Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരുമിച്ച് ജീവിച്ച് കൊതി തീരാതെ ഭാര്യയേയും മക്കളേയും ഒരുമിച്ച് കളിച്ച് വളർന്ന ചേച്ചിയേയും എടുത്തു കൊണ്ട് നടന്നു വളർത്തിയ ചേച്ചിയുടെ മകളേയും സ്നേഹിക്കാൻ മാത്രം കൊതിച്ച അളിയന്റെ മകനേയും ഒരുമിച്ച് കൊണ്ട് പോയി; കാതിൽ കടലിരംബവുമായി ദുബായിൽ നിന്നും പറന്നിറങ്ങിയ മനോജിന് ഒന്നും വിശ്വസിക്കാനാകുന്നില്ല; നിസംഗമായി മൃതദേഹങ്ങൾ ഏറ്റുവാങ്ങുമ്പോൾ പതറിയ മനസിന്റെ രോഷവും രോദനവും കണ്ട് തേങ്ങി സുഹൃത്തുക്കളും ബന്ധുക്കളും; ആയൂർ അപകടത്തിൽ പെട്ടവർക്ക് അശ്രുപൂജ

ഒരുമിച്ച് ജീവിച്ച് കൊതി തീരാതെ ഭാര്യയേയും മക്കളേയും ഒരുമിച്ച് കളിച്ച് വളർന്ന ചേച്ചിയേയും എടുത്തു കൊണ്ട് നടന്നു വളർത്തിയ ചേച്ചിയുടെ മകളേയും സ്നേഹിക്കാൻ മാത്രം കൊതിച്ച അളിയന്റെ മകനേയും ഒരുമിച്ച് കൊണ്ട് പോയി; കാതിൽ കടലിരംബവുമായി ദുബായിൽ നിന്നും പറന്നിറങ്ങിയ മനോജിന് ഒന്നും വിശ്വസിക്കാനാകുന്നില്ല; നിസംഗമായി മൃതദേഹങ്ങൾ ഏറ്റുവാങ്ങുമ്പോൾ പതറിയ മനസിന്റെ രോഷവും രോദനവും കണ്ട് തേങ്ങി സുഹൃത്തുക്കളും ബന്ധുക്കളും; ആയൂർ അപകടത്തിൽ പെട്ടവർക്ക് അശ്രുപൂജ

മറുനാടൻ മലയാളി ബ്യൂറോ

കവിയൂർ: കുടുംബമായിരുന്നു മനോജിന് വലുത്. അതുകൊണ്ട് തന്നെ ഈ ദുരന്തം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അബുദാബിയിലെ ജോലി സ്ഥലത്തായിരുന്നിട്ടും ഉറ്റവരുടെ മരണം ആദ്യം അറിഞ്ഞത് മനോജായിരുന്നു. ശനിയാഴ്ച ആയൂരിനു സമീപം കാർ കെഎസ്ആർടിസി ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ മനോജിന് നഷ്ടമായത് ഭാര്യയും 2 മക്കളും അടക്കം 6 ഉറ്റ ബന്ധുക്കളെയാണ്. എല്ലാം നഷ്ടമായ മാനസികാവസ്ഥ. ഭാര്യയും മക്കളും ഇല്ലാത്ത കവിയൂർ പടിഞ്ഞാറ്റുശേരി മണ്ണാകുന്നിൽ വീട്ടിലേക്ക് മനോജ് എത്തിയപ്പോൾ മുഖത്ത് നിറഞ്ഞത് നിസംഗതയായിരുന്നു. അവർ ഇനിയൊരിക്കലും മടങ്ങിവരില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാതെ എല്ലാം മൗനത്തിൽ ഒതുക്കി നിന്ന മനോജിനെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വാക്കുകൾ ഇല്ലായിരുന്നു.

ആയൂരിൽ അപകടത്തിൽ മരിച്ച 6 പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് ഇന്നലെ വിട്ടു നൽകി. പത്തനംതിട്ട കവിയൂർ പടിഞ്ഞാറ്റുശേരി മണ്ണാക്കുന്നിൽ മനോജ്കുമാറിന്റെ ഭാര്യ സ്മിത (34), മകൻ അഭിനജ് (8), മകൾ ഹർഷ (4), മനോജിന്റെ സഹോദരിയും വടശേരിക്കര തലച്ചിറ കൈലാസ് ഭവനിൽ ഡി. സുരേഷ്‌കുമാറിന്റെ ഭാര്യയുമായ മിനി (45), മകൾ അഞ്ജന (21), സ്മിതയുടെ സഹോദരൻ സുദർശനന്റെ മകൻ കാർ ഓടിച്ചിരുന്ന അരുൺ (23) എന്നിവരാണു മരിച്ചത്. എല്ലാവരും മനോജിന് വേണ്ടപ്പെട്ടവർ. ഒരുമിച്ച് ജീവിച്ച് കൊതി തീരാത്ത ഭാര്യയ്ക്കും മകൾക്കുമൊപ്പം സഹോദരിയും മകളും യാത്രയായി. ഡ്രൈവറായിരുന്നത് ഭാര്യയുടെ സഹോദരന്റെ മകനും. അഭിനജിന്റെയും അഞ്ജനയുടെയും മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരുടേത് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷമാണ് വിട്ടു കൊടുത്തത്.

വിദേശത്തായിരുന്ന മനോജ് കുമാറും മിനിയുടെ ഭർത്താവ് സുരേഷ് കുമാറും സംഭവം അറിഞ്ഞ് ശനിയാഴ്ച രാത്രി തിരുവനന്തപുരത്ത് എത്തുകയായിരുന്നു. ഇന്നലെ രാത്രിയോടെ അബുദാബിയിൽ നിന്നു പുറപ്പെട്ട മനോജ് പുലർച്ചെ നെടുമ്പാശേരിയിലെത്തി 9 മണിയോടെയാണ് കവിയൂരിലെ വീട്ടിലെത്തിയത്. 6 വർഷമായി അബുദാബിയിലാണ്. കഴിഞ്ഞ മാർച്ചിലാണ് അവധിക്കു വന്നു മടങ്ങിപ്പോയത്. എല്ലാ ദിവസവും ഉച്ചയൂണിനുശേഷം അബുദാബിയിൽ നിന്നു വീട്ടിലേക്ക് വിളിക്കാറുള്ള മനോജാണ് നാട്ടുകാരും ബന്ധുക്കളും അറിയുന്നതിനു മുൻപ് അപകട വാർത്ത അറിഞ്ഞത്.

സ്മിതയുടെ ഫോണിലേക്ക് മനോജ് വിളിച്ചപ്പോൾ ഇവരുടെ മൊബൈൽ ഫോൺ ചടയമംഗലം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറുടെ പക്കലായിരുന്നു. അദ്ദേഹമാണ് അപകട വിവരം അറിയിച്ചത്. പിന്നീടാണ് അടുത്ത ബന്ധുക്കൾ വിവരമറിഞ്ഞത്. ശനിയാഴ്ച രാവിലെ 5 മണിയോടെയാണ് സ്മിതയും 2 മക്കളും തിരുവനന്തപുരത്തെ കരിക്കകം ക്ഷേത്ര ദർശനത്തിനു പോയതെന്ന് അയൽവാസികളും ബന്ധുക്കളും പറഞ്ഞു. ക്ഷേത്ര ദര്ഡശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്.എല്ലാവരോടും സൗഹൃദം പങ്കിട്ടിരുന്ന അഭിനജും ഹർഷയും നാടിന്റെ മുഴുവൻ ദുഃഖമായി മാറി. എസ്സിഎസ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിനജ്, ഹർഷ കവിയൂർ ഇടയ്ക്കൽ എൽപി സ്‌കൂളിൽ പ്രിപ്രൈമറി ക്ലാസിലും.

ഇന്നലെ രാവിലെ 11ന് അഞ്ജനയുടെയും അഭിനജിന്റെയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകി. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിയ ശേഷം മറ്റുള്ളവരുടെ മൃതദേഹങ്ങളുമായി ബന്ധുക്കൾ തിരിച്ചു. അരുണിന്റെ മൃതദേഹം രാവിലെ 11ന് വീട്ടിലേക്കു കൊണ്ടു പോയി. സംസ്‌കാരം നടത്തി. മറ്റുള്ളവരുടേത് ഇന്നും നാളെയുമായി സംസ്‌കരിക്കും. സ്മിത, അഭിനജ്, ഹർഷ എന്നിവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്നലെ നാലരയോടെ പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. മൃതദേഹം ഇന്ന് 11ന് ഇടയ്ക്കൽ ഗവ.എൽപി സ്‌കൂളിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്‌കാരം 2ന് വീട്ടുവളപ്പിൽ. അരുണിന്റെ സംസ്‌കാരം നടത്തി. മിനിയുടെയും അഞ്ജനയുടെയും സംസ്‌കാരം പിന്നീട്.

ശനിയാഴ്ച പകൽ ഒന്നേകാലോടെ ആയൂർ അകമണിലാണ് അപകടം. കട്ടപ്പനയിൽനിന്നു തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും മാരുതി ഓൾട്ടോ കെ ടെൺ കാറുമാണ് കൂട്ടിയിടിച്ചത്. ടിപ്പർ ലോറിയെ മറികടക്കുന്നതിനിടെ എതിരെവന്ന ബസുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അരുണാണ് കാർ ഓടിച്ചിരുന്നത്. സംഭവസ്ഥലത്തെത്തിയ നാട്ടുകാരും പൊലീസും ചേർന്നാണ് കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലേക്കെത്തിച്ചത്. എം.സി റോഡിൽ കൊട്ടാരക്കരയ്ക്ക് സമീപം ആയൂരിലാണ് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ അപകടമുണ്ടായത്. എം.സി റോഡ് നവീകരണത്തിന് ശേഷം സ്ഥിരം അപകടമേഖലയാണ് ആയൂർ.

2013 ജൂലൈയിൽ ആയൂരിനും ചടയമംഗലത്തിനുമിടയിൽ ശ്രീരംഗം വളവിലുണ്ടായ അപകടത്തിൽ അഞ്ച് പേരാണ് മരിച്ചത്. പമ്പയിലേക്ക് പോയ കെ എസ് ആർ ടി സി ബസിന് മധ്യഭാഗത്ത് സ്വകാര്യബസ് ഇടിച്ചുകയറുകയായിരുന്നു. 2017 മാർച്ചിൽ ആയൂരിലുണ്ടായ അപകടത്തിൽ ഇൻഫോസിസ് ജീവനക്കാരായ നാലുപേരാണ് മരിച്ചത്. സൂപ്പർഫാസ്റ്റ് ബസിന്റെ വശത്തേക്ക് സ്വകാര്യബസ് ഇടിച്ചാണ് അപകടമുണ്ടായത്. നിലമേൽ അയ്യപ്പക്ഷേത്രത്തിന് മുന്നിൽ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചത് 2015ലായിരുന്നു. ചെറുതും വലുതുമായി നിത്യേന അപകടങ്ങൾ നടക്കുന്നത് ഏനാത്ത് മുതൽ നിലമേൽ വരെയുള്ള ഭാഗങ്ങളിലാണ്. റോഡ് നവീകരണത്തിന് മുമ്പ് കൊടുവളവുകളായിരുന്നു എം.സി റോഡിൽ വില്ലനായിരുന്നത്. ഇതിന് ശേഷവും അപകടങ്ങൾക്ക് കുറവില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP