Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രേംനസീർ മുതൽ മോഹൻലാൽ വരെയുള്ളവർക്കൊപ്പം മദ്യപിച്ച ബാലണ്ണൻ; എകെജിയുടെ മതിലുചാട്ടം ഒപ്പിയെടുത്ത ഫോട്ടോഗ്രാഫർ; പട്ടണപ്രവേശത്തിലെ ചിരിരീർത്ത പക്ഷിനിരീക്ഷകൻ; ആർക്കും മറക്കാനാവാത്ത എൻ എൽ ബാലകൃഷ്ണൻ

പ്രേംനസീർ മുതൽ മോഹൻലാൽ വരെയുള്ളവർക്കൊപ്പം മദ്യപിച്ച ബാലണ്ണൻ; എകെജിയുടെ മതിലുചാട്ടം ഒപ്പിയെടുത്ത ഫോട്ടോഗ്രാഫർ; പട്ടണപ്രവേശത്തിലെ ചിരിരീർത്ത പക്ഷിനിരീക്ഷകൻ; ആർക്കും മറക്കാനാവാത്ത എൻ എൽ ബാലകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

വെറുമൊരു സ്റ്റിൽ ക്യമാറമാനോ അഭിനേതാവോ മാത്രമായിരുന്നില്ല എൻ എൽ ബാലകൃഷ്ണൻ. പരിചയപ്പെട്ടവർക്കെല്ലാം ബാലേട്ടനായിരുന്നു ഈ തടിയൻ. ശരീരത്തിന്റെ വലിപ്പത്തിനൊപ്പം മനസിൽ നന്മ സൂക്ഷിച്ച വ്യക്തിയെന്ന് മലയാള സിനിമാ ലോകം വിശേഷിപ്പിച്ച പ്രതിഭ. പ്രേംനസീർ മുതൽ മോഹൻലാൽ വരെയുള്ളവർക്കൊപ്പം മദ്യപിച്ചിട്ടുള്ള  മദ്യപാനിയാണ് താനെന്ന് ലജ്ജകൂടാതെ ഉറക്കെ പറയുമായിരുന്നു ബാലണ്ണൻ.

മദ്യപാനികളുടെ അവകാശങ്ങൾക്കായി നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച വ്യക്തിത്വം. റേഷൻ കടകളിലൂടെ കുറഞ്ഞ വിലയ്ക്ക് മദ്യം നൽകണമെന്ന ബാലകൃഷ്ണന്റെ നിവേദനമാണ് പിൽക്കാലത്ത് ബിവറേജസ് കോർപറേഷന് വഴിമരുന്നിട്ടതെന്ന് അദ്ദേഹം നിരവധി അഭിമുഖങ്ങളിൽ അവകാശപ്പെട്ടിരുന്നു. വ്യത്യസ്തമായ അഭിനയരീതികൊണ്ടും നിലപാടുകളുടെ ഗരിമകൊണ്ടും മലയാള സിനിമയിലും പൊതുസമൂഹത്തിലും നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു എൻ.എൽ ബാലകൃഷ്ണൻ.

അതുല്യ സൗഹൃദം മറ്റുള്ളവർക്കായി ഒരുക്കിയ ഈ നടനെ അവസാന നാളുകളിൽ പഴയ ചങ്ങാതിമാർ മറന്നു. മരണത്തിന് ശേഷവും ആരും ബാലണ്ണനെ കാണാൻ എത്തിയില്ല. കൈകൊടുക്കുന്നവരെ മറക്കുന്ന സ്ഥിരം മലയാള സിനിമാ ശൈലി ഈ പ്രതിഭയുടെ കാര്യത്തിലും ആവർത്തിച്ചു. ആരും തിരിഞ്ഞു നോക്കാതെയാണ് ബാലണ്ണനെന്ന മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച സ്റ്റിൽ ഫോട്ടോഗ്രാഫർ യാത്രയാകുന്നത്.

അവസാനനാളുകളിൽ രോഗത്തെ തോൽപ്പിക്കാൻ ബാലണ്ണൻ മദ്യപാനവും നിർത്തി. അതിന് മുമ്പ് ചിലതൊക്കെ പരസ്യമായി പറഞ്ഞു. സിനിമയിലെ പ്രമുഖരുടെ മദ്യപാന ശീലമായിരുന്നു അതിൽ നിറഞ്ഞത്. അതോടെ ചിരിച്ചു കണ്ട പലരുടേയും മുഖം കറുത്തു. സുഹൃത്തുക്കളുടെ എണ്ണവും കുറഞ്ഞു. മോഹൻലാൽ മുതൽ പ്രേംനസീറുമായുള്ള മദ്യപാന കഥകൾ തിരുവനന്തപുരത്ത് നിറഞ്ഞ സദസ്സിൽ ബാലണ്ണൻ അവതരിപ്പിച്ചു. ഇത്രയും കാലത്തിനിടക്ക് എം ടിക്കൊപ്പം മദ്യപിക്കാൻ കഴിയാത്ത നിരാശയും പങ്കുവച്ചു.

'സിനിമയിലും സാഹിത്യത്തിലുമുള്ള ഒരുപാട് പേർക്കൊപ്പം മദ്യപിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ജോൺ എബ്രഹാമുമായി അടുത്തബന്ധമുണ്ടായിരുന്നു. എന്റെ സുഹൃത്തായി വീട്ടിൽ വന്ന ജോൺ പിന്നീട് അച്ഛന്റെ അടുത്ത സുഹൃത്തായി. ഭരതൻ, കെ.പി.കുമാരൻ, കൊട്ടാരക്കര, പി.ജെ.ആന്റണി തുടങ്ങി നിരവധിപേർക്കൊപ്പം കഴിച്ചിട്ടുണ്ടെങ്കിലും എം ടിക്കൊപ്പം മദ്യപിക്കാൻ കഴിഞ്ഞിട്ടില്ല'-ബാലകൃഷ്ണൻ പറഞ്ഞു. മലയാള സിനിമയിലെ പലരുടേയും മദ്യപാനം ഷൂട്ടിംഗിനെ പോലും ബാധിച്ചിട്ടുണ്ടെന്നും ബാലകൃഷ്ണൻ തുറന്നു പറഞ്ഞു. അരവിന്ദേട്ടൻ ആരോടും മിണ്ടാറില്ലെന്ന് പറയുന്നത് ശരിയല്ല. അദ്ദേഹം വളരെ വാചാലനാണ് എന്നാൽ വളരെ കുറച്ച് പേരോട് മാത്രമേ അദ്ദേഹം അങ്ങനെ സംസാരിക്കുന്നത് കേട്ടിട്ടുള്ളൂ. അരവിന്ദൻ ചെയ്ത 11 സിനിമകളുടേയും നിശ്ചല ഛായാഗ്രഹണം നിർവഹിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.

പോക്കുവെയിൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ബാലചന്ദ്രൻ ചുള്ളിക്കാട് അമിതമായി മദ്യപിച്ചതിനെ തുടർന്ന് പിറ്റേന്ന് ഷൂട്ടിങ് നടക്കാതെ പോയിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം ബുദ്ധിസ്റ്റായി. സ്ഫടികം സിനിമയുടെ ഷൂട്ടിംഗിനിടെ നെടുമുടി വേണു മദ്യപിച്ചെത്തിയതും ഷൂട്ടിങ് പിറ്റേന്നത്തേക്ക് മാറ്റിയതും മാതൃഭൂമി ആഴ്ചപതിപ്പിൽ എഴുതിയിരുന്നു. അതിന് നെടുമുടി വേണു കോലാഹലമുണ്ടാക്കി. ഞാൻ ഇന്നുവരെ മമ്മൂട്ടി മദ്യപിച്ച് കണ്ടിട്ടില്ല. നസീർക്കയ്ക്ക് ഒഴിച്ചുകൊടുക്കുക പോലും ചെയ്തിട്ടുണ്ട്. മോഹൻലാലിനൊപ്പം നിരവധി തവണ മദ്യപിച്ചിട്ടുണ്ട്. ഈ പറഞ്ഞതിന് നാളെ ഇവർ വിളിച്ച് ചോദിക്കാൻ സാധ്യതയുണ്ടെന്നും എന്നാൽ സിനിമ ഇനിയുള്ള ഉപജീവന മാർഗ്ഗമായി കരുതാത്തതിനാൽ പേടിയില്ലെന്നും എൻ.എൽ.ബാലകൃഷ്ണൻ പറഞ്ഞു. അതു തന്നെയാണ് സംഭവിച്ചതും. ഈ വാർത്ത പത്രങ്ങളിൽ അടിച്ചു വന്നതോടെ ബാലണ്ണൻ സിനിമാക്കാരുടെ കണ്ണിലെ കരടായി.

ബാലകൃഷ്ണന്റെ ചികിൽസയ്ക്ക് വകയില്ലെന്ന് വന്നതോടെ വാർത്തകൾ എത്തി. അന്ന് താരസംഘടനയായ അമ്മ ഒരു കൈ സഹായം നൽകി. അതൊന്നും ഈ പ്രതിഭയുടെ ജീവതപ്രാബ്ദത്തിന് പോന്നതായിരുന്നില്ല. അപ്പോഴും തന്നെ മറന്ന സിനിമാക്കാരോട് പരാതി പറഞ്ഞില്ല. ക്യാൻസറിന്റെ ആകുലതയുമായി ചികിൽസയിൽ കഴിയവേ ആരോടും പരാതിയില്ലെന്നായിരുന്നു മറുനാടൻ മലയാളിയോട് ബാലകൃഷ്ണൻ പ്രതികിരച്ചത്. ആർക്കെതിരെയും വാർത്ത എഴുതരുതെന്നും വ്യക്തമാക്കി. മദ്യപാന ശീലം നിർത്തിയതിനെ കുറിച്ചും സംസാരിച്ചു. ഇതു തന്നെയാണ് മകനും മറുനാടൻ മലയാളിയോട് പങ്കുവച്ച വികാരം. ആരുടേയും മുന്നിൽ സഹായത്തിനായി തലകുനിക്കാൻ അവസാന നാളുകളിലും ബാലകൃഷ്ണൻ തയ്യാറായിരുന്നില്ല. എങ്കിലും മരണവാർത്തയറിഞ്ഞെങ്കിലും സൂപ്പർ താരങ്ങൾ വീട്ടിലേക്ക് ഒഴുകിയെത്തുമെന്ന് കരുതി. പണ്ട് മദ്യക്കുപ്പികളുമായി ബാലണ്ണന്റെ കുസൃതി തമാശകൾ ആസ്വദിച്ച് മദ്യപിക്കാൻ എത്തിയവരും പൗഡിക്കോണത്തേക്കുള്ള വീട്ടിലെ വഴി മറന്നു.

ആരായിരുന്നു എൻഎൽ ബാലകൃഷ്ണൻ. തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭ. ക്യാമറക്കണ്ണിലൂടെ ബാലകൃഷ്ണൻ നോക്കിയത് ചരിത്രത്തിലേക്കായിരുന്നു. മലയാള പത്രപ്രവർത്തന രംഗത്തെ ആദ്യ ഫോട്ടോ ഗ്രാഫർ. ന്യൂസ് ഫോട്ടോ ജോർണലിസത്തിന്റെ പ്രസക്തി മലയാളിയെ തിരിച്ചറിയിച്ച പ്രതിഭ. ഫ്രൈയിമുകൾ സെറ്റ് ചെയ്ത് ഫോട്ടോ എടുക്കുന്ന ശീലം കുറവായിരുന്നു. അതിനപ്പുറം മുന്നിൽ സംഭവിക്കുന്നത് ചാരുത വിടാതെ ക്യാമറയിൽ ഒപ്പിയെടുത്തു. കേരള കൗമുദിയിലെ ഫോട്ടോഗ്രാഫറെന്ന നിലയിൽ പത്രപ്രവർത്തനത്തിന് പുതിയ പാത വെട്ടി നൽകിയ ശൈലിയായിരുന്നു ബാലകൃഷ്ണന്റേത്. മിച്ച ഭൂമി സമരത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ മുടവൻ മുകൾ കൊട്ടാരത്തിന്റെ മതിൽ എകെജി ചാടിക്കടക്കുന്നത് എൻ എല്ലെന്ന ഫോട്ടോഗ്രാഫർ ക്യാമറയിൽ പകർത്തി. റീ ടേക്കിന് അവസരമില്ലാത്ത അപൂർവ്വ ചിത്രത്തിലൂടെ പത്ര ഫോട്ടോഗ്രാഫി എന്താണെന്ന് ക്യാമറയെ പ്രണയിച്ച പ്രതിഭ തെളിയിച്ചു. കൗമുദിയിൽ നിന്ന് സിനിമയിലേക്ക്. അപ്പോഴും അപൂർവ്വമായി നിമഷങ്ങൾ ഫിലിമിലേക്ക് ആവാഹിക്കാനായിരുന്നു മനസ്സ് പിടിച്ചത്. സൗഹദങ്ങളുടെ അപൂർവ്വതകൾ അങ്ങനെ ബാലേട്ടന്റെ ക്യാമറ ഒപ്പിയെടുത്തു. അരവിന്ദനും അടൂരും ജോൺ എബ്രഹാമും പത്മരാജനുമെല്ലാം ഈ സ്റ്റിൽ ഫോട്ടോഗ്രാഫറുടെ സാധ്യതകൾ സിനിമയ്ക്കായി ഉപയോഗിച്ചു.

തിരുവനന്തപുരത്തുള്ള മെട്രോ സ്റ്റുഡിയോ, ശിവൻസ് സ്റ്റുഡിയോ, രൂപലേഖാ സ്റ്റുഡിയോ, കലാലയാ സ്റ്റുഡിയോ എന്നിവിടങ്ങളിൽ നിന്നും ഫോട്ടോഗ്രാഫി പഠിച്ചു. ബോയിസ് ഔൺ ഓഫ് കേരള എന്ന അനാഥാലയത്തിൽ റവ. ഫാദർ ബ്രാഹാൻസയുടെ കീഴിൽ കുട്ടികൾക്ക് ഫോട്ടോഗ്രാഫിയും, പെയിന്റിംഗും പരിശീലിപ്പിച്ചു. 1968 മുതൽ 1979 വരെ 11 വർഷക്കാലം കേരള കൗമുദി ദിനപത്രത്തിന്റെ തിരുവനന്തപുരം ഓഫീസിൽ സ്റ്റാഫ് ഫോട്ടോഗ്രാഫറായും ജോലി ചെയ്തു. സിനിമയിലെ ഫോട്ടോഗ്രാഫർ ജോലിക്കിടെ ചെറിയ വേഷങ്ങളുമെത്തി. വലിയ ശരീരം തന്നെയാണ് ബാലകൃഷ്ണന്റെ അഭിനയത്തിനുള്ള കരുത്തും. വലിയ ശരീരമുള്ള ചെറിയ മനസ്സുകാരുടെ ഭാവങ്ങൾ ബാലകൃഷ്ണനിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തി. ജനം കൈയടിച്ചു. ഇതോടെ മലയാളിയാകെ ഈ മുഖത്തെ ഇവിടേയും തിരിച്ചറിയാൻ കഴിഞ്ഞു. ഈ അഭിനയ യാത്രകളിലും ക്യാമറ കരുതാൻ ബാലണ്ണൻ മറന്നില്ല. പുതുതലമുറയിലെ പ്രതിഭകൾക്ക് ഫോട്ടോഗ്രാഫിയുടെ തന്ത്രങ്ങൾ പകർന്ന് നൽകിയും മാതൃകയായി. അനുഭവങ്ങളായിരുന്നു ഈ അപൂർവ്വ കലാകാരന്റെ കരുത്ത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP