Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാൻസിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന പേഴ്‌സും കാർഡും സുരക്ഷിതമായിരുന്നെങ്കിലും കാണാതാകുമ്പോൾ ധരിച്ച ടീ ഷർട്ട് കണ്ടില്ല; മൂക്കിൽ നിന്നും ചോര വാർന്നതായും പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞു; ആത്മഹത്യയെന്ന് സംശയിക്കുമ്പോഴും കൊലപാതക സാധ്യത തള്ളാതെ പൊലീസ്; അലറിവിളിച്ചു പ്രിയതമന് വിടനൽകി ഭാര്യ മാളവിക: കഫേ കോഫിഡേ ഉടമ സിദ്ധാർത്ഥയ്ക്ക് വിട നൽകി ചിക്കമഗളൂരു

പാൻസിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന പേഴ്‌സും കാർഡും സുരക്ഷിതമായിരുന്നെങ്കിലും കാണാതാകുമ്പോൾ ധരിച്ച ടീ ഷർട്ട് കണ്ടില്ല; മൂക്കിൽ നിന്നും ചോര വാർന്നതായും പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞു; ആത്മഹത്യയെന്ന് സംശയിക്കുമ്പോഴും കൊലപാതക സാധ്യത തള്ളാതെ പൊലീസ്; അലറിവിളിച്ചു പ്രിയതമന് വിടനൽകി ഭാര്യ മാളവിക: കഫേ കോഫിഡേ ഉടമ സിദ്ധാർത്ഥയ്ക്ക് വിട നൽകി ചിക്കമഗളൂരു

മറുനാടൻ ഡെസ്‌ക്‌

മംഗളൂരു: 'കഫേ കോഫി ഡേ' ശൃംഖലയിലൂടെ ബിസിനസിന്റെ പുതിയ പാഠങ്ങൾ പഠിപ്പിച്ച കോഫി കിങ് വി ജി സിദ്ധാർത്ഥയ്ക്ക് കണ്ണീരോടെ വിട നൽകി രാജ്യം. കോർപ്പറേറ്റ് മേധാവിയുടെ മരണത്തിൽ ബിസിനസ് ലോകം ഞെട്ടിവിറച്ചു നിൽക്കുകയാണ്. സിസിഡി എന്നറിയപ്പെടുന്ന ബിസിനസ് സാമ്രാജ്യത്തിലൂടെ ഇന്ത്യൻ കാപ്പിയുടെ സ്വാദ് കടലിനപ്പുറത്തും എത്തിച്ച സിദ്ധാർത്ഥയെ അവസാന നോക്കു കാണാൻ പതിനായിരങ്ങളാണ് എത്തിയത്. താനൊരു പരാജയപ്പെട്ട ബിസിനസുകാരനാണെന്ന് ആത്മഹത്യാ കുറിപ്പിൽ കുറിച്ച സിദ്ധാർത്ഥ് അങ്ങനെയല്ലെന്ന് പറഞ്ഞ് ആയിരങ്ങൾ അദ്ദേഹത്തിന് അശ്രൂപൂജ അർപ്പിച്ചു.

നേത്രാവതി പാലത്തിൽനിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായ അദ്ദേഹത്തിന്റെ മൃതദേഹം ബുധനാഴ്ച രാവിലെ ആറരയോടെ മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്. നേത്രാവതി പുഴ കടലുമായി ചേരുന്ന ഹൊയ്ഗ ബസാർ കായലിൽ ഒഴുകുന്നനിലയിലായിരുന്നു മൃതദേഹം. നേത്രാവതി പാലത്തിൽനിന്ന് ഏതാണ്ട് നാലുകിലോമീറ്റർ അകലെയായിരുന്നു ഇത്. കരയ്‌ക്കെത്തിച്ചശേഷം ഇവർ പൊലീസിനെ വിവരമറിയിച്ചു. തിങ്കളാഴ്ച രാത്രി കാണാതായ സിദ്ധാർഥയ്ക്കായി ചൊവ്വാഴ്ച പുലർച്ചെമുതൽ ദേശീയ ദുരന്തനിവാരണ സേനയും നാവികസേനയും തിരച്ചിൽ നടത്തിവരികയായിരുന്നു.

സാമ്പത്തികബാധ്യത കാരണം ആത്മഹത്യ ചെയ്‌തെന്നാണു പ്രാഥമിക നിഗമനം. അതേസമയം കൊലപാതാക സാധ്യത പൂർണമായും പൊലീസ് തള്ളുന്നുമില്ല. കാണാതാവുമ്പോൾ ധരിച്ച ടീ ഷർട്ട് ശരീരത്തിൽ ഉണ്ടായിരുന്നില്ല. ഇതിൽ അസ്വാഭാവികതയുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടി വരും. അപകടത്തിൽ പെടുമ്പോൾ അദ്ദേഹം ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും കണ്ടെത്തിയിട്ടിലല. ഇതിനായി നേത്രാവതി പുഴയിൽ തിരച്ചിൽ തുടരും. മൂക്കിൽനിന്നു രക്തം വന്നനിലയിലായിരുന്നു മൃതദേഹം. പാന്റ്‌സിന്റെ പോക്കറ്റിൽനിന്ന് പഴ്സും തിരിച്ചറിയൽകാർഡും െക്രഡിറ്റ് കാർഡുകളും കണ്ടെത്തി. പണമൊന്നും നഷ്ടപ്പെട്ടിരുന്നില്ല.സ്വർണമോതിരവും ഡിജിറ്റൽ വാച്ചും ശരീരത്തിൽ ഉണ്ടായിരുന്നു.

ജില്ലാ വെൻലോക്ക് ആശുപത്രിയിൽനിന്ന് പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം വൈകീട്ട് നാലേകാലോടെ ചിക്കമഗളൂരുവിനു സമീപമുള്ള ചേതനഹള്ളി എസ്റ്റേറ്റിലെ തറവാട്ടുവീട്ടിലെത്തിച്ചു. മുഖ്യമന്ത്രി ബി.എസ്. െയദ്യൂരപ്പയുൾപ്പെടെയുള്ള പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു. കർണാടക മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മൂത്തമകൾ മാളവികയാണു ഭാര്യ. രണ്ട് ആൺമക്കളുണ്ട്. വൊക്കലിംഗ സമുദായ ആചാരപ്രകാരമുള്ള കർമങ്ങൾക്കുശേഷം രാത്രി ഏഴുമണിയോടെ മൂത്തമകൻ അമർത്യ സിദ്ധാർഥ ചിതയ്ക്ക് തീ കൊളുത്തി.

തിങ്കളാഴ്ച രാത്രി 7.45 നാണു സിദ്ധാർഥയെ മംഗളൂരു കാസർകോട് ദേശീയപാതയിലെ പാലത്തിൽ കാണാതായത്. ഡ്രൈവറോടു മറുവശത്തു കാത്തുനിൽക്കാൻ പറഞ്ഞു സിദ്ധാർഥ പാലത്തിലിറങ്ങി നടക്കുകയായിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞും തിരികെ വന്നില്ല. സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ചു സിദ്ധാർഥ എഴുതിയതെന്നു കരുതുന്ന കത്തും കണ്ടെത്തിയിരുന്നു. മംഗളൂരു വെൻലോക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയശേഷം രാവിലെ 11 നു മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ചിക്കമംഗളൂരുവിൽ കോഫി ഡേ ഗ്ലോബൽ എന്റർപ്രൈസസ് ആസ്ഥാനത്തു പൊതുദർശനത്തിനു ശേഷം, ജന്മസ്ഥലമായ മുടിഗരെ താലൂക്കിലെ ചേതനഹള്ളി എസ്റ്റേറ്റിൽ എത്തിക്കുകയായിരുന്നു.

അന്ത്യോപചാരമർപ്പിക്കാൻ മുഖ്യമന്ത്രി യെഡിയൂരപ്പ ഉൾപ്പെടെയുള്ള പ്രമുഖരും ധാരാളം ഗ്രാമീണരും കഫേ കോഫി ഡേ ജീവനക്കാരും എത്തി. ഭാര്യ മാളവികയും കുടുംബാംഗങ്ങളും സിദ്ധാർത്ഥയുടെ വിയോഗം താങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ്. കൃഷ്ണയുടെ മൂത്തമകൾ മാളവികയാണു സിദ്ധാർഥയുടെ ഭാര്യ. രണ്ട് ആൺമക്കളുണ്ട്. ഇന്ത്യയിലെ 'കാപ്പി രാജാവ്' എന്നറിയപ്പെടുന്ന സിദ്ധാർഥയ്ക്ക് 7000 കോടി രൂപയുടെ കടബാധ്യതയുള്ളതായി പറയപ്പെടുന്നു. ബിസിനസ് നഷ്ടത്തിലാണെന്നും മുന്നോട്ടുപോകാൻ നിവൃത്തിയില്ലെന്നും ചൂണ്ടിക്കാട്ടി, അദ്ദേഹം ജീവനക്കാർക്കെഴുതിയ കത്തും പുറത്തുവന്നിട്ടുണ്ട്. കർണാടകയിലെ ചിക്കമംഗളൂരുവിൽ കാപ്പി എസ്റ്റേറ്റ് രംഗത്ത് നൂറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള കുടുംബത്തിലാണ് സിദ്ധാർത്ഥയുടെ ജനനം. 15,000 ഏക്കർ കാപ്പി എസ്റ്രേറ്റ് കുടുംബത്തിനുണ്ട്.

മംഗളൂരു സർവകലാശാലയിൽ നിന്ന് മാനേജ്മെന്റിൽ പി.ജി. നേടിയ ശേഷം, 1983ൽ അദ്ദേഹം ജെ.എം. ഫിനാൻഷ്യൽ കമ്പനിയിൽ മാനേജ്മെന്റ് ട്രെയിനായി ചേർന്ന് ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടു. 1984ൽ അദ്ദേഹം ശിവൻ സെക്യൂരിറ്റീസ് എന്ന ധനകാര്യ സ്ഥാപനത്തെ വാങ്ങി. 2000ൽ കമ്പനിക്ക് വേ2 വെൽത്ത് എന്ന പേര് നൽകി. ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് ആൻഡ് ബ്രോക്കിങ് കമ്പനിയായി അതിനെ വളർത്തി.1992.കോഫീ ഡേ ഗ്‌ളോബൽ കമ്പനിക്ക് 1992ൽ സിദ്ധാർത്ഥ തുടക്കമിട്ടു. കാപ്പി സംഭരണം, സംസ്‌കരണം, റീട്ടെയിൽ വില്പന എന്നിവയായിരുന്നു പ്രവർത്തനം.

1996ൽ കഫേ കോഫീ ഡേ ആദ്യശാഖ തുറന്നു. നിലവിൽ, ശാഖകൾ 1,752. ഓഹരി ലോകത്തേക്ക്2015 ഒക്ടോബറിൽ കഫേ കോഫീ ഡേ എന്റർപ്രൈസസ് പ്രാരംഭ ഓഹരി വില്പനയിലൂടെ (ഐ.പി.ഒ) ഓഹരി വിപണിയിലെത്തി. 1,150 കോടി രൂപയാണ് സമാഹരിച്ചത്. മൂന്നുവർഷത്തിനിടെയിലെ ഏറ്റവും വലിയ ഐ.പി.ഒ ആയിരുന്നു അത്. ഓഹരി വില നിർണയിച്ചത് 328 രൂപയായിരുന്നു.2006.കോഫീ ഡേ ഹോട്ടൽസ് ആൻഡ് റിസോർട്ട് ബിസിനസിനും തുടക്കമിട്ടു. 'ദി സേറായ്' ബ്രാൻഡിൽ ബംഗളൂരുവിൽ റിസോർട്ട് തുറന്നു.

കാപ്പിയായിരുന്നു പ്രവർത്തന മണ്ഡലമെങ്കിലും ഐ.ടിയോട് മങ്ങാത്ത ആഭിമുഖ്യം സിദ്ധാർത്ഥയ്ക്കുണ്ടായിരുന്നു. 1999ൽ പ്രമുഖ ഐ.ടി വിദഗ്ദ്ധനായ ആശോക് സൂട്ടയ്ക്കും സുഹൃത്തുക്കൾക്കും ഒപ്പം അദ്ദേഹം മൈൻഡ് ട്രീ ഐ.ടി കമ്പനിക്ക് തുടക്കമിട്ടു. ഈ കമ്പനിയാണ്, പിന്നീട് അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്. റെയ്ഡും ഹവാലയും മൈൻഡ് ട്രീയിൽ ഉണ്ടായിരുന്ന 20.43 ശതമാനം ഓഹരികൾ അടുത്തിടെ സിദ്ധാർത്ഥ എൽ ആൻഡ് ടിക്ക് 3,300 കോടി രൂപയ്ക്ക് വിറ്റു. ഈ വില്പന പക്ഷേ, അദ്ദേഹത്തിന്റെ അടുപ്പക്കാർ പോലും അറിഞ്ഞിരുന്നില്ല.

ഇടപാട് പ്രകാരം, മിനിമം ഓൾട്ടർനേറ്റ് നികുതിയായി (മാറ്റ്) 300 കോടി നികുതി അടയ്ക്കേണ്ടതായിരുന്നു. അദ്ദേഹം 46 കോടി രൂപ മാത്രമാണ് അടച്ചത്. ക്രമക്കേട് ആരോപിച്ച് കഫേ കോഫീ ഡേയുടെ 20 കേന്ദ്രങ്ങൾ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. കണക്കിൽപ്പെടാത്ത പണങ്ങൾ കണ്ടെത്തി. കർണാടക രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഹവാല ഇടപാടുകളിലും അദ്ദേഹത്തിന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടു.

ഓഹരി വീഴ്ച സിദ്ധാർത്ഥയുടെ തിരോധാനത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ കഫേ കോഫീ ഡേയുടെ ഓഹരിമൂല്യം 20 ശതമാനം ഇടിഞ്ഞ് 154.05 കോടി രൂപയിലെത്തി. 2019ൽ ഇതുവരെ 30 ശതമാനവും 2018ൽ 26 ശതമാനവും നഷ്ടം ഓഹരി വിലയിലുണ്ടായി. ഉപസ്ഥാപനമായ സിക്കൽ ലോജിസ്റ്റിക്സിന്റെ ഓഹരികളും ഇന്നലെ 20 ശതമാനം ഇടിഞ്ഞു; മൂല്യം 72.8 രൂപയായി. 800 കോടി ഇന്നലെ മാത്രം കഫേ കോഫീ ഡേയുടെ ഓഹരി മൂല്യത്തിൽ 800 കോടി രൂപ കുറഞ്ഞു. ആദായ നികുതി ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള മോദി സർക്കാരിന്റെ പകപോക്കലാണ്, സിദ്ധാർഥയുടെ മരണത്തിനു വഴിവച്ചതെന്നു കോൺഗ്രസ് ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP