Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എല്ലു ദ്രവിക്കുന്ന രോഗവും ഓർമ്മക്കുറവും വൃക്കരോഗവും അലട്ടി ഏറെ നാൾ നരകയാതനകളുമായി ജീവിച്ചു; മറുനാടൻ വാർത്തയെ തുടർന്ന് സുമനസ്സുകൾ സഹായം നൽകി; അന്ത്യശ്വാസം വലിക്കും വരെ മക്കളെ ഓർത്ത് കഴിഞ്ഞു; നടി ശ്രീലത വിടപറഞ്ഞത് സിനിമാ ലോകത്തിന്റെ അവഗണനയിൽ മനംനൊന്ത്

എല്ലു ദ്രവിക്കുന്ന രോഗവും ഓർമ്മക്കുറവും വൃക്കരോഗവും അലട്ടി ഏറെ നാൾ നരകയാതനകളുമായി ജീവിച്ചു; മറുനാടൻ വാർത്തയെ തുടർന്ന് സുമനസ്സുകൾ സഹായം നൽകി; അന്ത്യശ്വാസം വലിക്കും വരെ മക്കളെ ഓർത്ത് കഴിഞ്ഞു; നടി ശ്രീലത വിടപറഞ്ഞത് സിനിമാ ലോകത്തിന്റെ അവഗണനയിൽ മനംനൊന്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിനിമ-സീരിയൽ നടി ശ്രീലതാ മേനോൻ(47) വിടവാങ്ങുന്നത് കോടികൾ ഒഴുക്കി ആഘോഷിക്കുന്ന മലയാള സിനിമാ ലോകത്തിന്റെ അവഗണനയിൽ മനംനൊന്താണ്. ഏതാനും വർഷങ്ങളായി അസ്ഥിസംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. ആരുമില്ലാത്ത പഴയ കാല സൂപ്പർ നടിയെ തേടി ആരുമെത്തിയില്ല. മക്കളുമൊത്ത് ഓണം പോലും ആഘോഷിക്കാനാവാതെ വേദന ഉള്ളിലൊതുക്കി. 20 വർഷമായി എല്ലുപൊടിയുന്ന രോഗമുണ്ടായിരുന്നെങ്കിലും രണ്ടു വർഷം മുമ്പ് വീണ് നട്ടെല്ലിനു ക്ഷതമേറ്റതോടെയാണ് രോഗം നിയന്ത്രണാതീതമായത്. മറുനാടൻ മലയാളിയിലൂടെ ഈ ദുരിതം ലോകം തിരിച്ചറിഞ്ഞു. നിരവധി പേർ സഹായവുമായെത്തി. അപ്പോഴും സഹായിക്കേണ്ട സിനിമ ലോകം മാത്രം ശ്രീലതാ മേനോനെ വേണ്ടവിധം പരിഗണിച്ചില്ല. ഭർത്താവ് നേരത്തേ മരിച്ചതിനെത്തുടർന്നു കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ശ്രീലതയുടെ ചികിൽസാച്ചെലവുകൾ സർക്കാരും നാട്ടുകാരുമാണ് ഏറ്റെടുത്തിരുന്നത്.

അഭിനയരംഗത്തുനിന്ന് കാര്യമായ സമ്പാദ്യങ്ങളൊന്നുമില്ലാത്ത ശ്രീലതയുടെ ചികിത്സയും മൂന്നു മക്കളുടെ ജീവിതവും സുമനസ്സുകളുടെ കാരുണ്യത്തിലായിരുന്നു. ഒന്നിലേറെ തവണ രോഗം സുഖപ്പെട്ട് ജീവിതത്തിലേക്കു മടങ്ങിയെങ്കിലും നാലുവർഷം മുമ്പ് വീണ്ടും രോഗം മൂർച്ഛിച്ചു. പെരുന്തച്ചൻ, കായംകുളം കൊച്ചുണ്ണി, കൗതുകവാർത്തകൾ, കേളി, വക്കാലത്ത് നാരായണൻകുട്ടി തുടങ്ങിയ ചിത്രങ്ങളിലും ആലിപ്പഴം, അക്കരപ്പച്ച, കുടുമ്പവിളക്ക്, കടമറ്റത്തുകത്തനാർ, ഗുരുവായൂരപ്പൻ, അമ്മ എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. 'അമ്മ'യാണ് അവസാനം അഭിനയിച്ച സീരിയൽ. ഒന്നരമാസം മുമ്പാണ് മടവിളാകം തമ്പുരാന്മുക്ക് സ്വദേശിനിയായ ശ്രീലതാ മേനോൻ കുലശേഖരത്തിനു സമീപമുള്ള കുഴിമൺ കട്ടയ്ക്കാൽ 'തീർത്ഥം' എന്ന വീട്ടിലേക്കു താമസംമാറിയത്. ഭർത്താവ് കെ.എസ്.മധു എട്ടുവർഷം മുമ്പ് അന്തരിച്ചു. മക്കൾ: അർജ്ജുൻ, ആദി, അരവിന്ദ്.

ശ്രീലതാ മേനോന് രോഗം കടുത്തതോടെ ഇരു വൃക്കയും തകരാറിലായി. ഭർത്താവ് മധുവിന്റെ ചികിത്സയെത്തുടർന്ന് കടക്കെണിയിലായ കുടുംബത്തിനുവേണ്ടി വേദന കടിച്ചമർത്തി ശ്രീലത സിനിമാ, സീരിയൽ അഭിനയം തുടരുകയായിരുന്നു. പിന്നീട് കാഴ്ചശക്തി നഷ്ടപ്പെട്ട ഇവർക്ക് അധികകാലം തുടരാനായില്ല. മുപ്പതോളം സിനിമകളിലും നൂറോളം സീരിയലുകളിലും വേഷമിട്ടിട്ടുണ്ട് ശ്രീലത മേനോൻ. തിരുവനന്തപുരം കുന്നുകുഴി വടയ്ക്കാട് മടവിളാകം തറവാട്ടിൽ റിട്ട. തഹസിൽദാർ നാരായണമേനോന്റെയും ഖാദിബോർഡ് റിട്ട. സൂപ്രണ്ട് ഭവാനിയുടെയും മകളാണ്. 1985ൽ മിസ് തിരുവനന്തപുരം പട്ടം നേടിയതോടെയാണ് കലാരംഗത്തു ശ്രദ്ധിക്കപ്പെട്ടത്. ബിരുദപഠനത്തിനു ശേഷം 1985ൽ മിസ് ട്രിവാൻഡ്രമായി തിരഞ്ഞെടുക്കപ്പെട്ട ശ്രീലത 1989ലാണു സിനിമാരംഗത്തെത്തിയത്.

റിഗാറ്റ, നൂപുര എന്നിവിടങ്ങളിൽ നിന്നു നൃത്തമഭ്യസിച്ച ശ്രീലത അഞ്ഞൂറോളം സ്‌റ്റേജുകളിൽ നൃത്തപരിപാടി അവതരിപ്പിച്ചിട്ടുണ്ട്. കാൻസർ ബാധിച്ചു നാലുവർഷം മുൻപു ഭർത്താവ് കെ.എസ്. മധു മരിച്ചിരുന്നു. ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥി അർജുൻ, ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആദി, മൂന്നാം ക്ലാസ് വിദ്യാർത്ഥി അരവിന്ദ് എന്നിവരാണു മക്കൾ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ശ്രീലത ചികിൽസ ലഭിക്കാതെ കൊടുങ്ങാനൂരിലെ വാടകവീട്ടിൽ കിടപ്പിലായിരുന്നു. ഈ സമയത്താണ് മറുനാടൻ വാർത്ത നൽകിയത്. ഇത് നടിക്ക് ഏറെ ആശ്വാസമായി.

സ്വന്തമായി വീടില്ലാതിരുന്ന ശ്രീലതയ്ക്കായി സാമൂഹിക പ്രവർത്തക ഉമ പ്രേമന്റെ നേതൃത്വത്തിൽ തൃശൂരിലെ കുന്നത്തങ്ങാടിയിൽ നിർമ്മിക്കുന്ന വീട് അവസാന മിനുക്കുപണികളിലായിരുന്നു. വനിത വുമൻ ഓഫ് ദി ഇയർ പുരസ്‌കാരത്തിനൊപ്പം ലഭിച്ച തുക ഉമ പ്രേമൻ ശ്രീലതയ്ക്കാണു നൽകിയത്. പുതിയ വീട്ടിലേക്കു താമസം മാറാനുള്ള ഒരുക്കത്തിനിടെയാണു മരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP