Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഗ്രൂപ്പ് സമവാക്യങ്ങൾ തെറ്റിച്ച കരുത്തൻ; കരുണാകരന്റെ അപ്രമാദിത്തത്തിനും തടയിട്ടു; കലാപത്തിനു തുടക്കമിട്ട് ജനസമ്മതി നേടിയ നേതാവ്

ഗ്രൂപ്പ് സമവാക്യങ്ങൾ തെറ്റിച്ച കരുത്തൻ; കരുണാകരന്റെ അപ്രമാദിത്തത്തിനും തടയിട്ടു; കലാപത്തിനു തുടക്കമിട്ട് ജനസമ്മതി നേടിയ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലീഡറുടെ പിൻഗാമിയെന്ന് കരുതി രാഷ്ട്രീയ രംഗത്ത സജീവമായ നേതാവായിരുന്നു ജി കാർത്തികേയൻ. അടിയന്തരാവസ്ഥയ്ക്ക് ശേഷം കേരളത്തിലെ കോൺഗ്രസിൽ ഒരു വാക്കും തീരുമാനവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലീഡർ പറയുന്നത് എല്ലാവരും അംഗീകരിച്ചു. ഇടവേളയിൽ ഇന്ദിരാ ഗാന്ധിയോടുള്ള അതൃപ്തിയുമായി കോൺഗ്രസ് വിട്ട് പോയ എകെ ആന്റണിയും ഉമ്മൻ ചാണ്ടിയും അടക്കമുള്ളവർ മടങ്ങി വന്നപ്പോഴും ലീഡറെ ആരും ചോദ്യം ചെയ്യാൻ തുനിഞ്ഞില്ല. കാരണം ലീഡർ പറയുന്നത് മാത്രമേ നടക്കൂവെന്ന് ഏവരും തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ എൺപതുകളിലെ കേരള രാഷ്ട്രീയം കെ കരുണാകരനേയും ഇടതു പക്ഷത്തേയും ചുറ്റിപ്പറ്റിയാണ് നീങ്ങിയത്.

ആശ്രിത വൽസലനെന്ന കരുണാകരന്റെ അപ്രമാദിത്തം തൊണ്ണൂറുകളുടെ തുടക്കത്തിൽ തകർക്കപ്പെട്ടു. രാജീവ് ഗാന്ധിയുടെ മരണത്തോടെ കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിൽ കരുണാകരനുള്ള പ്രധാന്യം കുറഞ്ഞു. ഇതോടെ കോൺഗ്രസിലെ സമവാക്യങ്ങൾ മാറി. കേരള രാഷ്ട്രീയത്തിൽ കരുണാകരന് അപ്പുറമുള്ള സമവാക്യങ്ങൾ ഉയർന്നു. ഈ മാറ്റത്തിന് ഒരേ ഒരു കാരണക്കാരൻ കാർത്തികേയനാണ്. കരുണാകരന്റെ പ്രവർത്തികളേയും വാക്കുകളേയും ചോദ്യം ചെയ്യാൻ പലരുമുണ്ടായിട്ടുണ്ട്. എ കെ ആന്റണിയും വയലാർ രവിയും ഒക്കെ ആ കൂട്ടത്തിലുണ്ട്. എന്നാൽ കരുണാകരനെതിരെ ഒറ്റയ്ക്ക് പോരാട്ടം നയിച്ച് രണ്ട് വ്യക്തികൾക്കപ്പുറം നീങ്ങാനാകുമെന്ന് കോൺഗ്രസിൽ തെളിയിച്ചത് കാർത്തികേയനാണ്. അന്ന് കാർത്തികേയന് പിന്തുണയുമായി രമേശ് ചെന്നിത്തലയുമുണ്ടായിരുന്നു.

കരുണാകരനും എ കെ ആന്റണിയേയും ചുറ്റിപ്പറ്റി നീങ്ങിയ കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ തെറ്റിച്ചത് കാർത്തികേയൻ മാത്രമാണ്. ഇന്ന് നാലാം ഗ്രൂപ്പും അഞ്ചാം ഗ്രൂപ്പും കടന്ന് കോൺഗ്രസിന്റെ ഉൾപാർട്ടി ജനാധിപത്യം നീങ്ങിയിരിക്കുന്നു. ചെറു ഗ്രൂപ്പുകളും ആവശ്യങ്ങൾ സമ്മർദത്തിലൂടെ നേടുന്നു. എല്ലാത്തിനുമൊടുവിൽ ഐ ഗ്രൂപ്പിലെ എല്ലാവരും രമേശ് ചെന്നിത്തലയ്ക്ക് പിന്നിൽ അണി നിരക്കുകയും ചെയ്തു. പക്ഷേ ഇപ്പോഴും ഒന്നിലധികം ഗ്രൂപ്പകൾക്ക് എപ്പോൾ വേണമെങ്കിലും സൃഷ്ടിക്കപ്പെടാനുള്ള സാഹചര്യം കോൺഗ്രസിലുണ്ട്. ഇതു തന്നെയാണ് കാർത്തികേയൻ എന്ന വ്യക്തിയുടെ സ്വാധീനത്തിൽ കോൺഗ്രസിൽ വന്ന മാറ്റം. അതിന് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. പക്ഷേ ആരേയും താങ്ങാതെയും മുന്നേറാമെന്ന് തെളിയിച്ചു.

തിരുത്തൽവാദം- ഈ പേരിനെ പരിഹാസത്തോടെയാണ് കരുണാകരൻ തുടക്കത്തിൽ കണ്ടത്. ഗ്രൂപ്പ് മാറി ആന്റണിയ്‌ക്കൊപ്പം ചേർന്ന പല നേതാക്കളും ഉണ്ടായിട്ടുണ്ട്. അതിൽ നിന്നെല്ലാം ഭിന്നമായി കാർത്തികേയനും രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പിനുള്ളിൽ നിന്ന് പടനയിച്ചു. കെ മുരളീധരനെ എംപിയാക്കുന്നതും പാർട്ടിയിൽ ഉയർത്തിക്കൊണ്ടു വരുന്നതും തെറ്റാണെന്ന് ലീഡറുടെ മുഖത്ത് നോക്കി പറഞ്ഞു. രണ്ട് പേരും ലീഡറുമായി തെറ്റി. ഇതോടെ കോൺഗ്രസിൽ എ, ഐ ഗ്രൂപ്പുകൾക്ക് അതീതമായ ഗ്രൂപ്പ് സമവാക്യം രൂപം കൊണ്ടു. പുതു തലമുറ കാർത്തികേയനേയും രമേശ് ചെന്നിത്തലയേയും പ്രതീക്ഷയോടെ കണ്ടു. തിരുത്തൽവാദികൾ പിന്നീട് മൂന്നാം ഗ്രൂപ്പായി. ഇതിൽ നിന്ന് പാഠം ഉൾക്കൊണ്ട് വയലാർ രവി നാലാം ഗ്രൂപ്പുമായെത്തി.

കെ കരുണാകരൻ കാറപകടത്തിൽ ആശുപത്രിയിലായതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ആദ്യ മുതലേ മുരളീധരനെ നേതാവായി അംഗീകരിക്കാൻ കൂട്ടക്കാത്ത പക്ഷം കലാപവുമായെത്തി. മുഖ്യമന്ത്രി കെ. കരുണാകരൻ ആശുപത്രിയിലായിരുന്നപ്പോൾ അനന്തരാവകാശിയെ പ്രതിഷ്ഠിക്കാൻ പാർട്ടിയിലെ ചിലർ ശ്രമം നടത്തിയത് സംഘടനയിലെ ആഭ്യന്തര സമാധാനം തകർത്തെന്നാണ് തിരുത്തൽവാദികൾ ആരോപിച്ചത്. അനന്തരാവകാശിയുമായി ബന്ധമില്ലാത്തവർക്ക് പാർട്ടിയിൽ രക്ഷയില്ലെന്ന സ്ഥിതി വന്നതായും സംഘടനയ്ക്കായി ചോര നീരാക്കിയവർക്ക് പാർട്ടിയിൽ ഒരു പങ്കുമില്ലെന്നുവന്ന സാഹചര്യം തിരുത്തേണ്ടതുണ്ടെന്നുമായിരുന്നു ഇവരുടെ വാദം. മുരളീധരനെ പ്രത്യക്ഷത്തിൽ പരാമർശിക്കാതെയാണ് ഈ ആക്ഷേപങ്ങൾ തന്ത്രപരമായി ഉയർത്തിയത്.

പാർട്ടിയുടെയും സർക്കാരിന്റെയും തെറ്റുതിരുത്താൻ മാത്രമേ ശ്രമിക്കുന്നുള്ളുവെന്നായിരുന്നു നിലപാട്. ജനാധിപത്യ വ്യവസ്ഥിതിയിൽ അഭിപ്രായം പറയുന്നത് തെറ്റായി കാണരുതെന്നും വിശദീകരിച്ചു. നേതൃപദവികളിലുള്ളവർ അവർക്ക് ഇഷ്ടമുള്ളതു മാത്രമേ മറ്റുള്ളവർ പറയാവൂ എന്നു നിർബന്ധിക്കുകയുമരുതെന്നെ വ്യക്തമാക്കി. കരുണാകരൻ ചികിൽസ കഴിഞ്ഞ് മടങ്ങിയത്തിയപ്പോഴും കാർത്തികേയനും കൂട്ടരും നിശബ്ദരായില്ല. മക്കൾ രാഷ്ട്രീയത്തിനെതിരെ നിലപാട് എടുത്ത് മുന്നോട്ട് നീങ്ങി. അഭിപ്രായസ്വാതന്ത്ര്യത്തിലൂന്നിയ നിലപാടും വ്യത്യസ്തതയും കൊണ്ട് തിരുത്തൽവാദം ഏറെ ശ്രദ്ധ നേടി. എ ഗ്രൂപ്പിനോട് ഒരിക്കലും അടുത്തില്ലെങ്കിലും ലീഡറുമായി തെറ്റുകയും ചെയ്തു. എന്നിട്ടും കേരള രാഷ്ട്രീയത്തിൽ കാർത്തികേയനും രമേശ് ചെന്നിത്തലയ്ക്കും പ്രസക്തി നഷ്ടമായില്ല. ഏതായാലും കൂടുൽ ഗ്രൂപ്പുകളെത്തിയതോടെ കാര്യങ്ങൾ കോൺഗ്രസിൽ മാറി മറിഞ്ഞു.

ഇതോടെ കരുണാകരനും എക്കാരും സ്ഥാനമാനങ്ങൾ പങ്കിട്ടെടുക്കുന്ന രീതി മാറി. അർഹിക്കുന്ന എല്ലാവർക്കും സ്ഥാനമാനങ്ങൾ നൽകേണ്ട അവസ്ഥ. ഐയിലോ എയിലോ മൂന്നിലോ നാലിലോ ഇല്ലാത്തവർ പോലും എംഎൽഎമാരായി. കെപിസിസി ഭാരവാഹികളായി. എന്തുകൊണ്ട് വി എം സുധീരൻ കെപിസിസി പ്രസിഡന്റായി എന്ന ചോദ്യത്തിന് പോലും മാറ്റം കൊണ്ടു വന്നത് കാർത്തികേയനാണെന്ന് പറയേണ്ടി വരും. തിരുത്തൽവാദവുമായി തകർത്ത് മുന്നേറിയത് കാർത്തികേയനാണ്. രമേശ് ചെന്നിത്തല സൗമ്യ സാന്നിധ്യം മാത്രമായിരുന്നു. കരുണാകരനെ പോലൊരു വമ്പൻ നേതാവിനെതിരെ നീങ്ങുമ്പോൾ പ്രകടിപ്പിക്കേണ്ട എല്ലാ രാഷ്ട്രീയ ഗുണവിശേഷങ്ങളും കാർത്തികേയനെന്ന നേതാവിൽ അന്ന് പ്രകടമായിരുന്നു. കോൺഗ്രസിൽ മാറ്റമെത്തിയപ്പോൾ തിരുത്തൽവാദ നേതാവ് ഗ്രൂപ്പ് രാഷ്ട്രീയത്തിൽ നിന്ന് പതിയെ പിന്മാറി.

പൊതുപ്രവർത്തനത്തിനൊപ്പം സാഹിത്യസാംസ്‌കാരിക മേഖലകളിലേക്ക് ശ്രദ്ധമാറ്റി. പുസ്തകങ്ങൾ വായിച്ചു കൂട്ടി. സാമൂഹിക പ്രശ്‌നങ്ങളിൽ ധീരതയോടെ നിലപാട് എടുത്തു. മഹാത്മാ ഗാന്ധിയെ തള്ളിപ്പറഞ്ഞ അരുന്ധതീ റോയി പോലും തന്റെ പൊതു പ്രവർത്തനത്തിൽ കാർത്തികേയൻ ഉയർത്തിയതു പോലൊരു വിവാദത്തിന് മറുപടി പറയേണ്ടി വന്നിട്ടില്ല. അതു തന്നെയായിരുന്ന കാർത്തികേയൻ. ചെറു പുഞ്ചിരിയുമായി നിവർന്ന നടന്ന രാഷ്ട്രീയക്കാരന്റെ വിടവാങ്ങിൽ കോൺഗ്രസിന് മാത്രമല്ല കേരളത്തിന് തന്നെ നഷ്ടമാണ്. ജനപക്ഷത്ത് നിന്ന് പ്രതികരിക്കുന്ന നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP