Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തർക്കം മൂത്തു... ഡോക്ടർ രോഗിയെ ഇടിക്കാൻ തുടങ്ങി... ആശുപത്രി മാനേജരും മറ്റൊരു ഡോക്ടറും കൂടെ കൂടി, കടുത്ത മർദനം; ഒടുവിൽ രോഗിയെ അതെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തു; വിവരമറിഞ്ഞ മത്സ്യത്തൊഴിലാളികൾ ഇളകി വന്ന് ആശുപത്രി തകർത്തു; തല്ലിയ ഡോക്ടർമാർക്ക് വേറെ ആശുപത്രിയിൽ അഡ്‌മിറ്റ് ആകേണ്ടി വന്നു: പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഡോക്ടർ ജീവിതത്തിലെ ഒരേട് ഓർക്കുമ്പോൾ...

തർക്കം മൂത്തു... ഡോക്ടർ രോഗിയെ ഇടിക്കാൻ തുടങ്ങി... ആശുപത്രി മാനേജരും മറ്റൊരു ഡോക്ടറും കൂടെ കൂടി, കടുത്ത മർദനം; ഒടുവിൽ രോഗിയെ അതെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തു; വിവരമറിഞ്ഞ മത്സ്യത്തൊഴിലാളികൾ ഇളകി വന്ന് ആശുപത്രി തകർത്തു; തല്ലിയ ഡോക്ടർമാർക്ക് വേറെ ആശുപത്രിയിൽ അഡ്‌മിറ്റ് ആകേണ്ടി വന്നു: പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഡോക്ടർ ജീവിതത്തിലെ ഒരേട് ഓർക്കുമ്പോൾ...

കെ എ ഷാജി

ടകരയിലെ ഒരു സ്വകാര്യ ആശുപത്രി. ചെറിയ എന്തോ രോഗവുമായി അവിടെ ഒരു മത്സ്യത്തൊഴിലാളി യുവാവ് എത്തുന്നു. പരിശോധിച്ച ഡോക്ടർ കാര്യമായ ഏതൊക്കെയോ രോഗങ്ങളുടെ തുടക്കമാണ് അയാൾക്ക് എന്ന് വിധി എഴുതുന്നു. പണച്ചിലവുള്ള കുറെ വലിയ ടെസ്റ്റുകൾക്ക് എഴുതികൊടുക്കുന്നു. തനിക്ക് അത്ര വലിയ അസുഖം ഒന്നുമില്ലെന്നും ചെറിയ രോഗത്തിനുള്ള മരുന്ന് തന്നാൽ മതിയെന്നും യുവാവ്. രോഗം ചെറുതോ വലുതോ എന്ന് രോഗി നിശ്ചയിക്കണ്ട എന്നും അത് തീരുമാനിക്കാൻ താൻ ഉണ്ടെന്നും ഡോക്ടർ. തർക്കം മൂത്തു. ഡോക്ടർ രോഗിയെ ഇടിക്കാൻ തുടങ്ങി. ആശുപത്രി മാനേജരും മറ്റൊരു ഡോക്ടറും കൂടെ കൂടി. കടുത്ത മർദനം. ഒടുവിൽ രോഗിയെ അതെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തു. മത്സ്യത്തൊഴിലാളികൾ ഇളകി. അവർ പങ്കായവുമായി വന്ന് ആശുപത്രി തകർത്തു. തല്ലിയ ഡോക്ടർമാർക്ക് വേറെ ആശുപത്രിയിൽ അഡ്‌മിറ്റ് ആകേണ്ടി വന്നു.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ ആരംഭത്തിൽ വലിയ വാർത്താ പ്രാധാന്യം നേടിയ ഈ സംഭവത്തിലെ വില്ലന്മാരിൽ ഒരാൾ ആയിരുന്നു കുഞ്ഞിക്ക എന്ന പുനത്തിൽ കുഞ്ഞബ്ദുള്ള. സുൽത്താൻ ബത്തേരിയിലെ സർക്കാർ വക അതിഥി മന്ദിരത്തിൽ ഒരു സായാഹ്നത്തിൽ സംസാരിച്ചിരിക്കുമ്പോൾ ഈ വിഷയം എടുത്തിട്ടപ്പോൾ കുഞ്ഞിക്കയ്ക്ക് നല്ല ജാള്യത ഉണ്ടായിരുന്നു. ഡോക്ടർ അകത്തുണ്ട് എന്ന അദ്ധേഹത്തിന്റെ ഓർമക്കുറിപ്പുകൾ പരിഷ്‌കരിക്കുമ്പോൾ ഈ അദ്ധ്യായവും ചേർക്കണം എന്ന് പറഞ്ഞപ്പോൾ അദ്ദേഹം രൂക്ഷമായി ഒന്ന് നോക്കി...പിന്നെ ശബ്ദം താഴ്‌ത്തി പറഞ്ഞു: ആ മത്സ്യ തൊഴിലാളി തന്നെ ആയിരുന്നു ശരി. ചിലപ്പോൾ നമ്മൾ അറിയാതെ ഒരഹങ്കാരം നമ്മളിൽ വന്നു പെടും. അടി കിട്ടിയപ്പോൾ എല്ലാം ശരിയായി.

മാധ്യമ പ്രവർത്തകനും എഴുത്തുകാരനും ഡോക്യുമെന്ററി സിനിമാ സംവിധായകനുമായ ഓ കെ ജോണി വഴിയാണ് കുഞ്ഞിക്കയുമായി സൗഹൃദത്തിൽ ആകുന്നത്. അവർ തമ്മിലുള്ള സൗഹൃദം തന്നെ വലിയൊരു അത്ഭുതം ആയിരുന്നു. കുഞ്ഞിക്ക രചിച്ച കന്യാവനങ്ങൾ എന്ന നോവലിലെ ഒരധ്യായം മൊത്തം രവീന്ദ്രനാഥ് ടാഗോറിന്റെ ഒരു കൃതിയുടെ മോഷണമാണ് എന്ന് തെളിവ് സഹിതം ആരോപിച്ചു പത്രസമ്മേളനം നടത്തിയ ആളാണ് ജോണി. കുഞ്ഞിക്കയുടെ സർഗ ജീവിതത്തിലെ ഏറ്റവും വിഷമം നിറഞ്ഞ ഘട്ടത്തിന് കാരണക്കാരൻ. ഒരുപാടു കാലം രണ്ടാളും മിണ്ടാതെ നടന്നു. ഒരു സൗഹൃദ സദസ്സിൽ കുഞ്ഞിക്ക ജോണിയെ കെട്ടിപിടിച്ചു. എന്തെങ്കിലും ഒക്കെ മിണ്ടാൻ ആവശ്യപ്പെട്ടു. അവിടെ മഞ്ഞുരുകി. ആരോപണം ആരോപണമായി ഇപ്പോഴും അന്തരീക്ഷത്തിൽ നില്കുന്നുണ്ട് എങ്കിലും.

വോൾഗയിൽ മഞ്ഞുപെയ്യുമ്പോൾ എന്ന റഷ്യൻ യാത്രാവിവരണം എഴുതുന്ന ഘട്ടത്തിൽ കുഞ്ഞിക്ക പറഞ്ഞു: നല്ല വോഡ്ക കുടിച്ചു തീർക്കുന്ന ആവേശത്തിൽ അവിടെ കണ്ട പലതിന്റെയും കുറിപ്പ് എടുക്കാൻ മറന്നു. ഇനി കുറച്ചു പഴയ സോവിയറ്റ് സാഹിത്യം ഒക്കെ വായിച്ചു അട്ജസ്റ്റ് ചെയ്യണം. നാട്യങ്ങൾ ഇല്ലാത്ത ഈ തുറന്നു പറച്ചിലുകൾ കൂടി ആയിരുന്നു കുഞ്ഞിക്ക. തനിക്കു സംഭവിച്ച തെറ്റുകളും അമളികളും വരെ പറഞ്ഞു ചിരിക്കും. മലയാള മനോരമ ആഴ്ചപ്പതിപ്പിൽ പൈങ്കിളി നോവൽ എഴുതി കൊടുക്കുന്ന അതേ ലാഘവത്തിൽ അദ്ദേഹം ബിജെപിയുടെ നിയമസഭാ സ്ഥാനാർത്ഥിയായി മത്സരിച്ചു തോൽക്കാൻ പോയി. വിവാദങ്ങളിൽ ജീവിച്ചു. വിവാദങ്ങളെ ആസ്വദിച്ചു.

''കപ്പൽ യാത്ര നടത്താത്ത ഒരാൾ അത് നടത്തിയ ഒരാളെഴുതിയ കാര്യങ്ങൾ എടുത്തെഴുതുന്നതിൽ തെറ്റൊന്നുമില്ല.'' ആവർത്തിച്ച് വന്ന സാഹിത്യ മോഷണ ആരോപണങ്ങളെ അദ്ദേഹം നേരിട്ടത് ഇങ്ങനെ പറഞ്ഞാണ്. സ്മാരക ശിലകളുടെ കർത്താവായി അദ്ധേഹത്തെ കാണാൻ ആണ് ഇഷ്ടം. ഖാൻ ബഹദൂർ പൂക്കോയ തങ്ങൾ, കുഞ്ഞാലി, പൂക്കുഞ്ഞീബി ആറ്റബീ തുടങ്ങിയവരുടെ സൃഷ്ടാവിന് പുനത്തിൽ ടാഗോർ ആകേണ്ട കാര്യം ഒന്നും ഉണ്ടായിരുന്നില്ല. വികാര പ്രപഞ്ചങ്ങളെ ഉള്ളിൽ ഒതുക്കിയ എത്ര കയ്യൊതുക്കം ഉള്ള മനോഹര ഭാഷ.  ഇപ്പോൾ കാല പ്രവാഹത്തിലേക്ക് പുനത്തിലും...ആദരാജ്ഞലികൾ...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP