Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇന്നലെ 53-ാം വയസ്സിൽ മരണത്തിന് കീഴടങ്ങിയത് ബ്രിട്ടന്റെ പ്രശസ്തി ലോകം എമ്പാടും എത്തിച്ച പോപ്പ് ഗായകൻ; 80കളിൽ ബ്രിട്ടീഷ് യുവത്വത്തെ ഭ്രാന്ത് പിടിപ്പിച്ച ഗായകന്റെ ജീവൻ എടുത്തതും മയക്കുമരുന്ന് തന്നെ

ഇന്നലെ 53-ാം വയസ്സിൽ മരണത്തിന് കീഴടങ്ങിയത് ബ്രിട്ടന്റെ പ്രശസ്തി ലോകം എമ്പാടും എത്തിച്ച പോപ്പ് ഗായകൻ; 80കളിൽ ബ്രിട്ടീഷ് യുവത്വത്തെ ഭ്രാന്ത് പിടിപ്പിച്ച ഗായകന്റെ ജീവൻ എടുത്തതും മയക്കുമരുന്ന് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ബ്രിട്ടന്റെ പ്രശസ്തി ലോകം എമ്പാടും എത്തിച്ച പോപ്പ് ഗായകൻ ജോർജ് മൈക്കൽ അവസാനം ഇന്നലെ 53ാംവയസിൽ മരണത്തിന് കീഴടങ്ങി. 80കളിൽ ബ്രിട്ടീഷ് യുവത്വത്തെ ഭ്രാന്ത് പിടിപ്പിച്ചിരുന്ന ഗായകൻ അകാലത്തിൽ പൊലിയാനിടയായത് പരിധി വിട്ട മയക്കുമരുന്നുപയോഗമായിരുന്നു. ഓക്സ്ഫോർഡ്ഷെയറിലുള്ള തന്റെ വീട്ടിൽ വച്ച് ഇന്നലെ ഉച്ചയ്ക്ക് 1.42നായിരുന്നു ഗായകന്റെ അന്ത്യം സംഭവിച്ചത്.

മയക്കുമരുന്ന അഡിക്ഷനോട് നേരത്തെ തന്നെ പോരാടിക്കൊണ്ടിരുന്ന മൈക്കൽ 2011ൽ കടുത്ത ന്യൂമോണിയ ബാധിച്ച് മരണത്തിന്റെ വക്കിലെത്തുകയും അന്ന് അത്ഭുതകരമായി രക്ഷപ്പെടുകയുമായിരുന്നു. ഇദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഇനിയും വ്യക്തമായി വിശദീകരിക്കപ്പെട്ടിട്ടില്ലെങ്കിലും പൊലീസ് ഇതിനെ സംശയാസ്പദമായ മരണമായി കണക്കാക്കിയിട്ടില്ല. ഓക്സ്ഫോർഡ്ഷെയറിലെ ഗോറിങ്-ഓൺ-തെയിംസിലെ ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പായിരുന്നു തങ്ങളെ വിളിച്ച് വരുത്തിയതെന്നാണ് തെയിംസ്വാലി പൊലീസ് വെളിപ്പെടുത്തുന്നത്.

പാട്ടുകാരനും സോളോ പെർഫോമറുമായ മൈക്കൽ തന്റെ മാസ്മരികമായ കഴിവ് കൊണ്ട് രാജ്യത്തെ സംഗീത ലോകത്ത് തരംഗം തീർത്ത പ്രതിഭയാണ്. 100 മില്യണിലധികം റെക്കോർഡുകൾ ഇദ്ദേഹത്തിന്റേതായി വിറ്റ് പോയിട്ടുണ്ട്. ഇവയിൽ കെയർലെസ് വിസ്പർ, ഫെയ്ത്ത് എന്നിവയടക്കമുള്ള ട്രാക്കുകളും ഉൾപ്പെടുന്നുണ്ട്. 2004ലായിരുന്നു മൈക്കൽ ടോപ്പ് 10ൽ പ്രത്യക്ഷപ്പെട്ടിരുന്നത്. കഴിഞ്ഞ ഡിസംബറിലായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ ക്രിസ്മസ് സിംഗിൾ റീലീസ് ചെയ്തിരുന്നത്.ആരാധകർ ഇതിനെ പിന്തുണച്ചിരുന്നുവെങ്കിലും ഇത് ചാർട്ടിൽ വെറും 14ാംസ്ഥാനത്തായിരുന്നു.

1980കളുടെ തുടക്കത്തിലായിരുന്നു മൈക്കൽ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലെത്തിയിരുന്നത്. തന്റെ സ്‌കൂൾ സുഹൃത്തായിരുന്ന ആൻഡ്രൂ റിഡ്ഗെലെയുമായി ചേർന്ന് കൊണ്ട് വാം സ്ഥാപിച്ചതോടെയായിരുന്നു അദ്ദേഹത്തിൻെ വിജയപ്രയാണം തുടങ്ങിയത്. തുടർന്ന് ഈ ജോഡികൾ തുടരത്തുടരെ വിജയം ആവർത്തിക്കുകയായിരുന്നു. ക്ലബ് ട്രോപ്പിക്കാന, യംഗ് ഗൺസ്(ഗോ ഫോർ ഇറ്റ്), ലാസ്റ്റ് ക്രിസ്മസ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

പ്രശസ്തിയുടെ പാരമ്യത്തിൽ നിൽക്കുമ്പോഴായിരുന്നു 1986ൽ ഈ ജോഡി വേർപിരിയാൻ തീരുമാനിച്ചത്. ദി എഡ്ജ് ഓഫ് ഹെവൻ ആയിരുന്നു ഇവരുടെ ഫൈനൽ ചാർട്ട്-ടോപ്പിങ് സിംഗിൾ. തുടർന്ന് മൈക്കൽ തന്റെ വിജയകരമായ സോളോ കരിയർ പ്രയാണം ആരംഭിക്കുകയായിരുന്നു. അപ്പോഴും ചില സന്ദർഭങ്ങളിൽ അദ്ദേഹം അരെത ഫ്രാങ്ക്ളിൻ, സർ എൽട്ടൻ ജോൺ, തുടങ്ങിവരുമായി ചേർന്ന് അദ്ദേഹം പെർഫോം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ആൽബമായ ഫെയ്ത്ത് 1988ൽ റിലീസ് ചെയ്യുകയും വൻ വിജയമാവുകയും ചെയ്തിരുന്നു.

പിന്നീടിത് 2010ൽ വീണ്ടും റിലീസ് ചെയ്തപ്പോഴും നല്ല പ്രതികരണമായിരുന്നു. സോണിയുമായി ബന്ധപ്പെട്ടുള്ള ഒരു ഡീലിൽ നിന്നും മുക്തി നേടുവാൻ അദ്ദേഹം നടത്തിയ നീണ്ട നിയമയുദ്ധങ്ങൾ മൂലം പുതിയ റെക്കോർഡിംഗുകൾ നടത്താൻ കുറച്ച് കാലം അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

തുടർന്ന് 1998ൽ കാലിഫോർണിയയിലെ ബെവെർലി ഹിൽസിലെ പബ്ലിക്ക് ടോയ്ലറ്റിൽ വച്ച് ലൈംഗിക കുറ്റവുമായി ബന്ധപ്പെട്ട മൈക്കൽ അറസ്റ്റിലായതും അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തിയിരുന്നു. ഇതിനെ തുടർന്ന് തനിക്ക് സ്വവർഗ ലൈംഗികതയോടുള്ള താൽപര്യം വെളിപ്പെടുത്താനും അമേരിക്കക്കാരനായി കെന്നി ഗോസുമായുള്ള ബന്ധം സമ്മതിക്കാനും മൈക്കൽ നിർബന്ധിതനായിരുന്നു.

സംഗീതരംഗത്ത് ആഗോള പ്രശസ്തനായപ്പോഴും തന്റെ മയക്കുമരുന്നുപയോഗം മൂലമുള്ള കുപ്രസിദ്ധി അദ്ദേഹത്തിന് വിനയായിത്തീർന്നിരുന്നു. ഇതിനെ തുടർന്ന് ചാർട്ടുകളിൽ അദ്ദേഹത്തിന്റെ സ്ഥാനം പുറകിലായിരുന്നു. മയക്കുമരുന്ന കൈവശം വയ്ക്കൽ, ഡ്രൈവിങ് നിയമലംഘനങ്ങൾ, വ്യക്തിപരമായ പ്രശ്നങ്ങൾ, തുടങ്ങിയവ അദ്ദേഹത്തിന്റെ താരപ്പൊലിമയ്ക്ക് മങ്ങലേൽപ്പിക്കുകയും ചെയ്തിരുന്നു. അവസാനം അമിതമായ മയക്കുമരുന്നുപയോഗം മൂലം അദ്ദേഹത്തിന് അകാലമരണം സംഭവിക്കുകും ചെയ്തിരിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP