Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാവപ്പെട്ട കുടുംബത്തിൽ നിന്നു ഡോക്ടറായതിന്റെ കടപ്പാടു മറക്കാതെ പാവങ്ങളെ സ്‌നേഹിച്ച ഡോക്ടർ; ഭാര്യയെ കൊല്ലാൻ രോഗിയുടെ ഭർത്താവു മരുന്നിൽ വിഷം കലർത്തിയത് അറിയാതെ വിശ്വാസ്യത ഉറപ്പിക്കാൻ കഴിച്ചപ്പോൾ ഒമ്പതു കൊല്ലം തളർന്നു കിടന്നു; ഇന്നലെ മരണത്തിനു കീഴടങ്ങിയ ബൈജു മലയാളികളോടു പറയുന്നത്

പാവപ്പെട്ട കുടുംബത്തിൽ നിന്നു ഡോക്ടറായതിന്റെ കടപ്പാടു മറക്കാതെ പാവങ്ങളെ സ്‌നേഹിച്ച ഡോക്ടർ; ഭാര്യയെ കൊല്ലാൻ രോഗിയുടെ ഭർത്താവു മരുന്നിൽ വിഷം കലർത്തിയത് അറിയാതെ വിശ്വാസ്യത ഉറപ്പിക്കാൻ കഴിച്ചപ്പോൾ ഒമ്പതു കൊല്ലം തളർന്നു കിടന്നു; ഇന്നലെ മരണത്തിനു കീഴടങ്ങിയ ബൈജു മലയാളികളോടു പറയുന്നത്

മറുനാടൻ മലയാളി ബ്യൂറോ

മൂവാറ്റുപുഴ: മനുഷ്യസ്‌നേഹത്തിന്റെ മാതൃകയാണു പി എ ബൈജു എന്ന ആയുർവേദ ഡോക്ടർ. പാവപ്പെട്ട കുടുംബത്തിൽ നിന്നു ഡോക്ടറായതിന്റെ കടപ്പാടു മറക്കാതെ പാവങ്ങളെ സ്‌നേഹിച്ച ഡോക്ടർ. ഏവരെയും സ്‌നേഹിച്ചതിനു പകരം ഈ ഡോക്ടർക്കു നഷ്ടമായതു സ്വന്തം ജീവിതം തന്നെയാണ്.

ഭാര്യയെ കൊല്ലാൻ രോഗിയുടെ ഭർത്താവു മരുന്നിൽ വിഷം കലർത്തിയത് അറിയാതെ വിശ്വാസ്യത ഉറപ്പിക്കാൻ കഴിച്ചപ്പോൾ തളർന്നു കിടന്നത് ഒമ്പതു കൊല്ലം. ഒടുവിൽ സാധാരണക്കാരിൽ സാധാരണക്കാരനായ ഈ ഡോക്ടർ ഇന്നലെ മരണത്തിനു കീഴടങ്ങി.

താൻ നല്കിയ മരുന്നിന്റെ വിശ്വാസ്യത ഉറപ്പുവരുത്താൻ സ്വന്തം ജീവിതം തന്നെ ഉപയോഗിച്ചപ്പോൾ അതിൽ ഒളിഞ്ഞിരുന്ന ചതി മനസിലാക്കാൻ കഴിയാതെയാണ് മൂവാറ്റുപുഴ പായിപ്ര പണ്ടിരിയിൽ പുത്തൻപുര വീട്ടിൽ ഡോ. പി.എ. ബൈജു (47) ലോകത്തോടു വിട പറഞ്ഞത്. ഒൻപതു വർഷത്തെ ജീവിത യാതനകൾക്കൊടുവിൽ. മൂവാറ്റപുഴ പായിപ്ര മാനാറിയിലെ വീട്ടിൽ ഞായറാഴ്ച രാത്രി 12.30- യോടെയായിരുന്നു ഡോക്ടറുടെ അന്ത്യം.

ദുരന്തത്തിലേക്കുള്ള വഴി തുറന്നത് 2007 ജനുവരിയിൽ

താൻ നല്കിയ മരുന്നിന്റെ വിശ്വാസ്യത തെളിയിക്കാനായി 2007 ജനുവരി 26-നാണ് ഡോക്ടർ ബൈജു രോഗി തിരിച്ചു കൊണ്ടുവന്ന മരുന്നു കഴിച്ചത്. ബൈസൺവാലി ഗവ. ആയുർവേദ ആശുപത്രിയിൽ വച്ചായിരുന്നു സംഭവം. അല്പസമയത്തിനുള്ളിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ വിവിധ ആശുപത്രികളിൽ ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ആറുമാസത്തിനു ശേഷം വീട്ടിലേക്കു തിരികെ കൊണ്ടുവന്നു. പ്രായാധിക്യത്തിന്റെ കഷ്ടപ്പാടുകളുമായി അച്ഛൻ അയ്യപ്പനും അമ്മ ലീലയും സഹോദരൻ ബിജുവുമായിരുന്നു പാവങ്ങളുടെ ഈ ഡോക്ടറിനു തുണ.

ഔഷധിയുടെ ഒരു മരുന്നാണ് 2007 ജനുവരി 25-ന് ആശുപത്രിയിൽ എത്തിയ ശാന്ത എന്ന രോഗിക്ക് ഡോക്ടർ നല്കിയത്. ഇത് കഴിച്ചതിനെത്തുടർന്ന് അസ്വസ്ഥതയുണ്ടായി എന്ന പരാതിയുമായി ശാന്ത പിറ്റേന്ന് ബന്ധുക്കൾക്കൊപ്പം ആശുപത്രിയിലെത്തി. എന്നാൽ, പ്രശ്‌നം വരാൻ വഴിയില്ലെന്നു ഡോക്ടർക്ക് ഉറപ്പായിരുന്നു. ഇവരുടെ മുന്നിൽ വച്ചു തന്നെ അദ്ദേഹം മരുന്നു കഴിച്ചു കാണിക്കുകയും ചെയ്തു. രോഗി തിരികെ നൽകിയ അതേ മരുന്നു കഴിച്ചയുടൻ തന്നെ അദ്ദേഹം ഛർദിച്ച് അവശനായി കുഴഞ്ഞു വീണു.

വില്ലനായത് മരുന്നിൽ കലർത്തിയ വിഷം

ബൈസൺവാലി കാര്യംകുന്നേൽ ശാന്ത എന്ന വീട്ടമ്മ, സന്ധിവാതത്തിന് ഡോ.ബൈജുവിന്റെ ചികിത്സയിലായിരുന്നു. നടക്കാൻ പോലുമാകാതെ എത്തിയ ശാന്തയുടെ രോഗത്തിന് ബൈജുവിന്റെ ചികിത്സകൊണ്ട് ഏറെ ശമനമുണ്ടായി. ജനവരി 24 നും ശാന്ത ഡോ. ബൈജുവിന്റെയെടുത്ത് ചികിത്സ തേടിയെത്തി.
'രസനപഞ്ചകം' കഷായം അന്നും കുറിച്ചുനൽകി. മരുന്നുമായി മടങ്ങിയ ശാന്തയുടെ ബന്ധുക്കൾ പിറ്റേദിവസം ഡോ.ബൈജുവിനെ അന്വേഷിച്ചെത്തി. അവരുടെ കൈയിൽ കഷായക്കുപ്പിയുമുണ്ടായിരുന്നു. കഷായംകുടിച്ച് ശാന്ത ബോധരഹിതയായെന്നും അതിന് ഉത്തരവാദി ഡോക്ടറാണെന്നും അവർ പറഞ്ഞു. ഒടുവിൽ ഡോക്ടർ തന്റെ വിശ്വാസ്യത തെളിയിക്കാൻ മരുന്ന് കുടിക്കുകയായിരുന്നു. ഭീഷണിയുമായി എത്തിയവർ നിർബ്ബന്ധപൂർവം മരുന്ന് കുടിപ്പിച്ചെന്നും ആരോപണമുണ്ട്. മരുന്നുകഴിച്ച ഡോക്ടർ തൽക്ഷണം ഛർദ്ദിച്ചു. പിന്നീട് ബോധവും നഷ്ടപ്പെട്ടു. കഷായത്തിൽ വിഷം കലർത്തിയതിന് ശാന്തയുടെ ഭർത്താവ് രാജപ്പനെ അറസ്റ്റ് ചെയ്തിരുന്നു. കുടുംബ കലഹത്തെത്തുടർന്ന് ഇയാൾ മരുന്നിൽ വിഷം കലർത്തിയതാണെന്നാണ് ആരോപണം. ശാന്തയുടെ ഭർത്താവ് രാജപ്പനെതിരെ രാജാക്കാട് പൊലീസ് കേസെടുക്കുകയും ചെയ്തു. ഈ കേസിന്റെ വിധി തൊടുപുഴ ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് വരാനിരിക്കെയാണ് ഡോ. ബൈജുവിന്റെ മരണം.

പട്ടിണിയെ തോൽപ്പിച്ചു ഡോക്ടറായ ഫുട്‌ബോൾ താരം

സാധാരണ തൊഴിലാളി കുടുംബത്തിൽ നിന്നാണു സ്വന്തം പ്രയത്‌നം കൊണ്ടു ബൈജു ഭിഷഗ്വരനായത്. പട്ടിണിയും കഷ്ടപ്പാടുമായിരുന്നു ജീവിതത്തിലെ കൂട്ടുകാർ. നല്ലൊരു ഫുട്‌ബോൾ താരം കൂടിയായിരുന്ന ബൈജു ജനങ്ങളെ സേവിക്കാനുള്ള വഴിയായാണു തന്റെ ജോലിയെ കണ്ടത്. തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കി സർവീസിലെത്തിയെങ്കിലും വെറും ഒൻപതുമാസം മാത്രമേ സേവനം അനുഷ്ഠിക്കാൻ കഴിഞ്ഞുള്ളൂ.

ദുരന്തമുണ്ടായശേഷം ട്യൂബിലൂടെയായിരുന്നു മരുന്നും ഭക്ഷണവും. പരസഹായമില്ലാതെ ഒന്നനങ്ങാൻ പോലും കഴിയുമായിരുന്നില്ല. തൃപ്പൂണിത്തുറ ആയുർവേദ കോളേജിലെ ഡോ. ഷിൻസിയാണ് ഭാര്യ. മക്കൾ: വിഷ്ണു (9-ാം ക്ലാസ്സ് വിദ്യാർത്ഥി), വൈഷ്ണവി (7-ാം ക്ലാസ്സ് വിദ്യാർത്ഥിനി). മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ തിങ്കളാഴ്ച സംസ്‌കരിച്ചു.

  • തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14.09.2016) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP