Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളികളുടെ ജീവൻ രക്ഷിക്കാനിറങ്ങി സ്വയം അഗ്നിയിൽ എരിഞ്ഞമർന്ന ജാസിം നിങ്ങളാണ് യഥാർത്ഥ ഹീറോ.. വിമാനത്തിന്റെ തീ അണയ്ക്കുന്നതിനിടെ ജീവൻ നഷ്ടമായ ഉദ്യോഗസ്ഥന് സല്യൂട്ട് നൽകി എമിറേറ്റികൾ; ഹൃദയത്തിന്റെ ഭാഷയിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രവാസി മലയാളികളും

മലയാളികളുടെ ജീവൻ രക്ഷിക്കാനിറങ്ങി സ്വയം അഗ്നിയിൽ എരിഞ്ഞമർന്ന ജാസിം നിങ്ങളാണ് യഥാർത്ഥ ഹീറോ.. വിമാനത്തിന്റെ തീ അണയ്ക്കുന്നതിനിടെ ജീവൻ നഷ്ടമായ ഉദ്യോഗസ്ഥന് സല്യൂട്ട് നൽകി എമിറേറ്റികൾ; ഹൃദയത്തിന്റെ ഭാഷയിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രവാസി മലയാളികളും

പ്രത്യേക ലേഖകൻ

ദുബായ്: ജീവനക്കാരും യാത്രക്കാരും അടക്കം 300 പേരുമായി തിരുവനന്തപുരത്തു നിന്നും ദുബായിൽ എത്തിയ ഇ.കെ 521 എമിറേറ്റ്‌സ് വിമാനം പൊട്ടിത്തെറിച്ച് കത്തിയമർന്നപ്പോൾ അതീവ സാഹസികമായി തന്നെ വിമാനത്താവള ജീവനക്കാർ അവരെ രക്ഷപെടുത്തി. യാത്രക്കാരിൽ ആർക്കും ജീവൻ പൊലിഞ്ഞില്ലെന്ന ആശ്വാസത്തിലാണ് ഇന്ത്യക്കാർ അടക്കമുള്ളവർ. എന്നാൽ, ഈ ജീവൻ രക്ഷിക്കാനുള്ള ദൗത്യത്തിനിടെ ജീവൻ നഷ്ടമായ അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ നൊമ്പരപ്പെടുത്തുന്ന ഓർമ്മയായി. ദേശമേതെന്നോ ഭാഷയേതെന്നോ നോക്കാതെ അപകട മുനമ്പിൽ നിന്നു ശക്തമായ ഇടപെടൽ നടത്തിയ അഗ്‌നിശമനാസേനാ ഉദ്യോഗസ്ഥനായ ജാസിം ഇസാ മുഹമ്മദ് ഹസ്സനാണ് ജീവൻ നഷ്ടമായത്. ധീരനായ ഈ ഉദ്യോഗസ്ഥന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി അർപ്പിക്കുകയാണ് യുഎഇ എന്ന രാജ്യ മുഴുവനും. ഹൃദയത്തിന്റെ ഭാഷയിൽ ജാസിമിന് ആദരാജ്ഞലി അർപ്പിച്ച് പ്രവാസി മലയാളികളും രംഗത്തുണ്ട്.

റാസൽ ഖൈമയിൽ നിന്നുള്ള ഉദ്യോഗസ്ഥാനാണ് ജാസിം. വിമാനത്തിൽ നിന്നും യാത്രക്കാരെ പുറത്തെത്തിക്കുന്നിനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് അയക്കുന്നതിനും ഏറെ പണിപ്പെട്ട ആളായിരുന്നു ജാസിം എന്ന് ഉദ്യോഗസ്ഥർ പറയുന്നു. യാത്രക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനിടയിലായിരുന്നു ജാസിമിനെ തീ വിഴുങ്ങിയത്. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി സ്വന്തം ജീവൻ അപകടത്തിൽ പെടുത്തിയ ഈ ധീരനായ എമിറേറ്റി യുവാവിന് ആ രാജ്യം മുഴുവൻ കണ്ണീരോടെ ആദരാജ്ഞലി അർപ്പിക്കുകയാണ്.

ജാസിം മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനായി സ്വന്തം ജീവൻ നൽകിയെന്ന് സിവിൽ ഏവിയേഷൻ അഥോറിറ്റി ഡയറക്ടർ സയ്ഫ് അൽ സുവൈദി പറഞ്ഞു. അപകടം ഉണ്ടായയുടൻ നടന്ന മികവുറ്റ രക്ഷാപ്രവർത്തനമാണ് ആളപായം ഇല്ലാതെ എല്ലാവരെയും രക്ഷപ്പെടുത്താൻ സഹായിച്ചത്. അപകട വിവരം അറിഞ്ഞയുടൻ വിമാനത്താവളത്തിലെ അഗ്‌നിശമന വിഭാഗവും അടിയന്തര സേവന വിഭാഗങ്ങളും കുതിച്ചെത്തി. രക്ഷാപ്രവർത്തനത്തിനിടെ പൊള്ളലേറ്റ് അഗ്‌നിശമന സേനാംഗം ജാസിം ഹസന്റെ മരണം വേദനയായി.

സാങ്കേതിക തകരാറുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ തന്നെ സാധാരണ ഉപയോഗിക്കുന്ന റൺവേ ഒഴിവാക്കി മറ്റൊന്നിലാണ് പൈലറ്റ് വിമാനം ലാൻഡ് ചെയ്യാൻ ശ്രമിച്ചത്. എന്നാൽ ഇക്കാര്യം പൈലറ്റ് യാത്രക്കാരെ അറിയിച്ചിരുന്നില്ല. ഇടിച്ചിറങ്ങിയ വിമാനം മൂന്ന് കിലോമീറ്ററോളം നിരങ്ങി നീങ്ങിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഇതിനിടെ ഇരുഭാഗത്തെയും എൻജിനുകൾ പൊട്ടിത്തെറിച്ച് തീ ചിറകുകളിലേക്ക് പടർന്നിരുന്നു. ഇതോടെയാണ് ജാസിം അടക്കമുള്ളവർ അതിവേഗം വിമാനത്തിലേക്ക് തീ നിയന്ത്രിക്കാൻ ശ്രമം തുടങ്ങിയിരിക്കുന്നത്. ഇതിനിടെയുണ്ടായ വലിയ പൊട്ടിത്തെറിയിൽ പരിക്കേറ്റാണ് ജാസിം ദാരുണമായി മരിച്ചത്.

ജാസിമിന്റെ മരണം ദുബായ് സൈബർ ലോകത്തിനും കണ്ണീരായി. ആയിരങ്ങളാണ് ധീരനായ ആ ഉദ്യോഗസ്ഥന് ആദരാജ്ഞലികൾ അർപ്പിച്ചിരിക്കുന്നത്. ദുബായ് ഭരണാധികാരികൾ തന്നെ ജാസിമിനെ പുകഴ്‌ത്തി രംഗത്തെത്തി. വെണ്ണീരാവുമായിരുന്ന മനുഷ്യ ജീവനു മുന്നിൽ രാജ്യമോ മതമോ ഭാഷയോ വേഷമോ നോക്കാതെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി അവസാനം നാഥന്റെ സന്നിധിയിലേക്ക് യാത്ര തിരിച്ച പ്രിയ സുഹൃത്തേ അങ്ങയുടെ ധീരതയ്ക്ക് മുന്നിൽ കോടി പ്രണാമം- ഇങ്ങനെയാണ് ആദരാജ്ഞലി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പെരുകുന്നത്.

വൻ ദുരന്തം മുന്നിൽകണ്ട് രക്ഷാപ്രവർത്തിനിറങ്ങിയ എമിറേറ്റ്‌സിലെ അഗ്‌നിശമന സേനാംഗം ജാസിം ഇസാ മുഹമ്മദ് എന്ന ആ നല്ല മനുഷ്യസ്‌നേഹിക്ക് ഹ്യദയത്തിന്റെ ഭാഷയിൽ ആദരാഞ്ജലികൾ... സോഷ്യൽ മീഡിയയിൽ എവിടെയും ജാസിമിനെ പുകഴ്‌ത്തിയുള്ള പോസ്റ്റുകളാണ്. എമിറേറ്റ്‌സ് വിമാനം എമർജൻസി ലാൻഡിങ് നടത്തുന്നുവന്ന അറിയിപ്പിനെ തുടർന്ന് സജ്ജരായി നിൽക്കുന്ന ദുബായ് റാഷിദ് ഹോസ്പിറ്റലിലെ ഡോക്ടർമാരും മറ്റു ജീവനക്കാരുടെയും ചിത്രങ്ങൾ വൈറലാണ്. എന്തുമാത്രം സജ്ജീകരണങ്ങളാണ് നിമിഷ നേരം കൊണ്ട് അവർ ഒരുക്കിയിരുന്നത്. ഇതെല്ലാം ലോകം കണ്ടുപഠിക്കട്ടെ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. എമർജൻസി ലാൻഡിംഗിന് വേണ്ടി ഒരുക്കിയ സജ്ജീകരണങ്ങൾ അടക്കം പ്രശംസിക്കപ്പെട്ടു.

എമിറേറ്റ്‌സിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ഒരിടത്തു പോലും അവരെ കുറ്റപ്പെടുത്തിയുള്ള കമന്റുകൾ കണ്ടില്ല. ഗ്രേറ്റ് സലൂറ്റ്, ഗ്രേറ്റ് ടീം എന്ന കമന്റുകളാണ് എവിടെയും. 45 സെക്കന്റിനിടെ എല്ലാവരെയും പുറത്തെത്തിക്കാൻ സഹായിച്ച വിമാനത്തിലെ ജോലിക്കാർക്ക് എന്തു അംഗീകാരം നൽകിയാലും മതിയാകില്ലെന്നാണ് രക്ഷപ്പെട്ടവരിൽ ഒരാൾ ട്വീറ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയാണ് സാങ്കേതിക തകരാറിനെത്തുടർന്ന് വിമാനം ദുബായ് വിമാനത്താവളത്തിൽ ഇടിച്ചിറക്കിയത്. വിമാനം നിലത്തിറങ്ങുന്നതിനിടെ തീപിടിത്തമുണ്ടാകുകയായിരുന്നു. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നും ആർക്കും പരുക്കില്ലെന്നും വ്യക്തമാകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP