Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാരതപുഴയുടെ തീരത്ത് ഷിജിക്കും മക്കൾക്കും അന്ത്യവിശ്രമം; രതീഷിന്റെ മൃതദേഹം അടക്കം ചെയ്തത് ഷൊർണൂരിലും; മകൾ ജീവനൊടുക്കില്ലെന്ന് അലമുറയിട്ട് ഷിജിയുടെ മാതാവ്; ലണ്ടനിലെ മലയാളി കുടുംബത്തിന്റെ മരണകാരണം ഇപ്പോഴും അജ്ഞാതമായി തുടരുന്നു

ഭാരതപുഴയുടെ തീരത്ത് ഷിജിക്കും മക്കൾക്കും അന്ത്യവിശ്രമം; രതീഷിന്റെ മൃതദേഹം അടക്കം ചെയ്തത് ഷൊർണൂരിലും; മകൾ ജീവനൊടുക്കില്ലെന്ന് അലമുറയിട്ട് ഷിജിയുടെ മാതാവ്; ലണ്ടനിലെ മലയാളി കുടുംബത്തിന്റെ മരണകാരണം ഇപ്പോഴും അജ്ഞാതമായി തുടരുന്നു

തൃശ്ശൂർ: ലണ്ടനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി കുടുംബത്തിന് ഭാരതപുഴയുടെ തീരങ്ങളിൽ അന്ത്യവിശ്രമം. ലണ്ടനിലെ റോംഫോർഡിൽ കൂട്ട ആത്മഹത്യചെയ്ത രതീഷിന്റെയും ഷിജിയുടെയും രണ്ടു പെൺമക്കളുടെയും മൃതദേഹങ്ങളാണ് ഇന്നലെ ഭാരതപ്പുഴയുടെ തീരത്ത് രണ്ടിടങ്ങളിലായി സംസ്‌ക്കരിച്ചത്. മൃതദേഹങ്ങളെല്ലാം ഒരുമിച്ച് ഷിജിയുടെ ചെറിയച്ഛന്റെ മകൻ നിതിന്റെ പേരിലാണ് എത്തിയതെങ്കിലും രതീഷിന്റെ മൃതദേഹം അവരുടെ ബന്ധുക്കൾക്ക് വിട്ടു കൊടുക്കുകയായിരുന്നു. രതീഷ് മക്കളെയും ഭാര്യയെയും കൊന്ന ശേഷം ആത്മഹത്യ ചെയ്തതാണ് എന്നു സൂചനയുള്ളതിനാൽ ഇവർക്കൊപ്പം രതീഷിന്റെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ ഷിജിയുടെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും എതിർപ്പ് പ്രകടിപ്പിച്ചതിനാലാണ് രണ്ടിടങ്ങളിലായി സംസ്‌കാരം നടത്തിയത്.

ഇന്നലെ രാവിലെ എട്ടരയോടെ മുംബൈയിൽ നിന്നെത്തിയ ജെറ്റ് എയർവെയ്‌സ് വിമാനത്തിലാണ് നാല് മൃതദേഹങ്ങളും നെടുമ്പാശേരി എയർപോർട്ടിൽ എത്തിയത്. വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ഷിജിയുടെ ചെറിയച്ഛന്റെ മകൻ നിതിൻ നാല് മൃതദേഹങ്ങളും ഏറ്റു വാങ്ങുകയായിരുന്നു. മൃതദേഹങ്ങളെ അനുഗമിച്ച ലണ്ടൻ എംബസ്സി ഉദ്യോഗസ്ഥനും പ്രമുഖ വ്യവസായിയുമായ ടി. ഹരിദാസ് അടക്കമുള്ളവരും അനുഗമിച്ചിരുന്നു. വിമാനത്താവളത്തിൽ നിന്നും വിയ്യൂർ സെൻട്രൽ ജയിലിനു സമീപം കോലഴിയിലുള്ള ഷിജിയുടെ വീടിനു തൊട്ടടുത്തുതന്നെയുള്ള നിതിന്റെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുവരികയായിരുന്നു. അവിടെ വച്ചാണ് മൃതദേഹങ്ങളിലെ സീൽ അഴിച്ചതും രതീഷിന്റെ മൃതദേഹം അവരുടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തതും.

രതീഷിന്റെ മൃതദേഹം ഏറ്റുവാങ്ങിയത് സഹോദരൻ ദേവദാസാണ്. രതീഷിന്റെ മൃതദേഹം ഷൊർണൂർ ശാന്തിതീരത്തെ ശ്മശാനത്തിൽ വളരെ അടുത്ത ബന്ധുക്കളുടെയും കൂട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ ഉച്ചയ്ക്കു മുമ്പു തന്നെ അടക്കുകയായിരുന്നു. ഇതിന് മുമ്പ് രതീഷിന്റെ പുല്ലറക്കാട്ട് വീട്ടിൽ അന്ത്യകർമങ്ങളും നിർവ്വഹിച്ചിരുന്നു. ഷിജിയുടെയും മക്കളുടെയും മൃതദേഹം ഷിജിയുടെ കോട്ടുവാലവീട്ടിൽ എത്തിയപ്പോൾ വികാര നിർഭരമായ രംഗങ്ങൾക്കാണ് നാട്ടുകാർ സാക്ഷികളായത്. ഒന്നര മണിക്കൂറോളം വീട്ടിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വച്ചു. നേഹയെയും നിയയെയും ജീവനായിരുന്നു മുത്തച്ഛൻ പത്മനാഭന്. പേരകുട്ടികളെ ഒരു നോക്ക് കാണാൻ പോലും ആവതില്ലാതെയാണ് പത്ഭനാഭൻ വീടിനുള്ളിൽ തളർന്നുകിടന്നത്. എംബസ്സി ഉദ്യോഗസ്ഥരും മറ്റും നൂറോളം പൊലീസുകാരുടെ അകമ്പടിയോടെയാണ് ഷിജിയുടെ വീട്ടിലേക്ക് പോയത്. മൃതദേഹവുമായി എത്തിയ ഹരിദാസിനും പൊലീസ് അകമ്പടി ഉണ്ടായിരുന്നു.

കുടുംബ പ്രശ്‌നത്തെ തുടർന്ന് രതീഷ് ഭാര്യയും മക്കളെയും കൊന്നതിന് ശേഷം ആത്മഹത്യ ചെയ്തതാണ് എന്ന് വിശ്വസിക്കുന്നവരാണ് കോലഴിയിലെ സർവ്വ നാട്ടുകാരും. രതീഷിന്റെ മൃതദേഹങ്ങളും ഭാര്യയ്ക്കും മക്കൾക്കുമൊപ്പം സംസ്‌കരിക്കണമെന്ന് രതീഷിന്റെ സഹോദരനും ബന്ധുക്കളും പൊലീസ് മുഖേന പൊലീസിനെ അറിയിച്ചെങ്കിലും ഷിജിയുടെ ബന്ധുക്കൾ വഴങ്ങിയില്ലെന്നാണ് സൂചന.

 'എന്റെ മോൾ ഒരിക്കലും ജീവനൊടുക്കില്ല, രണ്ട് പൊന്നോമനകളേയും ഷിജി മോളേയും കൊന്നത് തന്നെയാണെന്ന് പറഞ്ഞ് അലമുറുയിടുകയായിരുന്നു ഷിജിയുടെ മാതാവ്. നിങ്ങൾക്ക് ഈ ഗതി വരുത്തിയത് ആരാണെന്ന് അറിയാം, മരിച്ച് പോയതുകൊണ്ട് ദുഷ്ടനായാലും കുറ്റപ്പെടുത്തുന്നില്ല ''അവർ പറയുന്നു. കുസൃതി കാട്ടി നടന്നിരുന്ന അതേ മുറ്റത്ത് നേഹയും നിയയും ചലനമില്ലാതെ കിടക്കുന്നത് നിന്നവരുടെയെല്ലാം കരളലിയിപ്പിക്കുന്നതായിരുന്നു. അവധിക്കാലത്ത് നാട്ടിൽ എത്തിയാൽ ഏവരോടും നന്നായി ഇടപഴകിയിരുന്ന പൊന്നുവിനേയും ചിന്നുവിനേയും നാട്ടുകാരും വീട്ടുകാരും നിറകണ്ണുകളോടെയാണ് അവസാനമായി കണ്ടത്.

രണ്ട് മണിയോടെ ഷിജിയുടെയും മക്കളുടെയും മൃതദേഹങ്ങൾ ഭാരതപ്പുഴയ്ക്ക് സമീപമുള്ള ചെറുതുരുത്തി പുണ്യതീരത്ത് എത്തിച്ച് സംസ്‌കരിക്കുകയായിരുന്നു. സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാനും നൂറുകണക്കിന് ആളുകൾ എത്തിച്ചേർന്നിരുന്നു. എംബസി ഉദ്യോഗസ്ഥൻ ടി ഹരിദാസ് കൈമാറിയ മരണ സർട്ടിഫിക്കറ്റിൽ ഷിജിയും മക്കളും ശ്വാസം മുട്ടി മരിച്ചതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് നിതിൻ മറുനാടൻ മലയാളിയോട് പറഞ്ഞു. അന്വേഷണം പൂർത്തിയാക്കൻ ഏതാനും മാസങ്ങൾ കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം രതീഷ് ആത്മഹത്യ ചെയ്താതാകാം എന്നാണ് യുകെ പൊലീസിന്റെ നിഗമനം.

 

ഷിജിയുടെയും രതീഷിന്റേയും കൂടുതൽ വിവരങ്ങൾ യുകെ പൊലീസ് രതീഷിന്റെയും ഷിജിയുടെയും യുകെയിലെ സുഹൃത്തുക്കളിൽ നിന്നും ശേഖരിക്കുന്നുണ്ട്. ഇത് പൂർത്തിയായാൽ മരണത്തിലുള്ള ദുരൂഹത നീങ്ങുമെന്നാണ് സൂചന. എന്ത് പ്രശ്‌നമാണ് രണ്ടുപേരും തമ്മിലുണ്ടായിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമാകേണ്ടതുണ്ട്. വീടുനിർമ്മാണത്തെക്കുറിച്ചുള്ള തർക്കമാണ് കൊലപാതകത്തിലും മരണത്തിലും കലാശിച്ചതെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ മരണ കാരണം ശ്വാസം മുട്ടിയാണ് എന്ന് പറയുന്നുണ്ടെങ്കിലും എങ്ങനെയാണ് മരിച്ചതെന്ന് പൊലീസ് നിഗമനത്തിൽ എത്തിയിട്ടില്ല. അന്വേഷണം പൂർത്തിയായാൽ ഉടൻ തന്നെ വിവരങ്ങൾ നാട്ടിലെ ബന്ധുക്കളെ പൊലീസ് അറിയിക്കുമെന്നാണ് പറയപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP