Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എൺപതുകളുടെ തുടക്കത്തിൽ മധ്യപ്രദേശിലെ 45 ജില്ലാ കലക്ടർമാരിൽ ഒരാൾ; പൈലറ്റായ രാജീവ് ഗാന്ധി റായ്പൂരിലേക്ക് വിമാനം പറത്തിയെത്തിയിരുന്നത് ജോഗിയെ നേരിട്ടുകണ്ട് സംസാരിക്കാൻ; ഇന്ദിരഗാന്ധി വധത്തോടെ ജോലി രാജിവെച്ച് രാജീവിനൊപ്പം സദാസമയ പ്രവർത്തനം; രാജീവ് ബ്രിഗേഡിന്റെ ചുമതലക്കാരൻ; പാർട്ടിയിൽ പനപോലെ വളർന്നപ്പോൾ അടിച്ച് താഴ്‌ത്തിയത് കൂട്ടുകാർ തന്നെ; കോൺഗ്രസുമായി അകന്നപ്പോഴും ഗാന്ധി കുടുംബത്തിന്റെ കണ്ണിലുണ്ണി; അജിത് ജോഗിയുടെ രാഷ്ട്രീയ ജീവിതം അതിശയിപ്പിക്കുന്നത്

മറുനാടൻ ഡെസ്‌ക്‌

റായ്പൂർ:: ഇത് ഛത്തിസ്ഗഡ് ജനതാ കോൺഗ്രസ് പാർട്ടിയുടെ മാത്രം നഷ്ടമല്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ എല്ലാമെല്ലാമായ രാജീവ് ഗാന്ധിയുടെ വിശ്വസ്ഥൻ, അടുപ്പക്കാരൻ എന്നിങ്ങനെ ഒരുകാലത്ത് രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു അജിത് ജോഗിയുടെത്.

ഛത്തീസ്‌ഗഡിന്റെ ആദ്യ മുഖ്യമന്ത്രിയും ജനതാ കോൺഗ്രസ് ഛത്തീസ്‌ഗഡ് (ജെ) നേതാവുമായ അജിത് ജോഗിയുടെ മരണം ഹൃദയാഘാതത്തെത്തുടർന്നു ചികിത്സയിലായിക്കവെ ആയിരുന്നു. പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ തളർന്നുവീണ ജോഗിയെ ഈമാസം ഒൻപതിനാണ് ശ്രീനാരായണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയോടു ശരീരം പ്രതികരിച്ചിരുന്നില്ല. ശ്വാസതടസ്സമുള്ളതിനാൽ തലച്ചോറിലേക്ക് ഓക്സിജൻ എത്താതായി.

എൺപതുകളുടെ തുടക്കത്തിൽ മധ്യപ്രദേശിലെ 45 ജില്ലാ കലക്ടർമാരിൽ ഒരാളായിരുന്നു അജിത് പ്രമോദ് കുമാർ ജോഗി എന്ന അജിത് ജോഗി. ഒന്നാം റാങ്കോടെ എൻജിനീയറിങ് ബിരുദവും പിന്നീടു സിവിൽ സർവീസും നേടിയ മിടുക്കൻ. സമർഥനായ ഉദ്യോഗസ്ഥനെന്നു പേരെടുത്ത ജോഗി കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നതു മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കണ്ണിൽപെട്ടതോടെയാണ്. 1977 - 80 കാലം. ജോഗി അന്നു റായ്പുർ കലക്ടർ. രാജീവ് ഗാന്ധി സജീവ രാഷ്ട്രീയത്തിലെത്തിയിട്ടില്ല.

കലക്ടർ എന്ന നിലയിൽ ജോഗിയുടെ പ്രവർത്തനം രാജീവ് ശ്രദ്ധിച്ചു. പൈലറ്റായ രാജീവ് വിമാനം പറത്തി റായ്പൂരിലെത്തുമ്പോൾ ജില്ലാ കലക്ടറെ കാണും, സംസാരിക്കും. അങ്ങനെ അടുപ്പമായി. ഇന്ദിരാഗാന്ധിയുടെ വധത്തെ തുടർന്ന് 1984 ൽ രാജീവ് പ്രധാനമന്ത്രിയായപ്പോൾ രാജിവച്ചു ഡൽഹിയിലേക്കു വരാൻ ജോഗിയോടു നിർദ്ദേശിച്ചു. രാജീവിന്റെ ഇഷ്ടക്കാരനും പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള യുവ നേതാവുമെന്ന നിലയിൽ ഡൽഹി രാഷ്ട്രീയത്തിൽ വളരെപ്പെട്ടെന്നു ജോഗി താരമായി. 1986 ൽ ജോഗി രാജ്യസഭാംഗമായി. 98 വരെ തുടർന്നു. അക്കാലം കോൺഗ്രസ് വക്താവായും തിളങ്ങി.

രാജീവ് സർക്കാരിന് പാർലമെന്റിൽ ഭൂരിപക്ഷം ഉണ്ടെങ്കിലും ശക്തമായ പ്രതിപക്ഷ വിമർശനം നേരിടുന്ന കാലമായിരുന്നു അത്. എസ്.എസ്. അലുവാലിയ, സുരേഷ് പച്ചൗരി, രത്‌നാകർ പാണ്ഡെ, ബാബാ മിശ്ര തുടങ്ങിയവർക്കൊപ്പം രാജീവ് ബ്രിഗേഡിന്റെ മുൻനിരക്കാരനായി അജിത് ജോഗിയും. വി.പി. സിങ്ങിനെയും സംഘത്തിനെയും ശക്തമായി പ്രതിരോധിക്കുന്നതിൽ ജോഗിയും സംഘവും മുൻനിരയിലുണ്ടായിരുന്നു. 198789 കാലയളവിൽ മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി. തുടർന്നു പാർട്ടിയിൽ വിവിധ ചുമതലകൾ വഹിച്ച ജോഗി 1998 ൽ ഛത്തിസ്ഗഡിലെ റായ്ഗഡ് മണ്ഡലത്തിൽനിന്ന് ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.

2000 ൽ എൻഡിഎ സർക്കാർ ഛത്തിസ്ഗഡ്, ജാർഖണ്ഡ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾ രൂപീകരിക്കാൻ തീരുമാനിച്ചതോടെ ജോഗിയുടെ ഭാഗ്യം തെളിഞ്ഞു. വേണ്ടത്ര എംഎൽഎമാരുടെ പിന്തുണ ഇല്ലാതിരുന്നിട്ടും സോണിയാ ഗാന്ധിയുടെ പിന്തുണയോടെ ജോഗി മുഖ്യമന്ത്രി കസേരയിലെത്തി. സംസ്ഥാനത്തെ ആദ്യ ഗോത്രവർഗക്കാരനായ മുഖ്യമന്ത്രിയായാണ് ജോഗി തന്നെ ഉയർത്തിക്കാട്ടിയത്.

വിദ്യാചരൺ ശുക്ലയെന്ന കരുത്തനെ അട്ടിമറിച്ചാണ് ജോഗി മുഖ്യമന്ത്രിപദം സ്വന്തമാക്കിയത്. 2003 വരെ അധികാരക്കസേരയിൽ തുടർന്ന ജോഗിക്കെതിരെ പല പരാതികളും ഉയർന്നെങ്കിലും ഹൈക്കമാൻഡ് ശക്തമായ പിന്തുണ നൽകുകയായിരുന്നു. അനധികൃത സ്വത്തുസമ്പാദനം മുതൽ മോഷണവും കൊലപാതകവും വരെ ആരോപണങ്ങളായി. ബിജെപി എംഎൽഎമാരെ വിലയ്ക്കു വാങ്ങാൻ ശ്രമിച്ചുവെന്ന പരാതിയെത്തുടർന്ന് 2003 ൽ പാർട്ടി പുറത്താക്കി. പിന്നീട് തിരിച്ചെടുത്ത് 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വീണ്ടുമൊരവസരം നൽകി. അപ്പോഴായിരുന്നു അപകടം. പക്ഷേ അതിനെ അതിജീവിച്ചു തിരിച്ചെത്തി.

പിന്നീട് 2004 മുതൽ 2008 വരെ 14 ാം ലോക്‌സഭയിൽ അംഗമായി. 2008 ലെ തിരഞ്ഞെടുപ്പിൽ ജോഗി ആവേശത്തോടെ പൊരുതാനിറങ്ങി. ജോഗിയും ഭാര്യ രേണുവും ജയിച്ചു കയറിയെങ്കിലും കോൺഗ്രസിനു ഭരണം പിടിക്കാനായില്ല. രാജീവിന്റെ വിശ്വസ്ഥനെ സോണിയ ഡൽഹിയിലേക്കുതന്നെ തിരികെ കൊണ്ടുവന്നു. കോൺഗ്രസിന്റെ ഒട്ടേറെ സമിതികളിൽ അംഗമായി ഡൽഹി രാഷ്ട്രീയത്തിൽ ജോഗി വീണ്ടും സജീവമായി.

2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയുടെ വിജയമുറപ്പിക്കാൻ മകൻ അമിത് ജോഗി ഒത്തുകളിച്ചെന്ന് ആരോപണമുയർന്നത് ജോഗിയെ പ്രതിരോധത്തിലാക്കി. തുടർന്ന് അമിത്തിനെ കോൺഗ്രസ് പുറത്താക്കി. കിട്ടിയ അവസരം കാര്യമായി ഉപയോഗിക്കാൻ ശ്രമിച്ച പാർട്ടിയിലെ എതിരാളികൾ ജോഗിക്കെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും നേതൃത്വം വിശ്വസ്തനെ കൈവിടാൻ തയാറായിരുന്നില്ല. പക്ഷേ ജോഗി കോൺഗ്രസ് വിടുകതന്നെ ചെയ്തു. ബിജെപിയുടെ ബി ടീമാണ് കോൺഗ്രസ് എന്നും ഛത്തീസ്‌ഗഡിനെ രക്ഷിക്കാൻ തനിക്കേ കഴിയൂ എന്നും പ്രഖ്യാപനവുമുണ്ടായി. ഭാര്യ രേണു പക്ഷേ കോൺഗ്രസിൽത്തന്നെ തുടർന്നു. 2018 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നിഷേധിക്കുംവരെ രേണു കോൺഗ്രസിലായിരുന്നു.കോൺഗ്രസ് പാർട്ടിയെ കടന്നാക്രമിക്കുമ്പോഴും ഗാന്ധികുടുംബത്തിനെതിരെ സംസാരിക്കില്ല എന്ന നയം അവസാനം വരെ ഇദ്ദേഹം പിന്തുടർന്നിരുന്നു.

 

 

 

 

 

 

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP