Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂണിവേഴ്‌സിറ്റി കോളേജിൽ പൊതുദർശനത്തിന് വെച്ച ബാലഭാസ്‌ക്കറിന്റെ മൃതദേഹം കാണാൻ ഒഴുകി എത്തുന്നത് ആയിരങ്ങൾ; കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവസാനാമായി ഒരുവട്ടം കൂടി കാണാൻ ആരാധകരുടെ തിക്കും തിരക്കും; തങ്ങളുടെ പ്രിയപ്പെട്ട ബാലുവിന് അന്തിമോപചാരം അർപ്പിക്കാൻ സിനിമാക്കാരും സംഗീത ലോകവും യൂണിവേഴ്‌സിറ്റി കോളേജിൽ: വയലിനിസ്റ്റിന്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി: സംസ്‌ക്കാരം ഔദ്യോഗിക ബഹുമതികളോടെ: കണ്ണീർ കടലായി യൂണിവേഴ്‌സിറ്റി കോളേജ്

യൂണിവേഴ്‌സിറ്റി കോളേജിൽ പൊതുദർശനത്തിന് വെച്ച ബാലഭാസ്‌ക്കറിന്റെ മൃതദേഹം കാണാൻ ഒഴുകി എത്തുന്നത് ആയിരങ്ങൾ; കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവസാനാമായി ഒരുവട്ടം കൂടി കാണാൻ ആരാധകരുടെ തിക്കും തിരക്കും; തങ്ങളുടെ പ്രിയപ്പെട്ട ബാലുവിന് അന്തിമോപചാരം അർപ്പിക്കാൻ സിനിമാക്കാരും സംഗീത ലോകവും യൂണിവേഴ്‌സിറ്റി കോളേജിൽ: വയലിനിസ്റ്റിന്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി: സംസ്‌ക്കാരം ഔദ്യോഗിക ബഹുമതികളോടെ: കണ്ണീർ കടലായി യൂണിവേഴ്‌സിറ്റി കോളേജ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം പൊതുദർശനത്തിനായി യൂണിവേഴ്‌സിറ്റി കോളേജിൽ എത്തിച്ചു. സിനിമാ താരങ്ങളും സംഗീത പ്രതിഭകളും ആരാധകരും അടക്കം ആയിരക്കണക്കിന് ആളുകളാണ് സംഗീത പ്രതിഭയെ അവസാനമായി ഒരു നോക്ക് കൂടി കാണാൻ യൂണിവേഴ്‌സിറ്റി കോളേജിലേക്ക് ഒഴുകി എത്തുന്നത്. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ദുഃഖം തളം കെട്ടി നിൽക്കുകയാണ് യൂണിവേഴ്‌സിറ്റി കാമ്പസിൽ. എപ്പോഴും പുഞ്ചിരി മാത്രം നിറഞ്ഞ ബാലഭാസ്‌ക്കറിന്റെ മുഖം മറ്റുള്ളവരിലും സന്തോഷം പകരുന്നതായിരുന്നെങ്കിലും ഇതാദ്യമായി ബാലുവിന്റെ മുഖം കണ്ടു നിന്നവരിലെല്ലാം പൊട്ടിക്കരച്ചിലായി മാറി.

ബാലഭാസ്‌ക്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ സങ്കടവുമായി ഓടിയെത്തിയ സുഹൃത്തുക്കൾ എല്ലാവരും തന്നെ യൂണിവേഴ്‌സിറ്റി കോളേജിലും എത്തിയിട്ടുണ്ട്. കരഞ്ഞു കൊണ്ടല്ലാതെ ആർക്കും ബാലുവിന്റെ മുഖത്തേക്ക് നോക്കാനും കഴിയുന്നില്ല. നടൻ സുരേഷ് ഗോപി, സ്റ്റീഫൻ ദേവസ്സി, ഗായിക രാജലക്ഷ്മി തുടങ്ങിയവർ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇവിടെയും എത്തിയിട്ടുണ്ട്. വയലിനിൽ വിസ്മയം തീർത്ത ബാലഭാസ്‌ക്കറിന് അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും കോളേജിൽ എത്തി. കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, കെ മുരളീധരൻ തുടങ്ങി രാഷ്ട്രീയ മേഖലയിൽ നിന്നും നിരവധി പേർ യൂണിവേഴ്‌സിറ്റി കോളേജിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

വൈകിട്ട് നാലു മണിമുതൽ കലാഭവനിലും ബാലഭാസ്‌ക്കറിന്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വയ്ക്കും. നാളെ ശാന്തികവാടത്തിലാണ് സംസ്‌കാരം. കേരളത്തിന് അകത്തു നിന്നും പുറത്തു നിന്നുമെല്ലാം ബാലഭാസ്‌ക്കറിനെ അവസാനമായി ഒരു നോക്ക് കാണാൻ സംഗീത ലോകത്തു നിന്നും നിരവധി പേർ എത്തിക്കൊണ്ടിരിക്കുകയാണ്. 17 വർഷം ആറ്റു നോറ്റ് കിട്ടിയ മകൾക്ക് പിന്നാലെ ബാലുവും യാത്രയായത് ഇനിയും വിശ്വസിക്കാൻ ആയിട്ടില്ല. ബാലു തിരിച്ചു വരാനുള്ള പ്രാർത്ഥനയിലായിരുന്നു കേരളം ഒന്നടങ്കം.

ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്ഷനു സമീപം സെപ്റ്റംബർ 25ന് പുലർച്ചെ നാലോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്‌കറിനെ രണ്ടു ശസ്ത്രക്രിയകൾക്കു വിധേയനാക്കിയിരുന്നു.

മകളുടെ പേരിലുള്ള വഴിപാടുകൾക്കായി 23 നു തൃശൂർക്കു പോയ കുടുംബം ക്ഷേത്രദർശനം കഴിഞ്ഞ് 24 നു രാത്രിയോടെ തിരുമലയിലെ വീട്ടിലേക്കു മടങ്ങിയതാണ്. ബാലഭാസ്‌കറും മകളും മുൻസീറ്റിലായിരുന്നു. വാഹനത്തിന്റെ ഒരു ഭാഗം തകർത്തു പുറത്തെടുത്ത തേജസ്വിനിയെ പൊലീസ് വാഹനത്തിൽ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റുള്ളവരെ ആംബുലൻസുകളിൽ മെഡിക്കൽ കോളജിലും പിന്നീടു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ബാലഭാസ്‌കറിന്റെ അകാലവിയോഗം ഏറെ വേദനിപ്പിക്കുന്നത്: മുഖ്യമന്ത്രി
വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിന്റെ അകാലവിയോഗം ഏറെ വേദനിപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞയാഴ്ചയുണ്ടായ വാഹനാപകടത്തിൽ അദ്ദേഹത്തിന്റെ മകൾ തേജസ്വിനി ബാല നഷ്ടപ്പെട്ടതിന് പിന്നാലെയുണ്ടായ ഈ ദുഃഖ വാർത്ത മലയാളികൾ വിഷമത്തോടെയാണ് ശ്രവിച്ചത്.

കാൽനൂറ്റാണ്ടോളം സംഗീത രംഗത്ത് സജീവമായിരുന്നു അദ്ദേഹം. പന്ത്രണ്ടാം വയസ്സിൽ സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ച് തുടങ്ങിയ ബാലഭാസ്‌കർ ശ്രദ്ധേയമായ ഒട്ടേറെ സംഗീത ആൽബങ്ങൾ പുറത്തിറക്കി.ഉപകരണ സംഗീതത്തിന്റെ വിസ്മയ സാധ്യതകൾ തെളിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സംഗീത ലോകത്തിന് പ്രതിഭാധനനായ ഒരു കലാകാരനെയാണ് നഷ്ടപ്പെട്ടത്. തികഞ്ഞ സാമൂഹ്യപ്രതിബദ്ധതയോടെയാണ് അദ്ദേഹം കലാരംഗത്ത് പ്രവർത്തിച്ചതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ബാലഭാസ്‌കറിന്റെ മരണം അവിശ്വസനീയം: മന്ത്രി എ.കെ ബാലൻ
ബാലഭാസ്‌കറിന്റെ മരണം അവിശ്വസനീയമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ. കലാഭവനിലും യൂണിവേഴ്സിറ്റി കോളേജിലും മൃതദേഹം പൊതു ദർശനത്തിന് വെക്കുമെന്നും സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

'മലയാളിക്ക് ഏറെ പരിചിതമല്ലാത്ത ഫ്യൂഷൻ സംഗീതത്തിൽ വയലിൻ കൊണ്ട് മായാജാലം സൃഷ്ടിക്കാൻ ബാലഭാസ്‌കറിന് സാധിച്ചു. ആ മേഖലയുമായി ബന്ധപ്പെട്ടുള്ള പരീക്ഷണം തന്നെയായിരുന്നു പിന്നീട് അദ്ദേഹം സ്വീകരിച്ച ജീവിത മാർഗം. മൗലികമായി വളർത്തിയെടുത്ത സംഗീത മേഖലയിലേക്ക് കൂടുതൽ സംഭാവനകൾ ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു'. മന്ത്രി പറഞ്ഞു.

പൊതുവികാരം മാനിച്ചാണ് അദ്ദേഹം പഠിച്ച യൂണിവേഴ്സിറ്റി കോളേജിൽ മൃതദേഹം പൊതു ദർശനത്തിന് വെക്കുന്നതെന്ന് സാംസ്‌കാരിക മന്ത്രി വ്യക്തമാക്കി. അതിന് ശേഷം വൈകിട്ട് നാല് മണിയോടെ കലാഭവനിലും പൊതു ദർശനമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP