Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബൈക്കപകടത്തിൽപ്പെട്ട പൊന്നുമോന് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചപ്പോൾ അവയവങ്ങൾ ദാനം ചെയ്തു മാതൃകയായി മോഹനും ബീനയും; നെല്ലിമൂട് സ്വദേശി മനുവിന്റെ കരളും വൃക്കകളും ഇനി മറ്റുള്ളവരിലൂടെ ജീവിക്കും; സംസ്ഥാനത്തെ സർക്കാർ ആശുപത്രിയിൽ ആദ്യ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത് കർശന വ്യവസ്ഥകൾ പാലിച്ച്

ബൈക്കപകടത്തിൽപ്പെട്ട പൊന്നുമോന് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചപ്പോൾ അവയവങ്ങൾ ദാനം ചെയ്തു മാതൃകയായി മോഹനും ബീനയും; നെല്ലിമൂട് സ്വദേശി മനുവിന്റെ കരളും വൃക്കകളും ഇനി മറ്റുള്ളവരിലൂടെ ജീവിക്കും; സംസ്ഥാനത്തെ സർക്കാർ ആശുപത്രിയിൽ ആദ്യ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത് കർശന വ്യവസ്ഥകൾ പാലിച്ച്

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം നെല്ലിമൂട് കൈവൻവിള വേങ്ങനിന പുത്തൻവീട്ടിൽ മോഹനന്റെ മകൻ മനുമോഹൻ (22) മൂന്നുപേർക്ക് പുതുജീവൻ നൽകി. അവയവ ദാനത്തിലൂടെ മനു മോഹന്റെ കരൾ, രണ്ട് വൃക്കകൾ എന്നിവയാണ് മറ്റുള്ളവരിലൂടെ ഇനി ജീവിക്കുന്നത്.

ആശങ്കകൾക്കും സംശയങ്ങൾക്കും ഇടനൽകാതെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കണമെന്ന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ കർശന നിർദേശത്തെ തുടർന്ന് എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും അനുസരിച്ചുള്ള സർക്കാർ മേഖലയിലെ ആദ്യ മസ്തിഷ്‌കമരണ സ്ഥിരീകരണമായിരുന്നു ഇത്.

മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്ന ഡോക്ടർമാരിലൊരാൾ ആ ആശുപത്രിക്ക് പുറത്ത് നിന്നുള്ള സർക്കാർ ഡോകറായിരിക്കണമെന്നുള്ള നിർദേശമുണ്ടായിരുന്നു. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാനായി ഡി.എച്ച്.എസിന്റെ കീഴിൽ ജില്ലകൾ തോറും ഡെപ്യൂട്ടി ഡി.എം.ഒ.മാരെ നിയമച്ചിരുന്നു. ഇതിനായി അവർക്ക് പ്രത്യേക പരിശീലനവും നൽകിയിരുന്നു.

ഡെപ്യൂട്ടി ഡി.എം.ഒ. ഉൾപ്പെടെ 4 ഡോക്ടർമാരുടെ സാന്നിധ്യത്തിൽ 6 മണിക്കൂർ ഇടവിട്ട് 2 പ്രാവശ്യം മനുമോഹന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. രണ്ട് പ്രാവശ്യം ആപ്നിയോ ടെസ്റ്റ് നടത്തി തിരികെ ജീവിതത്തിലേക്ക് വരാനുള്ള ഒരു സാഹചര്യവുമില്ലെന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് മസ്തിഷ്‌ക മരണം ഡോക്ടർമാർ സ്ഥിരീകരിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തു. സർക്കാർ മെഡിക്കൽ കോളേജ് ആയിരുന്നിട്ടു കൂടി പൂറത്തുനിന്നുള്ള സർക്കാർ ഡോക്ടറുടെ സാന്നിധ്യത്തിലായിരുന്നു മസ്തിഷ്‌ക മരണ സ്ഥിരീകരണം.

എയർപോർട്ടിൽ കരാറടിസ്ഥാനത്തിൽ ഹൗസ് കീപ്പറായി ജോലി നോക്കുകയായിരുന്നു മനു മോഹൻ. നെല്ലിമൂട് ദിവ്യകാരുണ്യ ദേവാലയത്തിലെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച ദേവാലയത്തിലെ ദിവ്യബലി ഉത്സവ സമാപന ദിവസത്തിൽ രാത്രി കൈവൻവിള പമ്പിൽ പെട്രോളടിക്കാൻ പോകുകയായിരുന്നു മനുമോഹൻ. നേരിയ ചാറ്റൽ മഴയുണ്ടായിരുന്നു. പെട്രോൾ പമ്പിന്റെ സമീപം വച്ച് സഞ്ചരിച്ച ബൈക്ക് തെന്നി തലയിടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റു.

അപകടം ഉണ്ടായ ഉടൻ തന്നെ മനു മോഹനെ പി.ആർ.എസ്. ആശുപത്രിയിൽ എത്തിച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന മനുമോഹനെ വെന്റിലേറ്റർ സൗകര്യമുള്ള ആമ്പുലൻസിൽ അവിടെ നിന്നും മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും വെന്റിലേറ്റർ ഒഴിവില്ലാത്തതിനാൽ കിംസ് ആശുപത്രിയിൽ കൊണ്ടു പോയി. അവിടത്തെ പരിശോധനയിൽ 99 ശതമാനവും മസ്തിഷ്‌ക മരണത്തിനുള്ള സാധ്യതയുള്ളതായി ഡോക്ടർമാർ കണ്ടെത്തി. മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ സൗകര്യം ലഭ്യമായതിനെ തുടർന്ന് ബുധനാഴ്ച എസ്.എസ്.ബി. മെഡിക്കൽ ഐ.സി.യു.വിൽ മനു മോഹനെ പ്രവേശിപ്പിച്ചു. ജീവൻ നിലനിർത്താൻ സാധ്യമായതെല്ലാം ചെയ്തെങ്കിലും ശനിയാഴ്ച വൈകുന്നേരത്തോടെ മനു മോഹന് മസ്തിഷ്‌ക മരണം സംഭവിച്ചു.

തുടർന്ന് സർക്കാരിന്റെ കർശന നിർദേശങ്ങളനുസരിച്ച് നാലു ഡോക്ടർമാരുടെ സാന്നിധ്യത്തിൽ ആറു മണിക്കൂർ ഇടവിട്ട് രണ്ടു പ്രാവശ്യം മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു.

തങ്ങളുടെ പ്രിയപ്പെട്ട മകൻ അകാലത്തിൽ പൊലിഞ്ഞെന്നുള്ള സത്യം മനസിലാക്കിയ ബന്ധുക്കൾ അവയവദാനത്തിന് സ്വയമേ തയ്യാറാകുകയായിരുന്നു. യുവജന ക്ലബ്ബുകളിൽ പ്രവർത്തിച്ചിരുന്ന മനുമോഹനന്റെ ആഗ്രഹമായിരുന്നു മരണാനന്തര അവയവദാനം. ദിവ്യ കാരുണ്യ ഇടവകയിലെ വികാരി ഫാ. ബിനുവും അവയവദാനത്തിന്റെ മാഹാത്മ്യം ബന്ധുക്കളെ ഓർമ്മിപ്പിച്ചു.

തീവ്രദുഃഖത്തിലും തന്റെ മകന്റെ അവയവങ്ങൾ മറ്റുള്ളവരിലൂടെ ജീവിക്കട്ടെ എന്ന് പറഞ്ഞ് മനുമോഹന്റെ അച്ഛൻ അവയവ ദാനത്തിന് സമ്മതം നൽകുകയായിരുന്നു. ഒപ്പം ഉറച്ച പിന്തുണയോട മനു മോഹന്റെ സഹോദരൻ ജിനു മോഹനുമുണ്ടായിരുന്നു. കേരള സർക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൺ ഷെയറിങ് (KNOS) അഥവാ മൃതസജ്ജീവനിയാണ് അവയവദാന പ്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.

പൂജപ്പുര ആയുർവേദ ആശുപത്രിയിലെ ജീവനക്കാരിയായ ബീനയാണ് മനു മോഹന്റെ അമ്മ. അവയവദാന ശസ്ത്രക്രിയയ്ക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടം കഴിഞ്ഞ് പൂർണ ബഹുമതിയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP