യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരൻ ശൈഖ് സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു; മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു യുഎഇ; പതാക പാതി താഴ്ത്തി കെട്ടി ആദരിച്ച് ഗൾഫ് രാജ്യം; എങ്ങും ദുഃഖാചരണങ്ങൾ
November 19, 2019 | 05:42 AM IST | Permalink

സ്വന്തം ലേഖകൻ
അബുദാബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരൻ ശൈഖ് സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. തിങ്കളാഴ്ചയായിരുന്നു അന്ത്യം. െൈശഖ് സുൽത്താന്റെ നിര്യാണത്തിൽ ശൈഖ് ഖലീഫ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദേശീയ പതാക താഴ്ത്തികെട്ടുന്നത് ഉൾപ്പെടെ യു.എ.ഇയിൽ മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
പ്രസിഡന്റിന്റെ പ്രതിനിധി കൂടിയായ ശൈഖ് സുൽത്താന്റെ നിര്യാണത്തിൽ അൽ നഹ്യാൻ രാജകുടുംബത്തിനും യു.എ.ഇയിലെ ജനങ്ങളോടും അനുശോചനം രേഖപ്പെടുത്തുന്നതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെ അറിയിച്ചു.
യുഎഇയുടെ പിതാവായ ഷെയ്്ക്ക് സയ്യിദിന്റെ മകനായി 1955ലാണ് ഷെയ്ക്ക് സുൽത്താൻ ജനിച്ചത്. അൽ ഐനിലായിരുന്നു ജനനം. സോമർസെറ്റിലെ മിൽഫീൽഡ് സ്കൂളിൽ നിന്നാണ് അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് സന്ദേഴ്സറ്റ് മിലിട്ടറി അക്കാദമിയിലും പഠനം നടത്തി. നേരത്തെ ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ പദവിയിലായിരുന്നു അദ്ദേഹം. പിന്നീടാണ് പ്രസിഡന്റിന്റെ പ്രതിനിധിയായി നിയമിക്കപ്പെട്ടത്.
അബുദാബിയിലെ സ്വെയ്ഹാൻ റെയ്സ് കോഴ്സിൽ നടക്കുന്ന വാർഷിക പരമ്പരാഗത ഉത്സവത്തിന്റെ രക്ഷാധികാരിയും അദ്ദേഹമായിരുന്നു. കാമൽ, സലൂകി റെയ്സുകൾ ഈ ഉത്സവത്തിന്റെ ഭാഗമാണ്. ഇതിന് പുറമെ ഒട്ടകങ്ങളുടെ സൗന്ദര്യ മത്സരവും പരമ്പരാഗത കച്ചവടവുമെല്ലാം ഈ ആഘോഷങ്ങളുടെ ഭാഗമായി നടക്കാറുണ്ട്.
ശൈഖ് സുൽത്താൻ ബിൻ സായിദിന്റെ മരണത്തിൽ അനുശോചിച്ച് മൂന്ന് ദിവസം രാജ്യം പതാക താഴ്ത്തിക്കെട്ടും. ഇതിന് പുറമെ ദൈനംദിന റേഡിയോ പരിപാടിയായ ക്ലാസിക്കൽ മ്യൂസികും ഖുറആൻ പാരായണവുമെല്ലാം റദ്ദാക്കി. രാജ്യവ്യാപകമായ അുശോചനത്തിന്റെ ഭാഗമായി റേഡിയോ പരിപാടികൾ അടക്കമുള്ള ലൈവ് വിനോദ പരിപാടികൾ റദ്ദാക്കി. യുഎഇയുടെ പിതാവായ ഷെയ്ക്ക് സയ്യിദ് 2004ൽ മരിച്ചപ്പോൾ 40 ദിവസത്തെ ദുഃഖാചരണമാണ് അന്ന് നടത്തിയത്.