Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാത്രി മുഴുവൻ തിരുമലയിലെ വീട്ടിലേക്ക് ആരാധക പ്രവാഹം; പാട്ടു കേട്ട് പ്രണയിച്ച ഒരു പരിചയവുമില്ലാത്ത അനേകം ചെറുപ്പക്കാർ ഒരു നോക്ക് കണ്ട് കണ്ണീർ പൊഴിച്ചു മടങ്ങി; ശാന്തികവാടത്തിൽ സംസ്‌കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതികളും; വിസ്മയം തീർത്ത മാന്ത്രിക വിരലുകളെ കുറിച്ചോർത്ത് വിലപിച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരും; ഓർമ്മയാകുന്നത് ബച്ചനേയും അത്ഭുതപ്പെടുത്തിയ സംഗീതം; മോഹൻലാലും മഞ്ജു വാര്യരും അടക്കം സിനിമാ താരങ്ങളുടെ മറക്കാത്ത വാക്കുകൾ തുടരുന്നു

രാത്രി മുഴുവൻ തിരുമലയിലെ വീട്ടിലേക്ക് ആരാധക പ്രവാഹം; പാട്ടു കേട്ട് പ്രണയിച്ച ഒരു പരിചയവുമില്ലാത്ത അനേകം ചെറുപ്പക്കാർ ഒരു നോക്ക് കണ്ട് കണ്ണീർ പൊഴിച്ചു മടങ്ങി; ശാന്തികവാടത്തിൽ സംസ്‌കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതികളും; വിസ്മയം തീർത്ത മാന്ത്രിക വിരലുകളെ കുറിച്ചോർത്ത് വിലപിച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരും; ഓർമ്മയാകുന്നത് ബച്ചനേയും അത്ഭുതപ്പെടുത്തിയ സംഗീതം; മോഹൻലാലും മഞ്ജു വാര്യരും അടക്കം സിനിമാ താരങ്ങളുടെ മറക്കാത്ത വാക്കുകൾ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വയലിനിൽ ഇന്ദ്രജാലം നിറച്ച ബാലഭാസ്‌കറിന് ഇന്ന് നാട് യാത്രാമൊഴി ചൊല്ലും. ഇന്നുരാവിലെ 10ന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാരം. സംസ്‌കാരചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെയാകും നടക്കുക.

നപുലർച്ചെ ഒരു മണിയോടെ അന്തരിച്ച ബാലഭാസ്‌കറിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം സ്വന്തം കലാലയം കൂടിയായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ പൊതുദർശനത്തിനു വച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറയിലുള്ളവർ അന്തിമോപചാരം അർപ്പിക്കാനെത്തി. കലാഭവനിലും പൊതുദർശനത്തിനുവച്ചു. തുടർന്നു പൂജപ്പുരയിലെ വസതിയിലേക്ക് മൃതദേഹം കൊണ്ടുപോയി. അവിടേയും ജനസഞ്ചയം ഒഴുകിയത്തി. രാവിലെ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം ശാന്തികവാടത്തിലേക്ക് വിലാപയാത്രയായി കൊണ്ടു പോകും, അപകടദിവസം വിടപറഞ്ഞ മകൾക്കു പിന്നാലെയാണു മലയാള സംഗീതലോകത്തെ കണ്ണീരിലാഴ്‌ത്തി ബാലഭാസ്‌കറും വിടചൊല്ലിയത്.

വിസ്മയം തീർത്ത മാന്ത്രിക വിരലുകൾ.... ആ സംഗീതം മരിക്കുന്നില്ലെന്നാണ് ബാലഭാസ്‌കറിനെക്കുറിച്ച് നടൻ മോഹൻലാൽ സമൂഹമാധ്യമത്തിൽ കുറിച്ചത്. ആ വയലിൻ തന്ത്രികൾ നിലച്ചു എന്നു വിശ്വസിക്കുന്നില്ലെന്ന് നടി മഞ്ജു വാരിയർ കുറിച്ചു. ഒരിക്കലും ഈ യാത്ര പറച്ചിൽ മനസ്സ് സമ്മതിച്ചു തരില്ല. ആരാധനയിൽ നിന്നും അടുത്ത സൗഹൃദമായി മാറിയ ബന്ധം. കുറച്ചു നാളുകൾ മുമ്പ് ഉണ്ടായ ഓസ്‌ട്രേലിയൻ യാത്രയിൽ അദ്ഭുതം കേൾപ്പിക്കുന്ന വയലിനുമായി ബാലു ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ലക്ഷ്മിയുടെയും ജാനിമോളുടെയും വിശേഷങ്ങൾ വാതോരാതെ പങ്കുവച്ചുകൊണ്ട്... ഇല്ല! ബാലു വേറെങ്ങും പോയിട്ടില്ല. ഒരിക്കലും പോകുകയുമില്ല...-മഞ്ജു വാര്യർ കുറിച്ചത്.

ഗുരുതരാവസ്ഥയിൽ ചികിൽസയിലുള്ള ഭാര്യ ലക്ഷ്മി മകളുടെയോ ഭർത്താവിന്റെയോ വേർപാട് അറിഞ്ഞിട്ടില്ല. ഓർമ വീണ്ടെടുക്കാനാകാതെ സങ്കീർണാവസ്ഥയിലായിരുന്നെങ്കിലും മരണത്തിനു തലേന്നാൾ ബാലഭാസ്‌കറിന്റെ സ്ഥിതി അൽപം മെച്ചപ്പെട്ടിരുന്നു.എന്നാൽ ഹൃദയാഘാതം ജീവൻ എടുത്തു. തലയ്ക്കും നട്ടെല്ലിനും കഴുത്തെല്ലിനും ശ്വാസകോശത്തിനും ഗുരുതര ക്ഷതമേറ്റ ബാലഭാസ്‌കറിനെ ശസ്ത്രക്രിയകൾക്കു വിധേയനാക്കിയിരുന്നു. ബാലഭാസ്‌കറിനെ അമ്മാവനും വയലിൻ വാദകനുമായ ബി.ശശികുമാറാണു സംഗീതലോകത്തേക്കു നയിച്ചത്. ഫ്യൂഷൻ സംഗീത പരിപാടികളിലൂടെ ചെറുപ്രായത്തിൽ തന്നെ ശ്രദ്ധേയനായി.

തൃശൂരിൽനിന്നു ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങിയ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ തിരുവനന്തപുരം പള്ളിപ്പുറത്തുവച്ചാണു നിയന്ത്രണം വിട്ടു റോഡരികിലെ മരത്തിൽ ഇടിച്ചത്. അപകടത്തിൽ ഏകമകൾ രണ്ടുവയസുകാരി തേജസ്വിനി ബാല അന്നുതന്നെ മരിച്ചു. ഭാര്യ ലക്ഷ്മി ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ്. െ്രെഡവർ അർജുനും ചികിത്സയിലാണ്. വയലിനിസ്റ്റ് എന്ന നിലയിൽ രാജ്യാന്തരശ്രദ്ധ നേടിയ ബാലഭാസ്‌കർ ചെറുപ്രായത്തിൽതന്നെ സിനിമയ്ക്കു സംഗീതമൊരുക്കിയും പ്രസിദ്ധി നേടിയിരുന്നു. 1978 ജൂലായ് പത്തിന് തിരുമല സ്വദേശി റിട്ട. പോസ്റ്റ് മാസ്റ്റർ സി.കെ. ഉണ്ണിയുടെയും തിരുവനന്തപുരം സംഗീതകോളേജിൽനിന്ന് വിരമിച്ച സംസ്‌കൃത അദ്ധ്യാപിക ശാന്തകുമാരിയുടെയും മകനായി ജനിച്ചു. മീരയാണ് സഹോദരി. മൂന്നാം വയസ്സിൽ അമ്മാവൻ ബി. ശശികുമാറിന്റെ കീഴിൽ സംഗീതപഠനം തുടങ്ങി. 12-ാം വയസ്സിൽ ആദ്യ കച്ചേരി നടത്തി. 17-ാം വയസ്സിൽ മംഗല്യപ്പല്ലക്ക് എന്ന ചലച്ചിത്രത്തിലൂടെ സംഗീതസംവിധായകനായി. കണ്ണാടിക്കടവത്ത്, പാഞ്ചജന്യം, മോക്ഷം, പാട്ടിന്റെ പാലാഴി എന്നീ ചിത്രങ്ങളിലും സംഗീതം ചെയ്തു. നിനക്കായ്, ആദ്യമായി തുടങ്ങിയ സംഗീത ആൽബങ്ങളും ശ്രദ്ധനേടി.

വേദികളിൽ ഫ്യൂഷൻ സംഗീതത്തിലൂടെ മലയാളിക്ക് പുതിയ സംഗീതാനുഭവം പകർന്നു. എ.ആർ. റഹ്മാൻ, സാക്കീർ ഹുസൈൻ, ലൂയിസ് ബാങ്ക്, മട്ടന്നൂർ ശങ്കരൻകുട്ടി, ശിവമണി, സ്റ്റീഫൻ ദേവസി തുടങ്ങിയവരുമായെല്ലാം ഫ്യൂഷൻ സംഗീതവേദികൾ പങ്കിട്ടു. കോളേജ് പഠനകാലത്ത് കൺഫ്യൂഷൻ എന്ന ബാൻഡും പിന്നീട് ദ ബിഗ് ബാൻഡും തുടങ്ങി. ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ വേദികളിൽ പരിപാടി അവതരിപ്പിച്ചു. 2008-ൽ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ബിസ്മില്ല ഖാൻ യുവ സംഗീത്കാർ പുരസ്‌കാരം ലഭിച്ചു.

എട്ടു വയസ്സിന് ഇളപ്പമുള്ള ബാലു എനിക്ക് അനിയൻ തന്നെയായിരുന്നു-ജയചന്ദ്രൻ

എട്ടു വയസ്സിന് ഇളപ്പമുള്ള ബാലു എനിക്ക് അനിയൻ തന്നെയായിരുന്നു. ഈ കാലഘട്ടത്തിലെ ഏറ്റവും മഹാനായ സംഗീതജ്ഞനായാണു ഞാനവനെ കാണുന്നത്. അവന്റെ ശരീരഭാഷ തന്നെ സംഗീതത്തിന്റേതായിരുന്നു. തൊണ്ണൂറുകളുടെ മധ്യത്തിലെ തിരുവനന്തപുരം. എസ്എച്ച് ഡിജിറ്റൽ സ്റ്റുഡിയോയിൽ ഒരു ദിവസം ചെല്ലുമ്പോൾ ഉടമയും റിക്കോർഡിസ്റ്റുമായ കൃഷ്ണൻ പറഞ്ഞു, 'ഇന്നലെ റിക്കോർഡ് ചെയ്ത ഒരു പാട്ടുണ്ട്, മനോഹരം. ജയചന്ദ്രൻ കേട്ടുനോക്കൂ'. ചക്രവാകം രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒന്ന്. അസാധാരണം, വ്യത്യസ്തം, നൂതനവും. പുതിയ പയ്യനാണ്, പേര് ബാലഭാസ്‌കർ'- കൃഷ്ണൻ പറഞ്ഞു.

ബാലുവിന്റെ അമ്മ അന്നു സ്വാതി തിരുനാൾ സംഗീത കോളജിലുണ്ടെന്നു സുഹൃത്തായ സേതുരാമനിൽ നിന്നറിഞ്ഞു. ഞാനും സേതുവും കൂടി അമ്മയെ കണ്ടു. ബാലുവിന്റെ പാട്ട് വലിയ ഇഷ്ടമായെന്ന് അറിയിച്ചു. ആ സമയത്തു ഞാൻ 'രജപുത്രൻ' എന്ന സിനിമയിലെ പാട്ടുകൾക്കു സംഗീതം നൽകുകയാണ്. എനിക്കൊപ്പം ബാലു കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന ആഗ്രഹം അമ്മയോടു പറഞ്ഞു. ബാലു പഠിക്കുകയല്ലേ, ചെന്നൈയിലേക്കു വരാനാകുമോ എന്ന് അമ്മ സംശയം പ്രകടിപ്പിച്ചു. കാലത്തെ മുൻകൂട്ടി കാണാനുള്ള കഴിവ് ബാലുവിനുണ്ടായിരുന്നു. യൂണിവേഴ്‌സിറ്റി കോളജിലെ പഠനകാലത്ത് അവൻ ആരംഭിച്ച കൺ-ഫ്യൂഷൻസ് എന്ന ബാൻഡ് ഉദാഹരണം. അവൻ സംഗീതം ചെയ്ത 'നിനക്കായ്.., എണ്ണക്കറുപ്പിന്നേഴഴക്.., എന്തിനോ തോന്നിയൊരിഷ്ടം' എന്നീ പാട്ടുകളൊക്കെ പ്രതിഭയ്ക്കു തെളിവായി. എന്റെ ഗുരു നെയ്യാറ്റിൻകര മോഹനചന്ദ്രൻ സാറിനൊപ്പം കച്ചേരികൾക്കു പോകുമ്പോൾ ശശികുമാർ സാറിനെ കാണാറുണ്ടായിരുന്നു. എക്കാലത്തെയും വലിയ വയലിനിസ്റ്റ്. ശശികുമാർ സാറിന്റെ അനന്തരവനും ശിഷ്യനുമാണു ബാലഭാസ്‌കർ. ശൈലി മാത്രമല്ല അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ബാലുവിനു കിട്ടി.

കരഞ്ഞതും ചുണ്ടുകൾ അനക്കിയതും എന്നെ കണ്ടപ്പോൾ-സ്റ്റീഫൻ

മരണത്തിനു മണിക്കൂറുകൾ മുൻപു ഞാൻ ബാലയോടൊപ്പം ഐസിയുവിലുണ്ടായിരുന്നു. അനുവദിച്ചതിലും എത്രയോ കൂടുതൽ സമയം ഞാനവിടെ ചെലവഴിച്ചു. അതിനു മുൻപും ബാല കണ്ണു തുറന്നിരുന്നെങ്കിലും ആദ്യമായി കരഞ്ഞതും ചുണ്ടുകൾ അനക്കിയതും എന്നെ കണ്ടപ്പോഴാണെന്ന് ഡോക്ടർമാർ പറഞ്ഞു. 15 വർഷം മുൻപു കോഴിക്കോടൊരു വേദിയിലാണു ഞങ്ങൾ ഇരുവരും ആദ്യമായി ഒരുമിച്ചു സംഗീതം അവതരിപ്പിച്ചത്. എന്നെ ബാല വിളിച്ചുകൊണ്ടുപോകുകയായിരുന്നു. ഒരിക്കലും കാണാത്ത ഒരാളെ ബാല വിളിച്ചത് സ്ഥിരമായി കൂടെയുള്ള ആളെപ്പോലെയാണ്. 'നീ വാടാ' എന്നു വിളിച്ചപ്പോഴുള്ള സ്‌നേഹം ഇന്നും എന്റെ മനസ്സിലുണ്ട്.

ഏതു വേദിയിലേക്കു കയറുന്നതിനു മുൻപും ഞങ്ങൾ പരസ്പരം കൈകൾ ചേർത്തു പിടിച്ചു പ്രാർത്ഥിക്കും. ഈ രീതി തുടങ്ങിയ ദിവസം ബാല പറഞ്ഞു, 'നീ എനിക്കുവേണ്ടി പ്രാർത്ഥിക്കണം. ഞാൻ നിനക്കുവേണ്ടി പ്രാർത്ഥിക്കും' എനിക്കു പ്രാർത്ഥിക്കാനായി പിടിക്കാനുള്ള കൈകളാണു നഷ്ടമായത്. പക്ഷേ എനിക്കുറപ്പാണ്, ഇനി നെഞ്ചിൽ ൈകവച്ചു പ്രാർത്ഥിക്കുമ്പോൾ ബാല അവിടെയുണ്ടാകുമെന്ന്. എനിക്കുവേണ്ടി പ്രാർത്ഥിക്കുമെന്ന്.

വാക്കുകൾകൊണ്ട് മാത്രം വിടപറയാനാവില്ല-ദിലീപ്

വാക്കുകൾകൊണ്ട് മാത്രം വിടപറയാനാവില്ല, പ്രിയ സുഹൃത്തിന്...ഒരുപാട് ഉയരങ്ങൾ കീഴടക്കേണ്ടിയിരുന്ന ഒരു മഹനായ കലാകാരൻ കാലയവനികയ്ക്കുള്ളിലേക്ക് മറയുന്നത് അപ്രതീക്ഷിതമായാണ്. മറക്കാനാവുന്നില്ല, സഹിക്കാനാവുന്നില്ല, ഈ വേർപാട്, ആദരാഞ്ജലികൾ. ദിലീപ് കുറിച്ചു.

അമിതാഭ് ബച്ചനെ പോലും അസൂയപ്പെടുത്തിയ നിന്റെ സംഗീതം ഇനിയില്ല

എനിക്ക് വാക്കുകളില്ല ബാലു. ഉറക്കമുണർന്നത് മുതൽ നിന്റെ മരണവാർത്ത കണ്ട് തരിച്ചിരിക്കാനേ എനിക്കായുള്ളൂവെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ

വർഷങ്ങളായി ഞാൻ നിന്നെ കാണുമ്പോഴെല്ലാമുള്ള ആ നിറഞ്ഞ ചിരി ഇനിയില്ല. അമിതാഭ് ബച്ചനെ പോലും അസൂയപ്പെടുത്തിയ നിന്റെ സംഗീതം ഇനിയില്ല. ബാലഭാസ്‌കറിനെ കൂടി ഉൾപ്പെടുത്തി ഒരു സംഗീത നിശ മുംബൈയിൽ നടത്തണം എന്ന ആഗ്രഹം ഇനി വെറും ആഗ്രഹമായി മാത്രം നിലനിൽക്കുമെന്ന് ബച്ചൻ സാറിനോട് പറയാൻ എനിക്ക് വയ്യ.

ജാനിയെ തനിച്ചാക്കാൻ വയ്യാതെ നീയും പോകുമ്പോൾ ലക്ഷ്മിക്കായാണ് എന്റെ പ്രാർത്ഥനകൾ മുഴുവൻ. ഈ ലോകത്തിലെ സകല ദൈവങ്ങളും അവർക്ക് ശക്തി പകരട്ടെ. പുത്തൂർ നൃത്ത സംഗീതോത്സവ വേദിയിൽ നീ പൊഴിച്ച മാസ്മര സംഗീതം ഇന്നും ഞങ്ങൾക്കുള്ളിൽ പൊഴിയാതെയുണ്ട്. നീ മീട്ടി നിർത്തിയ ആ വയലിൻ ഈണങ്ങൾ മാത്രമാണ് മാറോടണയ്ക്കാൻ ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP