Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നാദസ്വര വിദ്വാനായ അപ്പൂപ്പനിൽ നിന്നും ആദ്യാക്ഷരങ്ങൾ പഠിച്ചു; വിഖ്യാദ വയലിൻ വിദ്വാനായ അമ്മാവൻ ശശികുമാറിൽ നിന്നും സംഗീതം അഭ്യസിച്ചു; സംസ്‌കൃത കോളേജിൽ പഠിക്കുമ്പോൾ ഇഷ്ടം തോന്നിയ ലക്ഷ്മിയെ 22ാം വയസിൽ മിന്നുകെട്ടി; 17 വർഷം കുഞ്ഞിനു വേണ്ടി കാത്തിരുന്നപ്പോഴും തരിമ്പു പോലും നഷ്ടമാകാതെ ആ പ്രണയം കാത്തു: ദൈവം അതിക്രൂരനായപ്പോൾ പൊലിഞ്ഞു പോയത് ആ പ്രണയ പുഷ്പത്തിന്റെ പ്രധാന ഇതൾ

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നാദസ്വര വിദ്വാനായ അപ്പൂപ്പനിൽ നിന്നും ആദ്യാക്ഷരങ്ങൾ പഠിച്ചു; വിഖ്യാദ വയലിൻ വിദ്വാനായ അമ്മാവൻ ശശികുമാറിൽ നിന്നും സംഗീതം അഭ്യസിച്ചു; സംസ്‌കൃത കോളേജിൽ പഠിക്കുമ്പോൾ ഇഷ്ടം തോന്നിയ ലക്ഷ്മിയെ 22ാം വയസിൽ മിന്നുകെട്ടി; 17 വർഷം കുഞ്ഞിനു വേണ്ടി കാത്തിരുന്നപ്പോഴും തരിമ്പു പോലും നഷ്ടമാകാതെ ആ പ്രണയം കാത്തു: ദൈവം അതിക്രൂരനായപ്പോൾ പൊലിഞ്ഞു പോയത് ആ പ്രണയ പുഷ്പത്തിന്റെ പ്രധാന ഇതൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ആരിലും അസൂയ നിറയ്ക്കുന്ന അസാമാന്യ പ്രതിഭയായിരുന്നു ഇന്ന് പുലർച്ചെ അനന്തപുരി ആശുപത്രിയിൽ വിട പറഞ്ഞ ബാലഭാസ്‌ക്കർ. സംഗീതമെന്നത് അദ്ദേഹത്തിന്റെ രക്തത്തിൽ തന്നെ അലിഞ്ഞു ചേർന്നിരുന്നു. സംഗീത കുടുംബത്തിൽ ജനിച്ചു എന്നതു കൊണ്ട് തന്നയാണ് അദ്ദേഹം ഈ മേഖലയിലേക്ക് ചുവടുവെച്ചതും. അമ്മയുടെ അച്ഛൻ ഭാസ്‌കരപ്പണിക്കരുടെ പേര് ചേർത്താണ് ബാലുവിന് പേരിട്ടത്. അമ്മയുടേത് സംഗീത കുടുംബമാണ്. അപ്പൂപ്പൻ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നാദസ്വര വിദ്വാനായിരുന്നു. തിരുവല്ലയിൽ വേരുകളുള്ള കുടുംബം തിരുവനന്തപുരത്ത് താമസം ഉറപ്പിക്കുന്നതും പത്മനാഭദാസനായതു കൊണ്ടാണ്.

അമ്മയുടെ സഹോദരൻ ബി.ശശികുമാർ വിഖ്യാത വയലിൻ വാദകനാണ്. അദ്ദേഹമാണ് ബാലഭാസ്‌കറിന്റെ ഗുരുനാഥൻ. അമ്മാവനിൽ നിന്ന് മൂന്നു വയസു മുതൽ ബാലു വയലിൻ പഠിക്കുന്നു. 10ാം ക്ലാസു വരെ അമ്മാവനോടൊപ്പം ജഗതിയിലെ വീട്ടിലായിരുന്നു താമസവും പഠനവും. പ്രീഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിയായിരിക്കെ 17ാം വയസിലാണ് ബാലഭാസ്‌കർ 'മംഗല്യപ്പല്ലക്ക്' എന്ന സിനിമക്ക് സംഗീത സംവിധാനം നിർവഹിച്ചത്. അതും അക്കാലത്ത് ഒരു റെക്കോർഡായിരുന്നു. ചെറിയ പ്രായത്തിൽ സംഗീത സംവിധാനം നിർവഹിച്ച വ്യക്തിയും അദ്ദേഹമായിരുന്നു.

സംഗീത രംഗത്തു നിന്നും ജീവിതം നയിക്കാൻ കഴിയുന്ന വിധത്തിലുള്ള വലിയ തോതിൽ സമ്പാദ്യങ്ങളൊന്നും ഇല്ലാത്ത കാലത്തു തന്നെയായിരുന്നു ലക്ഷ്മിയുമായുള്ള പ്രണയവും വിവാഹവും. പുതുതലമുറയ്ക്ക് പോലും അതിശയം നിറയ്ക്കുന്ന ദാമ്പത്യമായിരുന്നു ഇവരുടേത്. അത്രയ്ക്ക് സ്‌നേഹം തുളുമ്പി നിന്ന ജീവിതം. കോളേജ് കാലത്തെ പ്രണയമാണ് ലക്ഷ്മിയുമായുള്ള വിഹാത്തിൽ കലാശിച്ചത്. ഒന്നരവർഷത്തോളം നീണ്ട പ്രണയത്തിന് ഒടുവിലാണ് ബാലഭാസ്‌കർ ലക്ഷ്മിയെ ജീവിതസഖിയാക്കിയത്. വീട്ടുകാർ എതിർത്തിട്ടും സംഗീതം ചതിക്കില്ലെന്ന ഉത്തമവിശ്വാസത്തിൽ ചെറുപ്രായത്തിൽ തന്നെ വിവാഹത്തിന് ബാലഭാസ്‌കർ തയ്യാറായി. തന്റെ കഴിവിൽ അത്രയ്ക്ക് വിശ്വാസമായിരുന്നു ബാലുവിന്.

22ാം വയസിൽ എം.എ. സംസ്‌കൃതം അവസാനവർഷ വിദ്യാർത്ഥിയായിരിക്കെയാണ് ബാലഭാസ്‌കർ കുടുംബനാഥനായത്. ഭാര്യ ലക്ഷ്മിയും അതേ കോളേജിൽ ഹിന്ദി എം.എ. വിദ്യാർത്ഥിനിയായിരുന്നു. സംഗീത സംവിധാനം തനിക്ക് അത്രമേൽ ശോഭിക്കാൻ സാധിക്കുന്ന മേഖല അല്ലെന്ന് തിരിച്ചറിഞ്ഞ് പതിയ അദ്ദേഹം അതിൽ നിന്നും പിൻവലിഞ്ഞിരുന്നു. വയലിനായിരുന്നു ബാലുവിന് എല്ലാമെല്ലാം. ആ സംഗീത ജീവിതത്തിലെ താളമായി ഭാര്യ ലക്ഷ്മിയും അണിചേർന്നു. ജീവിതം സംഗീതസാന്ദ്രമായി മുന്നോട്ടു പോകുമ്പോഴും ഒരു ദുഃഖം അവർക്കിടയിൽ അവശേഷിച്ചിരുന്നു. അത് മക്കളെ കുറിച്ചായിരുന്നു. 17 വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് അവർക്ക് കൺമണിയെ ലഭിക്കുന്നത്. ഇക്കാലമത്രയും സന്തോഷത്തിൽ എന്നതു പോലെ ദുഃഖത്തിലും ബാലു ഭാര്യ ലക്ഷ്മിയെ നെഞ്ചോടു ചേർത്തു.

കോളേജ് കാമ്പസിനെ ത്രസിപ്പിച്ച പ്രണയമായിരുന്നു ബാലിവിന്റേത്. പ്രണയിനി ലക്ഷ്മിക്കായി കമ്പോസ് ചെയ്ത 'ആരു നീ എന്നോമലേ.....' എന്നു തുടങ്ങുന്ന പാട്ട് പ്രതീക്ഷകളെയെല്ലാം കടത്തിവെട്ടി അന്ന് കാമ്പസുകൾ ഏറ്റെടുത്തു. സുഹൃത്ത് ജോയ് തമലം എഴുതിയ വരികൾ ബാലു തന്നെയാണ് പാടിയത്. കൺഫ്യൂഷൻ എന്ന മ്യൂസിക് ബാൻഡ പിറന്നതിൽ ലക്ഷ്മിയുമായുള്ള പ്രണയവും ഒരു കാരണമായിരുന്നു. സഹപാഠികളാണ് ഈ ബാൻഡിനൊപ്പം ഉണ്ടായിരുന്നത്. കലാലയം കേന്ദ്രീകരിച്ച് ആൽബങ്ങലാണ് അന്ന് പുറത്തിറങ്ങിയത്.

ഇങ്ങനെ കോളേജ് ബാൻഡുകൾക്കൊപ്പം തുടങ്ങിയ ബാലഭാസ്‌ക്കർ അധികം വൈകാത ലോകം അറിയപ്പെടുന്ന ബാൻഡുകളുടെയും ഭാഗമായി. ആസ്വാദകരെ കീഴടക്കിയ നൂറുകണക്കിന് ആൽബങ്ങളും സംഗീതപരിപാടികളും. ദ് ബിഗ് ബാൻഡുമായി ലോകപ്രശസ്തരായ സംഗീതജ്ഞർക്കൊപ്പം ഫ്യൂഷൻ ഒരുക്കി സംഗീതപ്രേമികളുടെ ഹൃദയതാളത്തിൽ ബാലഭാസ്‌കർ അലിഞ്ഞു ചേർന്നു. ഇലക്ട്രിക് വയലിനിലൂടെ യുവതലമുറയെ ഉന്മത്തരാക്കുംനേരം തന്നെ ശാസ്ത്രീയസംഗീത കച്ചേരികളിൽ ചിട്ടയായ ശുദ്ധസംഗീതത്തിനൊപ്പം ചമ്രംപടിഞ്ഞിരുന്നു.

ടെലിവിഷൻ ചാനലിൽ ആദ്യമായി ഫ്യൂഷൻ പരമ്പരയോടെയാണ് ബാൻഡ് തുടങ്ങിയത്. മട്ടന്നൂർ ശങ്കരൻകുട്ടി, നെയ്യാറ്റിൻകര വാസുദേവൻ, കലാമണ്ഡലം ഹൈദരലി തുടങ്ങിയ സംഗീതകാരന്മാരുമായി അഭിമുഖവും ഫ്യൂഷനുമായി ഓരോ ആഴ്ചയും പരിപാടിക്ക് പ്രേക്ഷകർ കൂടുകയായിരുന്നു. അപ്പോഴേക്കും മുക്കിനുമുക്കിന് മ്യൂസിക് ബാന്റുകളായി. ബാന്റിനെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളാണ് ബാലഭാസ്‌കറിനെ പിന്നെ നയിച്ചത്. കുറേനാൾ ബാന്റില്ലാതെ 'ബാലലീല' എന്ന പേരിൽ സ്വന്തം സംഗീത പരിപാടികളുമായി ലോകം ചുറ്റി. 'ക്വാബോൻ കെ പരിൻഡെ' എന്ന പേരിൽ ഹിന്ദി ആൽബവും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്.

ഈ മാസം 25ന് കഴക്കൂട്ടത്തുണ്ടായ അപകടത്തിൽ തേജസ്വിനിയെ മരണം കൂട്ടിക്കൊണ്ടു പോയിരുന്നു. മകളുടെ മരണം അറിയാതെ ഇപ്പോഴിതാ അച്ഛനും യാത്രയായി. ഇരുകാലുകളും ഒടിഞ്ഞ് ശരീരത്തെ കൊത്തിവലിക്കുന്ന വേദന കടിച്ചമർത്തി ആശുപത്രിയിൽ കഴിയുന്ന ലക്ഷ്മിക്ക് താങ്ങാനാവാത്ത ആഘാതമാണ് മകളുടേയും ബാലഭാസ്‌കറിന്റേയും മരണം ഏൽപിച്ചിരിക്കുന്നത്. ലക്ഷ്മിയെ ഇരുവരുടേയും മരണവിവരം അറിയിച്ചിട്ടില്ല. പരിക്കേറ്റ ലക്ഷ്മി അപകടനില തരണം ചെയ്തിട്ടുണ്ട്. എന്നാലും ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന് ഇനിയും സമയമെടുക്കും. ലക്ഷ്മിയെ എങ്ങനെയാണ് ആശ്വസിപ്പിക്കുക എന്നറിയാത്ത അവസ്ഥയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ തൊഴുത് കുഞ്ഞിന്റെ പേരിൽ വഴിപാടുകൾ നടത്തി മടങ്ങും വഴിയായിരുന്നു അപകടം. കാറിന്റെ ചില്ല് തകർത്താണ് തേജസ്വിയെ പുറത്തെടുത്തത്. അബോധാവസ്ഥയിലായിരുന്ന കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം കൂട്ടിക്കൊണ്ടുപോയ്ക്കഴിഞ്ഞിരുന്നു. ഇപ്പോഴിതാ ബാലഭാസ്‌കറും വിടവാങ്ങിയിരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP