി പള്ളിയിലെത്തിയപ്പോൾ ഇവരുടെ പുഞ്ചിര കണ്ട ബന്ധുക്കൾക്ക് താങ്ങാനാവുന്നതായിരുന്നില്ല ഇത്. അതുകൊണ്ട് തന്നെ വലിയ തുറ ഫാത്തിമമാതാ ദേവാലയത്തിലെ കാഴ്ചകൾ കണ്ണീരിൽ നിറഞ്ഞതായി.

വനീത് ലോറൻസ്, സ്വീറ്റി എന്നിവരാണ് വിനോദിന്റെ സഹോദരങ്ങൾ. ആശാ ബാസ്റ്റിൻ, അരുൺ ബാസ്റ്രിൻ എന്നിവർ ആൻസിയുടെ സഹോദരങ്ങൾ. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി വി എസ്.ശിവകുമാർ എന്നിവർക്കു വേണ്ടി റീത്ത് സമർപ്പിച്ചു.മുൻ മന്ത്രി വി.സുരേന്ദ്രൻപിള്ള, കൗൺസിലർമാരായ ബീമാപള്ളി റഷീദ്, ഷീബാ പാട്രിക്,ജില്ലാ കളക്ടർ ബിജു പ്രഭാകർ, സിപിഐ(എം) ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP