Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒരു നാട് മുഴുവൻ കൈകോർത്തിട്ടും അമ്മ കരൾ പകുത്ത് നൽകിയിട്ടും ഗോപികയെ ദൈവം കൂട്ടിക്കൊണ്ടു പോയി; നാട്ടുകാരുടെയും കൂട്ടുകാരുടെയും സഹായത്തോടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയ ആയ ഷോർണൂരിലെ 17കാരി പുതുവത്സര ദിനത്തിൽ മരണത്തിന് കീഴടങ്ങി: ഗോപികയുടെ മരണത്തിൽ തേങ്ങലടക്കാനാവാതെ ഒരു ഗ്രാമം

ഒരു നാട് മുഴുവൻ കൈകോർത്തിട്ടും അമ്മ കരൾ പകുത്ത് നൽകിയിട്ടും ഗോപികയെ ദൈവം കൂട്ടിക്കൊണ്ടു പോയി; നാട്ടുകാരുടെയും കൂട്ടുകാരുടെയും സഹായത്തോടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയ ആയ ഷോർണൂരിലെ 17കാരി പുതുവത്സര ദിനത്തിൽ മരണത്തിന് കീഴടങ്ങി: ഗോപികയുടെ മരണത്തിൽ തേങ്ങലടക്കാനാവാതെ ഒരു ഗ്രാമം

മറുനാടൻ മലയാളി ബ്യൂറോ

ഷൊർണൂർ: ഗോപികയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്നു കഴിഞ്ഞ ഒരു മാസമായി ഒരു ഗ്രാമം മുഴുവനും. കരളിന് അസുഖം ബാധിച്ച തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാൻ കൂട്ടുകാരും ഒരുമിച്ചപ്പോൾ നിരവധി സ്‌കൂളുകളും സ്ഥാപനങ്ങളും ഗോപികയ്ക്ക് വേണ്ടി രംഗത്തിറങ്ങി. എന്നാൽ എല്ലാ പ്രയത്‌നങ്ങളും വിഫലമാക്കി കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയ ആയ ഗോപിക ഇന്നലെ ലോകത്തോട് വിടപറഞ്ഞു.

നാടിനെ തീരാദുഃഖത്തിലാഴ്‌ത്തി പാഞ്ഞാൾ പഞ്ചായത്തിലെ 16-ാം വാർഡിൽ വാലിപ്പറമ്പിൽ സുരേന്ദ്രൻ-ഗീത ദമ്പതികളുടെ മകളായ ഗോപിക (17) യാണ് മരണത്തിന് കീഴടങ്ങിയത്. കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയമായ ഗോപിക പുതുവർഷ ദിനം ഉച്ചയോടെയാണ് എറണാകുളം അമൃത ആശുപത്രിയിൽവച്ച് മരിച്ചത്.

കരളിന് അസുഖം ബാധിച്ച ഗോപികയുടെ ജീവൻ രക്ഷിക്കാൻ ഒരു നാടു മുഴുവൻ ഒരുമിച്ച് നിന്നത് വാർത്തയായിരുന്നു. സ്‌കൂളുകൾ മുതൽ ബസ് ജീവനക്കാരും ചായക്കടക്കാരുമടക്കം ഒരു ദിവസത്തെ തങ്ങളുടെ സമ്പാദ്യവുമായി ഈ മിടുക്കിയുടെ ജീവിതം രക്ഷിക്കാൻ വീട്ടുകാർക്ക് തുണയായി നിരന്നു. എന്നാൽ നാട്ടുകാരുടെ എല്ലാം പ്രവർത്തനം വിഫലമാക്കി ദൈവം അവളെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

കഴിഞ്ഞ ഡിസംബർ 20 നാണ് ഗോപികയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. 26-ാം തീയതി മുതൽ ഗോപിക 'ഭക്ഷണം കഴിക്കാനും നടക്കാനും തുടങ്ങി. എന്നാൽ 27 ന് ആർട്ടിലറി വെയിനിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടിയന്തരശസ്ത്രക്രിയക്ക് വിധേയമാക്കേണ്ടി വന്നു. പിന്നീട് മാറ്റിവച്ച കരൾ ശരീരത്തോട് വിയോജിക്കുന്നതിന്റെ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങി. 31 ന് നില ഗുരുതരമായി. അടിയന്തരമായി വീണ്ടും കരൾ മാറ്റിവയ്ക്കൽ എന്ന ബദൽ തന്നെയാണ് ഡോക്ടർമാർക്കുമുന്നിൽ ഉണ്ടായിരുന്നത്. സഹോദരൻ ഗോകുൽ കരൾ നൽകാൻ തയ്യാറായി. ശസ്ത്രക്രിയക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത മരണം.

തിങ്കളാഴ്ച വൈകിട്ട് ആറിന് പൈങ്കുളം സ്‌കൂളിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആയിരങ്ങളാണ് ശ്രദ്ധാഞ്ജലി അർപ്പിക്കാനെത്തിയത്. സഹപാഠികളും അദ്ധ്യാപകരും അയൽവാസികളും കണ്ണീരടക്കാൻ പാടുപെട്ടു. സിപിഐ എം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണൻ, യു ആർ പ്രദീപ് എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി രാധാകൃഷ്ണൻ, സിപിഐ എം ഏരിയ സെക്രട്ടറി കെ കെ മുരളീധരൻ, ലോക്കൽ സെക്രട്ടറി ടി ചന്ദ്രശേഖരൻ, ബ്‌ളോക്ക് പ്രസിഡന്റ് വി തങ്കമ്മ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. സംസ്‌കാരം ചൊവ്വാഴ്ച പകൽ 11 ന് നടക്കും.

ഗോപികയുടെ ചികിത്സക്കായി ജാതിമത ഭേദമെന്യേ ഒറ്റക്കെട്ടായാണ് ധനസഹായത്തിന് കൈകോർത്തത്. ഷൊർണൂർ ഗണേശ്ഗിരി സ്‌കൂളിലെ പ്‌ളസ്ടു വിദ്യാർത്ഥിനിയായിരുന്നു ഗോപിക. 34ഓളം സ്‌കൂളുകളാണ് ഗോപികയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ സഹായിച്ചത്. ബസുകൾ, ചായക്കട തുടങ്ങിയവ ദിവസവരുമാനം മാറ്റിവച്ച് ഗോപികയ്ക്കുനൽകി. യുവജന സംഘടനകൾ മുതൽ തൊഴിലാളി സംഘടനകൾ വരെ കാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി. ധനസഹായശേഖരണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ചികിത്സക്കാവശ്യമായ തുക കണ്ടെത്തി പിരിവ് നിർത്താൻ തീരുമാനിച്ചത് ഗോപികയോട് നാടിന്റെ സ്‌നേഹം വ്യക്തമാക്കുന്നതായി മാറി.

ഷൊർണൂർ സർവീസ് സഹകരണ ബാങ്ക് അര ലക്ഷം രൂപ നൽകി. ഇതോടെ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള സംഭാവനകൾ ചെറുതും വലുതുമായി എത്തിതുടങ്ങി. ആകെ 30 ലക്ഷമാണു കരൾ മാറ്റ ശസ്ത്രക്രിയയ്ക്കു വേണ്ടിയിരുന്നത്. നാട്ടുകാർ കൈമെയ് മറന്നപ്പോൾ ആ പണം ലഭിച്ചു.

സഹപാഠിക്കു കരുതലായി സ്‌കൂളിലെ കൂട്ടുകാർ സമാഹരിച്ചത് അഞ്ചു ലക്ഷം രൂപയായിരുന്നു. പൈങ്കുളം വഴിയുള്ള ബസുകൾ ഒരു ദിവസം സർവീസ് നടത്തിയതും ഗോപികയുടെ ചികിത്സാ സഹായത്തിനു വേണ്ടിയായിരുന്നു.

അച്ഛൻ സുരേന്ദ്രന്റെ റേഷൻ കടയിലെ വരുമാനം മാത്രം ആശ്രയമായ കുടുംബത്തിനെ സഹായിക്കുവാനായി പൈങ്കുളം ജനകീയ കൂട്ടായ്മയും രംഗത്തുവന്നിരുന്നു. പത്രമാധ്യമങ്ങളും സോഷ്യൽ മീഡിയയും ഗോപികയുടെ ജീവൻ രക്ഷിക്കാൻ രംഗത്തിറങ്ങി. ശസ്ത്രക്രിയയ്ക്ക് ശേഷം ഗോപിക ചെറിയ തോതിൽ ഭക്ഷണം കഴിച്ച് തുടങ്ങിയിരുന്നു.

എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഗോപിക നടന്നു തുടങ്ങിയതോടെ എല്ലാവർക്കും ആശ്വാസം പകർന്നിരുന്നു. എന്നാൽ എല്ലാ ചുണ്ടുകളിലും ചിരി വിരിയിച്ച ശേഷം ഗോപിക ഈ ലോകത്ത് നിന്നും മാഞ്ഞു പോവുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP