Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അറബ് ലോകത്തെ ഇന്ത്യയുടെ പ്രതിനിധി; സൗദി മുതൽ ഫലസ്തീൻ വരെയുള്ള രാഷ്ട്രത്തലവന്മാരുടെ വിശ്വസ്തൻ; ഇറാഖിൽ തടവിലായ ഇന്ത്യാക്കാരെ രക്ഷിച്ചത് അസാധാരണ നയതന്ത്ര നീക്കത്തിലൂടെ; ഇ അഹമ്മദ് എന്നും ഇസ്ലാമിക രാഷ്ട്രങ്ങളുടെ പ്രിയപ്പെട്ടവൻ

അറബ് ലോകത്തെ ഇന്ത്യയുടെ പ്രതിനിധി; സൗദി മുതൽ ഫലസ്തീൻ വരെയുള്ള രാഷ്ട്രത്തലവന്മാരുടെ വിശ്വസ്തൻ; ഇറാഖിൽ തടവിലായ ഇന്ത്യാക്കാരെ രക്ഷിച്ചത് അസാധാരണ നയതന്ത്ര നീക്കത്തിലൂടെ; ഇ അഹമ്മദ് എന്നും ഇസ്ലാമിക രാഷ്ട്രങ്ങളുടെ പ്രിയപ്പെട്ടവൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: യുപിഎ സർക്കാരിൽ മന്ത്രിയായെത്തുമ്പോൾ പ്രധാനമന്ത്രി മന്മോഹൻ സിങ് അഹമ്മദിന് നൽകിയത് വിദേശകാര്യ വകുപ്പായിരുന്നു. അഹമ്മദിന്റെ പ്രവർത്തന മേഖല തിരിച്ചറിഞ്ഞായിരുന്നു അത്. വിദേശകാര്യ സഹമന്ത്രിയായിരുന്ന അഹമ്മദ് നയതന്ത്ര ഇടപെടലുകളിലൂടെ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തി. അറബ് ലോകത്ത് ഇന്ത്യയുടെ സ്വാധീനം ശക്തമാക്കുന്നതിൽ ഇ. അഹമ്മദിന്റെ ഇടപെടൽ വലുതായിരുന്നു. ഏറ്റവും കൂടുതൽ ലോകരാഷ്ട്ര ഉച്ചകോടികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മന്ത്രി എന്ന ബഹുമതിയും അഹമ്മദിന്റെ പേരിലാണുള്ളത്.

പാർലമെന്റിന്റെ ഒട്ടേറെ സമിതികളിലും ദൗത്യസംഘങ്ങളിലും നയതന്ത്രസംഘങ്ങളിലും പ്രധാനസ്ഥാനം വഹിച്ച ശേഷമാണ് കേന്ദ്രമന്ത്രിയായത്. പാർലമെന്റിലെ ആദ്യ പ്രവേശന സമയത്ത് തന്നെ തന്റെ പ്രവർത്തന മേഖല വിദേശകാര്യമായിരിക്കുമെന്ന് അദ്ദേഹം തെലിയിച്ചിരുന്നു. 1991 മുതൽ 2014 വരെയുള്ള വിവിധകാലങ്ങളിൽ ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയിലും മറ്റു പരിപാടികളിലും ഇന്ത്യയെ പലതവണ പ്രതിനനിധീകരിച്ചു. അറബ് രാജ്യങ്ങളിലെ ഭരണതലവന്മാരുമായും രാജകുടുംബങ്ങളുമായും അതി ശക്തമായ ബന്ധമാണ് അഹമ്മദിനുണ്ടായിരുന്നത്. അറബ് രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരുടെ വിശ്വസ്തനായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രിയായിരിക്കെ ഇത് ഇന്ത്യയ്ക്കും ഗുണം ചെയ്തു. 2004-ൽ അഹമ്മദ് നടത്തിയ സമ്മർദ്ദങ്ങളുടെ ഫലമായാണ് 72,000 ആയിരുന്ന ഹജ്ജ് ക്വോട്ട 1,70,000 ആയി വർധിപ്പിച്ചത്. ഒരു മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമല്ലാതിരുന്നിട്ടും അറബ് ഉച്ചകോടികളിലടക്കം ഇന്ത്യയ്ക്ക് പ്രാതിനിധ്യം ലഭിക്കാൻ കാരണം ഇ.അഹമ്മദിന് അറബ് രാഷ്ട്രങ്ങൾക്കിടയിലുണ്ടായിരുന്ന സ്വാധീനമാണ്.

ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ഇറാഖിൽ മൂന്ന് ഇന്ത്യൻ ഡ്രൈവർമാരെ അൽഖ്വയ്ദ തട്ടിക്കൊണ്ടു പോയി ബന്ദികളാക്കിയപ്പോൾ അവരെ സുരക്ഷിതരായി തിരിച്ചെത്തിക്കുന്നതിൽ തന്റെ വ്യക്തി ബന്ധങ്ങൾ അദ്ദേഹം സമർത്ഥമായി ഉപയോഗിച്ചിരുന്നു. ഇക്കാര്യത്തിൽ പ്രധാനമന്ത്രി മന്മോഹൻസിങ്ങിന്റേയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടേയും പ്രശംസയും അദ്ദേഹത്തെ തേടിയെത്തി. സൗദി സർക്കാർ നിതാഖത്ത് പ്രഖ്യാപിച്ചപ്പോൾ അവിടെയുള്ള ഇന്ത്യക്കാർക്കായി കാര്യമായ ഇടപെടുവാൻ അഹമ്മദിന് സാധിച്ചിരുന്നു. വിസാ നിയമത്തിൽ ഇളവുണ്ടാക്കാനും അവധി നീട്ടിവാങ്ങുവാനുമെല്ലാം അഹമ്മദ് നിരന്തരം പരിശ്രമിച്ചു. ഇതിനായി നിരവധി തവണ അദ്ദേഹം സൗദി രാജാവിനെ നേരിൽ കണ്ടിരുന്നു. വിദേശകാര്യസഹമന്ത്രിയായിട്ടായിരുന്നു കൂടുതൽ കാലവും പ്രവർത്തിച്ചതെങ്കിലും രണ്ടാം യുപിഎ സർക്കാരിൽ റെയിൽവേ മന്ത്രിയായും അദ്ദേഹം സാന്നിധ്യമറിയിച്ചു. ഇടക്കാലത്ത് ഒരു ആറ് മാസത്തോളം മാനവവിഭവശേഷി മന്ത്രാലയത്തിലും ഇ.അഹമ്മദ് മന്ത്രിയായി ഉണ്ടായിരുന്നു.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രതിനിധിയായി നടത്തിയ ഗൾഫ് സന്ദർശനം മുതൽ ഗൾഫ് ഭരണാധികാരികളുമായി ഏറെ അടുത്ത ബന്ധം കാത്തുസൂക്ഷിച്ചു. സൗദി ഭരണകൂടത്തിന്റെ അതിഥികളായി ഇന്ത്യയിൽനിന്നു പോകുന്ന ഹജ് സൗഹൃദസംഘത്തിലെ അംഗമായിരുന്നു. ഇസ്ലാംമത വിശ്വാസികളുടെ പരിപാവന പ്രാർത്ഥനാേഗഹമായ മക്കയിലെ കഅബ കഴുകുന്ന ചടങ്ങിന് ക്ഷണം ലഭിക്കുന്ന ലോകത്തെ അപൂർവം നേതാക്കളിലൊരാളായിരുന്നു അഹമ്മദ്. ഇന്ത്യയിൽനിന്നുള്ള ഹജ് തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിൽ പങ്കുവഹിച്ചു.

2004 ഓഗസ്റ്റിലാണ് ഇറാഖിൽ മൂന്ന് ഇന്ത്യക്കാരുൾപ്പെടുന്ന തൊഴിലാളിസംഘത്തെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. പ്രശ്‌നം പരിഹരിക്കാൻ ഇന്ത്യൻ സർക്കാർ ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് രൂപീകരിച്ചപ്പോൾ തലവനായത് ഇ.അഹമ്മദ്. വിദേശകാര്യ മന്ത്രാലയത്തിലെ നാല് ജോയിന്റ് സെക്രട്ടറിമാരായിരുന്നു അംഗങ്ങൾ. ബന്ദികളുടെ മോചനത്തിനായി ഇറാഖിലും പുറത്തുമുള്ള കേന്ദ്രങ്ങളുമായി കമ്മിറ്റി ആശയവിനിമയം നടത്തി. എല്ലാവരും മോചിതരായി. ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്തിച്ചു. മുംബൈ ആക്രമണത്തിനുശേഷം 2008ൽ ചേർന്ന യുഎൻ പൊതുസഭാ സമ്മേളനത്തിൽ പാക്കിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്കെതിരെ ഇ.അഹമ്മദ് ആഞ്ഞടിച്ചു. പാക് ഭീകരസംഘടനകളെ ഒന്നിനു പിന്നാലെ മറ്റൊന്നായി വിവിധ രാജ്യങ്ങൾ നിരോധിച്ചു.

2004ൽ പ്രധാനമന്ത്രി മന്മോഹൻസിങ്ങിന്റെ പ്രതിനിധിയായി ഫലസ്തീനിലേക്കു പോകാൻ അവസരമുണ്ടായതും അഹമ്മദിനാണ്. അഹമ്മദിനും സംഘത്തിനും ഫലസ്തീനികൾ ഊഷ്മള സ്വീകരണം നൽകി. ഇന്ത്യയുടെ സമ്മാനമായി 15 ദശലക്ഷം ഡോളർ, 15 വാഹനങ്ങൾ, രണ്ടുഘട്ടങ്ങളിലായി അഞ്ച് ദശലക്ഷം ഡോളറിന്റെ വൈദ്യസഹായ സൗകര്യങ്ങൾ എന്നിവ ഇന്ത്യ നൽകി. യാസർ അറാഫത്തുമായും അടുത്ത വ്യക്തിബന്ധം അഹമ്മദിനുണ്ടായിരുന്നു. ബിജെപി സർക്കാർ അധികാരമേറ്റ ശേഷം ലിബിയയിലെ അഭ്യന്തരപ്രശ്‌നങ്ങളിൽ ഇന്ത്യക്കാർ അകപ്പെട്ടപ്പോൾ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, അഹമ്മദിന്റെ ഇടപെടൽ അഭ്യർത്ഥിച്ചിരുന്നു. സൗദി അറേബ്യൻ കോടതി കണ്ണുചൂഴ്‌ന്നെടുക്കാൻ വിധിച്ച മലപ്പുറം സ്വദേശി നൗഷാദിന്റെ മോചനത്തിനു വഴിയൊരുക്കിയതും അഹമ്മദ്തന്നെ.

അഹമ്മദിന്റെ വിദേശകാര്യ ഇടപെടലുകളുടെ വിശദാംശങ്ങൾ ഇങ്ങനെ

  • 1984 - ഗൾഫ് രാജ്യങ്ങിലേക്കുള്ള ഉന്നതതല വാണിജ്യ വ്യാപാര പ്രതിനിധി സംഘത്തെ നയിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ദൂതനായി ഗൾഫ് രാജ്യങ്ങളുടെ ഭരണത്തലവന്മാരുമായി ചർച്ചകൾ നടത്തി. അന്നുമുതൽ ഗൾഫ് രാഷ്ട്രത്തലവന്മാരുടെ അടുത്ത സുഹൃത്തായി
  • 1992-97 - യുഎൻ പൊതുസഭയിൽ തുടർച്ചയായ ആറുതവണ ഇന്ത്യൻ പ്രതിനിധി സംഘത്തിലെ അംഗം
  • 1997 - സൗദി അറേബ്യയിലുണ്ടായ മിന തീപിടിത്തം അന്വേഷിച്ച വസ്തുതാന്വേഷണ സംഘത്തിലെ അംഗം.
  • 1995 - കോപൻഹേഗനിൽ നടന്ന ലോക സാമൂഹിക ഉച്ചകോടിയിലെ ഇന്ത്യൻ പ്രതിനിധി സംഘത്തിലെ അംഗം
  • 1995 - 2001 - വിവിധ രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ പാർലമെന്ററി പ്രതിനിധി സംഘത്തിലെ അംഗം
  • 1998 - ബ്രിട്ടനിൽ നടന്ന കോമൺവെൽത്ത് പാർലമെന്ററി ജോയിന്റ് കൊളോക്കിയത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
  • 2000 - ജോർദാനിൽ നടന്ന പാർലമെന്ററി കോൺഫറൻസിനുള്ള ഇന്ത്യൻ സംഘത്തിലെ അംഗം.
  • 2004 - ഇറാഖ് ബന്ദി പ്രശ്‌നം കൈകാര്യം ചെയ്ത ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് ചെയർമാൻ. കൊളംബോയിൽ ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ ഫോർ റീജനൽ കോ-ഓപ്പറേഷൻ (ഐഒആർ-എആർസി) മന്ത്രിതല യോഗം.
  • 2005 - നെയ്‌റോബിയിൽ സുദാൻ സമാധാന ഉടമ്പടി യോഗം, ചെറുദ്വീപുകളുടെ വികസനം സംബന്ധിച്ച് മൗറിഷ്യസിൽ രാജ്യാന്തര ഉച്ചകോടി, അൾജിയേഴ്‌സിൽ അറബ് ലീഗ് സമ്മേളനം (അറബ് രാഷ്ട്രമല്ലാതെ സമ്മേളനത്തിൽ പങ്കെടുത്ത ഏകരാജ്യമായിരുന്നു ഇന്ത്യ). ഓസ്ലോയിൽ സുദാൻ വികസന പങ്കാളികളുടെ യോഗം, പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധിയായി ഖത്തറിൽ നടന്ന ജി-77 മന്ത്രിതല ഉച്ചകോടിയിൽ. യുഎൻ വികസന സാമ്പത്തിക നടപടി അവലോകന സമ്മേളനം. സഹസ്രാബ്ദ ലക്ഷ്യങ്ങൾ സംബന്ധിച്ച് ജക്കാർത്തയിൽ നടന്ന എഷ്യ പസഫിക് മേഖലാ മന്ത്രിതല യോഗം. ലബനൻ, സിറിയ എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യൻ സംഘത്തെ നയിച്ചു. ധാക്കയിൽ സാർക്ക് ഉച്ചകോടി. ഇസ്ലമാബാദിൽ രാജ്യാന്തര വികസനപങ്കാളികളുടെ യോഗം.

  • 2006 - ദുബായ് ഭരണാധികാരിയായിരുന്ന ഷെയ്ഖ് മക്തൂം റാഷിദ് അൽ മക്തൂമിന്റെ സംസ്‌കാരച്ചടങ്ങിൽ ഉപരാഷ്ട്രപതി ഭൈറോൺ സിങ് ശെഖാവത്തിനൊപ്പം ഇന്ത്യയെ പ്രതിനിധീകരിച്ചു. ടെഹ്‌റാനിൽ ഐഒആർ - എആർസി മന്ത്രിതല യോഗം. ജിസിസി രാജ്യങ്ങളിലെ ഇന്ത്യൻ മിഷൻ മേധാവികളുടെ രണ്ടുദിവസത്തെ യോഗത്തിൽ ആധ്യക്ഷ്യം വഹിച്ചു. ഖാർത്തുമിൽ അറബ് ലീഗ് യോഗം.
  • 2007 - ഇന്ത്യ - തുനീസിയ ജോയിന്റ് കമ്മിഷൻ യോഗം. സോളിൽ നടന്ന ഐഒആർ-എആർസി മന്ത്രിതല സമ്മേളനം. ടെഹ്‌റാനിൽ മനുഷ്യാവകാശം സംബന്ധിച്ച ചേരിചേരാ പ്രസ്ഥാനത്തിന്റെ (നാം) മന്ത്രിതല യോഗം, താഷ്‌കെന്റിൽ ഷാങ്ഹായ് സഹകരണ സംഘടനാ യോഗം. യുഎൻ പൊതുസഭാ സമ്മേളനം.
  • 2008 - ഉപരാഷ്ട്രപതിക്കൊപ്പം തുർക്കമെനിസ്ഥാൻ, കസാക്കിസ്ഥാൻ എന്നിവിടങ്ങളിൽ സന്ദർശനം. പ്രധാനമന്ത്രിക്കൊപ്പം ഒമാൻ-ഖത്തർ സന്ദർശനം
  • 2009 - കൊളംബോയിൽ സാർക്ക് ഉച്ചകോടി, ഹവാനയിൽ 'നാം' ഉച്ചകോടി,
  • 2011 - ഈജിപ്ത്, ഗ്വാട്ടിമാല, ഇക്വഡോർ, പാനമ, ഖത്തർ, സുദാൻ, ഒമാൻ, റമല്ല, ജോർദാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിൽ ഉഭയകക്ഷി സന്ദർശനങ്ങൾ. ബാലിയിൽ 'നാം' ഉച്ചകോടി, കുവൈത്തിൽ എസിഡി മന്ത്രിതല സമ്മേളനം, യുഎൻ പൊതുസഭാ സമ്മേളനം, ഡമസ്‌കസിൽ ഏഷ്യൻ സംസ്‌കാരങ്ങൾ സംബന്ധിച്ച രാജ്യാന്തര സമ്മേളനം,
  • 2012 - മെക്‌സിക്കോയിൽ ജി-20 ഉച്ചകോടി, ലണ്ടനിൽ സൊമാലിയയുടെ പുനർനിർമ്മാണം സംബന്ധിച്ച യോഗം, സൗദി അറേബ്യയിൽ ഹജ് ഉടമ്പടി ഒപ്പുവയ്ക്കൽ, ഗൾഫ് രാജ്യങ്ങളിലെ മന്ത്രിമാരുടെ സമ്മേളനം, സിറിയയിലും യുക്രൈനിലും ഉഭയകക്ഷി സന്ദർശനം, അബുദാബിയിൽ ഇന്ത്യ-അറബ് ഉച്ചകോടി, റിയാദിൽ 'ഫ്രണ്ട്‌സ് ഓഫ് സിറിയ' സമ്മേളനം, ബിഷ്‌കെക്, കസബ്ലാൻക, തുനിസ് എന്നിവിടങ്ങളിൽ ഉഭയകക്ഷി ചർച്ചകൾ. കുക്ക് ഐലൻഡിൽ പോസ്റ്റ് ഫോറം ഡയലോഗ് പാർട്‌ണേഴ്‌സ് യോഗം, യുഎൻ പൊതുസഭാ സമ്മേളനം, കുവൈത്തിൽ എസിഡി സമ്മേളനം.
  • 2013 - അബുദാബി, ജിദ്ദ, കുവൈത്ത് സിറ്റി, ദഷ്‌നാബെ, ട്രിപ്പോളി, അൾജിയേഴ്‌സ്, ബഹ്‌റൈൻ, ബെയ്‌റൂത്ത്, റമല്ല, അമ്മാൻ എന്നിവിടങ്ങളിൽ ഉഭയകക്ഷി ചർച്ചകൾ. സൗദിയുമായി ഹജ് ഉടമ്പടി, അൽമാട്ടിയിൽ ഏഷ്യ-ഇന്ത്യ സംഭാഷണം. യുഎൻ പൊതുസഭ, ഇന്ത്യ-ബഹ്‌റൈൻ, എസിഡി സമ്മേളനങ്ങൾ. ഗൾഫ് മന്ത്രിസഭാ തലവന്മാരുടെ സമ്മേളനം.
  • 2014 - അബുദാബിയിൽ ഉഭയകക്ഷി ചർച്ച. കുവൈത്തിൽ സിറിയ സ്ഥിതിഗതികൾ സംബന്ധിച്ച ഉന്നതതലയോഗം. സൗദിയിൽ ഹജ് ഉടമ്പടി ഒപ്പുവയ്ക്കൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP