Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാര്യയെയും മക്കളെയും കൊന്ന ശേഷം രതീഷ് മരണം തേടി പോയതായി പൊലീസിന് സംശയം; ലണ്ടനിൽ നാലംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കാണപ്പെട്ടതിൽ ദുരൂഹത നീങ്ങുന്നില്ല; ദാരുണ വാർത്ത കേട്ട് നടുങ്ങി മലയാളികൾ

ഭാര്യയെയും മക്കളെയും കൊന്ന ശേഷം രതീഷ് മരണം തേടി പോയതായി പൊലീസിന് സംശയം; ലണ്ടനിൽ നാലംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കാണപ്പെട്ടതിൽ ദുരൂഹത നീങ്ങുന്നില്ല; ദാരുണ വാർത്ത കേട്ട് നടുങ്ങി മലയാളികൾ

ലണ്ടൻ: ലണ്ടനിൽ മലയാളി നാലംഗ മലയാളികുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്ന് നിഗമനത്തിൽ പൊലീസ്. കേരളത്തിന് പുറത്ത് ഒരു മലയാളി കുടുംബം ഒരുമിച്ച് മരണത്തെ പുൽകിയ സംഭവം പ്രവാസികളെയെല്ലാം ഞെട്ടിച്ചിട്ടുണ്ട്. തൃശൂർ കോലഴി സ്വദേശികളായ ദമ്പതികളെയും ഇരട്ടകളായ രണ്ട് പെൺമക്കളെയുമാണ് കഴിഞ്ഞദിവസം ലണ്ടനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കോലഴി കൈലാസ്‌നഗർ പുല്ലറക്കാട്ടിൽ കുഞ്ഞുണ്ണിയുടെ മകൻ രതീഷ് (44), ഭാര്യയും കോട്ട്യാലെ പത്മനാഭന്റെ മകളുമായ ഷിജി (38), ഇവരുടെ ഇരട്ടമക്കളായ നേഹ, നിയ (13) എന്നിവർ മരിച്ചതായാണ് ഇന്നലെ നാട്ടിൽ ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ഷിജിയുടെയും മക്കളുടെയും മൃതദേഹങ്ങൾ ചൊവ്വാഴ്ചയാണ് പൊലീസ് ഇവർ താമസിച്ചിരുന്ന ലണ്ടനിലെ ഫ്ളാറ്റിൽ പൊലീസ് കണ്ടെത്തിയത്. രതീഷിനെ കാൺമാനില്ലെന്നാണ് ആദ്യം അറിഞ്ഞിരുന്നതെങ്കിലും ഇന്നലെ ഉച്ചയോടെ ഫ്ളാറ്റിൽനിന്നും അൽപം അകലെയുള്ള റിസർവോയറിന് സമീപമുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ പൊലീസ് രതീഷിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. മക്കളെയും ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം രതീഷ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചത്.

ഷിജിയും മക്കളും ആത്മഹത്യ ചെയ്തതാകാമെന്നും ഇതറിഞ്ഞ രതീഷ് വീടിനു അൽപം അകലെ പോയി സ്വയം ജീവനൊടുക്കിയതാകാം എന്നുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. സ്‌കോട്ട്‌ലന്റ് യാഡ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് ഷിജിയുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ പുറമേ മുറിവുകൾ ഒന്നും കണ്ടെത്താതിരുന്നത് മൂവരും സ്വയം ജീവൻ ഒടുക്കിയത് ആകാമെന്ന നിഗമനത്തിലേക്ക് എത്തിച്ചിരുന്നു. രതീഷിനെ കാണാനില്ലാത്തതും ഏറെ ദുരൂഹത സൃഷ്ടിച്ചിരുന്നു. മൂവരുടെയും മരണത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതയുടെ കുരുക്ക് ഇനിയും അഴിഞ്ഞിട്ടില്ലെങ്കിലും കൊലപാതകം ആയിരിക്കും എന്ന ആശങ്ക നിലനിർത്തിയാണ് ഗൃഹനാഥൻ രതീഷിന്റെ മൃതദേഹം കൂടി സമീപമുള്ള റിസർവോയറിലെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം രതീഷ് ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസ് നൽകുന്ന സൂചന.

കഴിഞ്ഞ ദിവസം രാവിലെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ പൊലീസ് ഏറ്റവും അടുത്ത ബന്ധു ആരെന്ന അന്വേഷണത്തിൽ ആയിരുന്നു. യുകെ നിയമം അനുസരിച്ച് തുടർ നടപടികൾ നെക്സ്റ്റ് ഓഫ് കിൻ പദവിയിൽ ആരെയാണ് നിശ്ചയിച്ചിരിക്കുന്നത് എന്നാണ് പൊലീസ് പ്രധാനമായും പരിഗണിക്കുന്നത്. മരിച്ച രതീഷിന്റെയും ഷിജിയുടെയും ഉറ്റ ബന്ധുക്കൾ കേരളത്തിൽ ആയതിനാൽ സ്വാഭാവികമായും പൊലീസ് നടപടികൾക്ക് തടസ്സം നേരിടുന്നുണ്ട്. സോഷ്യൽ വർക്കർ ആയി ജോലി ചെയ്തിരുന്ന ഷിജിയും കെയർ ഹോമിൽ ജോലി ചെയ്തിരുന്ന രതീഷും ഇവിടുത്തെ മലയാളി അസോസിയേഷനുകളിലെയും സാന്നിധ്യമായിരുന്നു.

ലണ്ടനിലെ മലയാളി കൂട്ടായ്മകളായ ഈസ്റ്റ് ലണ്ടൻ മലയാളി അസ്സോസിയേഷനിലും തൃശൂർ ജില്ല സൗഹൃദ സംഗമത്തിലും ഒക്കെ സജീവ സാന്നിധ്യം ആയിരുന്നു ഇവർ. യുകെയിലെ സാധാരണ മലയാളി കുടുംബത്തെ പോലെ തന്നെ പരിചയക്കാരുമായി ഉറ്റ സൗഹൃദം സൂക്ഷിച്ചിരുന്ന ഇവർക്കിടയിൽ നീറുന്ന അഗ്‌നി പറവതം പോലെ സ്വര ചേർച്ചയില്ലായ്മ രൂപപ്പെട്ടത് അടുത്തിടെയാണ്. അടുത്ത നാളിൽ ഭാര്യഭർതൃ ബന്ധം വഷളായി വിവാഹമോചനം എന്ന ആശയത്തിലേക്ക് വരെ നീങ്ങിയിരുന്നതായി സുഹൃത്തുക്കൾ ഇപ്പോൾ വെളിപ്പെടുത്തുന്നു.

അടുത്ത കാലത്ത് നാട്ടിൽ ആരംഭിച്ച വീട് പണിയുമായി ഉടലെടുത്ത തർക്കമാണ് നാല് ജീവിതങ്ങളുടെ അവസാനത്തിലേക്ക് വഴി തെളിയിച്ചതെന്ന് തൃശൂരിൽ നിന്നുള്ള റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഷിജിയുടെ സഹോദരി ഭർത്താവ് ഏറ്റെടുത്ത വീട് പണിക്ക് പണം ഉദ്ദേശിച്ചതിലും അധികം ആയെന്ന കണക്ക് കൂട്ടലിൽ രതീഷ് ജോലികൾ മറ്റൊരാളെ ഏൽപ്പിച്ചത് ഇരുവരുടെയും വീട്ടുകാർക്കിടയിൽ അഭിപ്രായ ഭിന്നത രൂപപ്പെടുന്നതിന് കാരണമായി എന്ന് പറയപ്പെടുന്നു. ഇതോടെ ഷിജി മുൻകൈ എടുത്തു വീടിന്റെ ആധാരം രതീഷിന്റെ വീട്ടുകാരെ ഏൽപ്പിക്കാൻ അറിയിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതോടെ വീട് പണി മുടങ്ങും എന്ന സ്ഥിതി ആയതും ഇവരുടെ പ്രശ്‌നങ്ങൾക്ക് ആക്കം കൂട്ടി. ഇക്കാരണം ചൂണ്ടിക്കാട്ടി ഇരുവരും തമ്മിൽ കടുത്ത ഭിന്നതയിലേക്ക് വളർന്നതോടെ കാനഡയിൽ ഉള്ള സുഹൃത്തിനോട് ഇനി വിവാഹ മോചനം ആയിരിക്കും ഭേദം എന്ന് ഷിജി സൂചിപ്പിച്ചതായി പറയപ്പെടുന്നു.

ഈ ഘട്ടത്തിൽ ഷിജിയുടെ യുകെയിലെ ചില സുഹൃത്തുക്കളും സ്വാന്തനവും ആയി എത്തിയിരുന്നു. എന്നാൽ എല്ലാ ശ്രമങ്ങളും വിഫലമാക്കി ഷിജി കുട്ടികളുമായി ജീവിതം ഒടുക്കാൻ തീരുമാനിക്കുക ആയിരുന്നു എന്നാണ് പ്രഥമിക നിഗമനം. കഴിഞ്ഞ ദിവസം ഞങ്ങൾ പോകുന്നു എന്ന സൂചനയോടെ ഷിജി കൂട്ടുകാരിക്ക് സന്ദേശം അയച്ചിരുന്നെങ്കിലും അത് മരണത്തിലേക്കുള്ള യാത്ര മൊഴി ആയിരിക്കും എന്ന് ആരും കരുതിയിരുന്നില്ല.

കുടുംബത്തിൽ അസ്വാരസ്യം ഉള്ളതിനാൽ നാട്ടിലേക്ക് പോകുന്നു എന്ന് മാത്രമേ സന്ദേശത്തിൽ നിന്നും ഊഹിക്കാൻ കഴിഞ്ഞുള്ളു, തുടർന്ന് നാട്ടിൽ വിളിച്ചു അന്വേഷിച്ചപ്പോഴാണ് ഇവർ നാട്ടിൽ എത്തിയിട്ടില്ല എന്ന് വ്യക്തമാകുന്നത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഫോൺ എടുക്കാതിരുന്നതും കുട്ടികൾ സ്‌കൂളിൽ പോയിട്ടില്ലെന്ന വിവരവും സംശയം ജനിപ്പിച്ചു. തുടർന്ന് ലണ്ടൻ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് പൊലീസ് ആദ്യം വീട്ടിൽ എത്തിയിരുന്നെങ്കിലും രണ്ടാം വട്ടം പൊലീസ് എത്തി വാതിൽ ചവിട്ടി തുറന്നതോടെയാണ് അമ്മയും കുട്ടികളും മരിച്ചു കിടക്കുന്ന വിവരം പുറംലോകം അറിയുന്നത്. കുട്ടികൾ ദിവസങ്ങളായി സ്‌കൂളിൽ പോയിരുന്നില്ലെന്നാണ് റിപ്പോർട്ട്.

അതിനിടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പൊലീസ്. ഫോറൻസിക്- പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ പുറത്തുവന്നാൽ മാത്രമേ ആത്മഹത്യയാണോ കൊലപാതകമാണോ എന്നതു സംബന്ധിച്ച് വ്യക്തത കൈവരികയുള്ളൂ. മറ്റു നടപടികൾ പൂർത്തിയാക്കിയാൽ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാൻ ഉള്ള ശ്രമ തുടങ്ങുവാൻ ബന്ധുക്കളും സുഹൃത്തുക്കളും തയ്യാറായിട്ടുണ്ട്. ഷിജിയുടെ ബന്ധുക്കൾ മന്ത്രി സി.എൻ. ബാലകൃഷ്ണൻ മുഖേന ലണ്ടൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP