Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മത്സ്യം നീന്തുന്നതു പോലെ വയലിൻ പഠിച്ച ബാല്യം; അമ്മാവന്റെ താള മാസ്മരികത ഹൃദയതന്ത്രികളിലേക്ക് ആവാഹിച്ച കുട്ടിക്കാലം; അൽബങ്ങളുമായി അമ്പരപ്പിച്ച കലാലയ ജീവിതം; 17-ാം വയസ്സിൽ പ്രായം കുറഞ്ഞ സിനിമാ സംഗീത സംവിധായകന്റെ റെക്കോർഡ്; എ ആർ റഹ്മാനെ വരെ വിസ്മയിപ്പിച്ച പ്രതിഭയെ തേടിയെത്തിയത് ലൂയി ബാങ്ക്‌സ് അടക്കമുള്ള പ്രമുഖ വിദേശ സംഗീതജ്ഞർ; വിടവാങ്ങിയത് വയലിനിൽ ഫ്യൂഷൻ സംഗീതത്തിന്റെ ജാലവിദ്യ തീർത്ത മഹാമാന്ത്രികൻ; ശുദ്ധ സംഗീതത്തെ പ്രണയിച്ചു തീരാതെ ബാലാഭാസ്‌കർ ഓർമ്മയാകുമ്പോൾ

മത്സ്യം നീന്തുന്നതു പോലെ വയലിൻ പഠിച്ച ബാല്യം; അമ്മാവന്റെ താള മാസ്മരികത ഹൃദയതന്ത്രികളിലേക്ക് ആവാഹിച്ച കുട്ടിക്കാലം; അൽബങ്ങളുമായി അമ്പരപ്പിച്ച കലാലയ ജീവിതം; 17-ാം വയസ്സിൽ പ്രായം കുറഞ്ഞ സിനിമാ സംഗീത സംവിധായകന്റെ റെക്കോർഡ്; എ ആർ റഹ്മാനെ വരെ വിസ്മയിപ്പിച്ച പ്രതിഭയെ തേടിയെത്തിയത് ലൂയി ബാങ്ക്‌സ് അടക്കമുള്ള പ്രമുഖ വിദേശ സംഗീതജ്ഞർ; വിടവാങ്ങിയത് വയലിനിൽ ഫ്യൂഷൻ സംഗീതത്തിന്റെ ജാലവിദ്യ തീർത്ത മഹാമാന്ത്രികൻ; ശുദ്ധ സംഗീതത്തെ പ്രണയിച്ചു തീരാതെ ബാലാഭാസ്‌കർ ഓർമ്മയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വയലിനിൽ സംഗീതത്തിന്റെ ജാലവിദ്യ തീർത്ത മഹാമാന്ത്രികനായിരുന്നു ബാലഭാസ്‌കർ. ചെരിഞ്ഞു നിന്ന് ചെറുപുഞ്ചിരിയോടെ ബാലഭാസ്‌കർ മെലഡിയും ഫാസ്റ്റ് നമ്പറുകളും വായിച്ചത് ശാസ്ത്രീയ സംഗീതത്തിൽ തീർത്ത അടിത്തറയിൽ നിന്നാണ്. ആരും കണ്ണും കാതും ഈ യുവ സംഗീത സംവിധായകനിൽ നിന്ന് എടുത്തില്ല. ഏവരും ഹൃദയത്തിലേക്ക് വയലിൻ താളം ഏറ്റുവാങ്ങി. ബാലഭാസ്‌കറിന് പ്രണയം ശുദ്ധ സംഗീതത്തോടായിരുന്നു. ഇതിനുള്ള ഉപകരണമായി വയലിനെ തെരഞ്ഞെടുത്തത് അമ്മാവന്റെ പാമ്പര്യം ഉൾക്കൊണ്ടും.

ഇന്ത്യയിലെ തന്നെ നമ്പർ വൺ വയലിനിസ്റ്റായിരുന്നു ബാലഭാസ്‌കർ. എ ആർ റഹ്മാൻ പോലും അംഗീകരിച്ച പ്രതിഭ. അപ്പോഴും മികച്ച വയലിനിസ്റ്റ് ആരെന്ന് ചോദിച്ചാൽ ബാലഭാസ്‌കർ പറയുക അമ്മാവൻ ബി ശശികുമാറിന്റെ പേരാണ്. തിരുവനന്തപുരം സംഗീത കോളേജിലെ അദ്ധ്യാപകനായ ശശികുമാറും രാജ്യത്തിന്റെ ആദരവ് നേടിയ വയലിനിസ്റ്റായിരുന്നു. അമ്മാവന്റെ മികവും മിടുക്കും തന്നെയാണ് ബാലഭാസ്‌കറിനും പകർന്ന് കിട്ടിയത്. ഗുരുമുഖത്ത് നിന്ന് ലഭിച്ച അറിവ് ജാഡാത്മകതയില്ലാതെ പുതു തലമുറയെ ആകർഷിക്കും വിധം ബാലഭാസ്‌കർ അവതരിപ്പിച്ചു. ഇതോടെ താരോധയവുമായി. സിനിമാ സംഗീത സംവിധായകനാകാൻ 17-ാം വയസ്സിൽ അവസരം കിട്ടിയെങ്കിലും തന്റെ വഴി വെറുമൊരു സംഗീത സംവിധായകന്റേതല്ലെന്ന് ബാലഭാസ്‌കർ ഉറപ്പിച്ചു. വയലിനുമായി ഊരുചുറ്റാനിറങ്ങിയ ഈ മലയാളിയെ ലോകം അംഗീകരിച്ചു. എവിടെ പോയാലും ബാലഭാസ്‌കറിനെ കാണാനും കേൾക്കാനും സംഗീത പ്രേമികൾ ചുറ്റും കൂടി.

പ്രതിഭയുടെ തേരിലേറി ലോകമറിയുന്ന സംഗീതജ്ഞനായപ്പോഴും മായാത്ത പുഞ്ചിരി മുഖത്ത് നിറച്ചു. അടുത്തെത്തുന്നവരെയെല്ലാം സുഹൃത്തിനെ പോലെ സ്വീകരിച്ചു. ആരും ഈ മിടുക്കനെ മോശം പറയാൻ പറയാതെ നെഞ്ചിലേറ്റി. പ്രസന്നതയും പ്രസരിപ്പുമോടെ വേദികൾ കീഴടക്കിയ പ്രതിഭ അകാലത്തിൽ വിടവാങ്ങുമ്പോൾ ഇന്ത്യൻ സംഗീതത്തിന് നഷ്ടം ഏറെയാണ്. പല അത്ഭുതങ്ങളും ബാലഭാസ്‌കറിൽ നിന്ന് സംഗീത പ്രേമകിൽ പ്രതീക്ഷിച്ചു. പ്രണായതുരമായ ആൽബങ്ങൾക്ക് അപ്പുറത്തുള്ള വയലിനിലെ നാദ വിസ്മയം. ഇതെല്ലാം വെറുമൊരു പ്രതീക്ഷയാക്കിയാണ് മരണം പ്രിയ ഗായകനെ തിരിച്ചു വിളിച്ചത്. ബാലഭാസ്‌കറിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്ക് മാത്രമല്ല മലയാളികളാകെ വേദനിക്കുകയാണ്. അത്രമാത്രം ഹൃദയത്തിൽ കേറിക്കൂടിയ പ്രതിഭയാണ് കാലയവനികയ്ക്കുള്ളിൽ മറയുന്നത്.

വയലിൻ മീട്ടിത്തുടങ്ങിയാൽ കാണികൾ വശീകരണസിദ്ധിയുള്ള ആ സംഗീതത്തിന്റെ മാസ്മരികതയിൽ മയങ്ങിപ്പോകുന്നു. മെലഡിയാകട്ടെ ഫാസ്റ്റ് നമ്പറുകളാകട്ടെ എല്ലാം ബാലയ്ക്ക് വഴങ്ങി. മീട്ടുന്നത് സ്വന്തം ഹൃദയതന്ത്രികളിലാണ് എന്ന മട്ടിൽ ആരും കണ്ണിമയ്ക്കാതെ കേട്ടിരിന്നു. മൂന്ന് വയസ് മുതൽ വയലിനിസ്റ്റായ അമ്മാവൻ ബി.ശശികുമാറിന്റെ ശിക്ഷണത്തിൽ ചിട്ടയായി സംഗീതം അഭ്യസിച്ച ബാലഭാസ്‌കർ ആദ്യമായി വയലിനുമായി സ്റ്റേജിൽ എത്തിയത് പന്ത്രണ്ടാം വയസിലാണ്. അഞ്ച് വർഷം അടുപ്പിച്ച് കേരള യൂണിവേഴ്സിറ്റിയിൽ വയലിനിൽ ഒന്നാം സ്ഥാനം നേടിയ ബാലഭാസ്‌കർ 17ാം വയസിൽ 'മംഗല്യപ്പല്ലക്ക്' എന്ന സിനിമയ്ക്ക് സംഗീതം ചെയ്തു കൊണ്ട് മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായകനായി.

മൂന്ന് സിനിമകൾക്കും നിരവധി ആൽബങ്ങൾക്കും സംഗീതമൊരുക്കിയ ബാലഭാസ്‌കർ കോളജ് കാലത്ത് തന്നെ കൺഫ്യൂഷൻ എന്ന പ്രൊഫഷണൽ ബാൻഡ് ഒരുക്കിയിരുന്നു. പിന്നീട് ബിഗ് ഇന്ത്യൻ ബാൻഡ് ക്രിയേറ്റ് ചെയ്തു. ഇപ്പോഴത്തെ ബാൻഡിന്റെ പേര് ബാലലീല. കർണാടക സംഗീതത്തിലെ ലിറിക്സ് മനസിലാക്കി പാടുക എന്ന ലക്ഷ്യത്തോടെയാണ് ബാലഭാസ്‌കർ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്ന് സംസ്‌കൃതത്തിൽ എം എ എടുത്തത്. രണ്ടാം റാങ്കോടെ എം എ പാസായി. സംഗീതത്തിന്റെ ഏതു മേഖലയിലും സൂക്ഷ്മത പുലർത്തുന്ന ഈ യുവപ്രതിഭ തന്നെയാണ് കേരളത്തിൽ ആദ്യമായി ഇലക്ട്രിക് വയലിൻ പരിചയപ്പെടുത്തിയത്. ഇന്റോ വെസ്റ്റേൺ ഫ്യൂഷൻ മലയാളത്തിന് പരിചയപ്പെടുത്തിയും കൈയടി നേടി.

മലയാളം കൂടാതെ ഹിന്ദി, തമിഴ്, സംസ്‌കൃതം, തെലുങ്ക് എന്നീ ഭാഷകളിലെ ആൽബങ്ങളിലും സിനിമകളിലും സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട് ബാലഭാസ്‌ക്കർ. തന്ത്ര വാദ്യത്തിലും വൃന്ദവാദ്യത്തിലും നിരവധി സമ്മാനങ്ങൾ ബാലഭാസ്‌കർ സ്‌കൂൾ കാലത്ത് തന്നെ വാരിക്കൂട്ടി. പത്താം ക്ലാസിൽ 525 മാർക്കോട് വിജയം. തുടർന്ന് തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ പ്രീഡിഗ്രി. പിന്നെ യൂണിവേഴ്‌സിറ്റി കോളേജ്. ജാസി ഗിഫ്റ്റ് അടക്കമുള്ള സൗഹൃദ വലയവും ബാലഭാസ്‌കറിലെ പ്രതിഭയെ മുന്നോട്ട് നയിച്ചു.

ഈസ്റ്റ് കോസ്റ്റിന്റെ വിദേശ ഷോ ആയ കിലുക്കത്തിന് സംഗീതം നൽകിയതോടെ ബാലു സിനിമയ്ക്കു പുറത്തുള്ള സംഗീതത്തിൽ സ്വന്തം പാത തെളിച്ചു. പിന്നീട് നിനക്കായ് ,ആദ്യമായ് ,ഓർമ്മയ്ക്കായ് എന്നിങ്ങനെ പ്രണയ ആൽബങ്ങൾ നിരവധി. യൂണിവേഴ്‌സിറ്റ് കോളജിൽ ബിഎ,എംഎ ക്ലാസുകളിൽ പഠിക്കുമ്പോൾ രൂപീകരിച്ച കൺഫ്യൂഷൻ ബാന്റിലൂടെയാണ് നീ അറിയാൻ എന്ന സ്വതന്ത്ര മ്യൂസിക് ആൽബം ചിട്ടിപ്പെടുത്തി. സൂര്യ ടിവിയിലൂടെ മലയാളത്തിലെ ആദ്യ മ്യൂസിക് വീഡിയോ അവതരിപ്പിച്ചു. പിന്നീട് നിരവധി സ്വതന്ത്ര ഗാനങ്ങൾക്ക് ഈണം നൽകി. എ ആർ റഹ്മാനെ പോലുള്ള ലോകോത്തര സംഗീത സംവിധായകരേയും വയലിനിലൂടെ അമ്പരപ്പിച്ച പ്രതിഭയാണ് ബാലഭാസ്‌കർ.

ചന്ദ്രൻ- ശാന്തകുമാരി ദമ്പതികളുടെ മകനായി 1978 ജൂലൈ10 നു തിരുവനന്തപുരത്തു ജനിച്ച ബാലഭാസ്‌കർ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുമ്പോൾ കൂട്ടുകാർക്കൊപ്പം തുടങ്ങിയ കൺഫ്യൂഷൻ മ്യൂസിക് ബാന്റിലൂടെയായിരുന്നു സംഗീതലോകത്ത് തുടക്കം കുറിച്ചത്. മത്സ്യം നീന്താൻ പഠിക്കുന്നതുപോലെയാണ് ബാലഭാസ്‌കർ വയലിൻ പഠിച്ചുതുടങ്ങിയത്. പിറന്നത് അമ്മാവനും പ്രമുഖ വയലിനിസ്റ്റുമായ ബി. ശശികുമാറിനെപ്പോലുള്ളവർ സംഗീതത്തെ ജീവനിൽ സൂക്ഷിക്കുന്ന വീട്ടിൽ. മൂന്നോ നാലോ വയസ്സുള്ളപ്പോൾ വയലിൻ പ്രിയപ്പെട്ട കളിപ്പാട്ടം പോലെയായി ബാലഭാക്സറിന്.. പല്ലുതേക്കുന്നതുപോലെയും ഭക്ഷണം കഴിക്കുന്നതുപോലെയുമായിരുന്നു വയലിൻ വായന .. മാതുലനായ ബി ശശികുമാറിൽ നിന്ന് ബാല്യം മുതലേ വയലിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച ബാലഭാസ്‌കർ കലാലയ വിദ്യാഭ്യാസകാലത്തു തന്നെ പുറത്തിറക്കിയ സംഗീത ആൽബമായ 'കൺഫ്യൂഷൻ'' ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ലൂയി ബാങ്ക്സ് അടക്കമുള്ള പ്രമുഖ വിദേശ സംഗീതജ്ഞരുമായി ചേർന്ന് ഫ്യൂഷനുകൾ ചെയ്തിട്ടുള്ള ബാലഭാസ്‌കർ ജനപ്രിയവേദികൾക്കപ്പുറത്ത് നിരവധി കച്ചേരികളും ഫ്യൂഷനുകളും ചെയ്തു.

ഒരു വർഷം കൊണ്ട് വർണവും കീർത്തനവും പഠിപ്പിച്ചുവിടുന്നതിനുപകരം സംഗീതത്തിന്റെ വിശാലലോകം കുട്ടികൾക്ക് തുറന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂൾ തുടങ്ങാനുള്ള ആലോചനയിലായിരുന്നു ബാലഭാസ്‌കർ. റിയാലിറ്റി ഷോകൾ കുട്ടികളെ വഴിതെറ്റിക്കുകയാണെന്നു ബാലഭാസ്‌കർ തുറന്നു പറഞ്ഞിട്ടുണ്ട് . ലക്ഷ്യം ഫ്ളാറ്റായപ്പോൾ പാട്ടും ഫ്ളാറ്റായി. റിയാലിറ്റി ഷോകൾ തുടങ്ങി അഞ്ചുവർഷം കഴിഞ്ഞിട്ടും ഇതിലെ വിജയികളടക്കമുള്ള ഒരാൾക്കുപോലും കേരളത്തെ പ്രതിനിധീകരിക്കുന്ന പാട്ടുകാരനാകാൻ കഴിഞ്ഞിട്ടില്ലെന്ന സത്യം തിരിച്ചറിഞ്ഞ കലാകാരൻ. ആൽബങ്ങളിലൂടെയാണ് അറിയപ്പെട്ടതെങ്കിലും ഫ്യൂഷൻ സംഗീതത്തിന് തന്റേതായ ശൈലി നൽകിയാണ് ബാലു ശ്രദ്ധേയനായത്.

തന്റെ ജീവിതത്തോട് സാദൃശ്യമുള്ള കഥാപാത്രമായി അഭിനേതാവായും അദ്ദേഹം അരങ്ങേറ്റം കുറിച്ചു. പാട്ടിന്റെ പാലാഴിയിൽ ശ്രീഹരിയെന്ന കഥാപാത്രമായി ബാലഭാസ്‌കറിന് അഭിനയിക്കേണ്ടി വന്നില്ല. കാരണം ജീവിതത്തിലെ ഒരു ഭാഗം പോലെയായിരുന്നു ആ കഥാപാത്രം. വ്യത്യസ്തതയുള്ള ആൽബത്തിലൂടെ പാട്ടിന്റെ പാലാഴി തീർത്ത കലാകാരനായിരുന്നു ബാലഭാസ്‌കർ. . മികച്ച വാദ്യോപകരണ സംഗീതത്തിന് ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ സംഗീത്ഘർ പുരസ്‌കാർ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP