Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലീഡറുടെ വിശ്വസ്ത അനുയായിയായി തിളങ്ങി; മന്ത്രിയായപ്പോൾ മികവിന്റെ അടയാളമായി; അക്ഷരവൈരികളായ കോൺഗ്രസുകാർക്കിടയിൽ കവിതയും കഥയും മനസിൽ കരുതി ജീവിച്ചു; ജി കാർത്തികേയനു കണ്ണീരോടെ വിടപറഞ്ഞ് കേരളം

ലീഡറുടെ വിശ്വസ്ത അനുയായിയായി തിളങ്ങി; മന്ത്രിയായപ്പോൾ മികവിന്റെ അടയാളമായി; അക്ഷരവൈരികളായ കോൺഗ്രസുകാർക്കിടയിൽ കവിതയും കഥയും മനസിൽ കരുതി ജീവിച്ചു; ജി കാർത്തികേയനു കണ്ണീരോടെ വിടപറഞ്ഞ് കേരളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സമാനതകൾ ഇല്ലാത്ത നേതാവായിരുന്നു ജി കാർത്തികേയൻ. അക്ഷരവൈരികളായ കോൺഗ്രസ് നേതാക്കൾക്കിടയിൽ കഥയേയും കവിതയേയും സ്‌നേഹിച്ച് ജീവിച്ച അപൂർവ്വ ജനുസിൽ പെട്ടൊരു നേതാവായിരുന്നു കാർത്തികേയൻ. കാൻസറിന്റെ കരുണയില്ലാത്ത കരങ്ങളിൽ പിടഞ്ഞുവീണപ്പോഴും കാർത്തികേയൻ മോഹിച്ചത് പുസ്തകങ്ങളുടെ ഏകാന്തതയിൽ ശാന്തി തേടാനായിരുന്നു.

1949 ജനുവരി 20ന് തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ എൻ.പി ഗോപാലപിള്ളയുടെയും വനജാക്ഷിയമ്മയുടെയും മകനായിട്ടായിരുന്നു ജി കാർത്തികേയന്റെ ജനനം. ബിരുദത്തിന് ശേഷം എൽഎൽ.ബിയും പൂർത്തിയാക്കിയ അദ്ദേഹം, വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു.വിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്. 1978ൽ കോൺഗ്രസിലുണ്ടായ പിളർപ്പിൽ ജി.കാർത്തികേയൻ കെ. കരുണാകരനൊപ്പം അടിയുറച്ചു നിന്നു. കോൺ്ഗ്രസ് ഐ യുടെ വളർച്ചയിൽ ജി കാർത്തികേയന്റെ രാഷ്ട്രീയ തന്ത്രങ്ങളാണ് നിറഞ്ഞ് നിന്നത്.സൗമ്യതയും മാന്യതയും കൊണ്ടു ജനങ്ങളുടെ മനസ് മാത്രമല്ല, രാഷ്ട്രീയ ശത്രുക്കളുടെ മനസ് പോലു കീഴടക്കാൻ കഴിയുമെന്ന് തെളിയിച്ച വ്യക്തിയായിരുന്നു ജി.കെ എന്ന ജി. കാർത്തികേയൻ.

യുവപോരാളിയിൽ നിന്ന് തിരുത്തൽ വാദിയിലേക്കും തിരുത്തൽ വാദിയിൽ നിന്ന് മിതവാദിയിലേക്കും മാറിയ ജി.കെ. എന്നും കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രങ്ങൾ മെനയുന്നതിൽ നിർണായക ശക്തി ആയിരുന്നു. ഇന്ദിരാഗാന്ധി ഡൽഹിയിൽ വിളിച്ചുചേർത്ത സമ്മേളനത്തിൽ പങ്കെടുത്ത നാലുപേരിൽ ഒരാൾ ജി കാർത്തികേയനായിരുന്നു. ഐ ഗ്രൂപ്പിന്റെ വിദ്യാർത്ഥിയുവജനവിഭാഗത്തിന്റെ അമരക്കാരനായി ജി കാർത്തികേയൻ പിന്നീട് മാറി. കെ എസ് ആർ ടി സി ഉപദേശകസമിതി അംഗമെന്ന നിലയിലുള്ള സൗജന്യപാസിന്റെ ബലത്തിൽ കേരളത്തിലങ്ങോളമിങ്ങോളം ജി കാർത്തികേയനെത്തി. വിദ്യാർത്ഥികളും യുവജനങ്ങളും ജി കെക്കൊപ്പം കൂടി. ഘടകകക്ഷികളെ ഒഴിവാക്കി കോൺഗ്രസ് മാത്രം ഭരിക്കണമെന്ന് വാദിക്കുന്ന ഏകകക്ഷിഭരണ സിദ്ധാന്തത്തിന് പിന്നിൽ ജി കാർത്തികേയനെന്ന യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരുന്നു. കെ മുരളീധരനെ ലക്ഷ്യം വച്ച് കെ കരുണാകരനെതിരെ ഉയർന്ന തിരുത്തൽവാദപ്രസ്ഥാനത്തിന്റെയും നേതാവ് മറ്റാരുമായിരുന്നില്ല. എന്നാൽ പിന്നീട് വീണ്ടും കെ കരുണാകരനുമായി അടുത്ത ജി കാർത്തികേയൻ ഗ്രൂപ്പ് രാഷ്ട്രീയത്തിൽ മിതവാദിയായി. എ കെ ആന്റണിയുമായി കൂടുതൽ അടുത്തു. പതിയെ ഗ്രൂപ്പില്ലാത്ത നേതാവായി മാറി.

കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് , യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം 1980ൽ ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. വർക്കല മണ്ഡലത്തിൽ വർക്കല രാധാകൃഷ്ണനോടായിരുന്നു തോൽവി. 1982ൽ തിരുവനന്തപുരം നോർത്ത് മണ്ഡലത്തിൽ മത്സരിച്ച ഇദ്ദേഹം സിപിഐ(എം) നേതാവ് കെ. അനിരുദ്ധനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി.എന്നാൽ 1987ൽ ഇതേ മണ്ഡലത്തിൽ എം.വിജയകുമാറിനോട് പരാജയപ്പെട്ടു. പിന്നീട് തുടർച്ചയായി അഞ്ചു തവണ ജി. കാർത്തികേയൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991, 1996, 2001, 2006 വർഷങ്ങളിൽ ആര്യനാട് നിന്നും 2011ൽ അരുവിക്കരയിൽ നിന്നുമാണ് നിയമസഭയിലെത്തിയത്.1991 മുതൽ 2006 വരെയുള്ള തിരഞ്ഞെടുപ്പുകളിൽ ആര്യനാട് നിയമസഭാമണ്ഡലത്തിലെ ജനങ്ങൾക്ക് ജി.കാർത്തികേയനല്ലാതെ, മറ്റൊരു ജനപ്രതിനിധിയെ നിയമസഭയിലേക്ക് അയയ്ക്കാൻ താൽപര്യമില്ലായിരുന്നു. മണ്ഡലത്തിലെ സജീവ സാന്നിദ്ധ്യമായി നിറഞ്ഞപ്പോൾ, അത് ജനങ്ങളുടെ മനസിലും ഒരു മികച്ച ഭരണാധികാരിയുടെ വേഷപ്പകർച്ചയിലേക്ക് മാറുകയായിരുന്നു. 2011 ലാണ് അദ്ദേഹം ആര്യനാട് മണ്ഡലത്തിൽ നിന്ന് മാറി അരുവിക്കരയിൽ മൽസരിച്ചത്. 1995ലെ എ.കെ. ആന്റണി മന്ത്രിസഭയിൽ വിദ്യുച്ഛക്തി വകുപ്പ് മന്ത്രിയായും 2001ലെ ആന്റണി മന്ത്രിസഭയിൽ ഭക്ഷ്യപൊതുവിതരണ, സാംസ്‌കാരിക മന്ത്രിയായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇതിന് പുറമേ കോൺഗ്രസിന്റെ നിയമസഭാ കക്ഷി ഉപനേതാവ്, ചീഫ് വിപ്പ് സ്ഥാനങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്.

നാലു പതിറ്റാണ്ടു കോൺഗ്രസ് രാഷ്ട്രീയത്തിലെ വേലിയേറ്റങ്ങൾക്കും വേലിയിറക്കങ്ങൾക്കും സാക്ഷിയായ ജി കാർത്തികേയൻ, രാഷ്ട്രീയ നിലപാടുകൾ കൊണ്ടാണ് രാഷ്ട്രീയ വൈരികളുടെ പോലും മിത്രമാകാൻ കഴിഞ്ഞത്. കെപിസിസി പ്രസിഡന്റ് സ്ഥാനം ആഗ്രഹിച്ച ജി.കെ അക്കാര്യം തുറന്നു പറയുകയും, കിട്ടാതെ വന്ന സാഹചര്യത്തെ ഉൾക്കൊള്ളാൻ നാലു പതിറ്റാണ്ട് കാലത്തെ അനുഭവം അദ്ദേഹത്തെ സഹായിച്ചു. രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസിലെ ഇന്നത്തെ പല നേതാക്കളുചേയും ഗുരു കൂടിയാണ് ജി.കെ.ഒരിക്കൽ പോലും രാഷ്ട്രീയ സ്ഥാനങ്ങൾക്ക് വിലപേശാത്ത, ജി കാർത്തികേയൻ സ്പീക്കർ സ്ഥാനം ഒഴിയുന്ന തീരുമാനത്തിലേക്ക് അദ്ദേഹം നീങ്ങിയത്. ആലുവയിലെ കെ എസ് യു ക്യാംപിൽ നിന്ന് ഒളിച്ചോടി പ്രണയിനിയായ സുരേഖയെ ജീവിതപങ്കാളിയാക്കിയ ജി കാർത്തികേയൻ, രാഷ്ട്രീയത്തിനതീതമായി കലാസാംസ്‌കാരിക രംഗങ്ങളിൽ സജീവമായിരുന്നു. കെ.എസ്. അനന്തപത്മനാഭൻ, കെ.എസ്. ശബരിനാഥൻ എന്നിവർ മക്കളാണ്.

രാഷ്ട്രീയത്തിൽ സൗമ്യതയും മാന്യതയുടേയും മുഖമായിരുന്നു ജി കാർത്തികേയൻ. കോൺഗ്രസിൽ യുവപോരാളിയും തിരുത്തൽവാദിയും പിന്നെ മിതവാദിയും ആയ ചരിത്രമാണ് ജി കാർത്തികേയൻ എന്ന ജി കെയ്ക്ക് ഉള്ളത്.

സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ല രാഷ്ട്രീയപ്രവർത്തനം എന്ന് പറയുകയും സ്ഥാനങ്ങൾക്ക് വേണ്ടി എന്തും ചെയ്യുകയും ചെയ്യുന്ന കോൺഗ്രസുകാരിൽ ജി കാർത്തികേയൻ വ്യത്യസ്തനായിരുന്നു. ഒരു കോൺഗ്രസുകാരൻ എന്ന നിലയിൽ കെ പി സി സി പ്രസിഡന്റ് ആകാൻ ആഗ്രഹിച്ചു. അക്കാര്യം തുറന്നമനസോടെ സുഹൃത്തുകളോടും നേതാക്കളോടും പങ്കുവച്ചു. എന്നാൽ ആ സ്ഥാനം കിട്ടാതെ പോയപ്പോൾ ആരോടും പരിഭവിച്ചില്ല. വാക്കുകൊണ്ടോ നോക്കുകൊണ്ടോ അതൃപ്തി പ്രകടിപ്പിച്ചില്ല. രാഷ്ട്രീയത്തിൽ അത്രയ്ക്ക് മാന്യനായിരുന്നു ജി കാർത്തികേയൻ. കപടമായ സൗഹാർദം പ്രകടിപ്പിക്കൽ വശമില്ലാത്ത, മുൻനിരയിലേക്ക് തള്ളിക്കയറാൻ ശ്രമിക്കാത്ത രാഷ്ട്രീയത്തിലെ അപൂർവമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു എല്ലാവർക്കും പ്രിയപ്പെട്ട ജി.കെ. താൻ കൈപിടിച്ച് വളർത്തിക്കൊണ്ടുവന്ന പലരും തന്നേക്കാൾ വലിയ സ്ഥാനങ്ങളിൽ എത്തിയപ്പോൾ നിറഞ്ഞമനസോടെ കണ്ടുനിന്ന ഗുരു. 70കളുടെ അവസാനം ജി കാർത്തികേയൻ കെ എസ് യു സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോൾ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു ചെന്നിത്തലക്കാരൻ രമേശ്. അവിടെ നിന്ന് സംസ്ഥാന നേതൃനിരയിലേക്ക് രമേശിനെ കൊണ്ടുവന്നത് ജി കാർത്തികേയനായിരുന്നു.രമേശ് ചെന്നിത്തലയ്ക്ക് മാത്രമല്ല ഇപ്പോൾ മുൻനിരയിലുള്ള പലനേതാക്കൾക്കും രാഷ്ട്രീയത്തിൽ ഗുരുസ്ഥാനീയനാണ് ജി കാർത്തികേയൻ.

കെ എസ് യുവിൽ ഗ്രൂപ്പ് തിരിഞ്ഞുള്ള അവഗണനകളോട് പടവെട്ടിയാണ് ജി കാർത്തികേയൻ എന്ന നേതാവ് കരുത്തനായത്. മനംമടുത്ത് വിദ്യാർത്ഥിരാഷ്ട്രീയം ഉപേക്ഷിച്ച് മറ്റ് ജോലി തേടിപ്പോകുന്നതിനെക്കുറിച്ച് വരെ ജി കാർത്തികേയൻ ആലോചിച്ചിട്ടുണ്ട്. പക്ഷേ കെ കരുണാകരനാണ് ജി കാർത്തികേയനെ പിടിച്ചുനിറുത്തിയത്. 1978ൽ പാർട്ടി പിളർന്നപ്പോൾ ഐ ഗ്രൂപ്പിനൊപ്പം നിന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP