Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുട്ടിക്കാലത്ത് അച്ഛൻ ഞങ്ങൾക്ക് സ്‌നേഹം തന്നില്ല; ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ഈ അച്ഛന്റെ മകനായി പിറന്നാൽ മതി; എം വി രാഘവനെന്ന അച്ഛനെ ഓർത്ത് എം വി നികേഷ് കുമാർ

കുട്ടിക്കാലത്ത് അച്ഛൻ ഞങ്ങൾക്ക് സ്‌നേഹം തന്നില്ല; ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ഈ അച്ഛന്റെ മകനായി പിറന്നാൽ മതി; എം വി രാഘവനെന്ന അച്ഛനെ ഓർത്ത് എം വി നികേഷ് കുമാർ

തിരുവനന്തപുരം: എം വി രാഘവൻ എന്ന കർക്കശക്കാരനായ രാഷ്ട്രീയക്കാരനെ മലയാളികൾക്കെല്ലാം പരിചിതമായിരുന്നു. എന്നാൽ എംവിആർ എന്ന കുടുംബസ്ഥനെ അധികമാർക്കും പരിചയമില്ല. മൈക്കിന് മുന്നിലെത്തിയാൽ രാഷ്ട്രീയ എതിരാളികളെ നാവുകൊണ്ട് അരിഞ്ഞു വീഴ്‌ത്തിയിരുന്ന എംവിആർ മികച്ചൊരു കുടുംബസ്ഥനായിരുന്നോ? അല്ലെന്ന് പറയുന്നത് മറ്റാരുമല്ല, മകൻ എം വി നികേഷ് കുമാർ തന്നെയാണ്. രാഷ്ട്രീയത്തിന് വേണ്ടി ഒഴിഞ്ഞുവച്ച ജീവിതമായിരുന്നു എംവി ആറിന്റേതെന്നും തങ്ങൾക്ക് സ്‌നേഹമുള്ളൊരു കുട്ടിക്കാലം അച്ഛൻ നൽകിയിട്ടില്ലെന്നുമാണ് നികേഷ് കുമാർ പറയുന്നത്. എംവിആറെന്ന അച്ഛനെ ഓർമ്മിച്ച് ഗൃഹലക്ഷ്മിയിൽ എഴുതിയ കുറിപ്പിലാണ് എംവിആറിനെ കുറിച്ച് നികേഷ് മനസുതുറന്നത്.

സ്‌നേഹനിധിയായിരുന്നു അച്ഛനെങ്കിലും അത് പ്രകടിപ്പിക്കാൻ രാഷ്ട്രീയ തിരക്കുകൾ മൂലം അദ്ദേഹത്തിന് സാധിച്ചിരുന്നില്ലെന്ന് നികേഷ് കുമാർ ഓർക്കുന്നു. ഇനിയൊരു ജന്മം ഉണ്ടെങ്കിൽ ഈ അച്ഛന്റെ മകനായി ജനിക്കാനാണ് ആഗ്രഹമെന്നും നികേഷ് കുമാർ പറഞ്ഞുവെക്കുന്നു. ഗൃഹലക്ഷ്മിക്ക് വേണ്ടി നികേഷ് എം വി രാഘവൻ എന്ന പിതാവിനെ ഓർത്തെടുക്കുന്നത് ഇങ്ങനെ:

ഈ മനുഷ്യനെ അച്ഛാ എന്ന് വിളിക്കാൻ കഴിഞ്ഞതാണ് എന്റെ പുണ്യം എന്ന് പറഞ്ഞുകൊണ്ടാണ് നികേഷ് കുമാർ എംവിആറിനെ അനുസ്മരിക്കുന്നത്. ആരുടെ മുന്നിലും തല കുനിക്കാത്ത ശരിയെന്ന് തോന്നുന്നത് മാത്രം പ്രവർത്തിച്ച നേതാവായിരുന്നു എംവി രാഘവൻ. ജന്മം നൽകിയതുകൊണ്ട് മാത്രമല്ല എഴുപത് വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ അഴിമതിക്കറ പുരണ്ടിട്ടില്ല. ആരെയെങ്കിലും ലജ്ജിപ്പിക്കും വിധം ഒരപവാദത്തിൽ പെട്ടിട്ടില്ല. എന്തിന് ജീവിതത്തിൽ രാഷ്ട്രീയമല്ലാതെ മറ്റൊരു ലഹരിയുമുണ്ടായിട്ടില്ല. ഉണ്ടാകും; രാഷ്ട്രീയ സംഘർഷങ്ങളിൽ ആരെടാ, എന്ന് ചോദിച്ചപ്പോൾ ഞാനെടാ എന്ന ചോദിക്കാനുള്ള ധാർഷ്ട്യം കാട്ടിയിട്ടുണ്ടാകും. തല്ലിന് തല്ലും പല്ലിന് പല്ലും തന്നെയായിരുന്നു അച്ഛന്റെ മറുമരുന്ന്. വിതച്ചതുകൊയ്തിട്ടുണ്ട്. വിതയ്ക്കുമ്പോഴും കൊയ്യുമ്പോഴും മുന്നും പിന്നും നോക്കിയിട്ടുമില്ലെന്ന് നികേഷ് കുറിപ്പിൽ വ്യക്തമാക്കുന്നു.

എം വി രാഘവൻ സിപിഎമ്മിൽ നിന്നും പുറത്തുപോകുന്ന സമയം നികേഷ് ഒമ്പതാംക്ലാസിൽ പഠിക്കുകയായിരുന്നു. ഈ കാലഘട്ടത്തെ കുറിച്ച് നികേഷ് ഓർക്കുന്നത് ഇങ്ങെന; ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അച്ഛൻ സിപിഎമ്മിൽ നിന്ന് പുറത്താകുന്നത്. പട്ടം പൊട്ടിയാൽ അത് പിടിക്കാൻ 'നാടുവിട്ടോടാൻ' കഴിയുന്ന സംരക്ഷണം അവിടെ അവസാനിച്ചു. പിന്നീടങ്ങോട്ട് സംഘർഷമാണ്. അടിയും വെടിയും. വെട്ടിയും കുത്തിയും പുരയ്ക്ക് തീവച്ചും ഞങ്ങൾ രാഷ്ട്രീയം കളിച്ചു. നഷ്ടപ്പെട്ട ജീവനുകൾ കൈവിരലുകളിൽ എണ്ണാനാവില്ല. സിപിഎമ്മിനോട് മാത്രമല്ല അച്ഛൻ ഏറ്റുമുട്ടിയത്. രാഷ്ട്രീയം തുടങ്ങിയ കാലം മുതൽ അടിയന്തരാവസ്ഥ വരെ കോൺഗ്രസ്സിനോടും പൊലീസിനോടും മല്ലടിച്ചു. മാർക്‌സിസ്റ്റുകാരന്റെ കുടൽമാല കൊണ്ടുവരുന്നവനെ പൂമാലയിട്ട് സ്വീകരിക്കുമെന്ന് പറഞ്ഞ എൻ രാമകൃഷ്ണനുമായും അച്ഛനേറ്റുമുട്ടി. എല്ലാ സംഘർഷങ്ങളുടെയും അവസാനം തീവെയ്പ് സാധാരണമാണ്. കൂത്തുപറമ്പിലെ വെടിവെയ്പിന് ശേഷം ഞങ്ങൾക്കാകെയുണ്ടായിരുന്ന പാപ്പിനിശ്ശേരിയിലെ കുടുംബവീട് നിശ്ശേഷം നശിപ്പിക്കപ്പെട്ടു.

കുട്ടിക്കാലത്ത് ഞങ്ങൾക്ക് അച്ഛൻ സ്‌നേഹം തന്നില്ല എന്ന് പറയുമ്പോൾ അതിന് കാരണവുമുണ്ട്. അച്ഛനുമത് കിട്ടിയിട്ടില്ല. അച്ഛന്റെ അച്ഛനും അമ്മയും അച്ഛന്റെ കുഞ്ഞുപ്രായത്തിൽ തന്നെ മരിച്ചു. സ്വാഭാവികമായും വാത്സല്യം, ലാളന തുടങ്ങിയ പ്രക്രിയകൾ മൂപ്പരുടെ ജീവിതത്തിൽ മിസ്സിംഗാണ്. ശങ്കരൻ നമ്പ്യാരെ അച്ഛാ എന്ന് വിളിച്ച ഓർമ്മ അച്ഛന് ഉണ്ടാകില്ല. അതുകൊണ്ടാണ് ഞാൻ എന്റെ മകന് ശങ്കരൻ എന്ന് പേരിട്ടത്. അച്ഛൻ ഡയറക്ടായി ശങ്കരാ എന്ന് തന്നെ വിളിച്ച് സ്വന്തം അച്ഛനോട് പകരം വീട്ടിക്കോട്ടെ. അമ്മയെ അച്ഛൻ ജാനകീ എന്ന് ബ്യൂട്ടിഫുളായി വിളിക്കും. രഹസ്യമായി അമ്മയെ ഞാനും ജാനഹീ എന്ന് വിളിക്കും. പരസ്യമായി വിളിക്കാനും വേണമല്ലോ ഒരു ജാനകി. രണ്ടാമതുണ്ടായ മകൾക്ക് ഞാൻ ജാനകി എന്ന് പേരിട്ടു- നികേഷ് പറയുന്നു.

രാഷ്ട്രീയക്കാരുടെ മക്കൾ സൂപ്പർരാഷ്ട്രീയക്കാരാകുന്നിടത്ത് എംവിആർ എങ്ങനെ വ്യത്യതസ്തനാകുന്നുവെന്നും നികേഷ് കുമാർ ഓർമ്മക്കുറിപ്പിൽ വ്യക്തമാക്കുന്ന. പത്ത്‌കൊല്ലം മന്ത്രിയായ അച്ഛന്റെ ഓഫീസിൽ ഞാൻ പോയത് രണ്ട് തവണയാണ്. രണ്ടാമത്തെ തവണ പോയത് അധ്യായന വർഷത്തിന്റെ അവസാനം നോട്ട്ബുക്ക് ഫോട്ടോസ്റ്റാറ്റ് എടുക്കാനാണ്. ക്ലാസിൽ കയറാത്ത എനിക്ക് ക്ലാസിൽ കയറുന്ന കുട്ടികളുടെ നോട്ട്ബുക്ക് ഫോട്ടോസ്റ്റാറ്റ് എടുത്തു വേണം പരീക്ഷയ്ക്ക് പഠിക്കാൻ. അച്ഛന്റെ മന്ത്രിയാഫീസിൽ ഫോട്ടോസ്റ്റാറ്റ് മെഷീൻ ഉണ്ട്. ഫ്രീയായി കാര്യം നടക്കും. ഫോട്ടോസ്റ്റാറ്റ് മെഷീൻ അച്ഛന്റെ മുറിയുടെ നേരെ മുമ്പിലാണ്. അവിടെയും ഞാൻ പിടിക്കപ്പെട്ടു. സൗഹൃദഭാവത്തിലല്ല, ഈ ഓഫീസ് നിന്റെ അച്ചിയുടെ വകയല്ല. സന്ദേശം വ്യക്തമാണ്. വിട്ടോളാൻ. ഇതാണച്ഛൻ. അധികാരസ്ഥാനം ദുരുപയോഗപ്പെടുത്തരുതെന്നാണ് പാഠം. അച്ഛൻ എനിക്ക് തന്ന ഐഡിയോളജിയും അതാണ്. സത്യസന്ധത. വീണുകിടന്നാലും മറ്റൊരാളുടെ ഒന്നും വേണ്ട. ഞങ്ങൾ നാലുപേർക്കാണ് ഈ ജന്മത്തിൽ മക്കളായി പിറക്കാൻ ഭാഗ്യമുണ്ടായത്. ഇനിയൊരു ജന്മമുണ്ടെങ്കിൽ പതിനാറുപേരുടെ കൂട്ടത്തിലാണെങ്കിലും ഈയച്ഛൻ തന്നെ മതി- നികേഷ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP