Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കഷ്ടപ്പാടും ദാരിദ്രവും കൊടികുത്തി വാണിട്ടും വീട്ടുകാർ ജോലിക്ക് വിട്ടില്ല; പറക്കമുറ്റാത്ത മക്കളെ നോക്കാൻ ജോലി തേടി ഹസീന വീട് വിട്ട് പോയത് ആരോടും പറയാതെ; മക്കളെ കാണാതിരിക്കാൻ വയ്യാതായപ്പോൾ ഇടക്ക് സ്‌കൂളിലെത്തി കണ്ടു മടങ്ങി; പൊലീസ് ജോലി സ്ഥലം കണ്ടെത്തി വീട്ടിലേക്ക് തിരികെ കൊണ്ട് വരവേ ദേശീയ പാതയിലെ ദുരന്തത്തിൽ സ്വപ്നങ്ങൾ പൊലിഞ്ഞത് കണ്ണടച്ച് തുറക്കും മുമ്പേ

കഷ്ടപ്പാടും ദാരിദ്രവും കൊടികുത്തി വാണിട്ടും വീട്ടുകാർ ജോലിക്ക് വിട്ടില്ല; പറക്കമുറ്റാത്ത മക്കളെ നോക്കാൻ ജോലി തേടി ഹസീന വീട് വിട്ട് പോയത് ആരോടും പറയാതെ; മക്കളെ കാണാതിരിക്കാൻ വയ്യാതായപ്പോൾ ഇടക്ക് സ്‌കൂളിലെത്തി കണ്ടു മടങ്ങി; പൊലീസ് ജോലി സ്ഥലം കണ്ടെത്തി വീട്ടിലേക്ക് തിരികെ കൊണ്ട് വരവേ ദേശീയ പാതയിലെ ദുരന്തത്തിൽ സ്വപ്നങ്ങൾ പൊലിഞ്ഞത് കണ്ണടച്ച് തുറക്കും മുമ്പേ

മറുനാടൻ മലയാളി ബ്യൂറോ

കൊട്ടിയം : ജീവിക്കാനൊരു തൊഴിൽതേടിയാണ് ഹസീന വീടുവിട്ടത്. കുഞ്ഞുമക്കളെ പോറ്റുന്നതിനും ജീവിതം കരുപ്പിടിപ്പിക്കുന്നതിനുമായി തൊഴിൽ തേടിയുള്ള യാത്ര. ജോലിക്ക് വിടാൻ വീട്ടുകാർ തയ്യാറാകാത്തതു കൊണ്ടായിരുന്നു യാത്ര. ഇടയ്ക്ക് മക്കളെ കാണാൻ സ്‌കൂളിലുമെത്തി. ഇതോടെ പൊലീസ് തെരച്ചിൽ ശക്തമായി. പ്രതീക്ഷകൾ നൽകി ഹസീനയെ കണ്ടെത്താനുമായി. പക്ഷേ ജീവനോടെ കുടുംബത്തിന് അടുത്തെത്തിക്കാൻ പൊലീസിന് ആയില്ല. വാഹനാപകടം ഹസീനയുടെ ജീവനെടുത്തു.

ഒന്നരമാസം മുൻപാണ് കൊല്ലത്തുനിന്ന് ഹസീനയെ കാണാതായത. പിന്നീട് പൊലീസ് ജോലി സ്ഥലം കണ്ടെത്തി. അവിടെ നിന്ന് യുവതിയെ കൂട്ടി മടങ്ങിയ പൊലീസ് സംഘം സഞ്ചരിച്ച കാർ ട്രെയിലറുമായി കൂട്ടിയിടിച്ച് മൂന്നുപേരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന കൊല്ലം കൊട്ടിയം പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫീസറും കൊല്ലം പാലമുക്ക് നെടുമ്പന ശ്രീധരത്തിൽ സുനിൽകുമാറിന്റെ ഭാര്യയുമായ ശ്രീകല (44), കണ്ണനല്ലൂർ ചേരീക്കോണം ആസിഫ് നിവാസിൽ ഹബീബുള്ള(ബാബുമോൻ)യുടെ ഭാര്യ ഹസീന (30), കാർ ഡ്രൈവർ കൊട്ടിയം ചിറക്കര പുത്തൻവീട്ടിൽ നാസറുദ്ദീന്റെ മകൻ നൗഫൽ (27) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ കൊട്ടിയം പുത്തൻവിളവീട്ടിൽ നിസാറി(43)നെ ഗുരുതരപരിക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശീയപാതയിൽ അമ്പലപ്പുഴയ്ക്കടുത്ത് കരൂരിൽ വെള്ളിയാഴ്ച പുലർച്ചേ നാലരയ്ക്കായിരുന്നു അപകടം. അങ്കമാലിയിൽനിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന കാറും എതിർദിശയിൽവന്ന കണ്ടെയ്നർ വഹിച്ച ട്രെയിലറും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. ഡ്രൈവർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പരിക്കേറ്റ മറ്റ് മൂന്നുപേരെയും നാട്ടുകാരാണ് പുറത്തെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. തകർന്ന കാറിന്റെ മുൻഭാഗത്ത് കുടുങ്ങിപ്പോയ ഡ്രൈവർ നൗഫലിനെ അമ്പലപ്പുഴ പൊലീസും അഗ്‌നിശമനസേനയുംചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അതീവഗുരുതരാവസ്ഥയിലായിരുന്ന ശ്രീകലയും ഹസീനയും ആശുപത്രിയിൽ എത്തിയശേഷം മരിച്ചു.

ഒന്നരമാസം മുൻപ് വീട്ടിൽനിന്ന് കാണാതായ ഹസീനയ്ക്കുവേണ്ടി കൊട്ടിയം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ ഇവർ അങ്കമാലിയിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. ചാലക്കുടിയിലെ ഹോംനഴ്സിങ് സ്ഥാപനം വഴി അങ്കമാലി ഗാന്ധിനഗറിലെ വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു ഹസീന. കൊല്ലത്തുനിന്ന് വ്യാഴാഴ്ച വൈകീട്ട് സ്വകാര്യകാറിൽ പുറപ്പെട്ട പൊലീസ് സംഘം രാത്രിയോടെ അങ്കമാലി സ്റ്റേഷനിലെ ഒരു പൊലീസുകാരനെയും കൂട്ടി ഗാന്ധിനഗറിലെ വീട്ടിലെത്തി ഹസീനയെ ഒപ്പംകൂട്ടി. തിരികെ അങ്കമാലി സ്റ്റേഷനിലെത്തി നടപടികൾ പൂർത്തിയാക്കി പുലർച്ചേ ഒന്നരയ്ക്കാണ് ഇവർ കൊല്ലത്തേയ്ക്ക് പുറപ്പെട്ടത്. ഈ യാത്രയിലാണ് ദുരന്തമുണ്ടായത്.

വീട്ടിൽ കഷ്ടപ്പാടുകളും ദുരിതങ്ങളും വിട്ടൊഴിയാതായതോടെ കഴിഞ്ഞ ജൂൺ ആറിനാണ് ഹസീന വീട്ടിൽനിന്ന് ഇറങ്ങിപ്പോയത്. ഒപ്പമുണ്ടായിരുന്ന ഭർത്തൃമാതാവിനോടോ ഭർത്താവിനോടോ മക്കളോടോ ഒന്നും പറയാതെ പുലർച്ചെ നാലരയോടെയാണ് വീട്ടിൽനിന്ന് പുറപ്പെട്ടുപോയത്. വീട്ടുകാർ അന്നുതന്നെ കൊട്ടിയം പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഏതാനും ദിവസങ്ങൾക്കുമുൻപ് മക്കൾ പഠിക്കുന്ന സ്‌കൂളിലെത്തി അവരെ കണ്ടിരുന്നു. സ്ഥിരമായി പത്രം വായിക്കാറുള്ള ഇവർ പത്രത്തിൽ നോക്കിയാണ് ഹോം നഴ്‌സായി ജോലി കണ്ടെത്തിയത്. വീട്ടുകാർ ജോലിക്കു പോകാൻ അനുവദിക്കില്ലെന്നതിനാലാണ് മക്കളോടും വീട്ടുകാരോടും പറയാതെ വീടുവിട്ടിറങ്ങിപ്പോയത്.

വ്യാഴാഴ്ച ഉമ്മയെ പൊലീസ് കണ്ടെത്തിയ വിവരമറിഞ്ഞപ്പോൾ ഉമ്മ തിരികെയെത്തുന്നതും കാത്ത് മക്കൾ ഇരിക്കുകയായിരുന്നു. എന്നാൽ എത്തിയത് അപകട വിവരമാണ്. അപകടമറിഞ്ഞ് ഭർത്താവ് ബാബു അങ്ങോട്ട് പോയെങ്കിലും ടെലിവിഷൻ ചാനലുകളിൽ ഹസീന മരിച്ചെന്ന വാർത്ത വന്നതോടെ ചേരീക്കോണത്തെ ഇവരുടെ കുടിലിൽനിന്ന് നിലവിളികളും തേങ്ങലുകളും ഉയർന്നു. വൈകീട്ടോടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ അലമുറയിട്ടു കരഞ്ഞ മക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാൻ നാട്ടുകാർക്ക് ഏറെ പാടുപെടേണ്ടിവന്നു. പൊതുദർശനത്തിനുശേഷം മൃതദേഹം കൊല്ലം മക്കാനി പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP